Flash News

കാവല്‍ക്കാരനും മോഷ്ടാക്കളും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

March 9, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Kavalkaranum moshtakalum-1പ്രതിപക്ഷത്തെ തകര്‍ത്ത് വീണ്ടും അധികാരത്തില്‍ തിരിച്ചുവരാന്‍ പ്രധാനമന്ത്രി മോദി കരുതിവെച്ച രണ്ടു രാഷ്ട്രീയായുധങ്ങളും കൈവിട്ടുപോകുന്നു. പാക് അതിര്‍ത്തി കടന്ന് ഭീകരതാവളത്തിനെതിരെ ബാലാക്കോട്ട് നടത്തിയ മിന്നലാക്രമണം പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ഇപ്പോള്‍ തിരിച്ചടിയാകുന്നു. റഫാല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഔദ്യോഗിക രേഖകള്‍ ‘മോഷണം’പോയെന്നു സുപ്രിംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ നടത്തിയ വെളിപ്പെടുത്തല്‍ പ്രധാന മന്ത്രിയുടെയും ഗവണ്മെന്റിന്റെയും വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു. രണ്ടും തെരഞ്ഞെടുപ്പില്‍ മോദിക്കെതിരായ രാഷ്ട്രീയ ആയുധമാകുന്നു.

2014ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മാര്‍ച്ച് 5ന് ആയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പു പ്രഖ്യാപനം നീണ്ടുപോകുന്നു. പതിനൊന്നാം മണിക്കൂറിലും പുതിയ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനങ്ങളുമായി മോദി തെരഞ്ഞെടുപ്പു പ്രചാരണത്തിലും. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശാഭിമാനവും രാജ്യത്തോടുള്ള കൂറും ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി തെരഞ്ഞെടുപ്പുനേട്ടം കൊയ്യാനുള്ള ധൃതിയില്‍. അഞ്ചു വര്‍ഷക്കാല ഭരണത്തിന്റെ അവസാന മന്ത്രിസഭായോഗം വ്യാഴാഴ്ചയാണ് ചേര്‍ന്നത്. സമ്മതിദായകരെ സ്വാധീനിക്കാനുള്ള തീരുമാനങ്ങളാണ് അതിലും എടുത്തത്.

അയോധ്യ തര്‍ക്കഭൂമിപ്രശ്‌നം വെള്ളിയാഴ്ച സുപ്രിംകോടതി മൂന്നംഗ മാധ്യസ്ഥ സമിതിക്ക് വിട്ടു. ഇത് മോദിയുടെയും ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പിലെ തീവ്രഹിന്ദുത്വ അജണ്ടയ്ക്ക് അപ്രതീക്ഷിത പ്രഹരമായി. ഏഴ് പതിറ്റാണ്ടായി ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അയോധ്യയിലെ തര്‍ക്കഭൂമി പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പു ദൗത്യത്തിന് എട്ടാഴ്ചയാണ് സുപ്രിം കോടതി സമയം നല്‍കിയിട്ടുള്ളത്. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മറ്റു രണ്ടുപേര്‍.

ദീര്‍ഘകാലമായി തുടരുന്ന, രണ്ടു സമുദായങ്ങളെയും രാജ്യത്തെതന്നെയും ഏറെ വൈകാരികമായി ബാധിക്കുന്ന ഈ കേസിലെ ഇരു കക്ഷികളും യോജിച്ചാലേ മാധ്യസ്ഥ്യം വിജയിക്കൂ. മുസ്ലിം സംഘടനകള്‍ കോടതി തീരുമാനം സ്വാഗതം ചെയ്തപ്പോള്‍ ഹിന്ദുത്വ വക്താക്കളില്‍നിന്നുള്ള പ്രതികരണം മറിച്ചാണ്.

തല്ക്കാലം ലോകസഭാ തെരഞ്ഞെടുപ്പില്‍ തീവ്രഹിന്ദുത്വ അജണ്ടയായി അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണപ്രശ്‌നം ആളികത്തിക്കാനുള്ള മോദിയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയ അജണ്ട അപ്രതീക്ഷിതമായി സുപ്രിംകോടതി തീരുമാനത്തോടെ കാറ്റെടുത്തിരിക്കുകയാണ്. സുപ്രിംകോടതി കേസ് നീട്ടിക്കൊണ്ടു പോകുകയാണെന്നു പറഞ്ഞ് കേന്ദ്ര നിയമമന്ത്രിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹിന്ദു സംഘടനകളും ഭീഷണി മുഴക്കിയിരുന്നു.

പുല്‍വാമയിലെ ഭീകരാക്രമണം, ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ട് നടത്തിയ പ്രത്യാക്രമണം, പാക്കിസ്താന്റെ വ്യോമാക്രമണ ശ്രമത്തെ തിരിച്ചടിച്ച ഇന്ത്യന്‍ പ്രതിരോധം – ഇതെല്ലാം സമീപദിവസങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി നേരിട്ട സംഭവങ്ങളാണ്. എന്നാല്‍ പ്രധാനമന്ത്രി മോദി ചരിത്രത്തിലാദ്യമായി സൈനിക നടപടി തെരഞ്ഞെടുപ്പ് അജണ്ടയാക്കാനും രാഷ്ട്രീയമായി മുതലെടുക്കാനും ശ്രമിച്ചു. പ്രതിപക്ഷം സേനയ്‌ക്കൊപ്പമാണോ പാക്കിസ്താനൊപ്പമാണോ എന്ന ചോദ്യമുയര്‍ത്തി ഹിന്ദുത്വ ദേശീയതയുടെ പേരില്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിലേറെ, റഫാല്‍ ഉടമ്പടിയും ഇതുമായി കൂട്ടിക്കെട്ടി:

‘റഫാലിന്റെ കുറവ് ഇന്ന് രാജ്യം അനുഭവിച്ചു. നമ്മുടെ കയ്യില്‍ റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഇന്ന് രാജ്യം ഒരേ സ്വരത്തില്‍ ചോദിക്കുകയാണ്. ആദ്യം സ്വാര്‍ത്ഥനീതി കാരണവും ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കാരണവും രാജ്യത്തിനു നഷ്ടമുണ്ടായി’ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെപ്പോലൊരാള്‍ നാടാകെ പാറിനടന്ന് ഇങ്ങനെ നുണപറയുന്നു എന്നത് ആശ്ചര്യജനകം മാത്രമല്ല അസഹ്യവുമാണ്. റഫാല്‍ ഇടപാട് സംബന്ധിച്ച് പാര്‍ലമെന്റിന്റെ സമാപന ദിവസത്തില്‍ സി.എ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് വാജ്‌പേയി ഗവണ്മെന്റ് 2000 മുതല്‍ 2004വരെ റഫാല്‍ ഇടപാട് വെച്ചുതാമസിപ്പിച്ചു എന്നാണ്. അവസാന ടെന്റര്‍ തീരുമാനിച്ചത് യു.പി.എ ഗവണ്മെന്റിന്റെ സമയത്താണെന്നും. കരാറിന് അവസാന രൂപംനല്‍കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പരാതി നല്‍കിയത് ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹയും സുബ്രഹ്മണ്യ സ്വാമിയുമായിരുന്നു. കരാര്‍ കൂടിയാലോചനാ സമിതിയിലെ മൂന്ന് അംഗങ്ങളും ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്നാണ് യു.പി.എ ഗവണ്മെന്റ് ഇടപാടില്‍ ആരോപിക്കപ്പെട്ട ക്രമക്കേട് അന്വേഷിക്കാന്‍ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചത്. അതിന്റെ റിപ്പോര്‍ട്ട് 2015 മാര്‍ച്ച് 27ന് പ്രധാനമന്ത്രി മോദിക്കാണ് സമര്‍പ്പിച്ചത്. അത് അവഗണിച്ചാണ് മോദിതന്നെ നേരിട്ട് ഫ്രഞ്ച് പ്രസിഡന്റുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പിട്ടത്. 2016 സെപ്റ്റംബര്‍ 23ന് കരാര്‍ ഒപ്പുവെച്ചിട്ടും 2019ല്‍ പാക് വ്യോമാക്രമണത്തെ നേരിടാന്‍ ഒരു റഫാല്‍ വിമാനംപോലും കൈവശമില്ലാതെ പോയതിന് പ്രധാനമന്ത്രി മോദി ആരെയാണ് കുറ്റപ്പെടുത്തുക.

sc-attorney-general-main

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍

റഫാല്‍ വിമാന ഇടപാടു സംബന്ധിച്ച കേസില്‍ പുനര്‍വിചാരണ സംബന്ധിച്ച നടപടികള്‍ പ്രധാനമന്ത്രി മോദിക്ക് തിരിച്ചടിയാകുന്നതും സുപ്രിംകോടതിയില്‍ ബുധനാഴ്ച കണ്ടു. മുമ്പ് ബൊഫോഴ്‌സ് ഇടപാടിലെന്നപോലെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എന്‍ റാം ‘ഹിന്ദു’ പത്രത്തിലൂടെ റഫാല്‍ ഇടപാട് സംബന്ധിച്ച് തുടരുന്ന വെളിപ്പെടുത്തലുകളും രാജ്യ താല്പര്യത്തിനെതിരാണെന്ന് സുപ്രിംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ദ്ധിച്ചുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിക്കുന്ന സംഭവങ്ങളാണിവ. സുപ്രിംകോടതിക്കു മുമ്പിലെ പുനര്‍വിചാരണാ ഹര്‍ജികളില്‍ സമര്‍പ്പിച്ച രേഖകള്‍ രാജ്യരക്ഷാ മന്ത്രാലയത്തില്‍നിന്ന് മോഷ്ടിച്ചതാണെന്നും ഹര്‍ജി തള്ളണമെന്നുമാണ് കോടതിയോട് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടത്. ഈ രേഖകള്‍ പ്രസിദ്ധീകരിച്ച എന്‍ റാമിനും ‘ഹിന്ദു’ പത്രത്തിനുമെതിരെ ഔദ്യോഗിക രഹസ്യനിയമപ്രകാരം അന്വേഷണ നടപടികള്‍ ആരംഭിച്ചതായും.

സുപ്രിംകോടതിയില്‍ സ്വീകരിച്ച ഈ നിലപാടിലൂടെ മോദി സര്‍ക്കാര്‍ അംഗീകരിക്കുന്നത് റഫാല്‍ ഇടപാടിലെ യഥാര്‍ത്ഥ രേഖകളാണ് പുറത്തായതെന്നാണ്. ഇടപാടില്‍ മോദി സര്‍ക്കാറിന് ക്ലീന്‍ചിറ്റ് നല്‍കിയ സുപ്രിംകോടതിയിലും പുനര്‍വിചാരണയ്ക്ക് സമര്‍പ്പിച്ചത് അതേ രേഖകളാണെന്നാണ്. ഈ രേഖകളെ ആശ്രയിച്ചുള്ള റാമിന്റെ ‘ഹിന്ദു’വിലെ അന്വേഷണാത്മക റിപ്പോര്‍ട്ടിലെ വസ്തുതകള്‍ യഥാര്‍ത്ഥമാണെന്നാണ് അറ്റോര്‍ണി ജനറല്‍ പറയാതെ പറയുന്നത്.

ഇതോടെ പ്രധാനമന്ത്രിയും സുപ്രിംകോടതിയുടെ റഫാല്‍ വിധിയും പാര്‍ലമെന്റ് പിരിയുന്ന ദിവസം ലോകസഭയുടെ മേശപ്പുറത്തുവെച്ച റഫാല്‍ ഇടപാടു സംബ്ധിച്ച സി.എ.ജി റിപ്പോര്‍ട്ടും ഒരുപോലെ ചോദ്യംചെയ്യപ്പെടുന്നു. റഫാല്‍ ഇടപാട് ലാഭകരവും തൃപ്തികരവുമാണെന്നുള്ള അവരുടെ നിഗമനത്തെ. മനോഹര്‍ പരീക്കറുടെ രാജ്യരക്ഷാ മന്ത്രാലയം നിയോഗിച്ച റഫാല്‍ സംബന്ധിച്ച കൂടിയാലോചനാ കമ്മറ്റിയുടെ അന്തിമറിപ്പോര്‍ട്ടാണ് പുറത്തുവന്ന രേഖ.

തിടുക്കപ്പെട്ട് ഫ്രാന്‍സില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ മോദി നേരിട്ട് കരാറാക്കിയതില്‍ കോടികളുടെ അധികച്ചെലവുണ്ടായെന്നാണ് രേഖ വെളിപ്പെടുത്തുന്നത്. നിയമമന്ത്രാലയവും ഇന്ത്യന്‍ കൂടിയാലോചനാ സംഘവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ ഫ്രാന്‍സ് തയാറാകാത്തത് വിമാനവില കൂട്ടി. കൂടിയാലോചനാ സമിതിക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് നടത്തിയ കൂടിയാലോചനകളാണ് ഇതിന് കാരണമായതെന്ന് പ്രസ്തുത രേഖ വിശദീകരിക്കുന്നു. പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആണ് യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെ അട്ടിമറിച്ച് ദസൊ വിമാനനിര്‍മ്മാണ കമ്പനിയ്ക്ക് വന്‍ ലാഭമുണ്ടാക്കിയതെന്ന് ഇതോടെ വെളിപ്പെടുന്നു.

ബൊഫോഴ്‌സ് ആയുധ ഇടപാടില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമല്ലേ എന്ന് സുപ്രിംകോടതി അറ്റോര്‍ണി ജനറലിനോട് ചോദിച്ചു. ഔദ്യോഗിക രേഖകള്‍ എന്തുകൊണ്ട് കോടതിക്കു പരിശോധിച്ചുകൂടാ? അഴിമതി പ്രശ്‌നത്തില്‍ സര്‍ക്കാറിന് ഔദ്യോഗിക രഹസ്യനിയമത്തിന്റെ മറയില്‍ രക്ഷപെടാനാകുമോ?

പുനര്‍വിചാരണാ ഹര്‍ജി തള്ളാന്‍ അവസാന കയ്യായി പ്രയോഗിച്ച ഔദ്യോഗിക രഹസ്യനിയമമെന്ന ഇമ്പാച്ചി സുപ്രിംകോടതിപോലും മുഖവിലയ്‌ക്കെടുത്തില്ല. മാധ്യമങ്ങളുടെ നാവ് സര്‍ക്കാര്‍ വരിഞ്ഞുകെട്ടുകയാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡുപോലുള്ള പത്രാധിപ സംഘടനകളും പ്രതിപക്ഷ നേതാക്കളും അതിശക്തമായി പ്രതിഷേധിച്ചു. ഗതിയില്ലാതെ വെള്ളിയാഴ്ച അറ്റോര്‍ണി ജനറല്‍ തിരുത്തിപ്പറഞ്ഞു: രാജ്യരക്ഷാ വകുപ്പില്‍നിന്ന് രേഖ മോഷണംപോയിട്ടില്ലെന്നു!

ajit-kumar-doval-k73e-621x41440livemint

എന്‍.എസ്.എ : അജിത് ഡോവല്‍

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, വാജ്‌പേയി മന്ത്രിസഭയിലെ അംഗങ്ങളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗ് എന്നിവര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി മാര്‍ച്ച് 14ന് വീണ്ടും സുപ്രിംകോടതി മുമ്പാകെവരും.

ബാലാക്കോട്ട് വിഷയത്തിലും വ്യോമസേനയെ ആരും സംശയിക്കുന്നില്ല. വ്യോമാക്രമണം കഴിഞ്ഞ് സ്ഥലത്തെത്തിയ റോയ്‌ട്ടേഴ്‌സ് ലേഖകരും പ്ലാനറ്റ് ലാബ്‌സ് എടുത്ത ഉപഗ്രഹ ചിത്രങ്ങളും വ്യക്തമാക്കുന്നത് ഇന്ത്യ അവകാശപ്പെട്ടതുപോലെ ഭീകരുടെ പരിശീലനകേന്ദ്രത്തിലെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടില്ലെന്നാണ്. വിദേശകാര്യ മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും ഉപഗ്രഹചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി റോയ്‌ട്ടേഴ്‌സ് സന്ദേശം അയച്ചിട്ടും പ്രതികരിച്ചിട്ടുമില്ല.

വ്യോമസേനാ മേധാവികളുടെ നിലപാട് വ്യക്തവും നൂറുശതമാനം വിശ്വസനീയവുമാണ്. തങ്ങളെ ഏല്‍പ്പിച്ച ലക്ഷ്യം നൂറുശതമാനവും ആക്രമിച്ചു നശിപ്പിച്ചെന്നതാണ് അവരുടെ നിലപാട്. അവിടെ ആളുകളുണ്ടായിരുന്നോ, എത്രപേര്‍ മരണപ്പെട്ടു എന്നതൊന്നും വ്യോമസേനയുടെ ദൗത്യത്തില്‍പെട്ടതല്ല. രഹസ്യ ഏജന്‍സികളുടെ നിരീക്ഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭീകരകേന്ദ്രങ്ങള്‍ എന്ന നിലയില്‍ അടയാളപ്പെടുത്തിയ കേന്ദ്രങ്ങള്‍ പിഴച്ചുപോയെങ്കില്‍ അത് വ്യോമസേനയുടെ തെറ്റോ പരാജയമോ അല്ല. ഏല്‍പ്പിച്ച ദൗത്യം നിറവേറ്റി തിരിച്ചെത്തുക മാത്രമാണ് അവരുടെ ചുമതല.

കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് രാജ്യരക്ഷാ മന്ത്രാലയത്തിന്റേതുമല്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മുതലുള്ളവരാണ് കൊല്ലപ്പെട്ടവരുടെ എണ്ണം 250ഉം 300ഉം മറ്റുമായി അവതരിപ്പിച്ചത്.

ഇതേക്കുറിച്ചുയരുന്ന സംശയങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് സ്വാഭാവികമായും പ്രതിപക്ഷവും മാധ്യമങ്ങളും ചെയ്യുന്നത്. വിശേഷിച്ചും പ്രധാനമന്ത്രിയും ഭരണകക്ഷിയും അത് തെരഞ്ഞെടുപ്പു വിഷയമായി ഉയര്‍ത്തുമ്പോള്‍. സംശയങ്ങള്‍ക്കു മറുപടി പറയുന്നതിനുപകരം അതിര്‍ത്തി കാക്കുന്ന സൈന്യത്തെ പ്രതിപക്ഷം മോദിയെപ്പോലെ അവിശ്വസിക്കുകയും വെറുക്കുകയുമാണെന്നാണ് പ്രധാനമന്ത്രി അധിക്ഷേപിക്കുന്നത്.

പ്രധാനമന്ത്രിക്കു നേരെയുള്ള ചോദ്യങ്ങള്‍ കൂടുതല്‍ വ്യാപകമാകാന്‍ പോകുന്നു. ഔദ്യോഗിക രഹസ്യനിയമം അനുസരിച്ച് കേസ് എടുത്തതുകൊണ്ടോ ദേശസ്‌നേഹം സ്വന്തം കുത്തകയായി ഉയര്‍ത്തിക്കാണിച്ചതുകൊണ്ടോ ചോദ്യങ്ങളെ തടയാനാവില്ല. അടുത്ത ദിവസംതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവരും. റഫാല്‍ കേസിലെ പുനപരിശോധനാ ഹര്‍ജി അടുത്തയാഴ്ച വീണ്ടും സുപ്രിംകോടതിയില്‍ വാദത്തിന് വരും.

പ്രധാനമന്ത്രി മോദിതന്നെ ഇപ്പോള്‍ കടന്നാക്രമണത്തില്‍നിന്ന് പ്രതിരോധത്തിലേക്കു പിന്മാറിത്തുടങ്ങി. കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞു: അവരെല്ലാം ചേര്‍ന്ന് ഇപ്പോഴെന്നെ അപമാനിക്കുകയാണ്. പക്ഷെ, ഞാന്‍ ഉറപ്പുനല്‍കുന്നു നിങ്ങളുടെ ഈ ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) മുമ്പെന്നപോലെ ഇപ്പോഴും ജാഗ്രതയിലാണ്.

തൊട്ടുപിന്നാലെയാണ് അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയിലെത്തി പറഞ്ഞത്: ‘രക്ഷാ മന്ത്രാലയത്തിലെ അതിരഹസ്യരേഖകള്‍ മോഷണം പോയിരിക്കുന്നു.’ ഇപ്പോള്‍ അദ്ദേഹം തിരുത്തുന്നു: കരാറിന്റെ അസ്സല്‍ അവിടെത്തന്നെയുണ്ട്. പകര്‍പ്പുമാത്രമാണ് നഷ്ടമായത്!

‘ഒരാളുടെ വാക്ക് ഒരാളുടെയും ഉറപ്പല്ല. നാം നിശബ്ദമായി ഇരുപക്ഷത്തേയും കേള്‍ക്കേണ്ടതുണ്ട്.’ – ഗെയ്‌ഥേ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top