Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസി ഉടന്‍ മഠം ഒഴിയണമെന്ന് നോട്ടീസ്

March 25, 2019

lissyമൂവാറ്റുപുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസി വടക്കേലിന് നോട്ടീസ്. വിജയവാഡയിലേക്ക് മടങ്ങണമെന്ന് ചൂണ്ടിക്കാട്ടി എഫ്.സി.സി മദര്‍ സുപ്പീരിയര്‍ അല്‍ഫോണ്‍സ എബ്രഹാമാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

മൂവാറ്റുപുഴ ജ്യോതിഭവനിലെ താമസം അനധികൃതമാണെന്നും ഉടന്‍ മഠം ഒഴിയണമെന്നും നോട്ടീസില്‍ പറയുന്നു. കന്യാസ്ത്രീയെ കൗണ്‍സിലിംഗ് ചെയ്യുന്ന സമയത്തു പീഡന വിവരം അറിഞ്ഞിരുന്നുവെങ്കില്‍ എന്ത് കൊണ്ട് പോലീസിനെ അറിയിച്ചില്ലെന്നും കന്യാസ്ത്രീയ്ക്ക് ഉചിതമായ നിര്‍ദേശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ലിസ്സി വടക്കേല്‍ ചെയ്തത് കുറ്റമാണെന്നും നോട്ടീസില്‍ വിശദമാക്കുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ നിര്‍ണായക സാക്ഷിയാണ് സിസ്റ്റര്‍ ലിസി വടക്കേല്‍. ബിഷപ്പിനെതിരേ മൊഴി നല്‍കിയതിനു പിന്നാലെ വിജയവാഡ പ്രോവിന്‍സിലേക്ക് മാറ്റുകയും മാനസികവും വൈകാരികവുമായ പീഡനമാണ് അവിടെ നിന്നും ഏറ്റുവാങ്ങേണ്ടി വന്നതെന്നും, യാതൊരു വിധ ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു. അതീവ രോഗാവസ്ഥയിലുള്ള അമ്മയെ പരിചരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പോലും കേള്‍ക്കാതെയാണ് വിജയവാഡയിലേക്ക് മാറ്റിയതെന്നും അവിടെ നിന്നാല്‍ ജീവന്‍ പോലും അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞതോടെ സ്വയം രക്ഷപ്പെട്ട് കേരളത്തിലേക്ക് പോന്നു എന്നും സിസ്റ്റര്‍ ലിസി പറയുന്നു.

francobishopഎന്നാല്‍ അമ്മയോടൊത്ത് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ന്നോട് വിജയവാഡയിലേക്ക് തിരിച്ചു പോകണമെന്നു മഠം അധികൃതര്‍ ഭീഷണി മുഴക്കിയതായി ലിസി പറയുന്നു. സഹോദരങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടാത്തുകയും മൂവാറ്റുപുഴയിലെ ജ്യോതിര്‍ഭവനിലെത്തിയ പൊലീസ് ലിസിയെ അവിടെ നിന്നും മോചിപ്പിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. സിസ്റ്ററില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സിസ്റ്റര്‍ ലിസിയെ വിജയവാഡയിലേക്ക് തിരിച്ചയക്കരുതെന്നും മൂവാറ്റുപുഴയിലെ ഹോമില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും ഉത്തരവില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സിസ്റ്റര്‍ ലിസിയുടെ പരാതികള്‍ നിഷേധിച്ച് എഫ് സിസി മഠം അധികൃതരും രംഗത്തു വന്നിരുന്നു. സിസ്റ്റര്‍ ലിസി കഴിഞ്ഞ പതിനാല് വര്‍ഷത്തിലധികമായി മൂവാറ്റുപുഴയില്‍ എഫ് സി സി വിജയവാഡ പ്രൊവിന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ അനധികൃതമായി കഴിഞ്ഞു വരികയായിരുന്നുവെന്നായിരുന്നു എഫ്‌സിസി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ ഇറക്കിയ പ്രസ്താവനയില്‍ ആരോപിച്ചിരുന്നത്. സി. ലിസിയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ പറഞ്ഞു. സി. ലിസിക്കെതിരേ ഗുരുതര ആരോപണങ്ങളും എഫ് സിസി കോണ്‍ഗ്രിഗേഷന്‍ ഉയര്‍ത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ സി. ലിസി മൊഴി നല്‍കിയത് മഠം അറിയാതെയാണെന്നും എന്നാല്‍ സിസ്റ്ററുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയതുമായി യാതൊരു ബന്ധവുമില്ലെന്നും സി. അല്‍ഫോന്‍സ വാദിക്കുന്നുണ്ട്. ‘വഴി മാറി നടക്കുന്ന സഹോദരി’ എന്നാണ് സി. ലിസിയെ എഫ് സിസി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ കുറ്റപ്പെടുത്തുന്നത്. വിജയവാഡ പ്രോവിന്‍സിന് കേരളത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ, കേരളത്തിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചുകൊണ്ടു് സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുകയായിരുന്നു. സി. ലിസി കന്യാസ്ത്രീ പീഡനക്കേസിലെ പരാതിക്കാരിയും ഒപ്പം നില്‍ക്കുന്നവരും ആയ കന്യാസ്ത്രീകള്‍ താമസിക്കുന്ന കുറവിലങ്ങാട് മഠവുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ രഹസ്യ മൊഴി നല്‍കിയതെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആരോപണം ഉന്നയിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top