Flash News

സാമൂഹ്യപരിവര്‍ത്തനത്തില്‍ എഴുത്തുകാരുടെ പങ്ക്: സര്‍ഗ്ഗവേദിയില്‍ ഒരു സംവാദം

March 22, 2019 , പി. ടി. പൗലോസ്

Newsimg1_484225892019 മാര്‍ച്ച് 17 ഞായറാഴ്ചയിലെ മനോഹര സായാഹ്നം. ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസ സാഹിത്യ സല്ലാപത്തിനും സംവാദത്തിനും എല്‍മോണ്ടിലുള്ള കേരളാ സെന്റര്‍ വേദിയായി. കവിയും എഴുത്തുകാരനുമായ ജോസ് ചെരിപുറം അദ്ധ്യക്ഷനായ ചടങ്ങില്‍ സദസ്സിനെ സമ്പന്നമാക്കിയ സഹൃദയരെ ഡോഃ നന്ദകുമാര്‍ ചാണയില്‍ സ്വാഗതം ചെയ്തു. മാനുഷിക മൂല്യങ്ങള്‍ വെന്തെരിയുന്ന വര്‍ത്തമാനകാലത്ത് ഇതുപോലുള്ള ഒത്തുചേരലുകളുടെയും ചര്‍ച്ചകളുടെയും അനിവാര്യതയെ പ്രോത്സാഹിപ്പിച്ചുകൊണ്ടായിരുന്നു ജോസ് ചെരിപുറത്തിന്‍റെ അധ്യക്ഷപ്രസംഗം.

തുടര്‍ന്ന് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും സര്‍ഗ്ഗവേദിയുടെ ആത്മബന്ധുവുമായ കെ. കെ. ജോണ്‍സണ്‍ “സാമൂഹ്യപരിവര്‍ത്തനത്തില്‍ എഴുത്തുകാരുടെ പങ്ക്” എന്ന വിഷയം അവതരിപ്പിച്ചു. സമൂഹത്തിന്റെ ഭൗതീക പുരോഗതിക്ക് ശാസ്ത്രവും സാങ്കേതികവിദ്യയും എത്രത്തോളം പങ്കു വഹിക്കുന്നുവോ അത്രയുമാണ് സംസ്കാരം രൂപപ്പെടുത്തുന്നതില്‍ കലക്കും സാഹിത്യത്തിനുമുള്ള പങ്ക് എന്ന് പറഞ്ഞുകൊണ്ടാണ് ജോണ്‍സണ്‍ പ്രസംഗമാരംഭിച്ചത് .

ശാസ്ത്രം നിരന്തരമായ പരീക്ഷണങ്ങളിലൂടെ സത്യത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുമ്പോള്‍ കാലഘട്ടങ്ങളിലൂടെയുള്ള നിരന്തരമായ പരിണാമങ്ങളിലൂടെ പുതിയ പുതിയ ആശയങ്ങളുമായി സാഹിത്യം അതേ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. സാഹിത്യകാരന്‍ പോയ കാലത്തെ തെറ്റുകള്‍ തിരുത്തി പുതിയ ചിന്തകള്‍ക്ക് രൂപം കൊടുത്ത് , പുതിയ ആശയങ്ങളെ ജനിപ്പിച്ച് വിപ്ലവകരമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കണം. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരായ അടിമകളുടെ മോചനത്തിനും തുടര്‍ന്നുണ്ടായ അഭ്യന്തരയുദ്ധത്തിനും വഴിമരുന്നിട്ട ‘അങ്കിള്‍ ടോംസ് ക്യാബിന്‍’ എന്ന നോവലിന്റെ രചയിതാവായ അമേരിക്കന്‍ എഴുത്തുകാരി ഹാരിയറ്റ് എലിസബെത് ബീച്ചര്‍ സ്‌റ്റോവെ , റഷ്യയുടെ സാമൂഹ്യപരിവര്‍ത്തനത്തിന് വഴി തെളിച്ച ‘അമ്മ’ നോവല്‍ എഴുതിയ മാര്‍ക്‌സിംഗോര്‍ക്കി, പ്രകൃതി സ്‌നേഹിയും തത്വചിന്തകനുമായ അമേരിക്കന്‍ എഴുത്തുകാരന്‍ ഹെന്‍ഡ്രി ഡേവിഡ് തോറെ, ജീവോല്പത്തിക്ക് പുതിയ വ്യാഖ്യാനം നല്‍കിയ ഇംഗ്ലീഷുകാരന്‍ ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍, ഗ്രീക്ക് പാശ്ചാത്യ തത്വചിന്തയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന പ്‌ളേറ്റോ, കറുത്തവന്റെ ചരിത്രം തിരുത്തിയെഴുതിയ അമേരിക്കന്‍ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഫ്രെഡറിക് ഡഗ്‌ളസ്, കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെയും മൂലധനത്തിന്റെയും രചയിതാവ് കാറല്‍ മാക്‌സ്, ശരിതെറ്റുകളെയും മനുഷ്യബന്ധങ്ങളെയും നിര്‍വചിച്ച റഷ്യന്‍ നോവലിസ്റ്റ് ദസ്തയേവ്‌സ്കി, ക്യൂബന്‍ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലനായി വാഴ്ത്തപ്പെട്ട ക്യൂബന്‍ കവി ജോസ് ജൂലിയന്‍ മാര്‍ട്ടി, കേരളത്തില്‍ സാംസ്കാരിക വിപ്ലവത്തിന് അടിത്തറയിട്ട കുഞ്ചന്‍ നമ്പ്യാര്‍, ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരെ ചരിത്രത്തിലെ ഉദാഹരണങ്ങളാക്കി ജോണ്‍സണ്‍ എടുത്തുപറഞ്ഞു.

Newsimg2_79822839‘ആ മനുഷ്യന്‍ നീ തന്നെ’ എന്ന നാടകത്തില്‍ ദാവീദ് രാജാവിനെക്കൊണ്ട് സി. ജെ. തോമസ് പറയിപ്പിച്ച “കണ്ണുകളുള്ളത് തുറക്കാന്‍ മാത്രമല്ല അടയ്ക്കാനും കൂടിയാണ്” എന്ന അര്‍ത്ഥനിര്‍ഭരമായ സംഭാഷണം ഉരുവിട്ടുകൊണ്ടാണ് പി. ടി. പൗലോസ് തന്റെ പ്രസംഗം ആരംഭിച്ചത്. എഴുത്തുകാര്‍ കണ്ണുകള്‍ സൗകര്യപൂര്‍വം അടയ്ക്കുന്ന ഒരു സാമൂഹ്യ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ഭാരതം സ്വതന്ത്രമായിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ജീവിച്ചിരിക്കുന്നവന്‍ ആരാണ് മരിച്ചവന്‍ ആരാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതകന്മാരുടെ ഒരു ഗ്രാമം ഭാരതത്തിലുണ്ട്. ലോക് പാലിന് കൈക്കൂലി കൊടുത്ത് ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കുന്ന ഈ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത് രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെ തട്ടകമായ യു. പി. യിലെ അസംഘട്ട് എന്ന ജില്ലയിലാണ്. നമ്മുടെ എഴുത്തുകാര്‍ രാഷ്ട്രീയ മത മേധാവികളുടെ താല്പര്യങ്ങളുടെ തടവറകളിലാണ്. ഭാരതത്തില്‍ വേണ്ടത് ഒരു സാംസ്കാരിക വിപ്ലവമാണ്. അതിനാവശ്യം സ്വതന്ത്രചിന്തകരായ എഴുത്തുകാരുടെ നവകൂട്ടായ്മയാണ് എന്ന് പൗലോസ് പറഞ്ഞുനിര്‍ത്തി.

സാഹിത്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. എന്‍. പി. ഷീലയുടെ അഭിപ്രായത്തില്‍ നന്മ വിതച്ച് നന്മ കൊയ്യുന്നവരായിരിക്കണം സാഹിത്യകാരന്മാര്‍. അതിന് കാമ്പുള്ള സൃഷ്ടികളുണ്ടാകണം. ആ രചനകള്‍ നന്മയിലേക്ക് ദിശാബോധം നല്‍കുന്നവയായിരിക്കണം എന്ന് ഡോ. ഷീല പറഞ്ഞു. ഡോ. നന്ദകുമാര്‍ ചാണയില്‍ അഭിപ്രായപ്പെട്ടത് സമൂഹത്തില്‍ അനീതി നിലനില്‍ക്കുമ്പോള്‍ അനങ്ങാതിരിക്കാന്‍ ഒരെഴുത്തുകാരന് കഴിയില്ല എന്നാണ്. സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ് ടാഗോറും കുമാരനാശാനും ശ്രീനാരായണഗുരുവും അയ്യങ്കാളിയുമെല്ലാം സാമൂഹ്യ സമത്വത്തിന് അടിത്തറ പാകിയ മഹാന്മാരാണ് എന്ന് ഡോ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Newsimg3_87604164നോവലിസ്റ്റും കഥാകൃത്തുമായ ബാബു പാറയ്ക്കല്‍ തന്റെ പ്രസംഗത്തില്‍ അടിവരയിട്ടു പറഞ്ഞത് എഴുത്തുകാരന് സമൂഹത്തോട് പ്രാഥമിക ഉത്തരവാദിത്വം ഉണ്ടായിരിക്കണം എന്നാണ്. മതങ്ങളിലെ അനീതിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു കവിയും എഴുത്തുകാരനുമായ മോന്‍സി കൊടുമണ്ണിന്റെ പ്രസംഗം. എഴുത്തുകാര്‍ക്ക് പേടിയുണ്ടെങ്കിലും ചങ്കുറപ്പോടെ നീതിരാഹിത്യത്തിനെതിരെ അവര്‍ തൂലിക ചലിപ്പിക്കണം എന്ന് മോന്‍സി ചൂണ്ടിക്കാട്ടി.

അടുത്തതായി സംസാരിച്ച നോവലിസ്റ്റും സാഹിത്യപ്രവര്‍ത്തകനുമായ സാംസി കൊടുമണ്‍ പറഞ്ഞത് എഴുത്തുകാരന്‍ നാളെയുടെ ദര്‍ശനങ്ങള്‍ നല്‍കുന്ന ക്രാന്തദര്‍ശി ആയിരിക്കണം എന്നാണ്. സമൂഹത്തെ പരിവര്‍ത്തനത്തിന് വിധേയമാക്കി നന്മയിലേക്കുള്ള വഴികാട്ടി ആയിരിക്കണം. യഥാര്‍ത്ഥ സാഹിത്യകാരന്മാര്‍ കാലത്തിന് മുന്‍പേ നടക്കുന്ന പ്രവാചക തുല്യരായിരിക്കണം എന്നുകൂടി സാംസി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച കേരളാ സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പിള്ളിയുടെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം സമൂഹത്തില്‍ ഒരു പരിണാമം സാഹിത്യത്തിന് ഉണ്ടാക്കാന്‍ കഴിയില്ല എന്നായിരുന്നു. എന്നാല്‍ സാഹിത്യകാരന് ആശയങ്ങള്‍ ഭാഷയിലൂടെ നല്‍കാന്‍ സാധിക്കും എന്നുകൂടി അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ സി.എം.സി., സാമൂഹ്യ പ്രവര്‍ത്തകരായ ജോണ്‍ പോള്‍, അലക്‌സ് എസ്തപ്പാന്‍ എന്നിവര്‍ സാഹിത്യകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയെ ചൂണ്ടിക്കാട്ടി സംസാരിച്ചു.

പി. ടി. പൗലോസ് അദ്ധ്യക്ഷനും അവതാരകനും ചര്‍ച്ച സജീവമാക്കിയ സദസ്സിനും നന്ദി പറഞ്ഞതോടെ ഒരു സര്‍ഗ്ഗസായാഹ്നം കൂടി പൂര്‍ണ്ണതയിലെത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top