Flash News

ലാനയുടെ 11-ാമത് ദ്വൈവാര്‍ഷിക ദേശീയ സമ്മേളനം നവംബര്‍ 1, 2, 3 തീയതികളില്‍

March 15, 2019 , ജോസന്‍ ജോര്‍ജ്

thumbnail_LANA Logo_InPixioനോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാള സാഹിത്യകാരന്മാരുടെയും മലയാള ഭാഷാ സ്‌നേഹികളുടെയും അവരുടെ പ്രാദേശിക സാഹിത്യ കൂട്ടായ്മയുടെയും അക്ഷര തറവാടായ ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) എന്ന ദേശീയ സാഹിത്യ സംഘടനയുടെ 11-ാമത് ദ്വൈവാര്‍ഷിക ദേശീയ സമ്മേളനം 2019 നവംബര്‍ 1, 2, 3 തീയതികളില്‍ ലാനയുടെ ഈറ്റില്ലമായ ഡാളസില്‍ നടത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

ടെക്‌സസിലെ കൗബോയ്‌സ് നഗരമായ ഡാളസിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ‘ഫാര്‍മേഴ്‌സ് ബ്രാഞ്ചി’ല്‍ ഉള്ള പ്രൗഢഗംഭീരമായ ഡബിള്‍ ട്രീ ഹോട്ടല്‍ ആണ് ഈ വര്‍ഷത്തെ ലാന കണ്‍വെന്‍ഷന്‍ വേദി ആയി തിരഞ്ഞെടുത്തിരിക്കുന്നത്.

നോര്‍ത്ത് അമേരിക്കയുടെയും കാനഡയുടെയും വിവിധ പട്ടണങ്ങളില്‍ നിന്നും പ്രസ്തുത ലാന സമ്മേളനത്തിനായി എത്തിച്ചേരുന്ന സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ മൂന്ന് ദിനങ്ങള്‍ പ്രഗത്ഭരും പ്രശസ്തരുമായ, മലയാള ഭാഷാ വിശാരദന്മാര്‍ക്കൊപ്പം, ചര്‍ച്ചയും, സംവാദവും, കലാപരിപാടികളും മറ്റുമായി ചിലവഴിക്കുവാനുള്ള അസുലഭ അവസരമായി മാറും ഡാളസിലെ ലാന കണ്‍വെന്‍ഷന്‍ എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.

1997 ല്‍ ഡാളസിന്റെ സാഹിത്യ നഭസ്സില്‍ ഉദയം ചെയ്ത ലാന എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, പ്രവാസ സാഹിത്യ സംഘടനകളുടെ ഏക ദേശീയ സംഘടന എന്നതിലുപരി, അമേരിക്കയിലും കാനഡയിലുമുള്ള മലയാള സാഹിത്യ പ്രവര്‍ത്തകരുടെയും ഭാഷാ സ്‌നേഹികളുടെയും സാഹിത്യ തറവാടായി ലാന മാറിക്കഴിഞ്ഞു. കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഘടനാപരമായും, സാഹിത്യപരമായും ലാന കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണ്. കാലാകാലങ്ങളില്‍ ലാനയുടെ ക്ഷണം സ്വീകരിച്ചു ഇവിടെയെത്തുന്ന കേരളത്തിലെ മുഖ്യധാരാ സാഹിത്യകാരന്മാര്‍ അമേരിക്കയിലുള്ള പ്രവാസി എഴുത്തുകാര്‍ക്ക് പ്രചോദനമായി ഭവിച്ചു
എന്ന് നിസ്സംശയം പറയാം.

കേരളത്തിലെ പ്രഗത്ഭരായ എഴുത്തുകാരുടെ കൂട്ടായ്മയും സഹകരണവും വഴിയായി, മലയാളസാഹിത്യത്തിലെ പുത്തന്‍ പ്രവണതകളും, എഴുത്തിന്റെ നൂതന ശൈലികളും മനസിലാക്കുന്നതിനും അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ ലാനയുടെ അതിഥികളായി ഇവിടെ എത്തുന്ന പ്രമുഖ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും നമ്മുടെ സാഹിത്യാഭിരുചിയും, ഭാഷാസ്‌നേഹവും നേരിട്ട് മനസിലാക്കുകയും അതുവഴി അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. നാളിതുവരെ ലാനയുടെ ദ്വൈവാര്‍ഷിക സമ്മേളനത്തോടൊപ്പം, ദേശീയതലത്തില്‍ കഥ,കവിത, ലേഖന സമാഹാരം, നോവല്‍ എന്നീ വിഭാഗങ്ങളില്‍ നടത്തപ്പെടുന്ന സാഹിത്യ മത്സരങ്ങള്‍ പ്രവാസി എഴുത്തുകാരില്‍ നിന്നും ഏറ്റവും ഉത്കൃഷ്ടമായ സാഹിത്യ രചനകള്‍ തിരഞ്ഞെടുത്തു അവയ്ക്കു ലാന അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

ഇരുപത്തിരണ്ടു വയസ്സിന്റെ നിറവിലെത്തി നില്‍ക്കുന്ന ലാനയുടെ പതിനൊന്നാമത് ദേശീയ സമ്മേളനം പ്രവാസ സാഹിത്യ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കയിലും കാനഡയിലും ഉള്ള മലയാള സാഹിത്യ പ്രവര്‍ത്തകര്‍ക്കൊപ്പം , നമ്മുടെ രണ്ടാം തലമുറയില്‍പെട്ട (ഇംഗ്ലീഷിലോ, മലയാളത്തിലോ സാഹിത്യ സൃഷ്ടികള്‍ നടത്തുന്ന) യുവതലമുറയുടെ സജീവ സാന്നിധ്യവും സഹകരണവും കൊണ്ട് ശ്രദ്ധേയമാവുകയാണ് ഡാളസ് ലാന സമ്മേളനം.

ലാന പ്രസിഡന്റ് ജോണ്‍ മാത്യുവിന്റെയും, ലാന സെക്രട്ടറി ജോസന്‍ ജോര്‍ജിന്റെയും അനിഷേധ്യമായ നേതൃത്വത്തില്‍ ലാന എക്‌സിക്യൂട്ടീവ് കമ്മിറ്റി, സമ്മേളനത്തിന്റെ വിജയത്തിനായി അരയും തലയും മുറുക്കി സമ്മേളനത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പ്രസ്തുത സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിക്കണമെന്ന് എല്ലാ പ്രമുഖ അച്ചടി ദൃശ്യ മാദ്ധ്യമങ്ങളോടും, സമൂഹ മാധ്യമങ്ങളോടും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതായി ലാന പ്രസിഡന്റ് ജോണ്‍ മാത്യു അറിയിച്ചു.

ഈ വര്‍ഷം നവംബര്‍ 1, 2, 3 തീയതികള്‍ ഡാളസിലെ ലാന സമ്മേളനത്തിനായി മാറ്റി വയ്ക്കണം എന്ന് എല്ലാ ഭാഷാ സ്‌നേഹികളോടും കല സാംസ്‌കാരിക സംഘടനകളോടും സ്‌നേഹപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു. ലാന സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങളും വിശദമായ വാര്‍ത്തകളും യഥാസമയം അറിയിക്കുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top