ന്യൂസിലാന്‍ഡ് മുസ്ലിം പള്ളികളിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലിബാവ എന്ന വിദ്യാര്‍ത്ഥിനിയും

ansiന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികളില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി വിദ്യാര്‍ത്ഥിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കാണാതായവരുടെ ലിസ്റ്റില്‍ ഒരു മലയാളി ഉള്‍പ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിനി കരിപ്പാക്കുളം വീട്ടില്‍ അന്‍സി ആലിബാവ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഭര്‍ത്താവ് അബ്ദുല്‍ നാസറാണ് കൊല്ലപ്പെട്ടവരില്‍ അന്‍സിയുമുണ്ടെന്ന വിവരം സ്ഥിരീകരിച്ചത്. ലിന്‍കോണ്‍ യൂണിവേഴ്‌സിറ്റിയില്‍ എം ടെക് വിദ്യാര്‍ഥിനിയായിരുന്നു.  കഴിഞ്ഞ വര്‍ഷമാണ് അന്‍സി ന്യൂസീലന്‍ഡിലേക്ക് പോയത്.

അന്‍സിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. ആക്രമണത്തില്‍ കാണാതായത് ഏഴ് ഇന്ത്യന്‍ പൗരന്‍മാരെയും രണ്ട് ഇന്ത്യന്‍ വംശജരെയുമാണെന്ന് സ്ഥിരീകരിച്ച് ന്യൂസീലന്‍ഡ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കോഹ്‌ലി അറിയിച്ചു. 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടിട്ടുണ്ട് ഇതില്‍ അഞ്ചു പേര്‍ ഇന്ത്യക്കാരാണ്. 20 പേരുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ ഒരു ഇന്ത്യന്‍ പൗരന്‍ കൂടി കൊല്ലപ്പെട്ടു എന്ന വിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഇഖ്ബാല്‍ ജഹാംഗീറിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ഇഖ്ബാല്‍ ജഹാംഗീര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ജഹാംഗീറിന്റെ രണ്ട് സുഹൃത്തുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തന്റെ സഹോദരന്‍ ഒറ്റയ്ക്ക് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ന്യൂസീലന്‍ഡിലേക്ക് പോകാന്‍ അടിയന്തര വിസ നല്‍കാന്‍ ഇടപെടണമെന്ന് തെലങ്കാന, കേന്ദ്രസര്‍ക്കാരുകളോടും ന്യൂസീലന്‍ഡ് സര്‍ക്കാരിനോടും ജഹാംഗീറിന്റെ സഹോദരന്‍ മുഹമ്മര്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടിരുന്നു.

ക്രിസ്റ്റ്ചെര്‍ച്ചിലെ ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയിലും സൗത്ത് ഐലന്റിലെ പള്ളിയിലുമാണ് വെടിവെപ്പുണ്ടായത്. പട്ടാള വേഷത്തിലെത്തിയ അക്രമി, പ്രാര്‍ത്ഥന യോഗം നടക്കുന്നയിടത്തേക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണം ന്യൂസിലന്റിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അര്‍ഡേണ്‍ പ്രതികരിച്ചു. ഇന്നലെ പ്രദേശിക സമയം ഉച്ചയ്ക്ക് 1.40 നാണ് ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയില്‍ വടിവെപ്പ് നടന്നത്. കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭവം നടക്കുന്ന സമയം അമ്പതോളം പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.

വലതുപക്ഷ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട ഭീകരവാദിയാണ് ക്രിസ്റ്റ്ചെര്‍ച്ചില്‍ വെടിവച്ചതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു. അക്രമി ഓസ്ട്രേലിയയില്‍ പൗരനാണ്.

ടെസ്റ്റ് പരമ്പരയ്ക്ക് ന്യൂസിലന്‍ഡിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ ആക്രമണ സമയം പളളിക്ക് സമീപം ഉണ്ടായിരുന്നു. അംഗങ്ങള്‍ സംഭവം നടന്നതിന് സമീപത്തുണ്ടായിരുന്നെങ്കിലും അപകടത്തില്‍ പെട്ടിട്ടില്ലായെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്താവ് ജലാല്‍ യൂനുസ് അറിയിച്ചു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് വെടിവെപ്പ് നടന്നത്.

Print Friendly, PDF & Email

Related News

Leave a Comment