അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഇടവക രജിസ്‌ട്രേഷന്‍ കിക്കോഫിന് ടോറോന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ തുടക്കം

Main Photoന്യൂയോര്‍ക്ക് : അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 33-ാമത് കുടുംബമേളയുടെ ഇടവക തലത്തിലുള്ള കിക്കോഫ് 2019 മാര്‍ച്ച് 1-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കാനഡയിലെ ടോറോന്റോ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടന്നു.

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതി ഭദ്രാസന മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി ആദ്യ രജിസ്‌ട്രേഷന്‍ നല്‍കിക്കൊണ്ട് കിക്കോഫ് നടത്തി. മലങ്കര അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി, ജോയിന്റ് ട്രഷറര്‍ ബിനോയ് വര്‍ഗ്ഗീസ്, ഭദ്രാസന കൗണ്‍സിലര്‍ റവ. ഫാ. എബി മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ കണ്‍‌വന്‍ഷന്‍ ഡാളസ് ഷെറട്ടണ്‍ ഡിഎഫ്‌ഡബ്ല്യൂ ഹോട്ടലില്‍ 2019 ജൂലൈ 25 മുതല്‍ 28 വരെയാണ്. മുതിന്നവര്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് കണ്‍‌വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്, അമേരിക്കയിലെയും കാനഡയിലെയും വിവിധ ദേവാലയങ്ങളിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഭദ്രാസന കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

അഖില ലോക സഭാ കൗണ്‍സില്‍ മിഷന്‍ ഇവാഞ്ചലിസ്റ്റ് മോഡറേറ്റര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യ പ്രഭാഷകനായിരിക്കും. “സമൃദ്ധമായ ജീവന്റെ ആഘോഷം ഓര്‍ത്തഡോക്സ് കാഴ്ചപ്പാടില്‍” എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

യാക്കോബായ സഭയുടെ തന്നെ അങ്കമാലി ഹൈറേഞ്ച് മേഖലയുടെ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഡോ. ഫിലിപ്പ് മാമലാകിസ് കുടുംബം, വിവാഹം, സ്നേഹം, സാങ്കേതിക വിദ്യയുടെ പൊതു കാലഘട്ടത്തില്‍ എങ്ങനെ കുട്ടികളെ വളര്‍ത്താം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രണ്ട് ശില്പശാലകള്‍ നയിക്കും.

റവ. ഫാ. സ്റ്റീഫന്‍ പോളി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പഠനങ്ങളും ധ്യാനങ്ങളും നയിക്കും. തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെടുന്ന കണ്‍‌വന്‍ഷനില്‍ ഗൗരവമേറിയ വിഷയാവതരണം, ധ്യാനം, വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക യോഗങ്ങള്‍, വിശ്വാസപ്രഖ്യാപനം, സംഗീത വിരുന്ന്, പൈതൃകം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികള്‍, വിബിഎസ്സിന്റെ ഭാഗമായി ലോഗോ ലാന്‍ഡിലേക്കുള്ള പഠന വിനോദയാത്ര, ആത്മീയ സംഘടനകളുടെ യോഗങ്ങള്‍, സ്റ്റേജ് ഷോ തുടങ്ങി മറ്റനേകം പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇനിയും ഫാമിലി കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനാഗ്രഹിക്കുന്നവര്‍ ഒട്ടും താമസിക്കാതെ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് താമസ സൗകര്യങ്ങള്‍ കരസ്ഥമാക്കണമെന്നു സംഘാടകര്‍ അറിയിക്കുന്നു. കൂടാതെ, നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍ രജിസ്‌ട്രേഷന്‍ ഫീസിൽ ഇളവ് ലഭിക്കുന്നതായിരിക്കും. രജിസ്‌ട്രേഷന്‍ ഫോമുകള്‍ www.malankara.com – ല്‍ ലഭ്യമാണ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News