കൊച്ചി: ശബരിമലയെ ഉപയോഗിച്ച് കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണം നടത്താന്‍ ശ്രമിച്ചത് ബിജെപിയും സംഘ്പരിവാറുമാണെന്ന സിപിഎമ്മിന്റെ വാദമുഖങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള തെളിവുകള്‍ നിരത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പ്രേരണാകുമാരി ബിജെപി അനുഭാവിയാണെന്നതിന്റെ തെളിവു നിരത്തിയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. “ചൗക്കിദാര്‍ പ്രേരണ” എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ സ്ക്രീന്‍ ഷോട്ടും ബിജെപി പതാക പിടിച്ചു നില്ക്കുന്ന പ്രേരണയുടെ ചിത്രവും സഹിതമാണ് കടകംപള്ളി ഫെയ്സ്ബുക്ക് പോസ്റ്റ്.
പ്രേരണാകുമാരിയുടെ സംഘപരിവാര്‍– ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് പറഞ്ഞതിനെതിരേ ഒരു സുപ്രീം കോടതി അഭിഭാഷകന് വഴി തനിക്ക് വക്കീല്‍ നോട്ടീസ് അയച്ച അവര്‍ പിന്നീട് കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.
ഇനിയെങ്കിലും ശബരിമല യുവതി പ്രവേശന കേസ് നല്‍കിയത് സംഘപരിവാറാണ് എന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരന് പിള്ളയും അടക്കമുള്ള നേതാക്കള്‍ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതല്‍ തെരുവോരങ്ങളില്‍ വരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങള്‍ മാപ്പ് പറയണമെന്നും കടകംപള്ളി തുറന്നടിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിങ്ങളോര്‍ക്കുന്നില്ലേ പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ്മി ശാസ്ത്രി, അല്‍ക്ക ശര്‍മ, സുധ പാല് എന്നിവരാണ് 12 വര്‍ഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീം കോടതിയില്‍ കേസ് നടത്തിയത്. ഇവര്‍ക്കുള്ള സംഘപരിവാര – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാന്‍ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന് വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.
പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകള്‍.
ആര്‍എസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കില്‍ നിങ്ങളെന്തിനാണ് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവര്‍ക്കായി മുന്‍കൂര്‍ മറുപടി നല്‍കാം. വിധി പുറപ്പെടുവിച്ചത് സുപ്രീം കോടതിയാണ്. ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് സര്‍ക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാല്‍ അതും സര്‍ക്കാര്‍ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകള്‍ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ട ലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീ പ്രവേശന കേസ് നല്‍കിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരന് പിള്ളയും അടക്കമുള്ളവര്‍ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതല്‍ തെരുവോരങ്ങളില്‍ വരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങള്‍ മാപ്പ് പറയണം.
“കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ
കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ….”
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply