Flash News

ചരിത്രമുറങ്ങുന്ന മണ്ണില്‍ വീരഗാഥ രചിക്കാന്‍ കെ. മുരളീധരന്‍: ബ്ളസന്‍ ഹൂസ്റ്റന്‍

April 2, 2019

Muraleedharan banner-1കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏതെന്ന് ചോദിച്ചാല്‍ വടകരയെന്ന് പറയുന്നതാകും ഏറെ എളുപ്പം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇടതുപക്ഷം അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അതും അവരുടെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് വടകരയില്‍ പോരാട്ടത്തിനിറക്കിയിരിക്കുന്നത്. സി.പി.എമ്മിലെ ഇപ്പോഴത്തെ ആധിപത്യക്കാരായ കണ്ണൂര്‍ ലോബിയിലെ ഏറ്റവും ശക്തനെന്ന് വിശേഷിപ്പിക്കാവുന്ന നേതാവിനെയാണ് വടകരയില്‍ നിര്‍ത്തിയിരിക്കുന്നത്. സി.പി.എമ്മിലെ മറ്റൊരു സ്ഥാനാര്‍ത്ഥി തോറ്റാലും ജയരാജന്‍ വടകരയില്‍ തോല്‍ക്കരുതെന്ന് സി.പി.എമ്മിനും പിണറായിക്കും നിര്‍ബന്ധമുണ്ട്. ജയരാജന്‍ തോറ്റാല്‍ സി.പി.എം. തോറ്റു എന്നാണ്. ജയരാജനോളം ശക്തന്‍ പിണറായി കഴിഞ്ഞാല്‍ മറ്റാരുമില്ലെന്നും വേണമെങ്കില്‍ പറയാം. അങ്ങനെയുള്ള ഒരു വ്യക്തിയെ വിജയിപ്പിച്ചില്ലെങ്കില്‍ അതിന്‍റെ ക്ഷീണം പാര്‍ട്ടിക്കാണ്. തെക്കേ ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്ത് മാത്രമായി അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന സി.പി.എം. എന്ന ദേശീയ പാര്‍ട്ടിക്ക് ജയരാജന്‍ എന്ന വലിയ നേതാവിനെ സുരക്ഷിതമായി പാര്‍ലമെന്‍റില്‍ എത്തിച്ചേ മതിയാകൂ. അത് അവരുടെ അഭിമാന പ്രശ്നമാണെന്നു മാത്രമല്ല അതിജീവനത്തിന്‍റെ പ്രശ്നം കൂടിയാണ്. മുങ്ങിത്താഴുമ്പോള്‍ അവസാന ആശ്രയമായ കച്ചിത്തുരുമ്പ് ആശ്വാസമെന്നതാണ് ജയരാജന്‍ വിജയിച്ചാല്‍ സി.പി.എമ്മിന് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ അദ്ദേഹത്തിന് നല്‍കേണ്ടതായിട്ടുണ്ട്. അതിന് ഏറ്റവും സുരക്ഷിതമായ പാര്‍ലമെന്‍റ് മണ്ഡലം വടകര തന്നെയാണ്. മറ്റൊരു മണ്ഡലവും അവര്‍ക്ക് ലോക്‌സഭയുടെ കാര്യത്തില്‍ ഇല്ലെന്നു പറയാം.

വടകരയില്‍ ജയരാജനെ നിര്‍ത്തിയതില്‍ മറ്റൊരു ഘടകം കൂടിയുണ്ട്. ടി.പി. ചന്ദ്രശേഖരന് ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉള്ള മണ്ഡലമാണ്. അദ്ദേഹത്തെ കൊന്നതിന്‍റെ പിന്നില്‍ ജയരാജനെന്നുള്ള ആരോപണം ശക്തമായി നിലനില്‍ക്കുമ്പോള്‍ അവിടെ തന്നെ മത്സരിച്ച് ജയിച്ച് അതിനുള്ള മറുപടി കൊടുക്കാനുള്ളതു കൂടിയാണ്. ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ. രമ ജയരാജനെതിരെ ശക്തമായി രംഗത്തു വന്നുകൊണ്ട് ഒരു യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ ഇതിനെയൊക്കെ മറികടന്ന് വിജയിച്ചാല്‍ അഗ്നിശുദ്ധി വരുത്താന്‍ കഴിയുമെന്നാണ് ജയരാജനെ നിര്‍ത്തിയതിനു പിന്നില്‍.

നിലവിലുള്ള എം.പി. മുല്ലപ്പള്ളി വീണ്ടും മത്സരിക്കുകയില്ലെന്ന രീതിയിലേക്ക് കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വടകരയുടെ കാര്യത്തില്‍ വന്നപ്പോള്‍ ഏറെ സന്തോഷിച്ചത് സി.പി.എം. ആയിരുന്നു. അപ്രസക്തമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് ഒരു പോരാട്ടത്തിന് ശ്രമിക്കുന്നുയെന്ന രീതിയിലേക്ക് കാര്യങ്ങള്‍ വന്നപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. ജയരാജിന്‍റെ വിജയം ഏറെക്കുറെയെന്നതിലേക്ക് കാര്യങ്ങള്‍ പോകുമ്പോഴാണ് ഇടിത്തീപോലെ വടകരയില്‍ കെ. മുരളീധരനെന്ന സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്സിന്‍റെ വരവ്.

ഇന്ന് കോണ്‍ഗ്രസ്സില്‍ ഏറ്റവും ജനപ്രീതിയുള്ള കേരളത്തിലെ ചുരുക്കം ചിലരില്‍ ഒരാളാണ് മുരളീധരനെന്നതില്‍ സി.പി.എമ്മിനു പോലും യാതൊരു തര്‍ക്കവുമില്ല. അച്ഛനെപോലെ ജനത്തെ കൈയ്യിലെടുക്കാനുള്ള എല്ലാ വിദ്യകളും അദ്ദേഹത്തിന് ഉണ്ടെന്നു മാത്രമല്ല ജനങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ടുകൊണ്ടുള്ള ഒരു നേതാവ് എന്ന പരിവേഷവും മുരളീധരനുണ്ട്. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ വിളിക്കുന്ന ഒരു പേര് മുരളീധരനെന്നതിനപ്പുറം ആരുമില്ല. നെഞ്ചും വിരിച്ച് നിന്നാല്‍ നേതാവെന്ന് അക്ഷരതെറ്റില്ലാതെ വിളിക്കാന്‍ പറ്റുന്ന നേതാവ്.

വാക്കുകള്‍കൊണ്ട് എതിരാളികളെ അരിഞ്ഞു വീഴ്ത്താന്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ വാക്ചാതുര്യമുള്ള നേതാവ്. ആവശ്യമുള്ളിടത്ത് അവസരോചിതമായി പദ്രപ്രയോഗം നടത്തി കാഴ്ചക്കാരെ ആവേശത്തിലെത്തിക്കുന്ന പ്രാസംഗികന്‍. മുരളീധരന് വിശേഷണങ്ങള്‍ ഏറെ. വിശേഷണങ്ങള്‍ക്കപ്പുറം വ്യക്തിപ്രഭാവം ഏറെയുള്ള വ്യക്തിയാണ് മുരളീധരന്‍ എന്ന് പറയുന്നതാണ് ഏറെ ഉത്തമം.

മലയാളികള്‍ അര്‍ത്ഥം തെറ്റാതെ ലീഡര്‍ എന്ന് വിളിച്ച കേരളത്തിന്‍റെ ലീഡര്‍ കെ. കരുണാകരന്‍റെ മകന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് ഗള്‍ഫിലെ ബാങ്കുദ്യോഗം മതിയാക്കി രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ തന്നെ വിവാദത്തിലകപ്പെട്ട നേതാവാണ് മുരളീധരന്‍. കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയസമയത്ത് പിതാവ് കരുണാകരന്‍ മുരളിയുടെ പേര് നിര്‍ദ്ദേശിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ യോഗത്തില്‍ നിന്ന് പോയത് കണ്ണിറുക്കി കാട്ടിയിട്ട്. അദ്ദേഹം പോയ സമയത്താണ് മുരളിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നതുകൊണ്ട് കരുണാകരന് അതില്‍ പങ്കില്ലായെന്നതായി മാറിയെഴുതി. അച്ഛന്‍റെ സ്വാധീനം മുരളീധരന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇല്ലെന്ന് ലോകര്‍ക്കു മുന്നില്‍ ഒരു തുറന്നു കാട്ടല്‍.

എന്തായാലും തുടക്കക്കാരനെന്ന നിലയില്‍ ഏവരെയും അമ്പരപ്പിച്ചുള്ള വിജയം. അത് തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ എം.പി. വീരേന്ദ്രകുമാറിന്‍റെ മുന്നില്‍ പരാജയപ്പെടേണ്ടി വന്നു. അന്ന് കരുണാകരനും പരാജയത്തിന്‍റെ രുചി അറിഞ്ഞു. അതിനു കാരണം കോണ്‍ഗ്രസ്സിലെ ശാപമായ ഗ്രൂപ്പ് രാഷ്ട്രീയം. ഗ്രൂപ്പ് രാഷ്ട്രീയം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്സില്‍. ആ ലോകസഭാ തിരഞ്ഞെടുപ്പില്‍ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തി അച്ഛനെയും മകനെയും ഗ്രൂപ്പ് രാഷ്ട്രീയം.

പിന്നീട് കെ.പി.സി. സി. പ്രസിഡന്‍റ് പദം. അവിടെയിരിക്കുമ്പോള്‍ മന്ത്രിമോഹത്തില്‍ വൈദ്യുതി മന്ത്രിയായി. നിയമസഭാംഗമല്ലാതായിരുന്നതുകൊണ്ട് നിയമസഭാംഗമായി മത്സരിക്കാന്‍ തിരഞ്ഞെടുത്തതോ കോണ്‍ഗ്രസ്സിന്‍റെ ഏറ്റവും സുരക്ഷിത മണ്ഡലമായ വടക്കാഞ്ചേരിയില്‍ നിന്ന്. നിലവിലുള്ള കോണ്‍ഗ്രസ് എം.എല്‍.എ.യെ രാജിവയ്പിച്ച് ആ ഒഴിവില്‍ അവിടെയും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം നിറഞ്ഞാടി മുരളീധരനെ തോല്‍പ്പിച്ചു. പിന്നെ കോണ്‍ഗ്രസ്സില്‍ നിന്ന് ഇന്ദിരാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ സ്ഥാപനത്തിലേക്ക് വീണ്ടും കോണ്‍ഗ്രസ്സിലേക്ക് ഒരു തിരിച്ചുവരവ്. ആ വരവ് മുരളീധരന് നല്‍കിയ ഇമേജ് ഒരു വേറിട്ടതായിരുന്നു. വട്ടിയൂര്‍ക്കാവില്‍ നിന്ന് അനായാസേന വിജയം കൊയ്തുകൊണ്ടുള്ള ഒരു തിരിച്ചുവരവായിരുന്നു അതെന്ന് പറയാം.

അങ്ങനെ ജയവും പരാജയവും തളര്‍ത്തലും വളര്‍ത്തലും കൊണ്ടും കൊടുത്തും മറിഞ്ഞും തിരിഞ്ഞും രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ നേതാവാണ് കെ. മുരളീധരന്‍. മുഖ്യമന്ത്രിമാരുടെ മക്കളില്‍ ഏറ്റവുമധികം ആരോപണങ്ങള്‍ ഏറ്റിട്ടുള്ള ഒരാള്‍ കെ. മുരളീധരനെപ്പോലെ മറ്റാരെങ്കിലും കേരള രാഷ്ട്രീയത്തില്‍ ഉണ്ടോയെന്ന് സംശയമാണ്. ആ ആരോപണങ്ങളെ എല്ലാം അതിജീവിച്ച് ഇന്നും പോരാട്ട നായകനായി കോണ്‍ഗ്രസ്സിന്‍റെ അമരത്ത് കെ. മുരളീധരന്‍ എന്ന ജനങ്ങളുടെ നായകന്‍ ആവേശത്തോടുകൂടി നില്‍ക്കുന്നത് അദ്ദേഹത്തിനു മാത്രമുള്ള വിശേഷണ മാണ്. വട്ടിയൂര്‍ക്കാവിലെ ആദ്യ മത്സരം വരെ കോണ്‍ഗ്രസ്സില്‍ നിന്നു പോലും എതിര്‍പ്പ് നേരിടേണ്ടി വന്നതാണ് ചരിത്രം. ഇന്നത്തെ കോണ്‍ഗ്രസ്സിന്‍റെ അമരക്കാര്‍പ്പോലും മുരളീധ രനെ മാറ്റി നിര്‍ത്തിയ ഒരു അടഞ്ഞ അദ്ധ്യായമാണ്.

എന്നാല്‍ അതേ നേതാക്കള്‍ തന്നെ ഇന്ന് ഒറ്റക്കെട്ടായി മുരളീധരന്‍റെ ഒപ്പം ഒരു മനസ്സായി തന്നെയുണ്ട്. അവര്‍ കൈകോര്‍ത്തു കൊണ്ട് മുരളീധരന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത് അദ്ദേഹം കോണ്‍ഗ്രസ്സിന് എത്രമാത്രം പ്രിയപ്പെട്ടവനാണെന്നുള്ളതിന് തെളിവാണ്. വടകരയില്‍ മുരളീധരനെ മത്സരിപ്പിക്കാന്‍ അവര്‍ തന്നെ മത്സരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

വടകരയില്‍ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്ത ഒരു കോണ്‍ഗ്രസ്സ് നേതാവുപോലും കേരളത്തിലില്ല. അത്രകണ്ട് മുരളി ഇന്ന് കോണ്‍ ഗ്രസ്സിന് സ്വീകാര്യനായി മാറിയെന്നതാണ് സത്യം. തിരഞ്ഞെടുപ്പ് സമയത്ത് ഗ്രൂപ്പും ഗ്രൂപ്പിനകത്ത് ഗ്രൂപ്പുമായി സീറ്റിനായി പരക്കം പായുകയും കിട്ടിയില്ലെങ്കില്‍ പരസ്പരം ആരോപണങ്ങളുന്നയിക്കുകയും ചെയ്യുന്ന പതിവ് കാണാത്ത ആദ്യത്തെ പൊതു തിരഞ്ഞെടുപ്പാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാരില്‍ കാണുന്നത്. മുരളീധരന്‍റെ കാര്യത്തില്‍ ഒരു കോണ്‍ഗ്രസ്സ് നേതാവുപോലും സീറ്റിന്‍റെ കാര്യതതില്‍ വടകരയിലേക്ക് വന്നില്ലെന്നു മാത്രമല്ല മത്സരിക്കുന്ന വാര്‍ത്ത ഒരു വിജയിയായപോലെ ആഘോഷിക്കുകയും ചെയ്തു.

അങ്ങനെ ഗ്രൂപ്പുകള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി മുരളീധരനുവേണ്ടി ഇന്ന് കോണ്‍ഗ്രസ്സും യു.ഡി.എഫും പ്രവര്‍ത്തിക്കുന്ന കാഴ്ച കാണാന്‍ കെ. കരു ണാകരനു കാണാന്‍ കഴിയാതെ പോയി. മുരളീധരനു വേണ്ടി കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന കാഴ്ച കാണാന്‍ ഭാഗ്യം ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം എത്രമാത്രം അഭിമാനിച്ചിരുന്നേനെ എന്നത് ഊഹി ക്കാവുന്നതേയുള്ളു. മകനു വേണ്ടി ആരോപണങ്ങള്‍ ഏറെ ഏല്‍ക്കേണ്ടിവന്ന ആ അച്ഛന് ഒരു പക്ഷേ ഇതില്‍പ്പരം ഒരു സന്തോഷം വേറെ എന്തുണ്ടാകുമായിരുന്നു.

മുരളീധരന്‍റെ വരവോടെ വടകര തിരഞ്ഞെടുപ്പ് തിളച്ചുമറിയുകയാണ്. വടക്കന്‍പാട്ടിലെ വീരപോരാളിയെപ്പോലെ മുരളീധരന്‍ പോരിനിറങ്ങുമ്പോള്‍ തീപ്പൊ രിയല്ല അഗ്നിഗോളം തന്നെയായി പ്രവര്‍ത്തകരുടെ ഇടയില്‍ ആവേശമുളവാക്കുന്നു. അത് വോട്ടായി മാറിയാല്‍ മുരളീധരന്‍ ചരിത്രമെഴുതും. ചരിത്രമുറങ്ങുന്ന മണ്ണില്‍ വീരപുത്രനായി മാറും. അത് കോണ്‍ഗ്രസ്സിന് ഒരു പുതിയ അദ്ധ്യായമെഴുതാം. ഒപ്പം ഒരു വീരഗാഥയും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top