Flash News
വാഗ്ദാനപ്രകാരം അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന ചെയ്തു   ****    കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍   ****    ഫ്ലോറിഡയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയില്ല, സംസ്ക്കാരം ടാമ്പയില്‍ നടത്തും   ****    കോവിഡ്-19: ആരോഗ്യപരിപാലന രംഗത്ത് മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍, 102 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു   ****    കോവിഡ്-19: വിദേശത്തുനിന്ന് വരുന്നവരുടെ നിരീക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു   ****   

രാഷ്ട്രീയനേതൃത്വങ്ങളുടെ പ്രകടനപത്രികകള്‍ പ്രഹസനപത്രികളായി അധഃപതിച്ചു: ഇന്‍ഫാം

March 29, 2019 , ഇന്‍ഫാം

Title 2019കൊച്ചി: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേതൃത്വങ്ങളും മുന്നണികളുമിറക്കുന്ന പ്രകടനപത്രികകള്‍ പ്രഹസനപത്രികകളായി അധഃപതിച്ചിരിക്കുന്നുവെന്നും മോഹനവാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് കര്‍ഷകരുള്‍പ്പെടെ പൊതുസമൂഹത്തെ വീണ്ടും വിഢിവേഷം കെട്ടിക്കാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

അധികാരത്തിലേറിക്കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ നല്‍കുന്ന വാഗ്ദാനങ്ങളോട് യാതൊരുതരത്തിലും നീതിപുലര്‍ത്താത്ത പ്രകടനപത്രികകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കാര്‍ഷികകടം എഴുതിത്തള്ളല്‍ പ്രഖ്യാപനവും തുടര്‍ന്നിറക്കിയ സര്‍ക്കാര്‍ ഉത്തരവും പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രായോഗികതലത്തില്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.

ആറരപതിറ്റാണ്ട് രാജ്യം ഭരിച്ചവര്‍ ഇപ്പോഴും രാജ്യത്തെ പട്ടിണി, തൊഴിലില്ലായ്മ, കര്‍ഷകരക്ഷ, മിനിമം വേതനം എന്നീ വിഷയങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് വിരോധാഭാസമാണ്. രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാറുകളിലൂടെ കാര്‍ഷികമേഖലയെ വിദേശശക്തികള്‍ക്ക് തീറെഴുതിക്കൊടുത്തവരുടെ അധികാരനഷ്ടത്തിലുയര്‍ത്തുന്ന കര്‍ഷകസ്‌നേഹം കാപഠ്യമാണ്. ‘‘ഗരീബി ഹഠാവോ’’ പ്രസംഗിച്ചവര്‍ ആത്മഹത്യചെയ്യുന്ന കര്‍ഷകനെയും തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയെയും അധികാരത്തിലിരുന്നപ്പോള്‍ മറന്നിട്ട് പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്നത് പൊള്ളയായ വാഗ്ദാനമെന്ന് തിരിച്ചറിയുവാന്‍ ഇന്നത്തെ കര്‍ഷകനാകും. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും 15 ലക്ഷംവെച്ച് ഇന്ത്യയിലെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ ഇട്ടുതരുമെന്നും ‘‘അച്ഛാദിന്‍’’ വരുമെന്നും കര്‍ഷകവരുമാനം ഇരട്ടിയാക്കുമെന്നും 2014ല്‍ എന്‍ഡിഎ നല്‍കിയ വാഗ്ദാനവും ഗരീബി ഹഠാവോ പോലെ പാഴ്‌വാക്കായിയെന്നു മാത്രമല്ല കര്‍ഷകര്‍ സ്വന്തം കൃഷിഭൂമിയില്‍ മരിച്ചുവീഴുന്ന സാഹചര്യമാണ് ഈ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട് ആവര്‍ത്തിക്കുന്നത്.

തൊഴിലാളികള്‍ക്ക് 18,000 രൂപ മിനിമം വേതനം നിയമാനുസൃതമാക്കുമെന്ന് പ്രഖ്യാപിക്കുന്നവര്‍ രാജ്യത്തുടനീളം മരിച്ചുവീഴുന്ന കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ നിശബ്ദരാകുന്നു. കാര്‍ഷിക കടങ്ങള്‍ക്കുള്ള മോറട്ടോറിയം പ്രഖ്യാപനവും കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പതിനായിരക്കണക്കിന് കര്‍ഷകര്‍ ജപ്തിഭീഷണിയില്‍ ജീവിതത്തകര്‍ച്ച നേരിടുമ്പോള്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന ഭരണനേതൃത്വങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് നിരന്തരം അപലപിക്കുകയും അതിനെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്യുമ്പോള്‍ സ്വന്തം നാട്ടില്‍ ഇതിനോടകം 29 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് നിസാരവത്കരിക്കുന്നു.

കര്‍ഷകരുടെ കണ്ണീര്‍ കാണാന്‍ സാധിക്കാത്ത ഭരണകൂടങ്ങളുടെ കപടപത്രികകളില്‍ കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് വേളകളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും മുന്നണികളുടെയും പ്രകടനപത്രികകള്‍ക്ക് ഒരു ചലനവുമുണ്ടാക്കാനാവില്ല. വര്‍ഗീയതയും വര്‍ഗസമരവും ജാതിയും മതവുമല്ല ഭരണവിലയിരുത്തലുകളും ജനകീയവിഷയങ്ങളും സ്ഥാനാര്‍ത്ഥികളുടെ ആദര്‍ശശുദ്ധിയും സാമൂഹ്യപ്രതിബദ്ധതയുമായിരിക്കും തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ വോട്ടിന് മാനദണ്ഡമാക്കുന്നതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top