Flash News

അമ്മയേയും മകളേയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയില്‍

April 2, 2019

downloadകോട്ടയം: മുണ്ടക്കയത്ത് അമ്മയേയും മകളേയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ യുവാവ് പോലീസ് പിടിയില്‍. ചിലമ്പിക്കുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ(80) മകള്‍ സിനി (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ചാത്തന്‍പ്ലാപ്പളളി സ്വദേശിയായ സജിയെ(35) പോലീസ് കസ്റ്റഡിയിലെടുത്തു.

സിനി അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇന്‍ക്വസ്റ്റ് നടപടിയില്‍ സിനിയുടേയും തങ്കമ്മയുടേയും തലയില്‍ അടിയേറ്റ തരത്തിലുളള മുറിവുകള്‍ കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന് പോലീസിന് സംശയമുണ്ടായത്. തുടര്‍ന്ന് കുടുംബവുമായി അടുത്ത ബന്ധമുളളവരെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതിയായ സജിയെ പോലീസ് പിടികൂടുന്നത്.

ആറു വര്‍ഷം മുന്‍പ് തങ്കമ്മയുടെ ഭര്‍ത്താവ് കുട്ടപ്പന്‍ മരിച്ചിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയ സിനിയും മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്ലാപ്പള്ളിയില്‍ പ്രധാന റോഡില്‍ നിന്നും 400 മീറ്റര്‍ മുകളിലാണു ഇവര്‍ താമസിക്കുന്ന വീട്. അയല്‍പക്കത്ത് മറ്റു വീടുകള്‍ ഇല്ല. കടുത്ത മദ്യപാനം മൂലം സജിയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. സജിയായിരുന്നു തങ്കമ്മയുടെ പറമ്പിലെ ജോലികള്‍ ചെയ്തിരുന്നത്. ഈ ബന്ധം മുതലെടുത്തു സജി സിനിയുമായി അടുപ്പത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സജിയോട് തന്നെ വിവാഹം കഴിക്കണമെന്ന് പല തവണ സിനി ആവശ്യപ്പെട്ടു. എന്നാല്‍, വിവാഹം കഴിക്കാതെ ബന്ധം തുടര്‍ന്നുകൊണ്ടുപോകാനായിരുന്നു സജിക്ക് താല്പര്യം. ഇതിനെ സിനി എതിര്‍ത്തിരുന്നു. വിവാഹത്തിന് സമ്മതിച്ചിെല്ലങ്കില്‍ തന്നെ പീഡിപ്പിച്ചുവെന്ന പരാതി പോലീസില്‍ നല്‍കുമെന്നും സിനി സജിയോടു പറഞ്ഞു. ഇതോടെ ഇരുവരെയും കൊലപ്പെടുത്താൻ പ്രതി പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ സജിയെ ചോദ്യം ചെയ്ത് വരികയാണെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.

സുഹൃത്തുക്കളുമായി ചേര്‍ന്നു സജിയുടെ സഹോദരന്‍ മദ്യപിക്കുന്നതിനിടെ സജിക്കു സിനിയുടെ മേല്‍ കണ്ണുണ്ടായിരുന്നെന്നു വെളിപ്പെടുത്തി. ഈ വിവരം പൊലീസിന്റെ ചെവിയിലെത്തിയതോടെ സജിയെ രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി. ഇതറിഞ്ഞതോടെയാണു സജി ആത്മഹത്യാ ശ്രമം നടത്തിയത്. ഇതേ തുടര്‍ന്നു പൊലീസ് സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ സജി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top