- Malayalam Daily News - https://www.malayalamdailynews.com -

KCRMNA പതിനഞ്ചാമത് ടെലികോണ്‍ഫെറന്‍സ് റിപ്പോര്‍ട്ട്

kcrmnaകെസിആര്‍എം നോര്‍ത്ത് അമേരിക്ക മാര്‍ച്ച് 13, 2019 ബുധനാഴ്ച്ച നടത്തിയ പതിനഞ്ചാമത് ടെലികോണ്‍ഫെറന്‍സിന്റെ വിശദമായ റിപ്പോര്‍ട്ട് ചുവടെ കൊടുക്കുന്നു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ടെലികോണ്‍ഫെറന്‍സ് ശ്രീ എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തു. എഴുപത്തിയഞ്ചില്‍പരം ആള്‍ക്കാര്‍ അതില്‍ പങ്കെടുത്തു. സിസ്റ്റര്‍ ലൂസി കളപ്പുര, എഫ് സി സി “കേരളത്തിലെ കന്ന്യാസ്ത്രി ജീവിതം” എന്ന വിഷയം അവതരിപ്പിച്ചു.

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ പതിനഞ്ചാമത് ടെലികോണ്‍ഫെറെന്‍സില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കാനുള്ള അവസരം ലഭിച്ചതിലുള്ള സന്തോഷവും കൂടാതെ നന്ദിയും രേഖപ്പെടുത്തിക്കൊണ്ടാണ് ലൂസി സിസ്റ്റര്‍ തന്റെ അവതരണ പ്രഭാഷണം ആരംഭിച്ചത്. നീണ്ട മുപ്പത്തിമൂന്നു വര്‍ഷം ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനീസമൂഹത്തിലെ അംഗമായ സിസ്റ്റര്‍ ലൂസി ഇന്ന് നിലനില്‍ക്കുന്ന സന്ന്യാസ സമൂഹത്തിലേയ്ക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്ന കലാപരിപാടി എന്ന വിഷയമാണ് ആദ്യമെ വിശകലനം ചെയ്തത്. പെണ്‍കുട്ടികള്‍ക്ക് പതിനഞ്ച് വയസ് ആകുന്നതിനു മുമ്പുതന്നെ അവരെ സ്വാധീനിച്ച് കന്ന്യാസ്ത്രീകളുടെ കൂടെ ആക്കിയെടുക്കാനുള്ള ചില തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടാണ് വര്‍ഷങ്ങളായി കുട്ടികളെ സംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. പരസ്യങ്ങളില്‍ക്കൂടെയും വ്യക്തിപരമായ സ്വാധീനത്തില്‍ക്കൂടെയും വലിയ ആശ്രമങ്ങളില്‍ വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചുകൊണ്ടും ഏറ്റവും നല്ല മുഖവുരയാണ് ആ കുട്ടികള്‍ക്ക് നല്‍കുന്നത്. കൂടാതെ, നല്ല വാഗ്‌ദാനങ്ങള്‍ നല്‍കി ചെറുപ്രായത്തിലുള്ള കുട്ടികളെ സ്വാധീനിക്കുന്ന രീതിയും ഇന്ന് നിലവിലുണ്ട്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടന്നുകൊണ്ടിരിക്കുന്ന ആ റിക്രൂട്ടുമെന്റ് രീതിയെ നാം മാറ്റിയെടുക്കേണ്ടതുണ്ട്.

ഇരുപത്തൊന്നു വയസ് പൂര്‍ത്തിയായ വ്യക്തികളെ മാത്രമേ സന്ന്യാസാശ്രമങ്ങളിലേയ്‌ക്കോ സെമിനാരികളിലേയ്‌ക്കോ സ്വീകരിക്കാവൂ എന്നാണ് ലൂസി സിസ്റ്റര്‍ അടിവരയിട്ട് പറയുന്നത്. നല്ല ദൈവവിളികള്‍ ഉണ്ടാകണമെങ്കില്‍ അത്തരത്തിലുള്ള ഒരു സമീപനം ആവശ്യമാണ്. ഇന്ന് നിലവില്‍ മൂന്നു വർഷത്തെ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. പതിനഞ്ചു വയസുള്ള കുട്ടികള്‍ക്ക് ധൃതിപിടിച്ച് മൂന്നു വര്‍ഷത്തെ പരിശീലനം കൊടുത്ത് പതിനെട്ടാം വയസില്‍ വ്രതങ്ങള്‍ ചെയ്യിപ്പിച്ച് കന്ന്യാസ്ത്രികളാക്കുന്ന സമ്പ്രദായം മാറ്റിയേ തീരൂ. കാരണം, അതോടെ ആ കുട്ടികളുടെ സര്‍വവിധ സ്വാതന്ത്യങ്ങളെയും അടിയറവുവെച്ചുകൊണ്ടാണ് വ്രത വാഗ്‌ദാനം നടത്തുന്നത്. ആ ചെറുപ്രായത്തില്‍ വേഷം മാറി, പേരു മാറി വലിയ ആഘോഷ പരിപാടികളോടെയാണ് അതു ചെയ്യുന്നത്. ആ ഇളം പ്രായത്തില്‍, വ്രതത്രയങ്ങള്‍ പൂര്‍ണ അറിവോടും വിവേകത്തോടുംകൂടി എടുക്കാന്‍ കുട്ടികള്‍ പ്രാപ്‌തരാകുന്നില്ലെന്നുള്ളതാണ് പരമാര്‍ത്ഥം. സ്വതന്ത്ര മനസ്സോടെയാണ് വ്രതങ്ങള്‍ എടുക്കുന്നത് എന്നു പറയുമ്പോഴും ഭൂരിഭാഗം കുട്ടികള്‍ക്കും വ്യക്തതയോ കാര്യത്തിന്റെ ഗൗരവം നനസ്സിലാക്കാനുള്ള കഴിവോ രൂപപ്പെടുന്നില്ല എന്നതാണ് വസ്‌തുത. എന്നാല്‍ ആ വ്രതം എടുക്കുന്നതോടെ ആ കുട്ടിയെ സമൂഹത്തില്‍ നിന്നും ഫലപ്രദമായി അടര്‍ത്തി മാറ്റപ്പെടുകയും ചെയ്യുന്നു. വ്രതങ്ങള്‍-ദാരിദ്ര്യം, അനുസരണം, കന്ന്യകാത്വം-സ്നേഹത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പൂർണതയിലേക്ക് എത്താനുള്ള മാര്‍ഗമായാണ് മൂന്നു വര്‍ഷം കൊണ്ട് സഭ പഠിപ്പിക്കുന്നത്. പക്ഷെ സംഭവിക്കുന്നത്, നമ്മുടെ എല്ലാ മനുഷ്യാവകാശങ്ങളെയും ഈ വ്രതവാഗ്‌ദാനത്തിലൂടെ സഭയില്‍ അന്യമാക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ ഇഷ്ടത്തിനാണെന്ന് പറഞ്ഞുകൊണ്ട് പരിശീലനം ഒരു കുഴലില്‍ കൂടെ കടത്തിവിടുന്നതുപോലെയാണ്. അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതുകൊണ്ട്, നട്ടെല്ലോടെ ഒരഭിപ്രായം പറയാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ കൊണ്ട്, മാനസിക വേദനകള്‍ അനുഭവിക്കുന്ന അനേകം കന്ന്യാസ്ത്രികള്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. വ്രതത്രയങ്ങളെ മറ്റൊരു രീതിയില്‍ കണ്ട് അടിച്ചമത്തര്‍ത്തലിന്റെ അടിമത്തത്തിലേക്ക് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ വ്രതങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തിന്റെ അതൃത്തികളിലേയ്ക്കുവരെ നന്മചെയ്യാനുള്ള സ്വാതന്ത്യമാണ്. എന്നാല്‍ കേരളത്തിലെ ക്രൈസ്തവ സന്ന്യാസിനീ സമൂഹങ്ങളുടെ സാഹചര്യത്തില്‍ വ്രതങ്ങളെ നെഗറ്റീവ്ആയി മാത്രമാണ് കാണുന്നത്. അനുസരണത്തിന്റെ പേരിലും മറ്റും മാനസികമായി നീറിനീറി ജീവിക്കുന്ന അനേകം കന്ന്യാസ്ത്രികള്‍ സഭയിലുണ്ട്. അങ്ങനെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ധാരാളം സിസ്റ്റേഴ്സ് തീരാരോഗങ്ങള്‍ക്ക് അടിമകളായി തീരാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യവസ്ഥാപിത ചുറ്റുപാടിലാണ് സന്ന്യാസ സഭകള്‍ ഇന്ന് കടന്നുപോയികൊണ്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, സ്വാതന്ത്ര്യത്തെ വിളംബരം ചെയ്യേണ്ട വ്രതങ്ങള്‍ അടിച്ചമര്‍ത്തലിന്റേയും മനുഷ്യാവകാശ ലംഘനത്തിന്റേയും ഉപാധിയായിട്ടാണ് സിസ്റ്റര്‍ ലൂസിയുടെ ജീവിതാനുഭവത്തില്‍ നിന്നും അനുമാനിക്കാന്‍ സാധിക്കുന്നത്.

മറ്റൊരു കാര്യം, പൗരോഹിത്യ മേധാവിത്വം കന്ന്യാസ്ത്രികളെ അടിമത്തത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഞങ്ങള്‍ അടിമകളായി ഇരുന്നുകൊള്ളാം എന്നാണ് സന്ന്യാസിനീസഭാസമൂഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരുടെ ജീവിതവും അതാണ് വെളിപ്പെടുത്തുന്നത്. സന്ന്യാസിനീ സമൂഹത്തിന്റെ മേജര്‍ സുപ്പീരിയേഴ്സിന്റെ മെത്രാന്മാരുമായുള്ള മീറ്റിംഗുകളില്‍ പോലും ഞങ്ങള്‍ക്ക് പൗരോഹിത്യ അടിമത്വമില്ല, ഞങ്ങള്‍ സ്വതന്ത്രരാണ് എന്നാണ് പരസ്യമായി പ്രസ്താവിക്കുന്നത്. മറിച്ചുള്ള മാധ്യമ വിചാരണകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ തികച്ചും തെറ്റും പരാജയവുമാണെന്നാണ് മേജര്‍ സുപ്പീരിയര്‍മാര്‍ തന്നെ നിഗമനത്തിലെത്തിയിരിക്കുന്നത്. അപ്പോള്‍ സന്ന്യാസിനികളുടെ അധികാരികള്‍ ഇന്നും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊള്ളാന്‍ കൂട്ടാക്കാതെ പൗരോഹിത്യ മേധാവിത്വത്തിന് ഇരകളായി ഇരുന്നുകൊള്ളാമെന്ന നിലപാടിലാണെന്നാണ് നാം അനുമാനിക്കണ്ടത്.

പൗരോഹിത്യ മേധാവിത്വം എങ്ങനെയാണ് കന്ന്യാസ്‌ത്രീ ജീവിതത്തില്‍ അനുഭവപ്പെടുക എന്നുള്ളത് ഈ വിഷയത്തെ സംബന്ധിച്ച് വിശകലനം ചെയ്യുമ്പോള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കന്ന്യാസ്ത്രികല്‍ള്‍ ഇടവകകളില്‍ സേവനം ചയ്യുമ്പോള്‍ വികാരിയച്ചന്റെ ഇഷ്ടപ്രകാരം മാത്രം ചെയ്യുക. ഒരു കന്ന്യാസ്ത്രിയുടെ അഭിപ്രായം, അത് സത്യസന്ധവും സാഹചര്യത്തിന് ഗുണപ്രദമായതാണെങ്കില്‍പോലും സ്വീകാര്യത ലഭിക്കുകയില്ല. പിന്നീടവിടെ വഴക്കായി, പിണക്കമായി, കന്ന്യാസ്‌ത്രിയെ മോശക്കാരിയായി ചിത്രീകരിക്കുകയായി. ഒരു ഇടവകയില്‍നിന്നും അവിടത്തെ വൈദികന്റെ നടപടി കാരണം ജീവനോടെ ഓടിപ്പോകേണ്ടിവന്ന അനുഭവവും സിസ്റ്റര്‍ പങ്കുവെയ്ക്കുകയുണ്ടായി.

പൗരോഹിത്യ മേധാവിത്വത്തിന്റെ വേറൊരു വശമാണ് ലൈംഗികചൂഷണത്തിലേക്ക് കന്ന്യാസ്ത്രികളെ കൊണ്ടുപോകുന്ന അവസ്ഥ. അത് ധാരാളം സംഭവിക്കുന്നുണ്ട്. ഏത് കന്ന്യാസ്ത്രി കണ്ണടച്ചു പറഞ്ഞാലും ഏത് സുപ്പീരിയര്‍ കണ്ണടച്ചുപറഞ്ഞാലും അവരൊക്കെ ലൈംഗികചൂഷണത്തിന് അടിമപ്പെട്ടിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. സ്ത്രീയ്ക്കും പുരുഷനും ലൈംഗികത ദൈവം കൊടുത്തിട്ടുണ്ട്. അത് പൗരോഹിത്യം ഏറ്റെടുക്കുന്ന ദിവസമോ വ്രതവാഗ്‌ദാനം നടത്തുന്ന ദിവസമോ ശരീരത്തില്‍നിന്നും മുറിച്ചുമാറ്റപ്പെടുന്നില്ല. ലൈംഗികത എന്ന പുണ്ണ്യത്തില്‍നിന്നും കിട്ടുന്ന സ്നേഹോര്‍ജം ശരീരത്തില്‍ ഉള്ളിടത്തോളംകാലം, പ്രത്യേകിച്ച് ചെറുപ്രായത്തില്‍, ആരെങ്കിലും പ്രലോഭിപ്പിച്ചിട്ടുണ്ടെങ്കില്‍ വീണുപോകാന്‍ ഏറെ സാധ്യതകള്‍ ഉണ്ട്. പ്രായ വ്യത്യാസമില്ലാതെ വൈദികര്‍ക്ക് ലൈംഗിക അടിമകളാകുന്ന ധാരാളം കന്ന്യാസ്ത്രികളുണ്ട്. അതിനുള്ള സാഹചര്യങ്ങളും ധാരാളമുണ്ട്. ശരിക്കും തെറ്റായ രീതിയില്‍ ജീവിക്കുന്നവര്‍ ധാരാളമുണ്ട്. അത് വലിയ ഒരു ചൂഷണം തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും ആരോടും പറയാന്‍ സാധിക്കുകയില്ല. അധികാരികളോടു പറഞ്ഞാല്‍ അത് പറയുന്ന സിസ്റ്ററിന്റെ കുറ്റമാണെന്നു പറയുന്നതു കൂടാതെ അവര്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ കന്ന്യാസ്ത്രികളെ ക്രൂശിച്ചിട്ട് വൈദികരെ ശുദ്ധരാക്കും. കന്ന്യാസ്ത്രികളുടെ ഇത്തരം കാഴ്ചപ്പാട് തിരുത്തണം, തിരുത്തിയേ പറ്റൂ. പതിനഞ്ചു വയസുള്ള പാവപ്പെട്ട പെങ്കൊച്ചുങ്ങളെ കുടുംബത്തില്‍നിന്നും തട്ടിപ്പറിച്ചു കൊണ്ടുവന്നിട്ട്‌ ഇങ്ങനെയുള്ള ഒരു ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുക്കുന്നത് എന്തുകൊണ്ട്? പ്രായമാകുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ പെണ്‍മക്കളെ കെട്ടിച്ചു വിട്ടുകൊള്ളുമല്ലോ. ലൈംഗിക ചൂഷണം ധാരാളം നടക്കുന്നുണ്ട്. എന്നാല്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നു മാത്രം. കന്ന്യാസ്ത്രികള്‍ അവര്‍ക്ക് സംഭവിച്ചിട്ടുള്ള ലൈംഗിക ചൂഷണത്തെപ്പറ്റി തുറന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ ദുരന്തത്തിന് ഒരു ശമനം ഉണ്ടാകുമായിരുന്നു. ലൈംഗിക ചൂഷണത്തിന് പരിഹാരം കണ്ടുപിടിക്കാന്‍ സാധിക്കുകയില്ലെങ്കില്‍ പെൺകുട്ടികളെ മഠങ്ങളിലേക്ക് കൊണ്ടുവരാതിരിക്കുക. സമകാലിക സംഭവങ്ങള്‍ ലൂസി സിസ്റ്ററിന് ലൈംഗിക ചൂഷണത്തെപ്പറ്റി സംസാരിക്കാന്‍ ഒരവസരം തുറന്നു കിട്ടി. അതില്‍ സിസ്റ്റര്‍ സന്തോഷവതിയാണ്.

വ്രതത്രയങ്ങളിലെ അനുസരണമാണ് എപ്പോഴും മുഴച്ചുകാണുന്നത്. എന്തുപറഞ്ഞാലും അനുസരിച്ചോളുക. അനുസരണത്തിന്റെ പേരില്‍ നന്മ ചെയ്യാന്‍ പോലും അനുവാദം കിട്ടാത്ത ദയനീയ സാഹചര്യങ്ങളില്‍ കൂടി ലൂസി സിസ്റ്റര്‍ കടന്നുപോയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പഠനങ്ങള്‍ പാവപ്പെട്ട മനുഷ്യരിലേക്ക് എത്തിക്കാന്‍ ‘അനുവാദം’ ‘അനുവാദം’ എന്ന പ്രക്രിയമൂലം തടഞ്ഞുവെയ്‌ക്കുന്ന ഒന്നായിരിക്കരുത് അനുസരണം എന്ന വ്രതം.ഈ അനുസരണം എന്ന വ്രതം കാരണം സന്ന്യാസഭവങ്ങളില്‍പോലും നന്മചെയ്യാനുള്ള സാഹചര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന കാര്യം വളരെ വേദനയോടെയാണ് ലൂസി സിസ്റ്റര്‍ പങ്കുവെച്ചത്.

മാറ്റപ്പെടേണ്ട പല പാരമ്പര്യങ്ങളും ഇന്നും സന്ന്യാസിനീ സമൂഹങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ലൂസി സിസ്റ്റര്‍ ആയിരിക്കുന്ന ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭയില്‍ കന്ന്യാസ്ത്രികള്‍ക്ക് പോക്കറ്റ്മണിപോലും നല്‍കുകയില്ല. എവിടെ നിന്ന് പൈസ കിട്ടിയാലും അത് മഠത്തില്‍ കൊടുക്കണം. എന്നാല്‍ പല സിസ്റ്റേഴ്സും വളഞ്ഞ രീതിയില്‍ എന്നുവെച്ചാല്‍ കള്ളത്തരത്തില്‍ പൈസ സൂക്ഷിക്കുന്നുണ്ട്. സത്യസന്ധമായി ജീവിക്കുന്ന കന്ന്യാസ്ത്രികള്‍ക്കാണ് ഇത്തരം കാലഹരണപ്പെട്ട പാരമ്പര്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഒരു ആയിരം രൂപ ഒരാള്‍ക്ക് പോക്കറ്റ് മണിയായി നല്‍കിയാല്‍ അവര്‍ അതുംകൊണ്ട് പോകുകയില്ലല്ലോ. തന്നെയുമല്ല, കന്ന്യാസ്ത്രികളുടെ ഇടയിലെ തെറ്റായ പ്രവണതയെ ഇല്ലാതാക്കുവാനും സാധിക്കും. മാനുഷിക പരിഗണനപോലും ഇക്കാര്യത്തില്‍ സഭാമേലാളന്മാര്‍ നല്‍കാതിരുക്കുന്നതിനെ ഒരുവിധത്തിലും ന്യായീകരിക്കാന്‍ സാധിക്കുകയില്ല. മാറ്റപ്പെടേണ്ട പാരമ്പര്യങ്ങള്‍ മാറ്റപ്പെടുകതന്നെ വേണം.

ഇന്ന് ഒരു കുടുംബത്തില്‍ രണ്ടോ മൂന്നോ കുട്ടികളെ ഉള്ളൂ. ഒരു സന്ന്യാസിനിയുടെ സഹോദരന്റേയോ അനുജത്തിയുടെയോ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. അത് എത്രയോ മനുഷത്വരഹിതമായ നിലപാടാണ്! അതേസമയം പട്ടം കൊടുക്കല്‍ ശുശ്രൂഷയാണെങ്കില്‍ എവിടെയാണെങ്കിലും പോയി സംബന്ധിക്കാം. എന്തു സമ്മാനം വേണമെങ്കിലും കൊടുക്കാം. എത്ര ദിവസം മുമ്പുവേണമെങ്കിലും പോകാം. പൗരോഹിത്യം എന്ന കൂദാശയേക്കാള്‍ വളരെ വളരെ ശ്രേഷ്ഠമായ ഒരു കൂദാശയാണ് വിവാഹമെന്ന കൂദാശ. എന്നാല്‍ രണ്ടിനേയും രണ്ട് കാഴ്ചപ്പാടില്‍ കാണുന്നതാണ് ഈ വിഷയത്തിലെ ദുരന്തം. വിവാഹ ജീവിതം നയിച്ച്‌ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത്, ദൈവം നേരിട്ട് ആവശ്യപ്പെട്ട സൃഷ്ടികര്‍മ്മത്തില്‍ പങ്കെടുത്ത്, നല്ല ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന എല്ലാവര്‍ക്കും ലൂസി സിസ്റ്റര്‍ ഹൃദ്യമായ അഭിവാദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. വളരെ ശ്രേഷ്ഠമായ ഒരു ദൗത്യമാണ് കുടുംബ ജീവിതം നയിക്കുന്നവര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നത്. എന്നിരുന്നാലും വിവാഹത്തെ മോശമായി കണ്ടുകൊണ്ട്, സന്ന്യാസിനികള്‍ക്ക് പങ്കെടുക്കാന്‍ പറ്റാത്ത ഒന്നായി മാറ്റിക്കൊണ്ട്, പൗരോഹിത്യത്തിന് അതിപ്രാധാന്യം കല്പിച്ചുക്കൊണ്ട് മുദ്രകുത്തികൊടുക്കുന്നത് ശരിയല്ല. നമ്മളെല്ലാവരും പൊതുപൗരോഹിത്യത്തിൽ പങ്കുചേരുന്നവരാണ്. അതുവഴി കുടുംബ ജീവിതം നയിക്കുന്നവരും പൗരോഹിത്യ ധര്‍മമാണ് നിർവഹിക്കുന്നത്. ചില സന്ന്യാസിനീ സമൂഹങ്ങളില്‍ ഇത്തരം കാഴ്ചപ്പാടുകളില്‍ കുറെയൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനീ സഭ ഈ വൈകിയ വേളയിലും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. ഒഴുക്കിനെതിരായി നീന്തി പുതിയ ഊര്‍ജം സംഭരിക്കാനുള്ള ധീരമായ തീരുമാനങ്ങള്‍ സഭാതലങ്ങളിലില്ല. ഇന്ന് എഫ് സി സിയില്‍ നിലനില്‍ക്കുന്നതെന്തോ അത് തുടരാനാണ് സഭയുടെ തലപ്പത്തിരിക്കുന്നവരുടെ തീരുമാനം.

സന്ന്യാസം ഇന്ന് അടിമത്വത്തിന്റെ ഒരു മേഖലയില്‍കൂടിയാണ് കടന്നുപൊയ്കൊണ്ടിരിക്കുന്നത്. അതൊരു അജ്ഞതയാണ്; ഇരുട്ടാണ്. സന്ന്യാസ ജീവിതം അടിമത്വമല്ല; സ്വാതന്ത്ര്യമാണ്. കുടുംബ ജീവിതത്തെപ്പോലും ഉപേക്ഷിച്ച് സ്വതന്ത്രരായി പാറിപറക്കേണ്ട സന്ന്യാസ ജീവിതത്തെയാണ് അനുസരണം എന്ന വ്രതത്തിന്റെ പേരില്‍ സര്‍വ സ്വാതന്ത്ര്യത്തെയും അധികാരികളുടെ കാല്‍ച്ചുവട്ടില്‍ ദക്ഷിണ വെയ്‌ക്കേണ്ടത്. യേശുക്രിസ്തുവിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കി ജീവിക്കാന്‍ നോക്കിയാല്‍ ആ ജീവിതം ഒരു പരാജയമായിട്ട് സഭാധികാരം മുദ്രകുത്തും. നല്ല ആശയങ്ങളെ അവതരിപ്പിക്കുന്നവരെ സഭാവിരോധികളായി കാണും. ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് ധാരാളം കന്ന്യാസ്‌ത്രികള്‍ സഭ വിട്ട് പോയിട്ടുണ്ട്. അവരിലധികം പേരും സഭ വിടേണ്ടിവന്നത് പലവിധ മാനസീക പീഡനങ്ങള്‍ കൊണ്ടാണ്. അവരുടെ ഭാഗം കേള്‍ക്കാന്‍ ആരുമില്ല; സത്യം കേള്‍ക്കാന്‍ ആരുമില്ല. ഇത്തരത്തിലുള്ള നിലവിളികളോടെയാണ് അവരൊക്കെ കടന്നുപോയത്. അവരുടെ സന്ന്യാസ വ്യക്തിത്വത്തെ ഉള്‍ക്കൊള്ളാന്‍ സഭാ നേതൃത്വത്തിന് സാധിക്കുന്നില്ല. “നീയൊക്കെ ഇവിടെ നിന്നൊന്ന് പോയിത്താടീ” യെന്നുപറഞ്ഞ് മേലധികാരിയുടെ വഴക്കു കേള്‍ക്കാന്‍ ഇടയായ പാവപ്പെട്ട വീട്ടിലെ ഒരു സിസ്റ്റര്‍ മനോവേദനയോടെ സഭയുടെ പടിയിറങ്ങേണ്ടിവന്നു. യാത്രയ്ക്കുള്ള പൈസയല്ലാതെ മറ്റ് യാതൊരു വക സാമ്പത്തിക സഹായവും നല്‍കാതെ സഭ വിടേണ്ടിവന്ന ആ കൊച്ചു കന്ന്യാസ്ത്രീയുടെ കദനകഥയും ലൂസി സിസ്റ്റര്‍ എല്ലാവരുമായി പങ്കുവെച്ചു.

ഒരു പ്രത്യേക കാലഘട്ടത്തില്‍, ദാരിദ്ര്യത്തിന്റെ മേഖലയില്‍ നിന്നും, മാതാപിതാക്കള്‍ തള്ളിവിട്ടവരോ മാതാപിതാക്കള്‍ക്ക് എനിക്കു വേണ്ടി ഒന്നും ചെയ്യാന്‍ സാമ്പത്തികമായി കഴിവില്ല എന്ന ചിന്താഗതികൊണ്ടോ മഠത്തില്‍ നിന്നുള്ള മോഹന വാഗ്‌ദാനങ്ങളില്‍ ആകൃഷ്ടരായോ മഠങ്ങളില്‍ ചേരുന്നവര്‍ ധാരാളമുണ്ട്. സന്ന്യാസ ജീവിതത്തില്‍ അവര്‍ എന്നും അസംതൃപ്തരായിരിക്കും. മുഖമിടിമ്പിച്ച് മൗനികളായ ധാരാളം കന്ന്യാസ്ത്രീകള്‍ മഠങ്ങളിലുണ്ട്. ഇതെല്ലാം സന്ന്യാസ ജീവിതത്തിന്റെ ഭാഗമാണെന്നിരുന്നാലും മാറ്റേണ്ട കാര്യങ്ങള്‍ മാറ്റുക തന്നെവേണം. ‘അരുത്’ എന്ന നെഗേറ്റീവ് മനോഭാവത്തെ മാറ്റി ‘ചെയ്യണം’ എന്ന പോസിറ്റീവ് മനോഭാവത്തെ സഭ ഉള്‍ക്കൊള്ളണം. എങ്കില്‍ മാത്രമേ ഈ കന്ന്യാസ്ത്രി ജീവിതത്തിന് അര്‍ത്ഥമുള്ളൂ. എല്ലാക്കാലത്തും സഭയിലും സന്ന്യാസ ജീവിതത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എഫ്‌സിസിയിലും മാറ്റങ്ങള്‍ വരും എന്ന ശുഭാപ്തി വിശ്വാസം ലൂസി സിസ്റ്ററിനുണ്ട്.

ദൈവം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍, ദൈവവേലയ്ക്കായി നിയോഗിക്കപ്പെട്ടവര്‍ എന്ന് ലോകത്തോട് വിളംബരം ചെയ്യുന്ന ഒരു വസ്ത്രമാണ് കന്ന്യാസ്ത്രി വസ്ത്രം. ഒരു കാലഘട്ടത്തില്‍ അത് ആവശ്യമായിരുന്നു എന്ന് നമുക്ക് കരുതാം. എന്നാല്‍ ഇന്ന് കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയ്ക്കും മനുഷ്യ ശരീരത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ചും ഭാരത സംസ്‌കാരത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ചൂരിദാര്‍ പോലെയുള്ള ലളിതമായ ഒരു വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ച് ആരോഗ്യ സമ്പന്ധമായ ആവശ്യക്കാര്‍ക്ക്, അനുവദിക്കുക എന്ന നിലപാട് എഫ്‌സിസി മേലധികാരികള്‍ സ്വീകരിക്കേണ്ടതാണ്. സന്ന്യാസ വൈദികര്‍ക്കും സാദാ വൈദികര്‍ക്കും ഏതു വസ്ത്രം ധരിച്ചും യാത്രകളും മറ്റും ചെയ്യാം. ഇത് സഭയുടെ ഒരു ഇരട്ടത്താപ്പ് നയമാണ്. ഇറക്കുമതി ചെയ്‌ത വിദേശ സന്ന്യാസ വസ്ത്രത്തെ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇനിയുള്ള കാലം വസ്ത്രം കൊണ്ടല്ല ജീവിത ശൈലികൊണ്ടാണ് സന്ന്യസ്തരെ തിരിച്ചറിയേണ്ടത്. യേശുക്രിസ്‌തുവിന്റെ പഠനങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്ന നിറമുള്ള കന്ന്യാസ്ത്രികള്‍ സഭയില്‍ ഉണ്ടാകെട്ടെ. മാറ്റങ്ങളെ ഉള്‍കൊള്ളാനുള്ള വിമുഖതയാണ് ഇന്നുള്ളത്. ആ സ്ഥിതി മാറണം. പുതിയൊരു ഭാവത്തിലൂടെ സന്ന്യാസം രൂപപ്പെടണം. യേശുക്രിസ്തുവിന്റെ പഠനങ്ങളെ തള്ളി സന്ന്യാസിയായി ആശ്രമങ്ങളില്‍ അധമരായി ജീവിയ്ക്കുന്നതിലും എത്രയോ മെച്ചപ്പെട്ട ജീവിതമാണ് ജാതി-മത-നിറ ഭേദമെന്യേ കുടുംബത്തില്‍ നിന്നുകൊണ്ടുതന്നെ യേശുവിന്റെ പഠനങ്ങള്‍ ജീവിച്ചുകൊണ്ട്, സത്കൃത്യങ്ങള്‍ ചെയ്തുകൊണ്ട് സന്ന്യാസ ജീവിതം സാധ്യമാകുക. ഇരുപത്തൊന്നു വയസ് തികയാത്ത കുട്ടികളെ യാതൊരു കാരണവശാലും മഠങ്ങളിലേക്കോ സെമിനാരികളിലേക്കോ വിടരുത് എന്ന അഭ്യര്‍ത്ഥനയോടെയും സിസ്റ്ററിനെ കേട്ടുകൊണ്ടിരുന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തികൊണ്ടുമാണ്‌ 35 മിനിറ്റ് നീണ്ടുനിന്ന വിഷയാവതരണം ലൂസി സിസ്റ്റര്‍ അവസാനിപ്പിച്ചത്.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ എല്ലാവരും സിസ്റ്റര്‍ ലൂസിയുടെ അഭിപ്രായത്തോട് – കുട്ടികളെ മഠങ്ങളിലേക്ക് റിക്രൂട്ടു ചെയ്യുന്ന രീതി, കുട്ടികളുടെ പ്രായം, പൗരോഹിത്യ മേധാവിത്വം, അനുസരണം എന്ന വ്രതത്തിന്റെ അര്‍ത്ഥം, കന്ന്യാസ്ത്രീ ജീവിതത്തിലെ ദുരിതങ്ങള്‍, ലൈംഗിക ചൂഷണങ്ങള്‍, കന്ന്യാസ്ത്രീ വസ്ത്രം, സന്ന്യാസിനീ സമൂഹങ്ങളില്‍ വരുത്തേണ്ട നവീകരണം, കാലഹരണപ്പെട്ട പാരമ്പര്യങ്ങള്‍ – നൂറു ശതമാനം യോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. ബൗദ്ധിക സൂപ്പര്‍ സ്റ്റാറും സമൃദ്ധമായ അറിവും വിശകലന വൈഭവവും ദീര്‍ഘവീക്ഷണവും ആശയാവതരണ മികവും ധൈര്യശാലിയും സത്യസന്ധതയും പോരുതാനുള്ള ശക്തമായ ഇച്ഛാശക്തിയുമുള്ള പ്രസന്നവതിയായ ലൂസി സിസ്റ്ററിന്റെ സല്‍ഗുണങ്ങളെയും കഴിവുകളെയും സസന്തോഷം ആദരിച്ച് അവകാശപ്പെടുത്തേണ്ട സന്ന്യാസിനീ സമൂഹം, സിസ്റ്ററിനെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാൻ വെമ്പല്‍ കൊള്ളുന്ന സന്ന്യാസ സമൂഹം, അറിയുന്നില്ല വജ്രത്തെയാണ് അവര്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നതെന്ന്. കാലം വിധിയെഴുതട്ടെ.

അടുത്ത ടെലികോണ്‍ഫെറന്‍സ് ഏപ്രില്‍ 10, 2019 ബുധനാഴ്ച 9 PM (EST) നടത്തുന്നതാണ്. മുഖ്യ പ്രഭാഷക: അഡ്വ ഇന്ദുലേഖ ജോസഫ്.

വിഷയം: “എന്തുകൊണ്ട് സഭാ നേതൃത്വം ചര്‍ച്ചാക്ടിനെ എതിര്‍ക്കുന്നു?”

തുടര്‍ന്നുള്ള ചര്‍ച്ചയില്‍, ആഗസ്റ്റ് 10, 2019 ശനിയാഴ്ച ഷിക്കാഗോയില്‍ വെച്ച് സംഘടിപ്പിക്കുന്ന കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഏകദിന സെമിനാര്‍ വിഷയവും ഉള്‍പ്പെടുന്നതായിരിക്കും.

 

Like our page https://www.facebook.com/MalayalamDailyNews/ [1]and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]