Flash News

ഡാം തുറന്നതല്ല പ്രളയ കാരണം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തളളി മുഖ്യമന്ത്രി

April 4, 2019

pin_43

തിരുവനന്തപുരം: ഡാം മാനേജ്‌മെന്റിലെ പിഴവല്ല പ്രളയത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് വിട്ടതെന്നും വിദഗ്ധരുടെ അഭിപ്രായം തേടിയല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിലെ ബന്ധപ്പെട്ടവരുമായി അഭിപ്രായം പോലും ചോദിക്കാതെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് ഇപ്പോള്‍ വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലവിഭവ കമ്മീഷന്‍, മദ്രാസ് ഐഐടി തുടങ്ങിയവ അമിത മഴയാണ് വെള്ളപ്പെക്കത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധസമിതികളും അന്താരാഷ്ട്ര സമൂഹവും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട്, അമിക്കസ് ക്യൂറി റിപ്പോര്‍ട്ടാണ് യാഥാര്‍ത്ഥ്യമെന്ന് പ്രചരിപ്പിക്കുന്നത് കോടതിയെ അപമാനിക്കുന്ന നടപടിയാണ്.

ജില്ലാ സംസ്ഥാന തലങ്ങളില്‍ മഴക്കെടുതിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പ്രതീക്ഷിക്കപ്പെട്ട മഴയെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉള്‍പ്പടെയുള്ള ഡാമുകളില്‍ ഉണ്ടായിരുന്നു. പ്രളയ സമയത്തെ ഡാമിലേക്ക് വന്നിട്ടുള്ള വെള്ളത്തിന്റെ വലിയ പങ്ക് ഡാമുകളില്‍ സംഭരിച്ചുവെക്കുകയാണ് ചെയ്തത്. ശേഷിക്കുന്നത് മാത്രമാണ് തുറന്നുവിട്ടത്. പ്രളയകാലത്ത് ഇടുക്കി ഡാമില്‍ 2800-3000 ഘനമീറ്റര്‍ വെള്ളം വന്നിരുന്നു. പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റര്‍ വെള്ളം മാത്രമാണ്.

റിപ്പോര്‍ട്ട് അന്തിമമെന്ന പ്രചാരണം കോടതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡാമുകള്‍ പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റാണ്. അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്. പ്രളയം പ്രതിരോധിക്കാന്‍ ഡാമുകള്‍ പൂര്‍ണ സജ്ജമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top