സഞ്ചാരം, സാഹിത്യം , സന്ദേശം (പുസ്തകാവലോകനം)

sancharam banner-1അമേരിക്കന്‍ സാഹിത്യ നഭോമണ്ഡലത്തില്‍ പ്രശോഭിക്കുന്ന ഉജ്ജ്വല നക്ഷത്രങ്ങള്‍ക്കിടയില്‍ ധ്രുവ നക്ഷത്ര സമാനം അഥവാ അരുന്ധതി നക്ഷത്രം പോലെ വിരാജിക്കുന്ന അതുല്യ സാഹിത്യ പ്രതിഭയാണ് വിശ്വവിഖ്യാതയും നമുക്കേവര്‍ക്കും സുപരിചിതയുമായ ശ്രീമതി സരോജ വര്‍ഗീസ് എന്ന സാഹിത്യകാരി. എല്ലായ്‌പ്പോഴും നിഷ്ക്കളങ്കമായ ഒരു പുഞ്ചിരിയോടെ മാത്രം നാം കാണുന്ന ശ്രീമതി സരോജയെ വിനയത്തിന്റെ പ്രതിരൂപമായി ലോകം കരുതുന്നതില്‍ തെല്ലും അതിശയോക്തിയില്ല. ഈശ്വരാനുഗ്രഹത്താല്‍ എല്ലാ നേട്ടങ്ങളും ഉണ്ടായിട്ടും ആ മുഖത്തിലോ അവരുടെ പെരുമാറ്റത്തിലോ അല്പം പോലും അഹങ്കാരത്തിന്റെ പോറലേറ്റിട്ടില്ല എന്നത് എല്ലാവര്‍ക്കും നിസ്സങ്കോചം സമ്മതിക്കേണ്ടി വരുന്ന ഒരു നഗ്‌ന സത്യം മാത്രം.

2018-ല്‍ ശ്രീമതി സരോജ വര്‍ഗീസ് പ്രസിദ്ധീകരിച്ച ‘സഞ്ചാരം, സാഹിത്യം, സന്ദേശം’ എന്ന വിവിധ വിഷയങ്ങളുടെ സമ്മിശ്രമായ കൃതിയ്ക്കു പുറമെ ചെറുകഥകള്‍, യാത്രാവിവരണങ്ങള്‍, വിവര്‍ത്തനങ്ങള്‍, ലേഖനങ്ങള്‍, ക്രിസ്തുമസ് ഗാനങ്ങള്‍, ‘ജോ’ യെക്കുറിച്ചുള്ള കരളലിയിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍, ആത്മകഥ, എല്ലാമുള്‍പ്പടെ ഇതു വരെ 12 കൃതികള്‍ പ്രസിദ്ധീകരിച്ചു വിജയശ്രീലാളിതയായി തന്റെ സാഹിത്യ സപര്യ സാകൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

അമേരിക്കയിയിലെ കലാസാംസ്കാരികസാമൂഹ്യ ആത്മീയ രംഗങ്ങളില്‍ എപ്പോഴും തന്റെ സജീവ സാന്നിദ്ധ്യം തികഞ്ഞ സമര്‍പ്പണ ബോധത്തോടെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ശ്രീമതി സരോജ വര്‍ഗീസ്, യുവതലമുറയ്‌ക്കൊരു പ്രചോദനമാണ്. ആലസ്യമേശാതെയുള്ള സാഹിത്യ പ്രവര്‍ത്തനം ദിനചര്യയാക്കി മാറ്റിയ അവരുടെ ഈ പന്ത്രണ്ടാമത്തെ കൃതിയില്‍ (270 പേജുകള്‍) ഇതുവരെ താന്‍ സന്ദര്‍ശിച്ചിട്ടുള്ള രാജ്യങ്ങളെപ്പറ്റിയുള്ള അഞ്ച് രസകരമായ സഞ്ചാരക്കുറിപ്പുകളും, ആകര്‍ഷണീയമായ ഗ്രാമീണ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഒരു കര്‍ഷക കുടുംബ ജീവിതത്തെ ആവിഷ്കരണ ഭംഗിയോടെ അവതരിപ്പിക്കുന്ന ഒരു ലഘു നോവലും, വ്യത്യസ്ത സാമൂഹിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രസകരമായ 38 ഹ്രസ്വ ലേഖനങ്ങളും, അവസാനത്തെ പേജുകളില്‍ കുടുംബാംഗങ്ങളുടെ മനോഹരമായ വര്‍ണ്ണ ചിത്രങ്ങളും, മറ്റു പൊതുവായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സുസ്‌മേരവദനയായി നില്‍ക്കുന്ന തന്റെ ലളിതമായ ചിത്രത്തോടെയുള്ള വളരെ ആകര്‍ഷണീയമായ ഈ പുസ്തകം വായിക്കാനെടുക്കുമ്പോള്‍, ഓരോ പേജ് വായിക്കുമ്പോഴും, അടുത്ത പേജിലേക്കു പോകാനുള്ള ജിജ്ഞാസ വളരുന്നതായി അനുഭവപ്പെടും. പദലാളിത്യവും, ഭാഷാസൗകുമാര്യവും, വസ്തുതകളുടെ രസകരമായ ആവിഷ്കരണ ഭംഗിയും, ഈ ഗ്രന്ഥത്തിന്റെ വായനാസുഖം വര്‍ദ്ധിപ്പിക്കുന്നു. ആ ഗുണം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകം വായിച്ചു തീര്‍ക്കാനുപകരിച്ചു.

അമേരിക്കയിലെ പ്രശസ്ത സാഹിത്യകാരനും കവിയും സാഹിത്യനിരൂപകനുമായ സുധിര്‍ പണിക്കവീട്ടിലിന്റെ സുദീര്‍ഘ സുന്ദരമായ അവതാരിക ഈ പുസ്തകത്തിന് കനകമകുടം ചാര്‍ത്തിയിരിക്കുന്നു!

‘സഞ്ചാരം, സാഹിത്യം, സന്ദേശം’ എന്ന ഈ ബൃഹദ്‌ഗ്രന്ഥത്തില്‍ ഗ്രന്ഥകര്‍ത്രി തന്റെ വിവിധ ദേശങ്ങളിലുള്ള സന്ദര്‍ശനാനന്തരമുള്ള വിവരണങ്ങള്‍ സഞ്ചാരക്കുറിപ്പുകള്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. യാത്രാവിവരണവും സഞ്ചാരക്കുറിപ്പും തമ്മിലുള്ള നേരിയ വ്യത്യാസം സാധാരണക്കാരനായ അനുവാചകന് വളരെ ലളിതമായി മനസ്സിലാക്കികൊടുത്തിരിക്കുന്നു. കേരളത്തിലെ പ്രകൃതിരമണീയങ്ങളായ സ്ഥലങ്ങളിലൂടെയുള്ള പര്യടനം, വിനോദാര്‍ത്ഥവും, വിജ്ഞാനപ്രദവുമായി അവര്‍ കരുതുന്നു. ആ വേളയില്‍, അനാരോഗ്യം മൂലം അവിടുത്തെ ഒരു ആയുര്‍വ്വേദ ചികിത്സാ കേന്ദ്രത്തില്‍ കഴിയേണ്ടിവന്നതും മറ്റും വിശദമായി വിവരിച്ചിരിക്കുന്നു. സന്ദര്‍ശന വേളയില്‍ കേരളത്തിലെ പുണ്യസ്ഥലമായ ശബരിമലയുടെ താഴ്‌വരയില്‍ ഒഴുകുന്ന പമ്പാ നദിയുടെ പുളിനം വരെ പോയി, പക്ഷെ, തുടര്‍ന്നുള്ള മലകയറ്റം അസാദ്ധ്യമായി തോന്നിയതിനാല്‍ അവിടെ വച്ചു സമാപിപ്പിച്ചു മടങ്ങേണ്ടതായി വന്നുവെന്നു പറയുമ്പോള്‍ അതില്‍ ആഗ്രഹിച്ചപോലെ യാത്ര പൂര്‍ത്തീകരിക്കാനാവാത്ത വിഷാദം കാണാന്‍ കഴിയും.

അടുത്തതായി, ‘നീലക്കുറിഞ്ഞികള്‍’ പൂക്കുന്ന മൂന്നാറിലേക്കുള്ള സുദീര്‍ഘമായ യാത്രയും, മൂന്നാറിന്‍റെ സൗകുമാര്യതയും, നിറപ്പകിട്ടാര്‍ന്ന നീലക്കുറിഞ്ഞിയെന്ന പുഷ്പ്പത്തിന്റെ ഉല്പത്തിയെപ്പറ്റിയുള്ള ഒരു ഹൃസ്വമായ കഥയും അനുവാചകനു വിരസത തോന്നാത്ത വായനാസുഖം പകരും. മൂന്നാര്‍ എന്ന പേരിന്റെ ആവിര്‍ഭാവവും നമുക്ക് മനസ്സിലാക്കിത്തരുന്നു.

തുടര്‍ന്നുള്ള സിംഗപ്പൂര്‍ സന്ദര്‍ശനത്തില്‍താന്‍ കണ്ട സിംഹപുരിയും അവിടുത്തെ സവിശേഷതകളും ജനങ്ങളും അവരുടെ സംസ്കാരവും, സൗന്ദര്യം തുളുമ്പുന്ന ദൃശ്യങ്ങളും വളരെ വിശദമായി നമുക്ക് വിവരിച്ചു തരുന്നു. ‘സിംഹപുരി’ എന്ന സംസ്കൃത പദത്തില്‍ നിന്നത്രേ സിംഗപ്പൂര്‍ എന്ന പേര് ഉണ്ടായതെന്ന് നമുക്ക് മനസ്സിലാകുന്നു. നാമും അവരോടൊപ്പം സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നതുപോലെയോ, അഥവാ നേരില്‍ കാണുന്നതു പോലെയോ അനുഭവപ്പെടും. പിന്നീട് മലേഷ്യ സന്ദര്‍ശിച്ചതും അവിടുത്തെ ഹൃദയഹാരികളായ ദൃശ്യങ്ങളും വായനക്കാരന് രസം പകരും. മലേഷ്യയുടെ തലസ്ഥാനമായ ‘കോലാലം‌പൂര്‍’ എന്ന ‘മലയ’ വാക്കിന്റെ അര്‍ത്ഥം ചെളിമയമായ അഴിമുഖമെന്നു ലേഖിക നമുക്ക് പറഞ്ഞുതരുന്നു. അവിടെയും ഹോട്ടലുകളില്‍ നമ്മുടെ പ്രിയപ്പെട്ട ഭക്ഷണമായ വടയും, ഇഡ്ഡലിയും, സാമ്പാറും ലഭിക്കുന്നുവെന്ന വാര്‍ത്ത ഭാരതീയരായ വിദേശ സഞ്ചാരികള്‍ക്ക് അല്‍പ്പം ആശ്വാസം പകരും. തുടര്‍ന്നുള്ളത് അവരുടെ ചൈനീസ് പര്യടനവും, അവിടുത്തെ അനുഭവങ്ങളുമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ‘സര്‍ ഹെന്‍ട്രി മക്‌‌മഹോന്‍’ എന്ന ഇംഗ്ലീഷുകാരന്റെ പേരില്‍ നിന്നാണ് ‘മെക് മഹോന്‍ രേഖ’എന്ന പേര് ഇന്ത്യ ചൈന അതിര്‍ത്തിക്ക് ലഭിച്ചതെന്നുള്ള വിവരം മിക്ക വായനക്കാര്‍ക്കും ഒരു പുതിയ അറിവായിരിക്കും.

അവിടെനിന്നുമുള്ള ജപ്പാന്‍ സന്ദര്‍ശന വിവരങ്ങളും നന്നായിരിക്കുന്നു. ജപ്പാനിലെ നാഗസാക്കി ഉദയസൂര്യന്റെ നാടായി കരുതപ്പെടുന്നു. ഹിരോഷിമയും നാഗസാക്കിയും രണ്ടാം ലോകമഹായുദ്ധത്തില്‍ അനുഭവിച്ച ദുരന്തങ്ങളുടെ തിക്താനുഭവങ്ങള്‍ നമ്മോടു നേരിട്ടു പറയുന്നതുപോലെ തോന്നും. ചൈനയിലെയും ജപ്പാനിലെയും കാഴ്ചകളെപ്പറ്റിയും അനുഭവങ്ങളെപ്പറ്റിയും ഇവിടെ വിവരിച്ചാല്‍ ഇതിന്റെ ദൈര്‍ഖ്യം വര്‍ദ്ധിക്കുമെന്ന ആശങ്കയാലും, അനുവാചകന്‍ നേരിട്ടു വായിച്ചു വായനാസുഖം അനുഭവിക്കട്ടെയെന്ന ആശയാലും ഇത് ഇവിടെ ചുരുക്കുന്നു.

അടുത്തതായി സാഹിത്യ ശാഖയില്‍ നാട്ടുമ്പുറത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തലവനായ മത്തായിച്ചന്റെയും ഭാര്യ സാറാമ്മയുടെയും പെണ്‍‌മക്കളായ സൂസമ്മയുടെയും മേരിയുടെയും, അവര്‍ പല കഷ്ടങ്ങളുടെ അഗ്‌നിപരീക്ഷണങ്ങളിലൂടെ കടന്നുപോയ ഹൃദയസ്പര്‍ശിയായ കുടുംബ കഥ ചിത്രീകരിക്കുന്ന നോവലാണ് ‘മിനിക്കുട്ടി എന്ന സൂസമ്മ.’ കഠിനാധ്വാനികളും ശുദ്ധഹൃദയരുമായ ആ ദമ്പതികള്‍ക്ക് ജീവിതസരണിയില്‍ യാത്ര ചെയ്യുമ്പോള്‍ കൊടുങ്കാറ്റില്‍ ആടിയുലയുന്ന കുടുംബനൗകയിലെ പ്രാരാബ്ധപൂര്‍ണ്ണമായ യാത്രാനുഭവങ്ങള്‍ എത്ര ശ്രമകരമായിരിക്കുമെന്നു നാം നേരിട്ടറിയുന്നപോലെ തോന്നും. അത് ജീവിതയാഥാര്‍ഥ്യങ്ങള്‍ നമ്മുടെ മുമ്പില്‍ തുറന്നു കാണിക്കുന്ന പ്രശംസനീയമായ ഒരു ഉദ്യമമാണെന്നു പറയാം.

ഈ പുസ്തകത്തിലെ ത്രിതീയ ശാഖയായ സന്ദേശം എന്ന ശീര്‍ഷകത്തില്‍ ഉപസംഹാര വിഭാഗത്തില്‍ ഗ്രന്ഥകര്‍ത്രി അമേരിക്കയിലെ വിവിധ സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരെപ്പറ്റിയും അവരുടെ സാഹിത്യ രചനകളെപ്പറ്റിയും വളരെ വിശദമായി പരാമര്‍ശിച്ചിരിക്കുന്നു. എല്ലാത്തിലുമുപരി, ഒരു സാഹിത്യകാരന്റെ സാമൂഹിക പ്രതിബദ്ധത എത്ര പ്രാധാന്യമര്‍ഹിക്കുന്നതെന്ന് ശ്രീമതി സരോജ വ്യക്തമാക്കുന്നു (പേജ് 167 168). ഈ ബോധത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സാഹിത്യസേവനം വെറുമൊരു പ്രഹസനമോ വഴിപാടോ ആക്കാതെ എത്രയോ ധന്യമാക്കാം.

യുവതലമുറയുടെ ഉത്തരവാദിത്വബോധവും മാതാപിതാഗുരു ബന്ധവും വളര്‍ത്താന്‍ മാതാപിതാക്കള്‍ മാത്രമല്ല, അദ്ധ്യാപകരും ഒരുമിച്ചു പ്രവര്‍ത്തിച്ചാലേ സമൂഹത്തിനും രാഷ്ട്രത്തിനും നല്ല തലമുറയെ വാര്‍ത്തെടുക്കാനാവുകയുള്ളെന്നും പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.

തന്നെയുമല്ല, ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ ആത്മവിശ്വാസവും മൂല്യാധിഷ്ടിതമായ ദാര്‍ശനിക വീക്ഷണവും ക്ഷമാശീലവും നര്‍മ്മബോധവും എല്ലാം പ്രാധാന്യമര്‍ഹിക്കുന്നു. ഉപരി, സംഭാഷണം, സ്‌നേഹമസൃണമായ പെരുമാറ്റം, സൗഹൃദ മനോഭാവം, പ്രതിബദ്ധതകള്‍, പ്രതിബന്ധങ്ങള്‍, ഭയം, രാഗദ്വേഷാദികള്‍, അപകര്‍ഷതാബോധം, കൃതജ്ഞതാ ബോധം, സ്ത്രീകളുടെ സാമൂഹികപ്രതിബദ്ധതകള്‍, മാധ്യമങ്ങളുടെ ഉത്തരവാദിത്വം, കുളിരണിയിക്കുന്ന മാതൃ സ്മരണകള്‍, കുടുംബ ജീവിതത്തില്‍ ഉടലെടുക്കുന്ന വെല്ലുവിളികള്‍ എന്നു വേണ്ട നമ്മുടെ സാധാരണ ജീവിതത്തെ സാരമായി സ്പര്‍ശിക്കുന്ന എല്ലാ കാര്യങ്ങളും അതെ, ശ്രിമതി സരോജാ വര്‍ഗീസ് തന്റെ വീക്ഷണത്തില്‍ ഉള്‍പ്പെടുത്താത്ത വിഷയങ്ങളില്ല.

തന്റെ സാമൂഹിക സാഹിത്യ സഞ്ചാര കുടുംബ ജീവിതത്തില്‍ ലഭ്യമായ, ഒരിക്കലും മറക്കാനാവാത്ത അനര്‍ഘനിമിഷങ്ങളെ അനുസ്മരിപ്പിക്കുന്ന, അനേകം വര്‍ണ്ണചിത്രങ്ങളടങ്ങിയ മനോഹരമായ ഈ ഗ്രന്ഥം പ്രവാസി സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണെന്നതില്‍ രണ്ടു പക്ഷമില്ല!

വാഗ്‌ദേവതയായ സരസ്വതിയുടെ നിരന്തര കടാക്ഷത്താല്‍ 12 മഹദ്‌ഗ്രന്ഥങ്ങള്‍ക്കു ജന്മം നല്‍കിയപ്പോള്‍ അതിന് അനുയോജ്യമായ, അരിയപ്രതിഫലമായി, ദേവി ശ്രീമതി സരോജയുടെ മേല്‍ ആദരണീയമായ 15 വിവിധ പുരസ്കാരങ്ങളുടെ പുഷ്പവൃഷ്ടി തന്നെ ചെയ്ത് അനുഗ്രഹിച്ചു. അപ്രതീക്ഷിതമായ പുരസ്കാരങ്ങള്‍ അംഗീകാരാര്‍ത്ഥമുള്ള പാരിതോഷികങ്ങള്‍ മാത്രമല്ല, പ്രചോദനാത്മകങ്ങളായ പ്രതിഫലങ്ങളായും കാണണം. സാഹിത്യ സേവനം കേരളത്തിലാവട്ടെ അമേരിക്കയിലാവട്ടെ ലോകത്തിന്റെ ഏതു കോണിലുമാവട്ടെ, അത് കൈരളിയുടെ പദ്മപാദങ്ങളില്‍ സമര്‍പ്പിക്കുന്ന അക്ഷരപുഷ്പങ്ങളാകുന്നു.

അപ്രകാരമുള്ള ഉദ്യമത്തില്‍ ശ്രീമതി സരോജ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു!

വായിച്ചു തീര്‍ന്നപ്പോള്‍ ധാരാളം അറിവുകള്‍ പ്രദാനം ചെയ്യുന്ന ഒരു നല്ല പുസ്തകം വായിച്ചെന്ന ആത്മസംതൃപ്തി അനുഭവപ്പെട്ടു.

വിനയം തുളുമ്പുന്ന ആ മന്ദഹാസം എന്നും ആ മുഖത്തില്‍ ഉണ്ടായിരിക്കട്ടെ!

ശ്രീമതി സരോജാ വര്‍ഗീസിന് എല്ലാ നന്മകളും നേരുന്നു. ഈ സാഹിത്യ സപര്യ നിര്‍വിഘ്‌നം തുടരാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!

Print Friendly, PDF & Email

Related News

Leave a Comment