ബഹിരാകാശത്തും ഡോവലിന്റെ തെരഞ്ഞെടുപ്പു മിസൈല്‍

Dovalinte banner-1നോട്ട് നിരോധനം രാജ്യത്തെ നേരിട്ടറിയിച്ചതുപോലെയാണ് ബുധനാഴ്ച ഉപഗ്രഹവേധ മിസൈല്‍ (എ സാറ്റ്) പരീക്ഷണം വിജയിച്ചകാര്യവും പ്രധാനമന്ത്രി മോദി ജനങ്ങളെ നേരിട്ടറിയിച്ചത്. യു.എസിനും റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പം ബഹിരാകാശത്തെ വന്‍ ശക്തിയായി ഇന്ത്യ മാറിയെന്ന വിവരം.

രാജ്യരക്ഷയ്ക്കുള്ള ഗവേഷണ – വികസന സംഘടന(ഡി.ആര്‍.ഡി.ഒ)യുടെ ആഭിമുഖ്യത്തില്‍ നമ്മുടെ ഉന്നത ശാസ്ത്രജ്ഞര്‍ കൈവരിച്ച ഈ നേട്ടത്തെ ഉടനെതന്നെ പ്രധാനമന്ത്രി യു.പിയിലെ മീററ്റില്‍ തെരഞ്ഞെടുപ്പു റാലിയില്‍ രാഷ്ട്രീയവത്ക്കരിച്ചു. ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും കരുത്തുകാട്ടാന്‍ കാവല്‍ക്കാരനേ കഴിയൂ എന്ന് ആഞ്ഞടിച്ചു.

Photo1തെരഞ്ഞെടുപ്പുചട്ടം നിലവില്‍ വന്നിട്ടും തെരഞ്ഞെടുപ്പു കമ്മീഷനെ മുന്‍കൂട്ടി അറിയിക്കാതെയാണ് മോദി രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയുടെ പ്രസംഗം ഓര്‍മ്മിപ്പിച്ചത് ആണവതന്ത്രവും ആണവ വ്യാപന വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ആധികാരിക വക്താവും ഗ്രന്ഥകാരനുമായ ജോര്‍ജ് പെര്‍ക്കോവിച്ചിന്റെ വാക്കുകളാണ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1974ല്‍ രാജസ്ഥാനിലെ പൊക്രാനില്‍ നടത്തിയ ആദ്യ അണുബോംബ് സ്‌ഫോടനത്തെ വിലയിരുത്തി ‘ഇന്ത്യയുടെ ആണവ ബോംബ്’ എന്ന പുസ്തകത്തില്‍ പെര്‍ക്കോവിച്ച് പറഞ്ഞു:

‘രാഷ്ട്രീയമായ നിലപാടുകളില്‍ കേന്ദ്രീകരിക്കുന്നതിനു പകരം വീരസാഹസികത്വത്തിന്റെ പേരില്‍ രാജ്യത്തെ അവര്‍ ആവേശം കൊള്ളിച്ചിരിക്കുന്നു. രാഷ്ട്രീയമായി വളയപ്പെട്ട പ്രധാനമന്ത്രി വ്യക്തിപരമായ കണക്കുകൂട്ടലുകള്‍ക്കനുസരിച്ച് വിശ്വസ്തരായ ആണവ ശാസ്ത്രജ്ഞരുടെ സ്വാധീനത്തില്‍ നിര്‍വ്വഹിച്ചതാണിത്.’

ബംഗ്ലാദേശ് യുദ്ധത്തെതുടര്‍ന്നുള്ള വീരപരിവേഷം 1974 ആയപ്പോഴേക്കും ചോര്‍ന്നുകഴിഞ്ഞിരുന്നു. അതിശക്തമായ റെയില്‍വെ സമരവും ഗുജറാത്ത് പ്രക്ഷോഭവും ജെ.പി പ്രസ്ഥാനത്തിന്റെ മുന്നേറ്റവും സൃഷ്ടിച്ച പ്രതിസന്ധി. അതിനെ നേരിടാനാണ് സമാധാന ആവശ്യങ്ങളുടെ പേരില്‍ പൊക്രാനില്‍ ‘ബുദ്ധന്‍ ചിരിക്കുന്നു’ എന്ന പേരില്‍ അതീവ രഹസ്യമായി ആണവ പരീക്ഷണം നടത്തിയത്.

നോട്ട് റദ്ദാക്കല്‍, കള്ളപ്പണം പിടിച്ചെടുക്കല്‍, അഴിമതി നിര്‍മ്മാര്‍ജ്ജനം, ജി.എസ്.ടി നടപ്പാക്കല്‍ തുടങ്ങിയ മോദിയുടെ ഭരണ നടപടികളെല്ലാം പരാജയപ്പെട്ടു. കശ്മീരില്‍ ബി.ജെ.പി പി.ഡി.പിയുമായി ചേര്‍ന്നുണ്ടാക്കിയ ‘മാതൃകാ കൂട്ടുകക്ഷി ഭരണ’വും മോദിതന്നെ തകര്‍ത്തു. രാഷ്ട്രീയ – ഭരണ നേട്ടങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് ജയിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് രാജ്യസുരക്ഷയും കരുത്തനായ നേതാവും എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബാലാക്കോട്ട് ബോംബാക്രമണവും ഇപ്പോള്‍ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണവും തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത്. അയോധ്യയും ശ്രീരാമ ക്ഷേത്രവും ശബരിമലയുമൊക്കെ വേണ്ടെന്നുവെക്കുന്നത്.

ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം പൊക്രാന്‍ അണുപരീക്ഷണം തെരഞ്ഞെടുപ്പ് അജണ്ടയായിരുന്നില്ല. ഇന്ത്യയുടെ പരമാധികാരത്തില്‍ കൈവെക്കുന്നതില്‍നിന്ന് അമേരിക്കയെയും യു.എസ്.എസ്.ആറിനെയും ചൈനയെയും തടയുന്ന നടപടിയായിരുന്നു അതെന്ന് പെര്‍ക്കോവിച്ചുതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലും തുടര്‍ന്ന് അധികാരത്തിലിരിക്കാന്‍ വ്യക്തിപരമായ ഒരു അജണ്ടയായാണ് എ സാറ്റ് മിസൈല്‍ പരീക്ഷണം മോദി നടത്തിയിരിക്കുന്നത്.

doval2തന്ത്രപരമായ നയ തീരുമാനങ്ങളെടുക്കുന്ന ഗ്രൂപ്പി(എസ്.പി.ജി)ന്റെ അധ്യക്ഷനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ നിയോഗിച്ചതിനു ശേഷമുള്ള നിര്‍ണ്ണായക തീരുമാനങ്ങളാണ് ബാലാക്കോട്ട് ആക്രമണവും എ സാറ്റ് പരീക്ഷണവും. നാലര വര്‍ഷം അധികാരത്തിലിരുന്നിട്ടും ബഹിരാകാശ മിസൈല്‍ പരീക്ഷണം പ്രധാനമന്ത്രിയുടെ അജണ്ടയിലുണ്ടായിരുന്നില്ല. അജിത് ഡോവലിന്റെ മുന്‍കൈയിലാണ് അതിപ്പോള്‍ നടത്തിയതെന്ന് ഡി.ആര്‍.ഡി.ഒ വിന്റെ വ്യാഴാഴ്ചത്തെ വിശദീകരണം വെളിപ്പെടുത്തുന്നു: ‘ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അനുമതി കിട്ടിയശേഷം രാത്രിയെ പകലാക്കിയാണ് നിശ്ചിത സമയത്തിനുള്ളില്‍ ‘ശക്തി ദൗത്യം’ പൂര്‍ത്തിയാക്കിയത്.’ പൃഥ്വി മിസൈലിന്റെ തുടര്‍ച്ചയാണ് എ സാറ്റ് എന്ന വിമര്‍ശനത്തിന് മറുപടി പറഞ്ഞ ഡി.ആര്‍.ഡി.ഒ ചെയര്‍മാര്‍ ജി സതീഷ് റെഡ്ഢിയുടെ പ്രതികരണത്തില്‍ തന്നെ കൃത്യമായി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. യു.എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യു.പി.എ ഗവണ്മെന്റ് മാറ്റിവെച്ച ഡി.ആര്‍.ഡി.ഒ പരീക്ഷണ പദ്ധതി അടിയന്തരമായി തെരഞ്ഞെടുപ്പിനുവേണ്ടി ചുട്ടെടുക്കുകയായിരുന്നു.

2018 ഒക്‌ടോബര്‍ ആദ്യത്തിലാണ് ക്യാബിനറ്റ് സെക്രട്ടേറിയറ്റ് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി പ്രധാനമന്ത്രി എസ്.പി.ജി അധ്യക്ഷനായി ഡോവലിനെ നിയമിക്കുന്നത്. പ്രധാനമന്ത്രിയോടു മാത്രം ഉത്തരവാദിത്വമുള്ള പദവിയില്‍. ആ ആറുമാസത്തിനിടയ്ക്കാണ് എ സാറ്റ് പരീക്ഷണ പദ്ധതി നൂറു ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിലൂടെ പ്രാവര്‍ത്തികമാക്കിയതെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ സതീഷ് റെഡ്ഢി വെളിപ്പെടുത്തുന്നു.

ഇന്ദിരാഗാന്ധി പൊക്രാന്‍ – 1 ആസൂത്രണം ചെയ്തപ്പോഴും വാജ്‌പേയി പൊക്രാന്‍ – 2 അണുബോംബ് പരീക്ഷണം നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴും അമേരിക്കയുടെ ശക്തമായ ഇടപെടലുണ്ടായിരുന്നു. ഒടുവില്‍ സി.ഐ.എയ്ക്കുപോലും മണംപിടിക്കാന്‍ അനുവദിക്കാതെ ഇന്ത്യയെ ആണവായുധ ശക്തിയാക്കി ഇന്ദിരാഗാന്ധി മാറ്റിയത് ജെറാള്‍ഡ് ഫോര്‍ഡ് ഭരണകൂടത്തെയും സി.ഐ.എയും ഞെട്ടിച്ചു. വാജ്‌പേയി ഭരണത്തില്‍ ഇന്ത്യ അമേരിക്കയുമായി അടുക്കുന്നതിനുള്ള നീക്കങ്ങള്‍ വിദേശമന്ത്രി ജസ്വന്ത് സിംഗിന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോയപ്പോഴാണ് രണ്ടാം പൊക്രാന്‍ പരീക്ഷണത്തിനുനേരെ അമേരിക്ക കണ്ണടച്ചത്.

തന്ത്രപരമായ പെന്റഗണില്‍പോലും ഇന്ത്യയ്ക്ക് പ്രത്യേകം ഓഫീസ് പതിച്ചുകിട്ടിയ മോദി ഭരണത്തില്‍ ബാലാക്കോട്ട് ആക്രമണവും എ സാറ്റ് പരീക്ഷണവും കൃത്യമായും പ്രസിഡന്റ് ട്രംപിനെ അറിയിച്ചുകൊണ്ടുതന്നെയാണ് മോദിയും ഡോവലും നടത്തിയത്. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിനെതിരെ യു.എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനനന്‍ വ്യാഴാഴ്ച ‘മുന്നറിയിപ്പു’ നല്‍കിയിട്ടുണ്ട്. അതേസമയംതന്നെ യു.എസ് പ്രതിരോധ മന്ത്രാലയവക്താവിന്റെ പ്രതികരണത്തില്‍ യഥാര്‍ത്ഥ സ്ഥിതി വെളിപ്പെടുന്നുമുണ്ട്: പദ്ധതിയെക്കുറിച്ച് ഇന്ത്യയും അമേരിക്കയുമായി നിരന്തര സമ്പര്‍ക്കമുണ്ടായിരുന്നു. വിക്ഷേപണത്തിനു മുമ്പ് ഇന്ത്യ വ്യോമയാന സുരക്ഷാ അറിയിപ്പ് നല്‍കിയിരുന്നു!

യു.എസിനെ സംബന്ധിച്ചിടത്തോളം അധികാരത്തില്‍ ഒബാമയായാലും ഡൊണാള്‍ഡ് ട്രംപ് ആയാലും ഇന്ത്യ തന്ത്രപരമായ വിശ്വസ്ത പങ്കാളിയാണ്. അതുകൊണ്ട് നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് യു.എസിന്റെ തന്ത്രപരവും സൈനികവുമായ അടിയന്തര ആവശ്യമാണ്. ആ നിലയ്ക്ക് ബാലാക്കോട്ട് ആക്രമണവും എ സാറ്റ് പരീക്ഷണവും മോദിയെ സംബന്ധിച്ചിടത്തോളം അവശ്യം വേണ്ട തെരഞ്ഞെടുപ്പ് അജണ്ടയാണെന്ന് യു.എസിനും കൃത്യമായറിയാം.

ഇന്ത്യയുടെ സമാധാന ആവശ്യത്തിനുള്ള ആണവ പരീക്ഷണത്തെപറ്റി അന്ന് യു.എസിന്റെ ദേശീയ സുരക്ഷിതത്വ പഠന റിപ്പോര്‍ട്ടില്‍ (എന്‍.എസ്.എസ്.എം) ചൂണ്ടികാണിച്ച ഇന്ത്യന്‍ സാഹചര്യം ഇന്ന് വീമ്പുപറയുന്ന മോദി ഗവണ്മെന്റിനും കൃത്യമായി ബാധകമാണ്: ‘രാജ്യത്തിന്റെ ആത്മവീര്യം തകരുന്നു. ആഭ്യന്തരരംഗം അസ്വസ്ഥമാകുന്നു. മോഹഭംഗം ഏറിവരുന്നു. വ്യാപകമായ പണപെരുപ്പവും ഗുരുതരമായ ഭക്ഷ്യപ്രശ്‌നവും രാജ്യം നേരിടുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ ആത്മവീര്യം ഉത്തേജിപ്പിക്കാനുള്ള മന:ശാസ്ത്രപരമായ നടപടിയായിരുന്നു ആണവ പരീക്ഷണം.’

എ സാറ്റ് ആയാലും പൃഥ്വി ആയാലും മിസൈലുകളെല്ലാം തന്നെ യുദ്ധഭ്രാന്തിന്റെ ഭാഗമായ നശീകരണ ആയുധങ്ങളാണ്. ജനങ്ങള്‍ക്കും വികസനത്തിനും എതിരുമാണ്. അതേസമയം ആഗോള പ്രതിരോധ കാഴ്ചപ്പാടില്‍ ആണവായുധ നിര്‍മ്മിതിയും സംഭരണവും പ്രയോഗവുമായി ബന്ധപ്പെട്ടതുമാണ്. സമാധാന ആവശ്യത്തിന് 1974ല്‍ ഇന്ദിരാഗാന്ധി നടത്തിയ ആണവപരീക്ഷണം ലോകത്തെ ആറാം ആണവരാഷ്ട്രമായി ഇന്ത്യയെ ഉയര്‍ത്തി. പിന്നീട് 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് വാജ്‌പേയി ഭരണത്തില്‍ ഇന്ത്യാ ദൗത്യം ഒന്ന് എന്ന പേരില്‍ 1998ല്‍ പൊക്രാനില്‍ വീണ്ടും ആണവസ്‌ഫോടനം നടത്തിയത്. അതിന്റെ തുടര്‍ച്ചയിലാണ് 21 വര്‍ഷങ്ങള്‍ക്കുശേഷം മോദി ബി.ജെ.പി ഗവണ്മെന്റിന്റെ ഇന്ത്യന്‍ ദൗത്യം എ സാറ്റിലൂടെ നടത്തിയത്. ഇന്ത്യയെ ലോകത്തെ നാലാമത് ബഹിരാകാശ മിസൈല്‍വേധ ശക്തിയാക്കിയത്.

പ്രധാനമന്ത്രി രാഷ്ട്രീയ അനുമതി നല്‍കുന്നു എന്നതു പ്രധാനം. എന്നാല്‍ ഇതെല്ലാം ദേശാഭിമാനികളും ആഗോള ശാസ്ത്ര പ്രതിഭകളുമായ നമ്മുടെ ആണവ ശാസ്ത്രജ്ഞര്‍ സ്വാര്‍ജ്ജിതമായ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച് ഉണ്ടാക്കിയതാണ്. സമാധാനത്തിനും പ്രതിരോധത്തിനുമുള്ള ആണവശേഷിയുടെ അടിത്തറയില്‍നിന്ന് രാജ്യം നേടിയെടുത്തതാണ്. അതിന്റെ അടിത്തറ സൃഷ്ടിച്ചത് നരേന്ദ്രമോദി കിണഞ്ഞു ശ്രമിച്ചിട്ടും ചരിത്രത്തില്‍നിന്ന് തുടച്ചുനീക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘദര്‍ശിത്വവും സംഭാവനയുമാണ്. ദീര്‍ഘദര്‍ശികളായ ഡോ. ഹോമിഭാവയോടും നെഹ്‌റുവിനോടും കടപ്പെട്ടതാണ് ഇന്ത്യയുടെ ആണവ പരീക്ഷണം. അവരുടെ പിന്‍ഗാമികളായി വന്ന വിക്രം സാരാഭായി, എച്ച്. എന്‍ സത്‌ന, ഡോ. രാജ രാമണ്ണ തുടങ്ങിയവരോടും. യു.എസ് ഉപരോധം നേരിട്ടുകൊണ്ട് ആണവായുധ സാങ്കേതിക വിദ്യ സ്വയം രക്ഷയ്ക്കായി നമ്മുടെ ശാസ്ത്രജ്ഞര്‍ സ്വയം വികസിപ്പിച്ചെടുക്കുകയായിരുന്നു.

എന്നിട്ടും ഇന്ത്യയുടെ സുരക്ഷിതത്വത്തിന്റെയും പ്രതിരോധ ശക്തിയുടെയും കുത്തകാവകാശം വരും കാലങ്ങളിലേക്ക് ഒരു വ്യക്തിയില്‍ ചാര്‍ത്താനാണ് ഈ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി മോദിതന്നെ മുന്‍നിന്ന് ശ്രമിക്കുന്നത്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി നില്‍ക്കുകയും വളരുകയും ചെയ്ത പാര്‍ട്ടികളെ മദ്യത്തോട് താരതമ്യം ചെയ്യുന്നതിലേക്കുവരെ പ്രധാനമന്ത്രി തരംതാഴുന്നു. രാജ്യത്തിന്റെ കരുത്തുറ്റ കാവല്‍ക്കാരനെന്ന് മാറുവിരിച്ച് തളര്‍ന്ന സ്വരത്തില്‍ തെരഞ്ഞെടുപ്പു റാലികളില്‍ വിളിച്ചുപറയുന്ന മോദിയെ കണ്ടാല്‍ പെര്‍ക്കോവിച്ച് പറഞ്ഞതുപോലെ മോദി മാനസിക വിഭ്രാന്തിയാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്ന് പറയാതെവയ്യ.

അപകടത്തില്‍ മരണപ്പെട്ട വിശ്വപ്രശസ്തനായ ആംഗ്ലേയ യുവകവി പി.ബി ഷെല്ലിയുടെ കവിതയിലെ ഏതാനും വരികളില്‍ പറയുന്നു:

1. നിങ്ങള്‍ വിതയ്ക്കുന്ന വിത്തുകള്‍
2. മറ്റൊരാള്‍ കൊയ്യുന്നു
3. നിങ്ങള്‍ കണ്ടെത്തിയ സമ്പത്ത്
4. വേറൊരാള്‍ സൂക്ഷിക്കുന്നു
5. നിങ്ങള്‍ നെയ്‌തെടുത്ത കുപ്പായം
6. മറ്റൊരാള്‍ ധരിക്കുന്നു
7. നിങ്ങള്‍ കാച്ചിനിര്‍മ്മിച്ച ആയുധം
8. വേറൊരാള്‍ കയ്യാളുന്നു….

2019ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പും പ്രധാനമന്ത്രി മോദിയുടെ അവകാശവാദങ്ങളും ദീര്‍ഘദര്‍ശനം ചെയ്താണോ ഷെല്ലി ഈ വരികള്‍ എഴുതിയതെന്ന് സംശയിച്ചുപോകുന്നു.

 

Print Friendly, PDF & Email

Related News

Leave a Comment