- Malayalam Daily News - https://www.malayalamdailynews.com -

നാടകലോകത്തെ വിസ്മയ ഗോപുരം

Banner-1മലയാളത്തില്‍ ഒരു പഴമൊഴിയുണ്ട്. കണ്ടു വരേണ്ടത് പറഞ്ഞു കേട്ടാല്‍ മതിയോ? ഇന്ന് ചോദിക്കുന്നത് കുടത്തില്‍ വെച്ച വിളക്കുപോലെ ടി.വിയില്‍ കണ്ടുകൊണ്ടിരുന്നാല്‍ മതിയോ? നമ്മുടെ ഗംഗാ നദിപോലെ ഇംഗ്ലണ്ടിന്റെ ഐശ്വര്യ ദേവതയായ തേംസ് നദിയുടെ തീരത്ത് ശോഭയാര്‍ജിച്ച് നില്‍ക്കുന്ന ഷേക്‌സിപിയര്‍ ഗ്ലോബ് തിയേറ്റര്‍ ഒരു വിസ്മയമാണ്. ലണ്ടന്‍ നഗരത്തില്‍ തേംസ് നദി അലതല്ലിയൊഴുകുന്നതുപോലെ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ വിസ്മയ ഗോപുരം കാണാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും സന്ദര്‍ശകരും ആയിരകണക്കിനാണ് നിത്യവും വന്നു പോകുന്നത്.

ഒരു പൗര്‍ണ്ണമിരാവില്‍ ‘ക്ലിയോപാട്ര’ എന്ന നാടകം കാണാന്‍ വന്നപ്പോള്‍ ആകാശം നിറയെ ചന്ദ്രന് ചുറ്റും വിളക്കുകളേന്തി നില്‍ക്കുന്ന നക്ഷത്രങ്ങളായിരുന്നെങ്കില്‍ ഇന്നത്തെ പകല്‍ സൂര്യന് ചുറ്റും വെള്ളയും നീലയുമുള്ള വസ്ത്രധാരികളായ മേഘങ്ങളാണ്. ലണ്ടന്‍ ബ്രിഡ്ജ് ഭൂഗര്‍ഭ റയില്‍വേ സ്‌റ്റേഷനിലിറങ്ങി ഒരു മലകയറുന്നപോലെ കണ്‍വെയര്‍ ബല്‍റ്റിലൂടെ മുകളിലെത്തി. മുകളിലെത്തിയപ്പോള്‍ കേരളത്തിലെ നൂറുതൊടിയില്‍ കൂടുതല്‍ താഴ്ചയുള്ള ഒരു കിണറ്റില്‍നിന്ന് മുകളിലെത്തിയ പ്രതീതി. പുറത്തിറങ്ങി ബോറോ മാര്‍ക്കറ്റിലൂടെ നടന്നു. 2017 ജൂണ്‍ 3ന് ഇവിടെ വെച്ചായിരുന്നു ഒരു മതതീവ്രവാദി തന്റെ വാനിലെത്തി ഏഴുപേരെ കൊലപ്പെടുത്തി ധാരാളം പോരെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചത്. പോലീസ് ആ മതഭ്രാന്തനെ വെടിവെച്ച് കൊന്നെങ്കിലും ബോറോ മാര്‍ക്കറ്റ് ഒരു നൊമ്പരമായി മനസ്സില്‍ കിടന്നു. ഷേക്‌സ്പിയര്‍ തിയേറ്ററിന് അടുത്ത് കണ്ട കാഴ്ച 1588ല്‍ പോപ്പിന്റെ ആശീര്‍വാദത്തോടെ സ്‌പെയിനിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവും പോര്‍ത്തുഗീസും ചേര്‍ന്ന് ഒന്നാം എലിസബത്ത് രാജ്ഞിയുടെ ഇംഗ്ലണ്ട് കീഴടക്കാന്‍ വേണ്ടി സ്‌പെയിനിന്റെ വലിയ യുദ്ധക്കപ്പലായ അര്‍മാതക്കൊപ്പം 130 കപ്പലുകളും മുപ്പതിനായിരം നാവികപ്പടയുമായിട്ടാണ് ഇംഗ്ലണ്ടിലേക്ക് വന്നത്. ഇവര്‍ ഫ്‌ളൈമൗത് കടലില്‍വെച്ച് ഇംഗ്ലീഷ് നാവികപ്പടയുമായി ഏറ്റുമുട്ടി. സ്‌പെയിന്‍ പരാജയപ്പെട്ട് മടങ്ങിയ യുദ്ധത്തില്‍ പങ്കെടുത്ത ഗോള്‍ഡന്‍ ഹിന്റ എന്ന പടകപ്പല്‍ തേംസിന്റെ തീരത്ത് സഞ്ചാരികള്‍ക്കായി നങ്കൂരമിട്ട് കിടക്കുന്നു.

Globe1ഗ്ലോബ് തിയേറ്ററിന് മുന്നില്‍ കുട്ടികളടക്കം ജനങ്ങളെകൊണ്ടു നിറഞ്ഞിരുന്നു. തേംസ് നദിയിലൂടെ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള സുന്ദരിമാരായ ബോട്ടുകള്‍ ഒഴുകുന്നു. അതിന് മുകളിലൂടെ പാറിക്കളിച്ചുകൊണ്ട് പറക്കുന്ന പ്രാവുകള്‍. പുറത്തെ ഭിത്തികളിലെല്ലാം വില്യമിന്റെ നാടകങ്ങളെപ്പറ്റിയുള്ള പരസ്യങ്ങളാണ്. തിയേറ്ററിന്റെ മൂലയ്ക്ക് സ്വാന്‍ റസ്‌റ്റോറന്റും ബാറുമുണ്ട്. സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അകത്തു കയറി. മുന്നില്‍ വില്യമിന്റെ കറുത്ത മാര്‍ബിള്‍ പ്രതിമ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എ.ഡി. 1599 ല്‍ തീര്‍ത്ത ഗ്ലോബ് തിയേറ്റര്‍ 1613ല്‍ തീ പിടിച്ച് നശിച്ചു. 1614ല്‍ വീണ്ടും തുറന്നു. പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ 1644ല്‍ പൊളിച്ചു പണിതു. ഇരിപ്പിടം 1400ല്‍നിന്ന് 3000മായി. അകത്തേക്കു കയറുന്നതിന്റെ ഇടത്ത് ഭാഗത്തായിട്ടാണ് നാടകവുമായി ബന്ധപ്പെട്ടുള്ള വിത്യസ്ത കാഴ്ചകളുള്ള തിയേറ്റര്‍ മ്യൂസിയം, വില്യമിന്റെ നാടകങ്ങളില്‍ അഭിനയിച്ച രാജ്ഞിമാരടക്കമുള്ളവരുടെ അലങ്കാരവസ്ത്രങ്ങളടക്കം പലതും ഇവിടെ കാണാം. അവിടെനിന്നും അതിന്റെ നടുത്തളത്തില്‍ വരുമ്പോഴാണ് ഓരോ ഗ്രൂപ്പിനൊപ്പം ഗൈഡുകളുമുണ്ട്. അവര്‍ വെറും ഗൈഡുകളല്ല അദ്ധ്യാപകരാണ്. ടിക്കറ്റുകള്‍ കൂടുതലും ഒരു മണിക്കൂറിനുള്ളതാണ്. മൂന്നുനിലകള്‍ മൂന്ന് ഗാലറികളായിട്ടാണ്. ഓരോ ഗാലറികളും നാല് ചെറു ഗാലറികളായി തിരിച്ചിരിക്കുന്നു. ഓരോ ഗാലറിയുടെ പിറകിലാണ് നടപ്പാതകള്‍. അവിടെനിന്ന് ഗാലറിയിലേക്ക് കയറാന്‍ അഞ്ച് പടികളുണ്ട്. ഓരോ ഗാലറിയും മുകളിലേയ്ക്കുയര്‍ത്തിയിരിക്കുന്നത് ഇരുമ്പുകമ്പികളുള്ള സിമന്റ് തൂണുകള്‍ കൊണ്ടല്ല. പതിനാറ് തടിതൂണുകള്‍കൊണ്ടാണ്. ഓരോ ചെറിയ ഗാലറിയിലും 810 പേര്‍ക്ക് ഇരിക്കാവുന്ന ആറു നിര തടിബഞ്ചുകള്‍. ഇവര്‍ക്കെല്ലാം കയറാനും ഇറങ്ങാനുമുള്ള വാതിലുകളുണ്ട്. ഏറ്റവും താഴെയുള്ള ഗാലറിയുടെ നടുമുറ്റമാണ്. തറിയിലിരുന്നും നിന്നും കാണാനുള്ള സൗകര്യമുണ്ട്. ഏറ്റവും താഴയുള്ള ഗാലറിയുടെ നടുമുറ്റത്ത് ഇരുന്നും നാടകം കാണാം. നമ്മുടെ നാട്ടിലെ തിയേറ്ററില്‍ കാണുന്ന തറഎന്ന ഇരിപ്പിടമാണ്. എന്റെ ചെറുപ്പത്തില്‍ അറിവില്ലാതിരുന്ന കാലത്തു കുറഞ്ഞ തറടിക്കറ്റെടുത്തു സിനിമ കണ്ടിട്ടുണ്ട്. സിനിമ കാണാത്തതിനാല്‍ ഇന്ന് ആ തറ ടിക്കറ്റുണ്ടോ എന്നറിയില്ല. ഗ്ലോബ് തിയേറ്ററില്‍ ആ തറ ടിക്കറ്റുണ്ട്. പണമില്ലാത്തവര്‍ക്ക് ഒരു പെണ്‍സ് കൊടുത്ത് നാടകം കാണാം. ഒരു പെന്‍സിനു ഒന്നും വാങ്ങാന്‍ പറ്റില്ല. ഗാലറിയുടെ ഓരോ ഭാഗത്തും വീല്‍ചെയറിലിരുന്നു നാടകം കാണാനുള്ള സൗകര്യമുണ്ട് എല്ലായിടത്തും കണ്ടത് കുട്ടികളും സഞ്ചാരികളും അദ്ധ്യാപകരടക്കമുള്ള പഠന ക്ലാസുകളാണ്. നാടക ശില്പശാലകള്‍. സ്‌റ്റേജിന്റെ ഇരു ഭാഗങ്ങളിലായിട്ടാണ് കസേരയുള്ള ഗാലറികളുള്ളത്. അത് ഉന്നതര്‍ക്കുള്ള ഇരിപ്പിടങ്ങളാണ്. ആ ഗാലറികളില്‍ മനോഹരങ്ങളായ ചിത്രരചനകളുണ്ട്. സ്‌റ്റേജ് ഒരു രാജസദസ്സുപോലെ തങ്കനിറത്താല്‍ അലംകൃതമാണ്. അത് ഓരോ രംഗത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.

DSC_1174അകത്തിരുന്നു കാണുമ്പോള്‍ ഞാന്‍ ഇറ്റലിയില്‍ കണ്ട ആമ്പിതിയേറ്റര്‍ പോലെ തോന്നി. അതിന് മേല്‍ക്കൂരയില്ല. ഈ തിയേറ്ററിന് മേല്‍ക്കൂരയില്ല. റോമിലെ കൊളേസിയം ആമ്പി തിയേറ്ററില്‍ 50000 പേര്‍ക്ക് ഇരിക്കാമെങ്കില്‍ ഇവിടെ 3000 പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ സാധിക്കൂ. അവിടെ വന്യമൃഗങ്ങളായ സിംഹം, കരടി കടുവയുമായി ഏറ്റുമുട്ടിയത് യൂറോപ്പിലെ ധൈര്യശാലികളായ മല്ലന്മാരും കൊടുംകുറ്റവാളികളുമായിരുന്നു. ചെറിയ കുറ്റം ചെയ്തവര്‍ നേരിട്ടത് കാട്ടുനായ്, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളുമായിട്ടാണ്. മൃഗത്തെ കൊലപ്പെടുത്തി പുറത്തുവരുന്നവര്‍ കുറ്റവിമുക്തരാകും. റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക് ഈ രക്തക്കളി ഒരു വിനോദമായിരുന്നു. അന്നത്തെ കാട്ടുമൃഗ നാടകത്തില്‍ 100 ദിവസത്തില്‍ 5000 മൃഗങ്ങളും 2000 മനുഷ്യരും കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് തന്നെ ഗ്രീസില്‍ മനുഷ്യ ജീവിതത്തിന്റെ കഥ പറയുന്ന സംഘട്ടനങ്ങള്‍ നിറഞ്ഞ മനുഷ്യ നാടകങ്ങള്‍ അരങ്ങേറി. അത് യൂറോപ്പിലെങ്ങും പടര്‍ന്നു പന്തലിച്ചു. വില്യം ഷേക്‌സ്പിയര്‍ ബ്രിട്ടന്റെ മണ്ണില്‍ ജനിച്ചതിനാല്‍ ആ നാടകഗോപുരത്തിന്റെ ഈറ്റില്ലം ഇവിടെയായി. പതിനെട്ടാമത്തെ വയസ്സില്‍ വിവാഹിതനായ വില്യം ഭാര്യയ്‌ക്കൊപ്പം താമസിക്കാതെ ജന്മനാടായ സ്റ്റാറ്റ് ഫോര്‍ട്ടില്‍നിന്ന് ലണ്ടനിലെ ലോര്‍ഡ് ചേമ്പര്‍ലാന്‍സ് നാടകട്രൂപ്പില്‍ ഒരു നടനായി ചേര്‍ന്നു. ഒന്നാം എലിസബത്ത് രാജ്ഞിയും നാടകം കണ്ടിട്ടുണ്ട്. നമ്മുടെ ഫ്രാന്‍സിസ് ടി. മാവേലിക്കര കെ.പി.എ.സിക്കായി നാടകങ്ങള്‍ എഴുതിയതുപോലെ ഗ്ലോബ്തിയേറ്ററിനുവേണ്ടി നാടകങ്ങള്‍ എഴുതി. വില്യമിന്റെ 28 നാടകങ്ങളില്‍ കൂടുതലും ഗ്ലോബ് തിയേറ്ററിലാണ് അവതരിപ്പിച്ചത്. ആ സമയത്ത് ധാരാളം കവിതകളും എഴുതിയിരുന്നു. അതിനാലാണ് ഗ്ലോബ് തിയേറ്റര്‍ 1997ല്‍ ഷേക്‌സ്പിയര്‍ തിയേറ്ററായി മാറിയത്.

DSC_1162ആദ്യകാലത്ത് വില്യമടക്കം ആറ് ഓഹരിക്കാരായിരുന്നു തിയേറ്ററിലുണ്ടായിരുന്നത്. ഇന്ന് ഇതിന്റെ ചുമതല ദി ഷേക്‌സിപിയര്‍ ഗ്ലോബ് ട്രസ്റ്റിനാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വിജ്ഞാനദാഹികളായ കലാപ്രേമികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഗാലറികള്‍ക്ക് താഴെയുള്ള ഭാഗത്താണ് ഇന്‍ഫര്‍മേഷന്‍ സെന്ററും ബുക്കുകളും സോവനീറും മറ്റും ലഭിക്കുക. അതില്‍ ഒരു മൂന്നു കിലോയില്‍ കൂടുതല്‍ ഭാരമുള്ള വില്യമിന്റെ സമ്പൂര്‍ണ്ണരചനകളുടെ ഒരു പുസ്തകം ഷേക്‌സ്പിയര്‍ ദി കംപ്ലീറ്റ് കണ്ടു. ഇത് എഴുതിയിരിക്കുന്നത് മിഖായേല്‍ കോണ്‍വേയും പീറ്റര്‍ ഡെസ്ലേയുമാണ്. ഇതിന്റെ പ്രസാദകര്‍ ബാര്‍നസ് ആന്‍ഡ് നോബിള്‍ ഇങ്ക് കമ്പനിയുമാണ്. ആ കൂട്ടത്തില്‍ നാടകത്തിന്റെ പേരുള്ള മാക്ബത്ത് വീഞ്ഞുകുപ്പിയും കണ്ടു. അതിന്റെ ഒരു ഭാഗത്തുള്ള സ്‌റ്റേജില്‍ ഏതോ നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നുണ്ട്. അകത്തും പുറത്തുമുള്ള എല്ലാറ്റിലും ഗ്ലാസ് ചില്ലുകളില്‍പോലും വില്യമിന്റെ നാടകങ്ങളുടെ പേരുകളാണ്. വില്യമിനെപ്പറ്റി ധാരാളം അപവാദങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. അതിലെ കക്ഷികള്‍ വില്യമിനോട് അസൂയയുള്ള മനുഷ്യരാണ്. വില്യം ഗ്ലോബ് തിയേറ്ററിലെ താഴ്ന്ന ജോലിക്കാരന്‍, ലൈറ്റ് മാന്‍, കുതിരയെ നോക്കുന്നവന്‍ ഈ നാടകങ്ങള്‍ സ്വന്തമായി എഴുതിയതല്ല. ആരുടെയോ മോഷ്ടിച്ചതാണ്. ഇങ്ങനെയുള്ള പ്രചാര വേലകളാണ് ഒരു സര്‍ഗ്ഗപ്രതിഭയ്ക്ക് നേരെ ഉയര്‍ന്നത്. ഏത് രംഗത്തും പേരും പ്രശസ്തിയുമുണ്ടാകുമ്പോള്‍ പലരും അസഹിഷ്ണുതയുള്ളവരും അസൂയക്കാരുമുണ്ടാവുക സ്വാഭാവികമാണ്.വിവേകമുള്ള മനുഷ്യരാരും അതുപോലെ ചിന്തിക്കില്ല. നല്ല വായനക്കാരന്‍ പുസ്തകം വാങ്ങി വായിക്കുന്നതും നാടകം കാണുന്നതും അത് മോഷ്ടിച്ചതാണോ അല്ലയോ എന്നു നോക്കിയിട്ടല്ല. എന്തായാലും ഫെയ്‌സ്ബുക്കുപോലുള്ള മാധ്യമങ്ങള്‍ അന്നില്ലാതിരുന്നത് ഷേക്‌സ്പിയറിന്റെ ഭാഗ്യം. 1970 കളില്‍ അമേരിക്കയില്‍ നിന്നെത്തിയ സംവിധായകനും നടനുമായിരുന്നു. ശമുവേല്‍ വാനമേല്‍ക്കറാണ് ഷേക്‌സ്പിയര്‍ ഗ്ലോബിന് താങ്ങും തണലുമായത്. ലണ്ടനില്‍ 230ലധികം തിയേറ്ററുകളുണ്ട്. ഇവിടെയെല്ലാം ആയിരക്കണക്കിനാളുകളാണ് നാടകങ്ങള്‍ കണ്ടിറങ്ങുന്നത്. ഈ സമയം നമ്മുടെ കേരളത്തിലെ നാടകതിയേറ്ററുകളുടെ ദുരവസ്ഥ ഓര്‍ത്തുപോയി. ഗ്ലോബ് തിയേറ്ററിലെ കുട്ടികളുടെ പഠന താല്പര്യം കണ്ടപ്പോള്‍ നാടകത്തെ മാത്രമല്ല പുസ്തകത്തെയും അവര്‍ പൊന്നുപോലെ സൂക്ഷിക്കുന്നവരെന്ന് മനസ്സിലാക്കി. നാടകത്തെ അവര്‍ വളര്‍ത്തുന്നു. വളച്ചൊടിക്കുന്നില്ല.

DSC_1152

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]