ഡാളസ് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ഏപ്രിൽ 14ന് ഭഗവല്‍ ദര്‍ശനത്തിനും, വിഷുക്കണി ദര്ശിക്കുന്നതിനുമായി പുലര്‍ച്ചെ മുതല്‍ അനേകം ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. മലയാള നാട്ടില്‍ ലഭ്യമാകുന്ന എല്ലാ ഫലവര്‍ഗ്ഗങ്ങളും, കണിക്കൊന്ന പൂക്കളും അടങ്ങിയ വിഷുക്കണി ഭക്തജനങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടാനന്ദിച്ചു. വിഷുക്കണി ദര്‍ശനത്തിനു ശേഷം വിഷുകൈനീട്ടവും പൂജാരിമാരില്‍ നിന്നും ഭക്തജനങ്ങള്‍ക്കു ലഭിച്ചു. ചന്ദന മുഖക്കാപ്പില് മന്ദഹസിച്ചുകൊണ്ട് സര്‍വ്വാലങ്കാരങ്ങളോടും കൂടി വിളങ്ങി നിന്ന ശ്രീ ഗുരുവായൂരപ്പന്റെ രൂപം എല്ലാവര്ക്കും മംഗളം ഭവിക്കട്ടെ എന്നനുഗ്രഹിക്കുന്നതായി അനുഭവപെട്ടു.
ക്ഷേത്രത്തിലെ സ്ഥിര പൂജാരിമാരായ വിനയന് നീലമനയേയും, പത്മനാഭന് ഇരിഞ്ഞാടപള്ളിയെയും സഹായിക്കാന്‍ വിനയന് തിരുമേനിയും, ബിനീഷ് തിരുമേനിയും, ദീപക് തിരുമേനിയും എത്തിച്ചേര്‍ന്നിരുന്നു. ഞായറാഴ്ച്ച് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ ഭക്തജനങ്ങള്‍ക്കും വിഭവസമൃദ്ധമായ സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു.
വിഷു ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച അരങ്ങേറിയ കലാപരിപാടികളും അനേകം പേര് പങ്കുചേര്‍ന്നതായി കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയര്‍ രാജേന്ദ്ര വാരിയരും അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply