യുവതിയെ പീഡിപ്പിച്ചത് സിപി‌എം പാര്‍ട്ടി ഓഫീസിലല്ലെന്ന് പോലീസ്

cherpulasseryപാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ യുവതി പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. പീഡിപ്പിക്കപ്പെട്ടത് സ്വന്തം വാടക വീട്ടില്‍ വെച്ചെന്നും സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് കേസുമായി ബന്ധമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞെന്നും പൊലീസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്.

മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിനിടെയാണ് കുഞ്ഞിന്റെ അമ്മയായ യുവതിയുടെ വെളിപ്പെടുത്തല്‍. പ്രണയം നടിച്ച് ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരുവരും സ്വകാര്യ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെ മുറിയിലെത്തിയെന്നും ഈ സമയത്താണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു.

യുവതിയുടെ പരാതിയിന്‍മേല്‍ മങ്കര പോലീസ് അന്വേഷണം തുടങ്ങി. മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോപണ വിധേയനായ യുവാവിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

എന്നാല്‍ തങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.’ യുവതിക്ക് പീഡിപ്പിച്ചയാളെ സമൂഹ മാധ്യമങ്ങള്‍ വഴി പരിചയം ഇല്ല. പീഡിപ്പിക്കപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്നത് പെണ്‍കുട്ടിയുടെ വാടക വീട്ടില്‍ വെച്ചാണ്. ഞങ്ങളുടെ അന്വേഷണത്തില്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റി ഓഫീസുമായി ഇതിന് ബന്ധം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയുടെ വര്‍ക്ക്ഷോപ് ഏരിയാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്താണ്. ഇയാള്‍ക്ക് സി.പി.ഐ.എമ്മുമായി ബന്ധം ഇല്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സി.പി.ഐ.എം അനുഭാവികളാണ്’- പൊലീസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

ശാസ്ത്രീയമായും സത്യസന്ധവുമായ അന്വേഷണം പ്രസ്തുത കേസില്‍ വേണമെന്ന് സ്ഥലത്തെ പ്രാദേശിക സി.പി.ഐ.എം നേതാക്കള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഉടന്‍ പുറത്തു വരണമെന്ന് പാലക്കാട് എം.പി എം.ബി രാജേഷും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവിന്റെ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. യുവതിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞതായി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

സിപിഎം പോഷക സംഘടന പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയില്‍ പഠിക്കുന്ന സമയത്തു കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കലിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരാതിയെക്കുറിച്ച് അറിയില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നുമാണ് സി.പി.എം പറയുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment