കടത്തനാടന്‍ കളരിയില്‍ അങ്കം വെട്ടാന്‍ മുരളിയും ജയരാജനും; ആടിപ്പാടി വോട്ട് തേടാന്‍ രമ്യ ഹരിദാസും

slലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ രണ്ടെണ്ണം അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റും- വടകരയും ആലത്തൂരും.

രണ്ടിടത്തും യുഡിഎഫിന്റെ ബാനറില്‍ അപ്രതീക്ഷിതരായി വന്നവരാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. ലോട്ടറി അടിച്ചത് പോലെയാണ് ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ വരവ്. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍, പ്രത്യേകിച്ചും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ചുക്കാന്‍ പിടിച്ചവര്‍ സ്വപ്‌നേപി വിചാരിച്ചിട്ടുണ്ടാവില്ല യൂത്തു കോണ്‍ഗസുകാരിയായ രമ്യയ്ക്ക് ഇങ്ങിനെയൊരു നറുക്ക് വീഴുമെന്ന്. അതിന് അഖിലേന്ത്യാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് കേരളത്തിലെ വോട്ടര്‍മാരില്‍ എണ്ണംകൊണ്ട് മുന്നിട്ടു നില്‍ക്കുന്ന വനിതകളും മത്സരിക്കാന്‍ അവസരം കിട്ടാതെ വിതുമ്പുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നന്ദി പറയണം.

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. യൂത്ത് കോണ്‍ഗ്രസിന്റെ വേദിയില്‍ തിളങ്ങിയ ഈ യുവതി ദേശീയ തലത്തില്‍ നടന്ന ടാലന്റ് ടെ സ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചു പറ്റിയത് നല്ലൊരു ഗായികയും നര്‍ത്തകിയും നൃത്താദ്ധ്യാപികയുമായ രമ്യയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാനാവും. ഈ കഴിവുകള്‍ മനസിലാക്കിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബയോഡാറ്റ വാങ്ങി. കേരളത്തില്‍ നിന്നുള്ള സ്ഥാനര്‍ത്ഥി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നവത്രെ. സംവരണ മണ്ഡലത്തില്‍ മൂന്നാം തവണയും ജനവിധി തേടുന്ന സിപിഎം. സ്ഥാനാര്‍ത്ഥി പികെ ബിജുവിനെതിരെ ഞെട്ടിക്കാന്‍ രമ്യാ ഹരിദാസിന് സാധിക്കുമെന്ന് കുതുന്നവര്‍ ഏറെ. ജീവിതത്തില്‍ താഴെക്കിടയില്‍ നിന്നും സ്വപ്രയത്നം കൊണ്ട് ഉയര്‍ന്നു വരുന്ന ഒരു യുവതി എന്ന നിലയ്ക്ക് ദേശീയ തലത്തില്‍ രമ്യയുടെ മത്സര രംഗത്തെ പ്രകടനം തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടുമെന്ന് തീര്‍ച്ച.

വടകരയില്‍ കെ. മുരളീധരന്റെ വരവും തികച്ചും അപ്രതീക്ഷിതമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവും കണ്ണര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെ നേരിടാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയല്ലാതെ മറ്റാരുമില്ലെന്നായിരുന്നു പലരുടേയും ധാരണ. പല പേരുകളും ഉയര്‍ന്നുവന്നെങ്കിലും അവരൊന്നും ജയരാജനെ വെല്ലാന്‍ പോരെന്ന് ഇടതു മുന്നണി മാത്രമല്ല വലതു മുന്നണിയിലെ പലരും കരുതി പോന്നു. ബൂത്ത് പ്രസിഡന്റുമാര്‍ മുതല്‍ ദേശീയ നേതാക്കള്‍ വരെ ടിക്കറ്റ് ലഭിക്കുമെങ്കില്‍ അത് വയനാട് മതിയെന്ന് ആഗ്രഹിച്ചതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകി പോയ വയനാട്ടിലും പറ്റിയ ആളെകിട്ടാതെ വലഞ്ഞ വടകരയിലും ഒടുവില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന് അറിയാന്‍ കാത്തിരിക്കുമ്പോഴാണ് വടകരയില്‍ മുരളിയുടെ വരവ്. സേവാദള്‍ ജില്ലാ ഭാരവാഹി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ സജീവമായ മുരളി കെപിസിസി പ്രസിഡന്റ്, വൈദ്യുതി മന്ത്രി, എം. പി എന്നീ തുറകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സര്‍വ്വോപരി പ്രിയപ്പെട്ട ലീഡറുടെ മകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് അണികളില്‍ പൊതുവേ സ്വീകാര്യനുമാണ്. ഇടതുപക്ഷത്തിന്റെ ഏത് വിമര്‍ശനത്തിനും ഉരുളയ്ക്ക് ഉപ്പേരി കണക്കേ മറുപടി നല്‍കാന്‍ മിടുക്ക് കാട്ടാറുള്ള മുരളിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേടുംതൂണുകളിലൊരാളായ ജയരാജനും തമ്മിലുള്ള അങ്കം കടത്തനാടന്‍ കളരിയില്‍ തീ പാറിക്കും. ഈ മത്സരവും ദേശീയ തലത്തില്‍ താല്‍പ്പര്യമുണര്‍ത്തുമെന്ന് തീര്‍ച്ച. കളരിപ്പയറ്റിനും വടക്കന്‍ പാട്ടിനും പുകള്‍പെറ്റ വടകരയും കേരളത്തിന്റെ നെല്ലറകളിലൊന്നായ ആലത്തൂരും ഇത്തവണ ആരെ തുണയ്ക്കും, സ്വീകരിക്കുമെന്നറിയാന്‍ മെയ് മൂന്നാം വരം വരേ കാത്തിരിക്കണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment