തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സീറ്റിനെ സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കം. വയനാട്, ഇടുക്കി സീറ്റിനെ ചൊല്ലിയാണ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നത്. തങ്ങളുടെ സിറ്റിങ് സീറ്റായ വയനാട്ടില്‍ അബ്ദുള്‍ മജീദ് മത്സരിക്കണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍ ടി.സിദ്ദീഖിനെ നിര്‍ത്തണമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കന്റെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഡീന്‍ കുര്യാക്കോസ് നില്‍ക്കണമെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലൊന്നില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് ഭൂരിപക്ഷം സംസ്ഥാന നേതാക്കളുടെയും തീരുമാനം. ഇക്കാര്യം സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചതെന്നാണ് വിവരം.
കെസി വേണുഗോപാല്‍ മത്സരിക്കുന്നില്ലെന്ന വ്യക്തമാക്കിയതോടെ ആലപ്പുഴയില്‍ ആര് എന്ന കാര്യത്തിലും വ്യകതതയില്ല. പിസി വിഷ്ണുനാഥിന്റെയും, ഷാനി മോള് ഉസ്മാന്റെയും പേരുകള്‍ ഇവിടെ പരിഗണിക്കുന്നുണ്ട്.
മികച്ച സ്ഥാനാര്‍ത്ഥികളുടെ അഭാവമുളളതിനാല് ഉമ്മന്‍ചാണ്ടി ഇത്തവണ മത്സരിക്കണമെന്ന നിലപാടും നേതാക്കള്‍ക്കുണ്ട്. മത്സരിക്കാന്‍ താല്പര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം. കോട്ടയം, പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയത്തിന് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം വേണമെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനം കൈകൊള്ളും.
എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡ്ന്‍ മത്സരിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എ ഐ ഗ്രൂപ്പുകളുടെ പിന്തുണ ഹൈബിക്കുണ്ട്.
പത്തനം തിട്ടയില്‍ ആന്റോ ആന്റണിയും, തിരുവനന്തരപുരത്ത് ശശി തരൂരും, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും തന്നെയായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. തൃശൂരില്‍ ടിഎന്‍ പ്രതാപന്, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന് എന്നിവര്‍ക്കാണ് സാധ്യത. വൈകീട്ടോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി; ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് മടങ്ങി
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തന്റെ അതൃപ്തി പരസ്യമായി വെളിവാക്കി ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് മടങ്ങി. വയനാട്ടില്‍ ടി.സിദ്ദിഖിന് സീറ്റ് നല്‍കുന്നതിനെ ഐ ഗ്രൂപ്പ് എതിര്‍ത്തതാണ് പ്രധാനമായും അദ്ദേഹത്തെ ചൊടിപ്പിച്ചത്.
പട്ടികയില്‍ പലയിടത്തും തര്‍ക്കം ഇപ്പോഴും തുടരുകയാണ്. പതിനാറുസീറ്റില്‍ ഏഴിലും അനിശ്ചിതത്വം തന്നെ നിലനില്ക്കുന്നു. ആലപ്പുഴ, കാസര്‍കോട്, വയനാട്, വടകര സീറ്റുകളില്‍ സ്ഥാനാര്‍ഥികളായില്ല. എറണാകുളത്തെ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ധാരണയായ പട്ടിക ഇങ്ങനെ: ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്. ചാലക്കുടി ബെന്നി ബെഹനാന്, ഇടുക്കി ഡീന്‍ കുര്യാക്കോസ്.
സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും എന്ന് തന്നെയാണ് സൂചന. ഡല്‍ഹിയിലെ കോണ്‍ഗ്രസ് വാര് റൂമില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. വയനാട് സീറ്റിനു വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ സമ്മര്‍ദം ശക്തമാക്കിയതാണ് പ്രധാന കല്ലുകടി.
വയനാട് സീറ്റില്‍ ഷാനി മോള് ഉസ്മാന് മല്‍സരിക്കുമോ എന്നതാണ് ഡല്‍ഹിയില്‍ ഉയരുന്ന പ്രധാനചോദ്യം. ഐ ഗ്രൂപ്പ് ഷാനിമോള്‍ക്കു വേണ്ടി ഉറച്ചു നില്ക്കുമ്പോള് ടി.സിദിഖാണ് എ യുടെ നോമിനി. ചാലക്കുടി ബെന്നി ബഹനാന് നല്കുന്നതിനാല് വയനാട് കിട്ടിയേ മതിയാകൂ എന്ന് ഐ ഗ്രൂപ്പ്.
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും തൃശൂരില്‍ ടി.എന്‍ പ്രതാപനും ആലത്തൂരില്‍ രമ്യ ഹരിദാസും പാലക്കാട് വി.കെ ശ്രീകണ്ഠനും സീറ്റുറപ്പിച്ചു. വടകരയില്‍ മുല്ലപ്പള്ളി ഇല്ലെങ്കില്‍ വിദ്യാ ബാലകൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കം.
കാസര്‍കോടും ആലപ്പുഴയിലും പത്തനംതിട്ടയിലും ചിത്രം തെളിഞ്ഞിട്ടില്ല. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് തന്നെയാണ് പ്രഥമ പരിഗണന. എറണാകുളത്ത് ഗ്രൂപ്പിനതീതമായി ഹൈബി ഈഡന്റ പേര് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാകും.