Flash News

മോദി സര്‍ക്കാര്‍ തുടരണമോ?, തുടര്‍ന്നാല്‍ എന്ത് സംഭവിക്കും?: ജോസഫ് പടന്നമാക്കല്‍

March 13, 2019

Modi sarkar banner-1ഇന്ത്യയില്‍ ‘ജനാധിപത്യം’ ഒരു വെല്ലുവിളിയില്‍ക്കൂടി കടന്നുപോവുന്ന കാലഘട്ടത്തില്‍ മോദി സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് അസൂയാവഹമായി നിരവധി നേട്ടങ്ങള്‍ കൊയ്തിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. അതുപോലെ അത്രമാത്രം രാജ്യത്തിന് അസഹ്യവും ജനങ്ങളെ ദുഃഖത്തിലാഴ്ത്തി കഷ്ടപ്പെടുത്തിയിട്ടുമുണ്ട്. നോട്ടുനിരോധനം അതിലൊരു കാരണമായി പരിഗണിക്കുന്നു. വെറുപ്പിന്റെ ഒരു ലോകം സൃഷ്ടിച്ചതാണ് മോദിയുടെ പരാജയം. ന്യുനപക്ഷ സമുദായത്തിന്റെമേലും ദളിതരുടെ മേലും ആക്രമണങ്ങള്‍ നാട് മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ആക്രമിക്കുന്നവരെ മന്ത്രിമാര്‍ വരെ മാലയിട്ടു സ്വീകരിക്കുന്നു. അല്ലെങ്കില്‍ ദളിതരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാന്‍ അവരുടെ പൂജാദി കര്‍മ്മങ്ങളില്‍ രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കും. വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഒരു ഭരണവും ഭരണത്തിലെ നേട്ടങ്ങളും ഈ ലേഖനത്തില്‍ ഒരുപോലെ വിശകലനം ചെയ്തിട്ടുണ്ട്. നമുക്ക് ആദ്യം നേട്ടങ്ങളുടെ പട്ടികയിലേക്ക് അവലോകനം നടത്താം.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം നരേന്ദ്രമോദി ലോക നേതാക്കന്മാരെ മുഴുവന്‍ ക്ഷണിച്ചിരുന്നു. ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെയിടയില്‍ അതുമൂലം അഭിമാനപൂര്‍വമായ ഒരു സ്ഥാനവും കൈവരിക്കാന്‍ സാധിച്ചു. അമേരിക്കയുമായി സാമ്പത്തിക സഹകരണം ഉറപ്പിച്ചതായിരുന്നു മോദിയുടെ ആദ്യത്തെ നേട്ടം. കിഴക്കുള്ള രാജ്യങ്ങളായ ജപ്പാനും വിയറ്റ്‌നാമും ആസ്‌ട്രേലിയായും തമ്മില്‍ ഇന്ത്യ എക്കാലത്തേക്കാളും സഹകരണത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സുദൃഢങ്ങളായ ബന്ധങ്ങള്‍ നിരവധി രാജ്യങ്ങളുമായി സ്ഥാപിച്ചു. ലോക രാഷ്ട്രങ്ങളുടെ നയപരിപാടികളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ബംഗ്‌ളാദേശുമായി ഉറച്ച ഒരു ബന്ധം സ്ഥാപിച്ചു. ചൈനയുമായി സാമ്പത്തിക കരാറുകളിലും ഏര്‍പ്പെട്ടു.

a3മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരിഷ്ക്കാരം ജി.എസ്.റ്റി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്)യെന്ന് പറയാം. 2017 ജൂലൈയിലാണ് ഈ പരിഷ്ക്കാരം നടപ്പാക്കിയത്. ഇന്ത്യ മുഴുവനായുള്ള മാര്‍ക്കറ്റിന്റെ ഒരു ഏകീകൃത ടാക്‌സ് നിയമത്തെ ജി.എസ്.റ്റി എന്നു പറയുന്നു. ഒരു ഉല്‍പ്പന്നത്തിന് ചുമത്തിയിരുന്ന നികുതികള്‍, കയറ്റുമതി ഇറക്കുമതികളുടെ സ്‌റ്റേറ്റ്‌ ലോക്കല്‍ ഭരണകൂടങ്ങളുടെ അധിക നികുതികള്‍ മുതലായവകള്‍ ഏകോപിച്ച് ടാക്‌സിനെ കേന്ദ്രീകൃതമാക്കിയെന്നുള്ളതാണ് ജി.എസ്.റ്റിയുടെ പ്രത്യേകത. മുന്‍പ്രധാന മന്ത്രി വാജ്‌പേയുടെ കാലം മുതല്‍ ജി.എസ്.റ്റി നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. യുപിഎ സര്‍ക്കാരും ജി.എസ്.റ്റി നടപ്പാക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുകയാണുണ്ടായത്. അടുത്ത ചില വര്‍ഷങ്ങളില്‍ ഇന്ത്യ 7% വരെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. ജി.എസ്.റ്റി യ്ക്ക് അതില്‍ സുപ്രധാനമായ ഒരു പങ്ക് വഹിക്കാനും സാധിക്കുന്നു.

മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയുടെ ‘ബി.എസ്.ഇ സെന്‍സെക്‌സ്’ സ്‌റ്റോക്ക് മാര്‍ക്കറ്റ് ഇന്‍ഡക്‌സ് നാല്‍പ്പത് ശതമാനം വര്‍ദ്ധിച്ചു. 2014 മെയ് 26 ല്‍ സൂചിക (Index) 24716 എന്നത് 2018 മെയ് 23ല്‍ 34344 സൂചികയായി വര്‍ദ്ധിച്ചു. ഈ വര്‍ഷം ജനുവരി 29 വരെ സൂചിക 36443 ആയിരുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് രൂപാവില പതിനാറു ശതമാനം കുറഞ്ഞു. അമേരിക്കന്‍ ഡോളറുമായി രൂപായുടെ മാര്‍ജിന്‍ 70 രൂപയാവുകയും ചെയ്തു. കറന്‍സി വില കുറഞ്ഞാല്‍ സാമ്പത്തിക തിരിച്ചുവരവ് സുഗമമാകുമെന്നും കണക്കു കൂട്ടുന്നു. 2018 മെയ് വരെ രൂപ വില ഡോളറുമായി 59 രൂപയായിരുന്നു. പെട്രോളിയം, ഓയില്‍ ഉല്‍പ്പന്നങ്ങള്‍ നാം ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു ഡോളറിന് കൂടുതല്‍ രൂപ കൊടുക്കേണ്ടി വരും. അതുമൂലം വിലവര്‍ദ്ധനവു ഉണ്ടാവുമെന്നുള്ളതും രൂപ ഇടിവിന്റെ പോരായ്മായുമാകാം. .

a3 (1)പ്രധാനമന്ത്രിയായ ശേഷം ഒരു നിശ്ചിത കാലയളവിനുള്ളില്‍ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കായുള്ള ക്ഷേമ പരിപാടികളും മോദി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരുന്നു. അദ്ദേഹനത്തിന്റെ ക്ഷേമ പദ്ധതികളടങ്ങിയ ‘ജന്‍ ധന്‍ യോജന’ (PMJDY) വളരെയധികം വിജയകരമായിരുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടുകളില്‍നിന്നും മനസിലാക്കുന്നത്. ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോദിയുടെ ഈ പദ്ധതി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ക്ഷേമ മുന്നേറ്റമായി കരുതപ്പെടുന്നു. അധഃകൃതകര്‍ക്കും സാമ്പത്തികമായി ദാരിദ്യ്രരേഖക്കും താഴെയുള്ളവര്‍ക്കുമായുള്ള ബാങ്കുകളില്‍ക്കൂടിയുള്ള ഒരു സേവിങ്ങ് പദ്ധതിയാണ് ഇത്. ഈ സേവിങ്ങ് പരിപാടി 32 കോടി ജനത്തിന് പ്രയോജനപ്പെട്ടിട്ടുണ്ട്. ബാങ്കുകളില്‍ 82000 കോടി രൂപ അതുമൂലം ഡിപ്പോസിറ്റുകള്‍ ലഭിച്ചു. 24 കോടി രൂപ ഡെബിറ്റ് കാര്‍ഡുകള്‍ ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിന് സാധാരണക്കാരുനും സാധിക്കുന്നു. സാധാരണക്കാരും പാവങ്ങളും ബാങ്കുകളില്‍ സേവിങ്ങ് അക്കൗണ്ട് തുടങ്ങിയത് കൊണ്ട് അവരില്‍ നിന്നും കിട്ടിയ ഡിപ്പോസിറ്റ് 81203.59 കോടി രൂപയായിരുന്നു. ഡെബിറ്റ് കാര്‍ഡില്‍ 23.80 കോടി രൂപ ലഭിച്ചു. അതുമൂലം ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും രാജ്യത്തെവിടെയും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നു. ഇന്ത്യയുടെ വിജയകരമായ ഈ ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള രാജ്യങ്ങളും പഠിച്ചുകൊണ്ടിരിക്കുന്നു. പതിനെട്ടിനും അറുപത്തിയഞ്ചിനും വയസിനിടയിലുള്ളവര്‍ക്കാണ് ഈ ബാങ്കിങ്ങ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, കടം മേടിക്കല്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നീ ബാങ്കിങ്ങ് സേവനങ്ങള്‍ സാധാരണക്കാര്‍ക്കും ഗുണപ്രദമായിത്തീരുന്നു. ബാങ്കിങ്ങ് മേഖലയിലെ സുപ്രധാനമായ ഈ ഭരണ പരിഷ്കാര സാമ്പത്തിക പദ്ധതി 2014 ആഗസ്റ്റ് പതിനഞ്ചാം തിയതി തുടക്കമിട്ടു. തുടക്കത്തിലേ ദിവസത്തില്‍ തന്നെ പതിനഞ്ച് മില്യണ്‍ ബാങ്ക് അക്കൗണ്ടുകള്‍ സാധാരണക്കാരില്‍ നിന്നും ലഭിച്ചു. ഗിന്നസ്സ് ബുക്കില്‍ അത് റിക്കോര്‍ഡാവുകയും ചെയ്തു.

‘ആധാര്‍ കാര്‍ഡ്’ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൊടുക്കുന്ന പന്ത്രണ്ട് ഡിജിറ്റില്‍ അക്കമുള്ള തിരിച്ചറിവ് കാര്‍ഡാണ്. ഒരാളിന്റെ താമസ സ്ഥലം, വയസ്, പേരുവിവരങ്ങള്‍ എന്നിവകള്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കും. ഇന്ത്യന്‍ പൗരനെന്ന തെളിവുകളും നല്‍കുന്നു. ലോകത്തിലെ ഏറ്റവും വിപുലമായ തിരിച്ചറിയല്‍ കാര്‍ഡാണ് ഇത്. യുപിഎ സര്‍ക്കാരാണ് ഇതിന് തുടക്കമിട്ടത്. മോദി സര്‍ക്കാര്‍ അതിന്റെ പ്രായോഗിക വശങ്ങള്‍ മനസിലാക്കി കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ രാഷ്ട്രം മുഴുവന്‍ എത്തിച്ചു. 2017 നവംബര്‍ വരെ ഒന്നേകാല്‍ ബില്യണ്‍ ആധാര്‍ കാര്‍ഡുകള്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് നല്‍കിയിരുന്നു. 99 ശതമാനം ജനങ്ങളിലും ആധാര്‍ കാര്‍ഡുകള്‍ എത്തിക്കാന്‍ സാധിച്ചു.

നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്കീം (NHPS) ആരോഗ്യ പദ്ധതികള്‍ 2018ല്‍ ആരംഭിച്ചു. ഗുരുതരമായ അസുഖങ്ങള്‍ക്ക് ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ഈ സ്ക്കീം അനുസരിച്ച് നല്‍കുന്നു. ഇതിനായി പതിനായിരം കോടി രൂപ ബഡ്ജറ്റില്‍ നീക്കി വെക്കുകയും ചെയ്തു. സാമ്പത്തികമായി അവശതയനുഭവിക്കുന്ന ഏകദേശം പത്തു കോടി കുടുംബങ്ങള്‍, അല്ലെങ്കില്‍ അമ്പത് കോടി ജനങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ട്. കൂടാതെ സാധുക്കളായ ജനങ്ങള്‍ക്ക് ആധുനിക മെഡിക്കല്‍ സൗകര്യങ്ങളുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ആരോഗ്യമേഖലയിലുള്ള ഈ വിപ്ലവ മാറ്റങ്ങള്‍ രാജ്യത്തിന്റെ ആന്തരിക ഘടനയ്ക്ക് തന്നെ ചരിത്ര സാക്ഷ്യങ്ങളായി മാറി.

a2 (2)സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ടോയ്‌ലെറ്റ് നിര്‍മ്മാണം നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം ഇന്ത്യ ആയിരിക്കും. 2018 ഏപ്രില്‍ വരെ സ്വച്ഛ ഭാരത പദ്ധതി പ്രകാരം 46,36,128 ടോയ്!ലെറ്റുകള്‍ ഉണ്ടാക്കിയതായി കണക്കാക്കപ്പെട്ടിരിക്കുന്നു. കൂടാതെ രാജ്യമൊന്നാകെ മുപ്പതു ലക്ഷത്തില്‍പ്പരം കമ്മ്യുണിറ്റി ടോയ്‌ലെറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്.

പുല്‍വാമയില്‍ ഇന്ത്യന്‍ പാരാ മിലിട്ടറിയിലെ 40 ജവാന്മാര്‍ പാക്കിസ്ഥാന്‍ തീവ്ര വാദികളുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തന്മൂലം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധത്തിന്റെ അന്തരീക്ഷം വരെ സൃഷ്ടിച്ചിരുന്നു. അതിനു പ്രതികാരമെന്നോണം ഇന്ത്യന്‍ വൈമാനികര്‍ പന്ത്രണ്ടു ജെറ്റ് വിമാനങ്ങളുമായി പാകിസ്ഥാന്റെ മൂന്നു പ്രദേശങ്ങളില്‍ ബോംബുകള്‍ വര്‍ഷിച്ചു. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാനില്‍ ഇട്ട ബോംബ് വ്യാജ വാര്‍ത്തകളെന്ന് ഇന്ത്യയിലെ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. വരാന്‍ പോവുന്ന തിരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടങ്ങളുമാണ് പലരും ലക്ഷ്യമിടുന്നത്.

ആയിരം കിലോ ബോംബുകള്‍ വര്‍ഷിച്ചുവെന്നാണ് വാര്‍ത്തകളില്‍ നിന്നും മനസിലാക്കുന്നത്. 300 തീവ്ര വാദികള്‍ ഇന്ത്യയുടെ ബോംബിങ്ങില്‍ കൊല്ലപ്പെട്ടുവെന്നു അനുമാനിക്കുന്നു. തീവ്ര വാദികളുടെ ഈ മരണത്തെപ്പറ്റി പാക്കിസ്ഥാന്‍ നിഷേധിക്കുന്നുമില്ല. അവര്‍ ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്നുള്ള വിവരങ്ങളും പാക്കിസ്ഥാന്‍ പുറത്തു വിട്ടിട്ടില്ല. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ചീഫ് പറഞ്ഞത് തങ്ങളെ ഏല്‍പ്പിച്ച ജോലി കൃത്യമായ ടാര്‍ജെറ്റില്‍ കൊണ്ടുപോയി ഇട്ടിരുന്നുവെന്നാണ്. എത്ര പേര്‍ മരിച്ചുവെന്നതും ശവം എണ്ണുന്ന ജോലിയും തങ്ങള്‍ക്കില്ലെന്നും പ്രസ്താവിച്ചു. സിഎന്‍എന്‍ റിപ്പോര്‍ട്ടനുസരിച്ച് രാത്രിയില്‍ ആ സ്ഥലങ്ങള്‍ മുഴുവന്‍ സീല്‍ ചെയ്തുവെന്നായിരുന്നു. രാത്രിയില്‍ തന്നെ പാക്കിസ്ഥാന്‍ പട്ടാളം അവിടം മരിച്ച ശവങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തിരുന്നു. നിരവധി ആമ്പുലന്‍സുകള്‍ വന്നുവെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ചൈന പോലും ഇത്തവണത്തെ ഓപ്പറേഷന്‍ എതിര്‍ത്തിട്ടില്ല. അതെല്ലാം ഇന്ത്യയുടെ തന്ത്രപ്രധാനമായ ഈ പ്രദേശങ്ങളിലെ നയതന്ത്ര വിജയമായി കണക്കാക്കുന്നു. നമ്മുടെ സാറ്റലൈറ്റുകള്‍ മുന്നൂറിലധികം മൊബൈല്‍ ഫോണുകള്‍ തീവ്രവാദി ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ‘ഓണ്‍’ ആയിരുന്നുവെന്നുള്ളതെല്ലാം സത്യസന്ധമായ വിവരങ്ങളാണ്.

a2 (1)ബോംബിന്റെ നിജസ്ഥിതിയെ കൃത്യമായി വിലയിരുത്തിക്കൊണ്ടും രാഷ്ട്രം നേടിയ നേട്ടങ്ങളും ഇന്ത്യന്‍ പട്ടാളക്കാരുടെ ടെക്കനിക്കല്‍ വൈഭവങ്ങളും എയര്‍ ഫോഴ്‌സിലെ ഒരു മുന്‍ ഓഫീസര്‍ തന്റെ യൂട്യൂബിലെ പ്രഭാഷണത്തില്‍ക്കൂടി പറഞ്ഞത് ചുരുക്കമായി താഴെ വിവരിക്കുന്നു.

‘നാം ഇന്ന് ഒരു ഇലക്ട്രോണിക്ക് യുഗത്തിലാണ് ജീവിക്കുന്നതെന്നുള്ള വസ്തുതയും മനസിലാക്കണം. ഇലക്ട്രോണിക്ക് സംവിധാനങ്ങളില്‍ വളരെയേറെ മുമ്പിട്ടു നില്‍ക്കുന്ന നമ്മുടെ പട്ടാളത്തിന്, പ്രത്യേക ഒരു ഭൂവിഭാഗങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങളറിയുവാന്‍ പ്രയാസമുള്ള കാര്യമല്ല. ടെക്കനോളജിക്കല്‍ സംവിധാനങ്ങളില്‍ വളരെയേറെ പുരോഗതി പ്രാപിച്ച ഇന്ത്യ ഇന്ന് ശത്രു സൈന്യങ്ങളുടെ നേരെ ബോംബുകള്‍ വര്‍ഷിക്കുന്നത്, ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ്. ഉപഗ്രഹങ്ങളില്‍ക്കൂടി (സാറ്റലൈറ്റുകള്‍) ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചുള്ള ആക്രമണങ്ങള്‍ അതീവ മിലിട്ടറി രഹസ്യങ്ങളായി സൂക്ഷിക്കണമെന്നുമുണ്ട്. ഇന്ന് വിസ്തൃതമായി കിടക്കുന്ന പാക്കിസ്ഥാന്‍റെ 87 ശതമാനം ഭൂവിഭാഗങ്ങളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ കൃത്യമായി നമ്മുടെ പട്ടാളത്തിന് നല്‍കുന്നുണ്ട്. ഇന്ത്യയുടെ ‘റോ’ ചാര സംഘടന ലോകത്തിലെ ഏറ്റവും മെച്ചമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. ലേസര്‍ ഗൈഡന്‍സ് ബോംബുകളാണ് ഇത്തവണ നാം ഉപയോഗിച്ചത്. ഈ ബോംബുകള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഉപയോഗിച്ചതിനെക്കാളും പതിന്മടങ്ങ് ശക്തിയുള്ളതും ആധുനിക ടെക്കനോളജിക്കല്‍ സംവിധാനങ്ങള്‍ ഉള്ളതുമാണ്. കൃത്യമായി എവിടെ വേണമെങ്കിലും മാപ്പ് നോക്കി ബോംബിടാന്‍ കഴിവുള്ള ടെക്കനോളജിയാണിത്. ആയിരം കിലോ ബോംബ് ഒരു വിമാനം തനിച്ചല്ലയിടുന്നത്. അതിനെ പന്ത്രണ്ടായി വിഭജിച്ചു ഓരോ വിമാനത്തിലും 85 കിലോ ബോംബ് വീതമാണ് ശത്രുവിന്റെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയ്ക്കുന്നത്. പന്ത്രണ്ടു വിമാനങ്ങളിലായി ഇരുപത്തിനാല് ബോംബുകള്‍ ഇട്ടിരിക്കുന്നത് പാക്കിസ്ഥാന്റെ മൂന്നു പ്രദേശങ്ങളിലാണ്. ഒരു സ്ഥലത്ത് എട്ടു ബോംബുകള്‍ വീതം ഇട്ടു കാണും. കൂടുതല്‍ സുരക്ഷിതത്വത്തിനായി ചുറ്റുപാടുകളും ബോംബിടും. അങ്ങനെയാണ് നശിക്കപ്പെട്ട പൈന്‍ മരങ്ങള്‍ ഉപഗ്രഹങ്ങളില്‍ ദൃശ്യമായത്. പൊട്ടാന്‍ പോവുന്ന ഈ ബോംബിനകത്ത് ഒരു മിനി കമ്പ്യൂട്ടര്‍ കാണും. കംപ്യുട്ടറിനുള്ളില്‍ ജിപിഎസും ഇമേജ് നാവിഗേഷനുമുണ്ട്. കൃത്യമായി ബോംബിടുന്ന സ്ഥലങ്ങളെല്ലാം ബോംബിനകത്തുള്ള കമ്പ്യുട്ടറില്‍ ഫീഡ് ചെയ്തിരിക്കും. മാപ്പ് (Map) ഉപയോഗിച്ച് സ്വയം ഈ ബോംബ് പൊയ്‌ക്കൊണ്ടിരിക്കും. അതിനെ നിയന്ത്രിക്കാന്‍ വിമാനത്തിലും ഒരു കമ്പ്യൂട്ടര്‍ കാണും. ഈ ബോംബ് ഒരു കെട്ടിടം തുളച്ച് ഉള്ളില്‍ ചെന്ന ശേഷമാണ് പൊട്ടുന്നത്. അതേ സമയം കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയുമില്ല. മനുഷ്യരെ മാത്രമേ ഈ ബോംബ് നശിപ്പിക്കുകയുള്ളൂ. പണ്ടത്തെ ബോംബുകള്‍ ഇട്ടാല്‍ ഭൂമി കുലുങ്ങും പോലെ ഒന്നും കാണില്ലായിരുന്നു’.

മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോടൊപ്പം ഗുണദോഷ വിവേചനങ്ങളും താഴെ അക്കമിട്ടു വിവരിക്കുന്നു.

modi-ambani-rafale-jet-scam1.യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ വൈമാനിക സേന യുദ്ധവിമാനങ്ങള്‍ പുതുക്കുവാനായി 200 പുതിയ ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അപേക്ഷ പരിഗണിക്കുകയും അന്നത്തെ യുപിഎ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി ആഗോള ടെന്‍ഡറുകള്‍ ക്ഷണിക്കുകയും ചെയ്തു. വിമാനം വാങ്ങാനുള്ള നിരവധി ടെന്‍ഡറുകള്‍ പരിശോധിക്കുകയും ചെയ്തു. ആഗോള കമ്പനികളായ റാഫേല്‍ കമ്പനിയും ടൈഫോണ്‍ കമ്പനിയും വിമാനങ്ങള്‍ കുറഞ്ഞ വിലക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ‘റാഫേല്‍’ നിന്നും 126 വിമാനങ്ങള്‍ സര്‍ക്കാര്‍ വാങ്ങിക്കാനുള്ള കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. 126 വിമാനങ്ങളില്‍ അടിയന്തിരമായി പതിനെട്ടെണ്ണം ഇന്ത്യന്‍ പട്ടാളത്തിന്റെ ഉപയോഗത്തിനായി എത്തിക്കാനും തീരുമാനിച്ചു. ബാക്കി 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്ക് കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കാനുമായിരുന്നു തീരുമാനം. അതുവഴി രാജ്യത്തിന്റെ ആസ്തി വര്‍ധിപ്പിക്കാനും തൊഴിലുകള്‍ സൃഷ്ടിക്കാനുമായിരുന്നു പദ്ധതി ഇട്ടിരുന്നത്. കരാറനുസരിച്ച് വിമാന നിര്‍മ്മതിയുടെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറണമെന്നുമുണ്ടായിരുന്നു. അതുമൂലം ഭാവിയില്‍ അത്തരം വിമാനങ്ങള്‍ ഇന്ത്യയ്ക്ക് സ്വന്തമായി നിര്‍മ്മിക്കാനും സാധിക്കുമായിരുന്നു. ഒരു വിമാനത്തിന് 526 കോടി രൂപ മതിപ്പുവിലയും നിശ്ചയിച്ചു. നരേന്ദ്ര മോദി അധികാരത്തില്‍ വരുകയും അന്നുണ്ടാക്കിയ ‘കരാര്‍’ സര്‍ക്കാര്‍ റദ്ദു ചെയ്യുകയുമുണ്ടായി. 2015 ജൂലൈയില്‍ മോദി പാരീസില്‍ എത്തി. പുതിയ ഒരു ഉടമ്പടി ഒപ്പുവെക്കുകയും വിമാനത്തിന്റെ എണ്ണം 126ല്‍ നിന്ന് 36 ആയി വെട്ടിച്ചുരുക്കുകയും ചെയ്തു. ഓരോ വിമാനത്തിനും 41 ശതമാനം വര്‍ദ്ധിച്ച വിലക്കാണ് വാങ്ങിയത്. ആ കരാറില്‍ റിലയന്‍സ് കടന്നുകൂടി. മന്ത്രി സഭയുടെ അനുവാദം പോലുമില്ലാതെ വിമാന നിര്‍മ്മതിക്ക് പരിചയമില്ലാത്ത ഈ കമ്പനിയുമായി ഉടമ്പടിയില്‍ ഒപ്പുവെച്ചു. അങ്ങനെ 36 വിമാനങ്ങള്‍ ഇന്ന് അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. ഇതുകൂടാതെ റിലയന്‍സിന് നിരവധി കരാറുകള്‍ മറ്റു വിവിധ രാജ്യങ്ങളില്‍നിന്നും സര്‍ക്കാര്‍ മേടിച്ചു കൊടുത്തിട്ടുണ്ട്. മോദി സര്‍ക്കാര്‍ ജനങ്ങളുടെ നികുതി ഉപയോഗിച്ച് തങ്ങളുടെ ഇഷ്ടക്കാരായ കോര്‍പ്പറേറ്റ് മുതലാളിമാരെ വളര്‍ത്തുന്നുവെന്നുള്ള ആരോപണങ്ങളുമുണ്ട്. നിയമാനുസൃതമല്ലാതെ രഹസ്യമായിട്ടായിരുന്നു കരാര്‍ ഉടമ്പടികള്‍ നടത്തിയത്. ചോദ്യങ്ങള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ ആക്രമണം തുടങ്ങി. പ്രതിപക്ഷങ്ങള്‍ അത് രാഷ്ട്രീയ മുതലെടുപ്പിനായി പ്രചരിപ്പിച്ചുകൊണ്ടുമിരിക്കുന്നു.

pm-modi-650_650x488_614370128462. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാഷ്ട്രതന്ത്രജ്ഞപരമായ പ്രസംഗങ്ങളില്‍പ്പോലും സര്‍ക്കാരിന്റെ നേട്ടങ്ങളെപ്പറ്റി വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമേ സാധാരണ പറയാറുള്ളൂ. കൂടുതലും അദ്ദേഹത്തെപ്പറ്റിയും സ്വയം പുകഴ്ത്തലും പൊങ്ങച്ച പരസ്യങ്ങളുമാണ് പ്രസംഗങ്ങളില്‍ മുഴുകി കേള്‍ക്കാറുള്ളത്. ഏകദേശം 4880 കോടി രൂപ സ്വയം നേട്ടങ്ങളുടെ പരസ്യത്തിനായി നികുതി കൊടുക്കുന്നവരുടെ പണം ഉപയോഗിച്ച് ചെലവാക്കി കഴിഞ്ഞു.

3. നോട്ടു നിരോധനമാണ് ഈ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഞെട്ടിപ്പിച്ച ഒരു വസ്തുത. ഭീകര ഫണ്ടുകള്‍ അവസാനിപ്പിക്കുക, കള്ളപ്പണ പ്രവാഹം ഇല്ലാതാക്കുക, കള്ളനോട്ടുകള്‍ കണ്ടെടുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളായിരുന്നു നോട്ടു നിരോധനത്തിന്റെ പിമ്പിലുണ്ടായിരുന്നത്. സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങളില്‍ നോട്ടു നിരോധനം കൊണ്ട് ലക്ഷ്യപ്രാപ്തിയിലെത്താന്‍ സാധിച്ചില്ലെന്നുള്ളതാണ്.

a4 (1)4. കൃഷിക്കാരോടു നീതി പുലര്‍ത്തിയില്ലെന്നുള്ളത് മോദി ഭരണകൂടത്തിന്റെ മറ്റൊരു പരാജയമായിരുന്നു. തന്മൂലം കൃഷിക്കാരുടെ ആത്മഹത്യകള്‍ പെരുകിക്കൊണ്ടിരിക്കുന്നു. ഗോതമ്പ് പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാരണം ധാന്യ വിളകളുടെ വില കുത്തനെ കുറഞ്ഞു. കടം കേറിയ കൃഷിഭൂമികള്‍ 2013ലെ നിയമപ്രകാരം സര്‍ക്കാര്‍ കണ്ടെത്തി. അങ്ങനെ കാര്‍ഷിക രാജ്യമായ ഇന്ത്യന്‍ കര്‍ഷകന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്തു. മോദി സര്‍ക്കാരിന്റെ ശ്രദ്ധക്കായി കൃഷിക്കാര്‍ സര്‍വവിധ സമരങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ അവരുടെ സംഘിടിതമായ നീണ്ട മാര്‍ച്ചുകളുമുണ്ടായിരുന്നു. സര്‍ക്കാരിന്റെ ശ്രദ്ധക്കായി കൃഷിക്കാര്‍ ജീവിക്കാന്‍ വകയില്ലാതെ ആത്മഹത്യകളും നടത്തി. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനോ അവര്‍ക്ക് ആശ്വാസ വാക്കുകള്‍ നല്‍കാനോ ഒരു ബിജെപി നേതാക്കളുമുണ്ടായിരുന്നില്ല.

5. ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തിരാവസ്ഥയ്ക്ക് സമാനമായി പത്രമാദ്ധ്യമങ്ങളുടെ ‘വാ’ (Mouth) മൂടികെട്ടിയിരിക്കുകയാണ്. അടിമത്വം പോലെ ഇന്ത്യയിലെ മൊത്തം വാര്‍ത്താ മീഡിയാകളെ നിയന്ത്രിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ അനുകൂല വാര്‍ത്തകള്‍ പുറപ്പെടുവിക്കാന്‍ മാദ്ധ്യമങ്ങളെ വിലയ്ക്ക് മേടിച്ചിട്ടുണ്ടായിരിക്കണം. ബിജെപി പ്രസിഡണ്ടിന്റെയോ പ്രധാനമന്ത്രിയുടെയോ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. ഏതെങ്കിലും ചാനലുകാര്‍, അല്ലെങ്കില്‍ മറ്റു വാര്‍ത്താമാദ്ധ്യമങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അവരുടെ ചാനലുകള്‍, പത്രമോഫീസുകള്‍ റെയിഡ് ചെയ്യുന്നതും പതിവാക്കിയിരിക്കുന്നു. എതിര്‍ക്കുന്ന ജേര്‍ണലിസ്റ്റുകള്‍ക്ക് എല്ലാവിധ പീഡനങ്ങള്‍ കൊടുക്കുകയും ചെയ്യും. അവര്‍ പിന്നീട് സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളാവുകയും ചെയ്യും.

67767-mjexaukosk-15047035406. സര്‍ക്കാരിനും പ്രധാനമന്ത്രിക്കും പാര്‍ലന്‍മെന്‍റ് ഇന്ന് വളരെ അസൗകര്യങ്ങളായി അനുഭവപ്പെടുന്നു. പാര്‍ലമെന്റിന്റെ പരിധിയില്‍ നിന്നും വിട്ട് അധികാരച്ചുവയില്‍ ആജ്ഞകള്‍ പുറപ്പെടുവിക്കാനാണ് മന്ത്രിസഭ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ വളരെ ചുരുക്കമായി മാത്രമേ വരാറുള്ളൂ. നിയമ സംവിധാന പ്രസംഗങ്ങളെക്കാള്‍ കൂടുതല്‍ ജനങ്ങളുടെ വോട്ടുകള്‍ നേടാനുള്ള പ്രസംഗങ്ങള്‍ നടത്താനാണ്, പ്രധാനമന്ത്രിക്ക് ഇഷ്ടം. പാര്‍ലമെന്റില്‍ ചോദ്യോത്തര വേളകളില്‍ ഇദ്ദേഹം സംബന്ധിക്കാറില്ല.

7.പ്രധാനമന്ത്രിയെ പിന്താങ്ങുന്നവരില്‍ പൊതുവായ ഒരു സ്വഭാവം കാണുന്നു. അവര്‍ വര്‍ഗീയ വാദികളും മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കാന്‍ തല്പരരുമായിരിക്കും. അത്തരം ഹീനമായ പ്രവര്‍ത്തികളെ ഔദ്യോഗികമായും അംഗീകരിച്ചിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.

8. സര്‍ക്കാരിന്റെ നയം മൂലം കാഷ്മീരിനെ മറ്റുള്ള സംസ്ഥാനങ്ങളില്‍നിന്നും ഒറ്റപ്പെടുത്തുന്നതിന് കാരണമായി. കാഷ്മീര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലകള്‍ പാടെ തകര്‍ത്തു. മൂന്നു വര്‍ഷം കൊണ്ട് 72 ശതമാനം പട്ടാളക്കാരില്‍ അധികം കാഷ്മീരില്‍ വികസിപ്പിച്ചു. നൂറു കണക്കിനാളുകളും പട്ടാളക്കാരും കാഷ്മീര്‍ താഴ്വരകളില്‍ കൊല്ലപ്പെട്ടു. 1996നു ശേഷം ഉപതെരഞ്ഞെടുപ്പുകള്‍ സമാധാനപരമായി കാഷ്മീര്‍ താഴ്വരകളില്‍ നടത്താന്‍ സാധിച്ചിട്ടില്ല. എട്ടുമാസം നീണ്ട കര്‍ഫ്യു കാഷ്മീരിന്റെ സാമ്പത്തികത്തെ തകര്‍ത്തു.

a49. ആധാര്‍ കേസില്‍ സുപ്രീം കോടതി വിധി ആധാര്‍ കാര്‍ഡുകള്‍ ഭരണഘടനാനുസൃതമെന്ന് വിധിച്ചെങ്കിലും നിരവധി ഭേദഗതികളും വിധിയിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സൃഷ്ടിയായ ആധാര്‍ കാര്‍ഡില്‍ ചില വകുപ്പുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്കൂള്‍, കോളേജ് അഡ്മിഷന് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല. മൊബൈലുമായി ആധാറിനെ ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാന്നെന്നും വിധിച്ചു. ബാങ്ക് അക്കൗണ്ടുകളുമായി ആധാറിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും വിധിയിലുണ്ടായിരുന്നു. ആധാറില്ലാത്തവരുടെ അവകാശങ്ങള്‍ ഒരു പൗരനെന്ന നിലയില്‍ നിഷേധിക്കാനും പാടില്ല. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ ആവശ്യപ്പെടാന്‍ അനുവദനീയമല്ല. ഒരു ബില്യണ്‍ ജനങ്ങളിലധികം ആധാര്‍ കാര്‍ഡ് എടുത്ത സ്ഥിതിക്ക്, ഈ കാര്‍ഡ് സുരഷിതമായിരിക്കണമെന്നും കോടതി നിഷ്ക്കര്‍ഷിച്ചു. ആധാര്‍ സംബന്ധിച്ച് വ്യക്തികള്‍ക്ക് പരാതി നല്‍കാന്‍ പാടില്ലാന്നുള്ള സെക്ഷന്‍ 47 റദ്ദാക്കുകയും ചെയ്തു.

10. നേപ്പാള്‍, ശ്രീ ലങ്ക, കൂടാതെ ഇന്ത്യയുടെ അയല്‍പക്കത്തുള്ള ചെറിയ ദ്വീപായ മാല്‍ ദീവ് എന്നീ രാജ്യങ്ങള്‍ ഇന്ന് ചൈനയോടാണ് കൂടുതല്‍ സഹകരണത്തിലേര്‍പ്പെട്ടിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ രാജ്യങ്ങള്‍ എന്നും ഇന്ത്യയോടൊപ്പവും ഇന്ത്യയുടെ നയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍പ്പോലും ഇന്ത്യയുടെ സ്വാധീനമുണ്ടായിരുന്നു. ഇന്ന് ഇന്ത്യയുടെ വിദേശനയം പരാജയമായിരുന്നതുകൊണ്ട് മുമ്പുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന സ്വാധീനങ്ങളെല്ലാം നഷ്ടപ്പെട്ടുപോയിരിക്കുന്നു. എങ്കിലും പ്രധാനമന്ത്രി സ്വന്തം വ്യക്തിത്വം മാത്രം ഉയര്‍ത്താനായി വിദേശ പര്യടനം നടത്തിക്കൊണ്ടുമിരുന്നു.

11. ദേശീയ ജിഡിപി യുടെ സൂചിക ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും സര്‍ക്കാര്‍ പുതിയതായി ജോലിയവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു.

a2 (3)2019 തിരഞ്ഞെടുപ്പ് വര്‍ഷമാണ്. അടുത്ത ഭരണവും മോദിക്കെന്നത് തീരുമാനിക്കേണ്ടതും വോട്ടു ചെയ്യേണ്ട ജനങ്ങളാണ്. സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത് മോദി സര്‍ക്കാര്‍ തുടര്‍ന്നും ഇന്ത്യയെ നയിക്കുമെന്നുള്ളതാണ്.നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താനുള്ള പാകത ഇന്ത്യന്‍ ജനത കൈവരിച്ചുവോ എന്നുള്ളത് തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ അറിയുവാന്‍ സാധിക്കുള്ളൂ. തൊണ്ണൂറുകളില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരരാണു നാശം വിതച്ചതെങ്കില്‍ ഇന്ന് കാശ്മീര്‍ താഴ്!വരയില്‍ നിന്ന് ചേരുന്ന യുവ ജനങ്ങളാണ് ഭീകരതയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.

കാശ്മീരിലെ ഭീകരാന്തരീക്ഷത്തിനും ഒളിപ്പോരുകാരെ അമര്‍ച്ച ചെയ്യുന്നതിനും മാറി വരുന്ന സര്‍ക്കാരിന് കഴിയുമോയെന്നുള്ളതും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. നമുക്കു വേണ്ടത് തോക്കും വെടിയുണ്ടകളുമല്ല, സ്ഥായിയായ സമാധാനം ഇനി ഈ ഉപഭൂഖണ്ഡത്തിനാവശ്യമാണ്. കോണ്‍ക്രീറ്റും മെറ്റലും മാര്‍ക്കറ്റില്‍ സുലഭമായതോടെ ചാണകം കൊണ്ട് മെഴുകിയ വീടുകള്‍ ഇന്ത്യയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ശുചിത്വ ബോധവും ദളിതരുടെ സാംസ്ക്കാരിക വളര്‍ച്ചയും നാടിനാവശ്യമാണ്. മത ഭീകരത ഈ മണ്ണില്‍ നിന്ന് തുടച്ചു നീക്കണം. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ഒരേ ഇന്ത്യയെന്ന ബോധം മനുഷ്യനില്‍ സൃഷ്ടിക്കണം. ഏതോ കാലത്തെ വേട്ടയാടിയ പുതിയ സംസ്കാരമായ ‘ഘര്‍ വാപസി’ എന്തിന് ദളിതരുടെമേലും മുസ്ലിമിന്റെ മേലും ക്രിസ്ത്യാനിയുടെ മേലും അടിച്ചേല്പിക്കണം? ഹിന്ദു ഉണരേണ്ട ആവശ്യമില്ല. ഓരോ ഭാരതീയനും ആ സംസ്ക്കാരത്തില്‍ അഭിമാനിയാണ്. അതിനായി ഹിന്ദുത്വ വാദികള്‍ വിഭാവന ചെയ്യുന്നപോലെ പുതിയൊരു ഹിന്ദുമതവും ആവശ്യമില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top