Flash News

വയനാട്ടിലെ വേനലില്‍ ഒരു പൂക്കാലം: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

April 8, 2019

vayanaattile venalil-1കല്‍പ്പറ്റയില്‍ വരണാധികാരിക്കു മുമ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ഒരുപക്ഷെ ഓര്‍ത്തുകാണില്ല വയനാടന്‍ മണ്ണുമായുള്ള തന്റെ ചരിത്രപരവും വൈകാരികവുമായ ബന്ധം.

തലേദിവസം അസമിലെ ലീലാബാരിയില്‍നിന്ന് കരിപ്പൂരിലേക്കുള്ള വിമാനയാത്രയില്‍ വയനാട് ആയിരുന്നിരിക്കണം രാഹുലിന്റെ മനസ് നിറയെ. കരിപ്പൂരില്‍നിന്ന് സഹോദരി പ്രിയങ്കയ്‌ക്കൊപ്പം കോഴിക്കോട്ടേക്കും പിറ്റേന്ന് ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയ്ക്കും പോകുന്നതിനിടയിലും വയനാടിനെപ്പറ്റി പലവട്ടം രാഹുല്‍ ചിന്തിച്ചുകാണും.

മനസില്‍നിന്നു ഒരിക്കലും മായ്ച്ചുകളയാനാവാത്ത ഒരു ചിത്രം ആ ഓര്‍മ്മകള്‍ക്കിടയില്‍ കടന്നുവരാതിരിക്കില്ല. ചാവേര്‍ ആക്രമണത്തില്‍ രക്തസാക്ഷിയായ തന്റെ അച്ഛന്റെ ചിതാഭസ്മം അടക്കംചെയ്ത പേടകം ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഇരുപത്തൊന്നുകാരന്‍ കൈമാറിയത്. കേരള മുഖ്യമന്ത്രി കെ കരുണാകരനും കെ.പി.സി.സി അധ്യക്ഷന്‍ എ.കെ ആന്റണിയും അത് ഏറ്റുവാങ്ങിയത്.

രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയിലെ പാപനാശിനി നദിയില്‍ ഒഴുക്കിയ ശേഷമാണ് ഇടയ്ക്ക് നിലച്ചുപോയ ലോകസഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് 1991ല്‍ കേരളത്തില്‍ നടന്നത്.

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭരണപരിഷ്‌ക്കാര നടപടികളുടെ ഭാഗമായി പതിനെട്ടു വയസ് കഴിഞ്ഞവര്‍കൂടി വോട്ടുചെയ്ത ആ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20ല്‍ 16 ലോകസഭാ സീറ്റും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി പിടിച്ചെടുത്തു. അടുത്ത തവണകൂടി അധികാരം കയ്യിലൊതുക്കാനുള്ള ധൃതിയില്‍ കാലാവധി പൂര്‍ത്തിയാകുംമുമ്പ് രാജിവെച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ ഇടതുപക്ഷത്തില്‍നിന്ന് സംസ്ഥാന ഭരണവും യു.ഡി.എഫ് പിടിച്ചു. ഇതിനു കാരണമായത് രാജീവിന്റെ ചിതയില്‍നിന്നുയര്‍ന്ന് നാടാകെ പരന്ന രോഷത്തിന്റെയും ദു:ഖത്തിന്റെയും തരംഗമായിരുന്നു. കേരളത്തിലെ യു.ഡി.എഫ് – എല്‍.ഡി.എഫ് – ബി.ജെ.പി എന്ന വിഭജന രാഷ്ട്രീയ മതിലുകളുടെ അടിതകര്‍ത്തു ആ തരംഗം. ബാലറ്റുകളില്‍ പുരണ്ട അമ്മമാരുടെ കണ്ണീര്‍ കണങ്ങള്‍ പ്രതിപക്ഷത്തൊതുങ്ങിയിരുന്ന കോണ്‍ഗ്രസിനെ കേന്ദ്രത്തിലും തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലും അന്ന് അധികാരത്തിലെത്തിച്ചു. ബുദ്ധി ഹൃദയത്തിന് കീഴടങ്ങുന്ന അസാധാരണ സാഹചര്യം.

ഇത്തവണ വയനാട് ലോകസഭാ മണ്ഡലം ഇന്ത്യന്‍ രാഷ്ട്രീയത്തിലെതന്നെ ഒരു തിരുത്തല്‍ ശക്തിയായി കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും വഴികാട്ടുന്നതിന്റെ സൂചനകളാണ് വ്യാഴാഴ്ച കല്‍പ്പറ്റയില്‍ കണ്ടത്. രാഹുലും പ്രിയങ്കയും ചേര്‍ന്നു നയിച്ച റോഡ്‌ഷോയിലേക്ക് ഒഴുകിയെത്തിയ അവിശ്വസനീയമായ ജനശക്തി.

ദക്ഷിണേന്ത്യയുടെ ഭാഷയേയും സംസ്‌ക്കാരത്തേയും തകര്‍ക്കുന്ന ആര്‍.എസ്.എസ്- സംഘ് പരിവാര്‍- മോദി രാഷ്ട്രീയത്തെ എതിര്‍ത്തു തോല്പിക്കാനാണ് കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മുക്കവലയായ വയനാട്ടില്‍ രണ്ടാം പോര്‍മുഖം തുറക്കുന്നതെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയോടും ബി.ജെ.പിയോടുമാണ് തന്റെ പോരാട്ടമെന്ന്.

‘സി.പി.എമ്മിലെ സഹോദരികളും സഹോദരന്മാരും എനിക്കെതിരെ സംസാരിക്കുമെന്നും എന്നെ എതിര്‍ക്കുമെന്നും അറിയാം.’ എന്നാല്‍ തന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഒരിക്കല്‍പോലും സി.പി.എമ്മിനെതിരായി പറയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.

ഈ നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷതയുടെ പാലാഴി കടയുമ്പോള്‍ ആദ്യം ഉയര്‍ന്നുവരുന്ന കാളകൂട വിഷം താന്‍ സ്വയം വിഴുങ്ങിക്കോളാമെന്ന പ്രതിജ്ഞയാണ് വയനാട്ടില്‍ വന്ന് രാഹുല്‍ ഗാന്ധി എടുത്തത്. ഇതിനകം രാഹുല്‍ ഗാന്ധിക്കും യു.ഡി.എഫിനുമെതിരെ എല്‍.ഡി.എഫും ബി.ജെ.പിയും രൂപപ്പെടുത്തിയിട്ടുളള കടുത്ത തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ അടിപൊളിക്കുന്നതാണ് രാഹുലിന്റെ പ്രതിജ്ഞ.

ആദ്യ വരവില്‍ വയനാട്ടില്‍ രാഹുലിനു ലഭിച്ച തകര്‍പ്പന്‍ സ്വീകരണം പതിവു രാഷ്ട്രീയ കണക്കുകൂട്ടലുകളെയും അവകാശവാദങ്ങളെയും ആശയപരമായി ആഴത്തില്‍ തകര്‍ക്കുന്നു.

‘നിങ്ങള്‍ ഒരു പൂ ചോദിച്ചു, ഒരു പൂക്കാലംതന്നെ തരാന്‍ ഞങ്ങള്‍ തയാറാണ്’: – രാഹുലിനോടും യു.ഡി.എഫിനോടും വയനാട് അസാധാരണമായാണ് പ്രതികരിച്ചത്. അത് പൂര്‍ണ്ണമായും കൃത്യമായും ഏറ്റുവാങ്ങേണ്ട ബാധ്യത ഇനി രാഹുലിനെ വയനാട്ടിലേക്കു ക്ഷണിച്ചുവരുത്തിയ രാഷ്ട്രീയ നേതൃത്വങ്ങളുടേതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top