സ്വര്‍ഗ്ഗസ്ഥനായ പിതാവേ (6) – ദുഷ്ടനില്‍ നിന്ന് (കവിത)

Swargasthanaya pithave - 6-1ഞങ്ങളെ രക്ഷിച്ചു കൊള്ളേണമേ !
ദുഷ്ടന്‍ തിന്മയാകുന്നു, ഇരുട്ടാകുന്നു.
വെളിച്ചത്തില്‍ നിന്ന് മുഖം തിരിക്കുന്‌പോള്‍ അവന്‍ വരുന്നു,
സാഹചര്യങ്ങളുടെ ആഴങ്ങളില്‍ വലയെറിഞ്ഞു നമ്മെ പിടിക്കുന്നു.
പ്രലോഭനങ്ങളുടെ ചൂണ്ടകളില്‍ കുടുക്കുന്നു,
ദുസ്സഹമായ ഇരുട്ടിന്റെ അറകളില്‍,
പുറത്തേക്കുള്ള വാതിലുകള്‍ അടക്കപ്പെട്ട്,
അസ്വാതന്ത്ര്യത്തിന്റെ, അസംതൃപ്തിയുടെ,
അസ്സമാധാനത്തിന്റെ, ആത്മ വേദനകളോടെ,
അഗ്‌നി നരകങ്ങളില്‍ വലിച്ചെറിയുന്നു !
ജീവിച്ചു കൊണ്ട് മരിക്കുന്നു,
അല്ലെങ്കില്‍ മരിച്ചു കൊണ്ട് ജീവിക്കുന്നു ?

അഹന്തയായി അവന്‍ വരുന്നു,
അസ്സൂയയായി വളരുന്നു,
അഭിനിവേശമായി പടരുന്നു.
ആര്‍ത്തിയുടെ ദൃംഷ്ടങ്ങള്‍ ആഴത്തില്‍ ആഴത്തി,
അപരന്റെ അവകാശങ്ങള്‍ കടിച്ചു കീറുന്നു.
ചിതറിത്തെറിക്കുന്ന ചോരത്തുള്ളികളില്‍,
കാലം കവിതയെഴുതുന്നു :
അനീതി, അക്രമം,
യുദ്ധം, ക്ഷാമം.?
ചിന്തകളില്‍ വിഷം പരത്തുന്ന വിദ്യാഭ്യാസം,
സ്വന്തങ്ങള്‍ക്ക് അതിര്‍ മതില്‍ കെട്ടി വേര്‍തിരിക്കുന്‌പോള്‍,
ആകാശത്തിന്റെ അടിയിലെ വിശാല ലോകത്തില്‍,
ഉള്ളവന്‍ ഇല്ലാത്തവന്റെ ചുമലില്‍,
ഉഴവ് നുകം ചാര്‍ത്തി ആഘോഷിക്കുന്നു. ?

‘ ഇശാ വാസ്യ മിദം സര്‍വം ‘ എന്ന് ഋഷി സൂക്തം,
സര്‍വവും ഈശ്വരന്റെ ഭാഗം തന്നെ എന്നര്‍ത്ഥം.
കല്ലും, മണ്ണും, പുല്ലും, പുഴുവും, നാമും,
എല്ലാമാകുന്ന പ്രപഞ്ച ഭാഗങ്ങള്‍, അതിന്റെ വാഹകര്‍,
ദൈവ തേജസിന്റെ സജീവ പരിച്ഛേദങ്ങള്‍ !
ക്രിസ്തു ചൂണ്ടുന്ന അയല്‍ക്കാരന്‍ എന്നത്,
നാമൊഴികെയുള്ള നമ്മുടെ ലോകം എന്നര്‍ത്ഥം.
ബുദ്ധന്‍ കണ്ടെത്തിയ അഹിംസ മറ്റൊന്നല്ല,
കമ്യൂണിസ്റ്റു സോഷ്യലിസവും ഇത് തന്നെ !
ഹിംസ എന്നത് നിഷേധം തന്നെ.
നിഷേധിക്കപ്പെടാതിരിക്കുന്‌പോള്‍,
അംഗീകരിക്കപ്പെടുന്നു എന്ന് വരുന്നു.
അംഗീകരിക്കപ്പെടുന്‌പോള്‍ അവകാശിയായി തീരുന്നു,
അയല്‍ക്കാരനാകുന്നു, സഖാവാകുന്നു.
ഇവ കാലത്തിന്റെ ശബ്ദങ്ങള്‍,
കാതടച്ചു കൊണ്ട് നാം കേള്‍ക്കാതിരിക്കുന്നു.

കള്ള പ്രവാചകന്മാര്‍ ഉയിര്‍ക്കുന്നു,
അവര്‍ അറിവിന്റെ അവസാന വാക്കായി നിന്ന് കൊണ്ട്,
ആത്മ ജ്ഞാനത്തെ തള്ളിപ്പറയുന്നു.
ജ്ഞാനം അറിവിനേക്കാള്‍ ശ്രേഷ്ടമാകുന്നുവെന്ന്,
അവര്‍ അറിയുന്നില്ല.
അറിവ് അകലെ നിന്നുള്ള വിശകലനമാകുന്നു,
ജ്ഞാനമോ അകത്തു നിന്നുള്ള അനുഭവമാകുന്നു.
ഒരാള്‍ കടലിനെക്കുറിച്ച് അറിയുകയും, പഠിക്കുകയും ചെയ്‌യുന്‌പോള്‍,
ലബോറട്ടറികളില്‍ വച്ച് വിശകലനം ചെയ്യുന്‌പോള്‍,
അയാള്‍ കടലിനെക്കുറിച്ചുള്ള ‘ അറിവ് ‘ നേടിയെടുക്കുന്നു,
ആധികാരികതയോടെ കടലിനെക്കുറിച്ചു ക്‌ളാസെടുക്കുന്നു.
കടല്‍ത്തീരത്തെ മുക്കുവക്കുടിലില്‍ ജനിച്ച്,
കടല്‍ത്തിരകളില്‍ നീന്തിത്തുടിച്ചു വളര്‍ന്ന്,
ചാളപ്പോയ്ത്തും, ചാകരയും അനുഭവിച്ചറിഞ്ഞ കുട്ടി
മേല്‍പ്രകാരം പഠിച്ചു വരുന്‌പോള്‍,
കടലിനെക്കുറിച്ചുള്ള ‘ ജ്ഞാനം ‘ നേടുന്നു.

ദാവ്ര്‍ ഭാഗ്യകരമായി നാം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു,
ചാപ്പകള്‍ അടിപ്പിക്കപ്പെട്ട്, മുദ്രകള്‍ ഏല്പിക്കപ്പെട്ട്,
വംശങ്ങളും, വര്‍ഗ്ഗങ്ങളുമായി തരം തിരിക്കപ്പെട്ട്,
മത രാഷ്ട്രീയ സാമൂഹ്യാവസ്ഥകളുടെ
ചങ്ങലക്കെട്ടുകളില്‍ കുടുങ്ങി,
അറിയപ്പെടാത്ത വഴികളിലൂടെ ആട്ടിത്തെളിക്കപ്പെട്ട്,
അറവു ശാലകളുടെ അരികിലേക്ക്,
നടന്നടുക്കുകയാണ് നമ്മള്‍ ?

എണ്ണത്തെ വോട്ടുകളാക്കി അധികാരം ഉറപ്പിക്കുന്നു,
സംഖ്യയെ പെരുപ്പിച്ചു കൊണ്ട് മേധാവിത്വം നേടുന്നു,
സമൂഹത്തിന്റെ നെഞ്ചിലൂടെ തേര്‍ തെളിക്കുന്നു,
സത്യം കഴുത്തറുക്കപ്പെടുന്നു, ദൈവം നിഷേധിക്കപ്പെടുന്നു !?
ദൈവരാജ്യം തകര്‍ക്കപെടുന്നു, അധര്‍മ്മം ഫണം വിടര്‍ത്തുന്നു,
വിഷങ്ങള്‍ ആഹാരമാക്കുന്നു, രോഗങ്ങള്‍ വന്നു ചേരുന്നു,
തെറ്റുകള്‍ക്ക് ശിക്ഷ വിധിക്കുന്നു, തിരുത്തല്‍ കാറ്റില്‍ പറത്തുന്നു,
പരീക്ഷകളില്‍ പതറപ്പെടുന്നു, മാനസികമായി മരിക്കുന്നു,
അധമന്മാരാല്‍ തെളിക്കപ്പെടുന്നു, അറവു ശാലകളില്‍ അകപ്പെടുന്നു,
വെളിച്ചത്തില്‍ നിന്ന് തിരിച്ചോടുന്നു, ഇരുട്ടില്‍ തല പൂഴ്ത്തുന്നു .

ജന്മം, വൃദ്ധി, പരിണാമം, ക്ഷയം, എന്നിങ്ങനെ ചാതുര്‍ ചക്രവസ്ഥ,
പ്രപഞ്ച വസ്തുക്കള്‍ക്ക് ഇത് ബാധകമാവുന്നു,
ഓരോന്നിനും ഓരോ കാലം.
അല്‍പ്പായുസുകളായ അമീബകള്‍,
ആഴ്ചകളില്‍ പറക്കുന്ന ചിത്ര ശലഭങ്ങള്‍,
നൂറ്റാണ്ടുകള്‍ താണ്ടുന്ന ആമകള്‍,
പ്രകാശ വര്‍ഷങ്ങളില്‍ ചരിക്കുന്ന പ്രപഞ്ചം !
ഒരു ശത വര്‍ഷത്തില്‍ മനുഷ്യായുസ്സ്,
നാമറിയുന്ന പ്രപഞ്ചത്തിലെ ഉല്‍കൃഷ്ട ജീവി.
ഏറ്റവും നല്ല വസ്തുക്കള്‍ സ്വാംശീകരിക്കപ്പെട്ട്,
ഏറ്റവും നല്ല വസ്തുക്കളാല്‍ പോഷിപ്പിക്കപ്പെട്ട്,
ഏറ്റവും നല്ലതാവാന്‍ വേണ്ടി ഘടിപ്പിക്കപ്പെട്ട്,
ഏറ്റവും നല്ല വസ്തുവായ മനുഷ്യന്‍ !
ഒരു കോശത്തിന്റെ വില ഒരു ലോകത്തേക്കാളധികം !
ആരറിയുന്നു, ആരന്വേഷിക്കുന്നു, ?
അരിഞ്ഞു വീഴ്ത്തുകയാണ്, ചവിട്ടിത്തേക്കുകയാണ്,
അവനെ ! അവന്റെ ആത്മാവിനെ !
ദൈവ തേജസ്സിനെ !
ദൈവത്തെ !?

നാം നാളങ്ങള്‍ !
വെളിച്ചത്തിന്റെ സങ്കേതങ്ങള്‍ !
പ്രകാശത്തിന്റെ പ്രസരിപ്പുകാര്‍ !
കാലം കത്തിച്ച മെഴുകു തിരികള്‍ !
കറുത്ത ഇരുട്ടിന്റെ കരിന്പടക്കെട്ടിനുള്ളില്‍,
വെളിച്ചത്തിന്റെ വെള്ളി വീചികള്‍
പ്രസരിപ്പിച്ചു കൊണ്ട്,
ഉരുകി, ഉരുകി, ഉരുകി നമുക്കവസാനിക്കാം,
വേര്‍പിരിയാം, വിഘടിപ്പിക്കപ്പെടാം !
അനന്തമായ കാലത്തിന്റെ
അജ്ഞാതമായ നാളെകളില്‍,
അഗമ്യവും, അനിഷേധ്യവുമായ
അപാര ഭണ്ഡഗാരത്തില്‍ നിന്ന്,
ഇനിയുമൊരു തിരി നാളമായി,
വെളിച്ചത്തിന്റെ സങ്കേതമായി,
പ്രകാശത്തിന്റെ പ്രസരണമായി,
ഒരിക്കല്‍ കൂടി,
ഒരായിരം ഒരിക്കല്‍ കൂടി,
നമുക്ക് കത്തി നില്‍ക്കാം !

പ്രതീക്ഷകളുടെ,
സ്വപ്നങ്ങളുടെ,
സ്വര്‍ഗ്ഗ നാളങ്ങളായി?
കെടുത്താന്‍ വരുന്ന രാപ്പാറ്റകളില്‍ നിന്ന്,
രാത്രി വണ്ടുകളില്‍ നിന്ന്,
ദുഷ്ടന്മാരില്‍ നിന്ന് തന്നെ,
നമുക്ക് രക്ഷ നേടാന്‍ ശ്രമിക്കാം.
വെളിച്ചത്തെ ഏറ്റു വാങ്ങാം,
ഉള്‍ക്കൊള്ളാം, വഹിക്കാം.

തമസോമാ ജ്യോതിര്‍ഗ്ഗമയാ,
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്.
അസതോമാ സദ് ഗമയാ,
തിന്മയില്‍ നിന്ന് നന്മയിലേക്ക്
നമുക്ക് നടന്നടുക്കാം.
അപ്പോളാണ്,
മൃത്യോമാ അമൃതം ഗമയ :
മരണം മധുര തരമായ,
മധുരോദാരമായ, മനോഹരമായ,
അമൃത തരമായ,
ഒരനുഭവമാകുന്നത്, ആവേണ്ടത്,
ആയിത്തീരേണ്ടത് !
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അവിടുത്തെ തിരുനാമത്തിനു മഹത്വമുണ്ടാവട്ടെ !
ആദി മുതല്‍ അനാദി വരെ,
തലമുറ, തലമുറ വരേക്കും,
സര്‍വ കാലത്തോളവും !!

അവസാനിച്ചു.

Print Friendly, PDF & Email

Related News

Leave a Comment