രമയെന്ന ചോദ്യവും ഗുണാരി ന്യായവും: ഡോ. എസ് എസ് ലാല്‍

ramayenna chodyam banner-1നാട്ടില്‍ രമയെന്ന് പേരുള്ള ഒരുപാടു പേര്‍ ഉണ്ട്. നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയുണ്ട്. എനിക്കാണെങ്കില്‍ അനിയത്തിക്കു തുല്യയായ ഒരു രമയും ഉണ്ട്. മിടുക്കിയും എഴുത്തുകാരിയുമായ രമ. നമ്മുടെ മനസിന് സന്തോഷമുണ്ടാക്കുന്ന രമമാര്‍.

ഏഴു വര്‍ഷം മുമ്പ് ഞാന്‍ ഒരു രമയെപ്പറ്റി കൂടി കേട്ടു. 2012 മേയ് 4-ന് ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട ദിവസം. കേരളം മുഴുവനും നടുങ്ങിയ ആ ദിവസം. മരണങ്ങളും കൊലപാതകങ്ങളും ഒരുപാട് കണ്ടിട്ടുള്ള കേരളത്തിലെ ജനം ഒന്നാകെ തരിച്ചു നിന്നുപോയ നിമിഷം. വഴക്കിടുമ്പോള്‍ കൊലക്കത്തിയെടുത്തിട്ടുള്ള ചട്ടമ്പിമാര്‍ക്കു പോലും കണ്ണകള്‍ നിറഞ്ഞ ദയനീയമായ മരണം. ചന്ദ്രശേഖരൻ്റെ രാഷ്ട്രീയ എതിരാളികള്‍ പോലും നിശബ്ദരായിപ്പോയ, കുറ്റബോധത്തില്‍ ആണ്ടുപോയ, നരഹത്യ. ടെലിവിഷനിലെ അന്തിച്ചര്‍ച്ചകളില്‍ കേരളത്തില്‍ സന്ധ്യയ്ക്കാണ് സൂര്യനുദിക്കുന്നതെന്ന് പറയാന്‍ മടിയില്ലാത്ത, അതിനു തെളിവാനായി മറുനാടന്‍ ചിന്തകരുടെ പുസ്തകങ്ങൾ പോലും വ്യാഖ്യാനിക്കാറുള്ള, ന്യായീകരണ നേതാക്കള്‍ വരെ വായടച്ചു പോയ ക്രൂര കൊലപാതകം. അന്നുമുതല്‍ രമ എന്ന പേര് എനിക്കും മനസ്സില്‍ ഉണങ്ങാത്ത ഒരു മുറിവിന്റെ ചിഹ്നമാണ്. എനിക്കറിയാവുന്ന മറ്റു പലര്‍ക്കുമെന്ന പോലെ.

lal sadasivan_InPixio
ഡോ. എസ് എസ് ലാല്‍

പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഡോക്ടറെന്ന നിലയിലും ഒരുപാട് മുറിവുകള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. കണ്മുന്നില്‍ മനുഷ്യര്‍ പിടഞ്ഞുമരിക്കുന്നത് നിസ്സഹായാനായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. കഴുത്തിലെ സ്റ്റെതസ്കോപ്പിനെ മുതല്‍ ഓപ്പറേഷന്‍ തീയറ്ററിലെ വലിയ ഉപകരണങ്ങളെ വരെ നോക്കുകുത്തിയാക്കിയ വലിയ അപകടങ്ങള്‍, മുറിവുകള്‍, മരണങ്ങള്‍. ‘എന്നെ രക്ഷിക്കണേ’ എന്ന് പറയാന്‍ കഴിയാതെ ഞങ്ങളെ നോക്കി കൈകൂപ്പുന്നതിനിടയില്‍ മരിച്ചുവീണ രോഗിയുമുണ്ട്. അത്തരം പല മരണങ്ങളുടെയും ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സിനെ അസ്വസ്ഥമാക്കാറുണ്ട്. പക്ഷേ, നേരിട്ട് കണ്ടിട്ടുള്ള ആ മരണങ്ങളെക്കാള്‍ കൂടുതല്‍ ഒരു പക്ഷേ എന്നെ ദുഃഖിപ്പിച്ചത് ചന്ദ്രശേഖരന്റെ നേരില്‍ കാണാത്ത മരണമായിരുന്നു. സൂചി കൊണ്ടോ ബ്ലെയിഡ് കൊണ്ടോ വിരല്‍ത്തുമ്പ് മുറിയുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന വേദന നമുക്കറിയാം. പൊടിയുന്ന ചോരയുടെ നഷ്ടം നമുക്കറിയാം. അതുകൊണ്ടാണ് ഒരാള്‍ ശരീരത്തില്‍ അമ്പതിലധികം വെട്ടുകൊള്ളുമ്പോള്‍ എത്രമാത്രം വേദന അനുഭവിച്ചുകാണും എന്നോര്‍ത്ത് വിഷമിക്കുന്നത്. പേടിക്കുന്നത്. ആ മുറിവുകള്‍ അശാന്തമാക്കിയ കുടുംബാംഗങ്ങളുടെ മനസ്സിലെ ഒടുങ്ങാത്ത പിടച്ചിലുകള്‍ മനസ്സമാധാനം നശിപ്പിക്കുന്നത്.

ചന്ദ്രശേഖരന്റെ മുറിവുകള്‍ നേരില്‍ കാണാത്ത എനിക്ക് ഇത്രയും വേദന തോന്നണമെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും ഈ വേദന എങ്ങനെ സഹിക്കുന്നു എന്ന് ഇനിയും മനസ്സിലായിട്ടില്ല. നല്ല മനസ്സാന്നിധ്യവും മാനസികാരോഗ്യവും ഉള്ളതുകൊണ്ടാണ് അവര്‍ സാധാരണ ജീവിതത്തിലേയ്ക്ക് വന്നത് എന്ന് ഉറപ്പാണ്.

രാഷ്ട്രീയം പറയാന്‍ നാട്ടില്‍ ആര്‍ക്കും അവകാശമുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് കൂടുതല്‍ പറയേണ്ടിവരും. സ്വന്തം നിലപാടുകള്‍ക്ക് ന്യായം കണ്ടെത്തേണ്ടിവരും. രമയ്‌ക്കും നാട്ടില്‍ രാഷ്ട്രീയം പറയാനുള്ള മൗലികാവകാശമുണ്ട്. അവര്‍ കാര്യങ്ങള്‍ പറയുമ്പോള്‍ അവരോട് തര്‍ക്കങ്ങള്‍ ആകാം. തര്‍ക്കിച്ചു വഴക്കിടാം. വഴക്കിടുമ്പോഴും പറയുന്നത് രാഷ്ട്രീയം തന്നെയായായിരിക്കണം. വഴക്ക് വാക്കുകള്‍ കൊണ്ടായിരിക്കണം. ഉത്തരം മുട്ടുമ്പോള്‍ രമയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതും അവര്‍ക്കെതിരെ അപവാദങ്ങള്‍ പറയുന്നതും രാഷ്ട്രീയമല്ല. വെറും വിവരക്കേടു മാത്രം.

ഇന്ന് രമ ആര്‍.എം.പി.യുടെ നേതാവാണ്. രാജ്യത്ത് നിരോധിച്ചിട്ടുള്ള ഒരു പാര്‍ട്ടിയല്ല അവരുടേത്. അവര്‍ ജീവിക്കുന്ന ഒഞ്ചിയം ഇന്ത്യയില്‍ത്തന്നെയാണ്. അതിനാല്‍ രമയെ സംസാരിക്കാന്‍ അനുവദിക്കണം. അവരെ രാഷ്ട്രീയമായി ആക്രമിക്കുമ്പോള്‍, പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍, കൂടുതലായി കാണുന്നത് രാഷ്ട്രീയ എതിര്‍പ്പിനെക്കാള്‍ അവര്‍ സ്ത്രീയെന്ന പുച്ഛമാണ്. വിധവയെന്ന അവഹേളനമാണ്. ഇത് തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണ്. മരിച്ച ഭര്‍ത്താവിനെ വിറ്റു കാശാക്കാന്‍ നോക്കുന്നു എന്നൊക്കെ രമയെപ്പറ്റി എഴുതി വിടുന്നവര്‍ സ്തീകളോട് യാതൊരു മര്യാദയും ഇല്ലാത്തവരാണെന്നു പറയേണ്ടിവരും. ഒറ്റയ്ക്കു കിട്ടിയാല്‍ സ്ത്രീകളെ ഇതിലും കൂടുതല്‍ ആക്രമിക്കുന്നവരാണെന്നു കരുതേണ്ടിവരും. സ്ത്രീകള്‍ക്കായി മതില്‍ കെട്ടിയവരുടെ നാടാണ് ഇത്. ആ മതില്‍ സ്വയം പൊളിച്ച് അതിനകത്തെ ഇഷ്ടികകള്‍ പൊട്ടിച്ച് നാട്ടിലെതന്നെ ഒരു സ്‌ത്രീയ്‌ക്കെതിരെ എറിയുന്നതിന്റെ ന്യായം പലര്‍ക്കും പറയേണ്ടിവരും.

ramaഭര്‍ത്താവ് കൊലചെയ്യപ്പെട്ടാല്‍ ഭാര്യ വീട്ടിലിരിക്കണമെന്ന് ഏത് നാട്ടിലെ ഭരണഘടനയാണ് പറയുന്നത്? വിധവയ്ക്ക് രാഷ്ട്രീയം പാടില്ലെന്ന് ഏത് പാര്‍ട്ടിയുടെ നിയമാവലിയാണ് ഉദ്ഘോഷിക്കുന്നത്? ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും രാഷ്ട്രീയത്തില്‍ ഇറങ്ങുകയോ തുടരുകയോ ചെയ്ത സ്ത്രീകളുള്ള നാടാണിത്. എല്ലാ പാര്‍ട്ടിയിലും. രമയ്ക്ക് അവരെക്കാളൊക്കെ യോഗ്യതയില്ലേ? അവര്‍ പഠിക്കുന്ന കാലത്തേ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നവരാണ്. കല്യാണത്തിന് മുമ്പും രാഷ്ട്രീയം ഉണ്ടായിരുന്നവരാണ്. ഭര്‍ത്താവ് മരിച്ചശേഷം അവര്‍ ഉണ്ടാക്കിയതല്ല അവരുടെ പാര്‍ട്ടി. അവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് ശക്തിയേകാന്‍ അവരുടെ ഭര്‍ത്താവിന്റെ രക്തസാക്ഷിത്വം എങ്ങനെയാണ് മോശമാകുന്നത്? വണ്ടിയിടിച്ചു മരിച്ചവരുടെയും പ്രായാധിക്യത്താല്‍ മരിച്ചവരുടെയും അന്യരാജ്യക്കാരുടെയും ചിത്രങ്ങള്‍ വഴിനീളെ മാലയിട്ട് പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയമുള്ള ഒരു സംസ്ഥാനത്തില്‍ രമയെന്ന ഒരു സ്ത്രീയ്ക്ക് അവരുടെ പാര്‍ട്ടിയുടെ രക്തസാക്ഷിയുടെ ചിത്രം പുറത്തു കാണിക്കാന്‍ പാടില്ലേ, ഭര്‍ത്താവായിപ്പോയതുകൊണ്ട്? എന്തിനാണ് ആ ചിത്രത്തെയും അവരുടെ ചെറിയ പാര്‍ട്ടിയുടെ കൊടിയെയും ഇങ്ങനെ പേടിക്കുന്നത്? അവരുടെ ശ്രമങ്ങളെ അവര്‍ ഒരു സ്ത്രീയാണെന്നും വിധവയാണെന്നും പറഞ്ഞ് തളര്‍ത്താൻ ശ്രമിക്കുന്നത്.

തെറ്റ് പറ്റുമ്പോള്‍, പാര്‍ട്ടികള്‍ ജനങ്ങളോട് ക്ഷമ ചോദിക്കണം. പാര്‍ട്ടിക്കാര്‍ (പാര്‍ട്ടി അറിഞ്ഞോ അറിയാതെയോ) അക്രമം കാണിച്ചാല്‍ ആക്രമിക്കപ്പെട്ടവരോട് ക്ഷമ യാചിക്കണം. അവരുടെ വീടുകളില്‍പ്പോയി ദുഃഖത്തില്‍ പങ്കുചേരണം. ഏതു പാർട്ടിയായാലും.

രമയുടെ ദു:ഖത്തിനു മുന്നില്‍ സി.പി.എം.കാര്‍ മാത്രമല്ല ദുഖിക്കേണത്. പശ്ചാത്തപിക്കേണ്ടത്. രമയെപ്പോലെ ഒരു സ്ത്രീയുടെ ജീവിതം ഇവിടെക്കൊണ്ടെത്തിച്ച കേരള രാഷ്ട്രീയത്തിന് കാരണക്കാരായ എല്ലാ പാര്‍ട്ടികളും മുഴുവന്‍ രാഷ്ട്രീയക്കാരും മുഴുവന്‍ പുരുഷന്മാരും രമയോട് ജീവിതത്തില്‍ ഒരിക്കലെങ്കിലും ക്ഷമ ചോദിച്ചിരിക്കണം.

rama1രമയ്ക്കുണ്ടായ നഷ്ടം ആര്‍ക്കും നികത്താനാവുന്നതല്ല. ഇത് എഴുതുമ്പോള്‍ ഞാന്‍ എന്റെ സ്വന്തം കാര്യം ആലോചിച്ചുപോയി. കഴിഞ്ഞ വര്‍ഷം യാത്രയ്ക്കിടയില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഞാനൊന്ന് തെന്നി വീണു. എക്സ്റേ തുടങ്ങിയ പരിശോധനകളില്‍ കുഴപ്പമില്ലായിരുന്നെകിലും തോളിനും കൈയ്ക്കും സഹിക്കാനാകാത്ത വേദനയായിരുന്നു. ആ ദിവസങ്ങളില്‍ എന്റെ പങ്കാളി സന്ധ്യയുടെ മുഖത്തും ഞാന്‍ ആ വേദന കണ്ടിരുന്നു. ഒരു ദിവസം രാത്രി സ്വപ്നം കണ്ടോ മറ്റോ ഉണര്‍ന്നിട്ട് സന്ധ്യ എന്നെയും ഉണര്‍ത്തി കൈയിലെ വേദന എങ്ങനെയുണ്ടെന്ന് ചോദിച്ചു. ആ പ്രവൃത്തി എനിക്ക് ഒരുപാട് ഉള്‍ക്കാഴ്ചയുണ്ടാക്കി. ഏഴു കൊല്ലം മുമ്പ് 73 വയസില്‍ മരിച്ച എന്റെ അച്ഛനെ സ്വപ്നം കണ്ട് ഇപ്പോഴും ഞാന്‍ ഉണരാറുണ്ട്. അച്ഛൻ്റെ രോഗം മാറിയെന്നും തിരിച്ചുവന്നെന്നുമാണ് സ്വപ്നങ്ങള്‍. 2007 – ല്‍ ലോകാരോഗ്യ സംഘടനയില്‍ കിഴക്കന്‍ തിമോറില്‍ ജോലികിട്ടി പോയപ്പോള്‍ ആദ്യം കുടുംബത്തെ ഡല്‍ഹിയിലാക്കി ഞാന്‍ മാത്രം പോയി. കുടുംബത്തെ ആദ്യമായി പിരിഞ്ഞു നിന്ന സമയം. മൂന്നു മാസം കഴിഞ്ഞ് അവധിയ്ക്കു വന്നപ്പോള്‍ ഇളയമകന്‍ മനീഷിനോട് ഞാന്‍ ചോദിച്ചു, അച്ഛനെ കാണാതിരുന്നപ്പോള്‍ വിഷമിച്ചോ എന്ന്. പന്ത്രണ്ടു വയസ്സുകാരനായ അവന്‍ അന്നു പറഞ്ഞ വരികള്‍ ഇപ്പോഴും എന്റെ കണ്ണുനിറയ്ക്കുന്നു. “സ്വപ്നത്തില്‍ ‘where did you go’ (നീ എവിടെപ്പോയി) എന്ന ഗാനം കേട്ട് ഞാന്‍ ഉണരാറുണ്ട്‌. പിന്നെ അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങാന്‍ നോക്കും”. രമയ്‌ക്കും അവരുടെ മകനും സ്വപ്നം കാണാനുള്ള അവകാശം കൂടി നമ്മള്‍ നിഷേധിക്കരുതെന്ന് എനിയ്ക്കു തോന്നുന്നതിനുള്ള കാരണം ഇതുകൂടിയാണ്.

rama2രാഷ്ട്രീയത്തില്‍ ഉള്ള ആരുടെയെങ്കിലും ഭാര്യയും മക്കളും രാഷ്ടീയത്തില്‍ വരുന്നില്ലെങ്കില്‍ അത് ജീവിക്കാന്‍ മറ്റു നിവൃത്തിയില്ലാത്തതു കൊണ്ടോ ഇതുപോലെ സുരക്ഷിതരല്ലാത്തതുകൊണ്ടോ ഒക്കെയാണ്. മക്കളും ഭാര്യയുമൊക്കെ രാഷ്ട്രീയത്തില്‍ വരുന്നത് എങ്ങനെ തെറ്റാകും? നാട്ടുകാരുടെയൊക്കെ ഭാര്യമാരെയും മക്കളെയും പറഞ്ഞ് വിശ്വസിപ്പിച്ച് രാഷ്ട്രീയത്തില്‍ ചേര്‍ക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് സ്വന്തം ഭാര്യയെയും മക്കളെയും രാഷ്ട്രീയത്തില്‍ ഇറക്കാന്‍ കഴിയാത്തത് കഷ്ടമാണ്. അവര്‍ അത് ചെയ്യാത്തതും നമ്മള്‍ അത് അനുവദിക്കാത്തതും ഇരട്ടത്താപ്പാണ്. കുടുംബാംഗമെന്ന പേരില്‍ അര്‍ഹിക്കാത്ത പദവികളും സ്ഥാനങ്ങളും മറ്റുള്ളവരെ മറികടന്നു കൊടുക്കുന്നതു മാത്രമാണ് എതിര്‍ക്കേണ്ടത്. രമയുടെ ഒരു ടെലിവിഷന്‍ ചര്‍ച്ച ഈയിടെ കണ്ടു. അവര്‍ കരുത്തുള്ള സ്ത്രീയാണ്. അവരെ സ്ത്രീയെന്നോ ഭാര്യയെന്നോ പറഞ്ഞ് അടിച്ചോ എറിഞ്ഞോ താഴെയിടാന്‍ പാടായിരിക്കും.

രമയുടെ ഇനിഷ്യലുകള്‍ എനിക്ക് ഓര്‍മ്മയില്ലായിരുന്നു. ഗൂഗിള്‍ ചെയ്താണ് കെ.കെ. എന്ന് കണ്ടു പിടിച്ചത്. രമ എന്ന പേര് മാത്രമായി മനസില്‍ അങ്ങനെയാണ് പതിഞ്ഞിരിക്കുന്നത്. വിധവയായ ഒരനിയത്തിയുടെ മുഖം.

tp's bodyരമ നമുക്ക് മുന്നില്‍ ഒരു ചോദ്യം തന്നെയാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ. ഇന്നത്തേതുപോലെ നാളെയും രമ യു.ഡി.എഫ്. നും എതിരാകാം. കാലക്രമത്തില്‍ കൂടുതല്‍ എതിരായി എന്നും വരാം. പക്ഷെ, രമ എന്ന ചോദ്യം ഞാനുള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ക്ക് മുന്നിലും അവസാനിക്കില്ല.

ഇതൊക്കെ പറയുമ്പോഴും, നാട്ടില്‍ എന്ത് അക്രമം കാണിച്ചാലും ന്യായം പറയാന്‍ ആളുണ്ട് എന്നറിയാം. മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ കേട്ടിരുന്ന ഒരു പദമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ഗുണാരി. ചെയ്തത് തെറ്റാണെന്ന് സ്വയം തിരിച്ചറിയുമ്പോഴും, കുറ്റബോധത്തിന്റെ പ്രതിഫലനം മുഖത്തും ശരീര ഭാഷയിലും ഉണ്ടായിരിക്കുമ്പോഴും, ഒരു ചമ്മലുമില്ലാതെ എതിര്‍ ന്യായം പറയും. ഗുണാരി ന്യായം.

വാലറ്റം: ടി.പി. ചന്ദ്രശേഖരനെ നേരിട്ടറിയില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. സി.പി.എമ്മിനെതിരെ നിലപാടെടുക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യം കൊണ്ടുമാത്രം. യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. അവിടെ കോളേജ് ചെയര്‍മാനായിരുന്നു. കെ.എസ്.യു. സ്ഥാനാര്‍ത്ഥിയായി. ചന്ദ്രശേഖരനെ ശ്രദ്ധിക്കാനുള്ള ഒരു കാരണം വ്യക്തമാക്കിയതാണ്.

Print Friendly, PDF & Email

Related posts

Leave a Comment