ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ മുസ്ലിം പള്ളികള്‍ക്കു നേരെ നടന്ന ഭീകരാക്രമണം നേരിട്ടു കണ്ട ഞെട്ടലില്‍ നിന്ന് മോചിതനാകാതെ മൂവാറ്റുപുഴ സ്വദേശി. മഹാഭഗ്യം കൊണ്ടാണ് ആ ആക്രമണത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വെടിവെപ്പു നടക്കുമ്പോള്‍ താന്‍ പള്ളിക്കു മുമ്പിലുണ്ടായിരുന്നു. വെടിവെച്ചയാള്‍ ഗേറ്റിലൂടെ പള്ളിയിലേക്ക് കയറുമ്പോള്‍ ഗേറ്റിന്റെ തൊട്ടടുത്ത് താനുണ്ടായിരുന്നു. അയാള്‍ തന്നെ കണ്ടില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് ഹസനുസമാന് പറഞ്ഞത്. മീഡിയവണ്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉച്ചയ്ക്ക് ഒന്നര മണിക്ക് ഞാനും എന്റെ സുഹൃത്തും പള്ളിയിലേക്ക് വരുമ്പോഴാണ് സംഭവം നടന്നത്. ഞാന്‍ പള്ളിയുടെ മുമ്പിലെത്തി. എന്റെ സുഹൃത്തിനെ ഉള്ളിലേക്ക് നിര്‍ത്തി. ആ സമയത്ത് എനിക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. ഞാന്‍ പുറത്ത് നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ചശേഷം ഫോണില്‍ വെറുതെ ഇങ്ങനെ നോക്കുമ്പോള്‍ പടക്കം പൊട്ടുന്നതുപോലെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ പെട്ടെന്ന് എനിക്ക് മനസിലായില്ല. ഒരാള്‍ തോക്കുമായി പള്ളിയുടെ ഉള്ളിലേക്ക് വെടിവെച്ച് വെടിവെച്ച് കടന്നുപോകുകയാണ്. ഒന്നുരണ്ടുപേര് മരിച്ചുവീഴുന്നത് ഞാനവിടെ നിന്ന് കണ്ടു. അതിനുശേഷം ഞാനവിടെ നിന്ന് ഓടി ഒരുസ്ഥലത്ത് ഒളിച്ചു. പിന്നീടും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു.’ എന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ സുഹൃത്തും അവിടെ നിന്ന് ഓടിരക്ഷപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്റിലെ ഒട്ടുമിക്ക പള്ളികളും അടച്ചിട്ടിരിക്കുകയാണ്. നിരവധി പേരാണ് ആക്രമണം നടന്ന പ്രദേശത്ത് എത്തുന്നത്. അതിനിടെ, തീവ്രവാദി ബ്രണ്ടന്‍ ടെറന്റ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ആശ്വാസം പകരുകയും സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. രാജ്യത്തെ മുസ്ലിം ജനതയ്ക്ക് തന്റെയും രാജ്യത്തിന്റെയും പിന്തുണ അറിയിക്കുകയും ചെയ്തു അവര്‍. ന്യൂസിലാന്‍ഡ് ഇങ്ങനെയല്ലെന്നും ഇത്തരം ക്രൂര സംഭവങ്ങള്‍ ശക്തമായി ചെറുക്കപ്പെടേണ്ടതാണെന്നും ആര്ഡന് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ന്യൂസിലന്‍ഡിലെ െ്രെകസ്റ്റ്ചര്‍ച്ചിലെ രണ്ടു മോസ്ക്കുകളില്‍ നടന്ന വെടിവെയ്പ്പില്‍ 49 പേരാണ് കൊല്ലപ്പെട്ടത്.
‘നിങ്ങള്‍ പറഞ്ഞു ഇത് നിങ്ങള്‍ക്കറിയാവുന്ന ന്യൂസിലന്‍ഡ് അല്ലായെന്ന്. ഞാനും നിങ്ങളോടു ഇപ്പോള്‍ യോജിക്കുകയാണ്. ഇത് എനിക്കറിയാവുന്ന ന്യൂസിലന്‍ഡ് അല്ല.’ ജസിണ്ട ആര്ഡന് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സങ്കീര്‍ണ്ണവും സമഗ്രവുമായ ഒരു അന്വേഷണത്തിന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ടെന്നും ആര്ഡന് മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതല്‍ ന്യൂസിലന്‍ഡില്‍ സെമൈഓട്ടോമാറ്റിക്ക് തോക്കുകള്‍ നിരോധിക്കുമെന്നും, ആയുധങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുനഃപരിശോധിക്കുമെന്നും ന്യൂസിലന്‍ഡ് അറ്റോര്‍ണി ജനറല്‍ ഡേവിഡ് പാര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലൊരു ക്രൂരസംഭവം ലൈവായി പ്രദര്‍ശിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്നും പാര്‍ക്കര്‍ ആരാഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റ 39 പേര് ഇപ്പോഴും ചികിത്സ സ്വീകരിച്ചുവരികയാണ്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 11 പേരെ ക്രൈസ്റ്റ് ചര്‍ച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു കുഞ്ഞിനെ ഓക്ലന്‍ഡിലെ സ്റ്റാര്‍ഷിപ്പ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഒരു ശതമാനമാണ് മുസ്ലിങ്ങളുള്ളത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്മാര് ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന് ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്. വെള്ളിയാഴ്ച ആയതിനാല്‍ രണ്ട് പള്ളികളിലും ആളുകളുണ്ടായിരുന്നു. അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുന്നതിന് മുമ്പായിരുന്നു അക്രമമുണ്ടായത്. താരങ്ങളെല്ലാം സുരക്ഷിതരാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply