Flash News

വയനാടന്‍ കാറ്റിലെ യഥാര്‍ത്ഥ രാഷ്ട്രീയം: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

April 16, 2019

vayanadan kaattile banner-1ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള രാജ്യത്തെ ഏറ്റവുംവലിയ രാഷ്ട്രീയ ഏറ്റുമുട്ടലിന് വയനാട് ലോകസഭാ മണ്ഡലം വേദിയായി മാറിക്കഴിഞ്ഞു. തെക്കും വടക്കും എന്ന നിലയില്‍ വിഭജിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ മത്സരിക്കാനെത്തിയത്.

എന്നാലതിനെ ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയേയും ഭിന്നിപ്പിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ വടംവലി മത്സരമാക്കി ബി.ജെ.പി ദേശീയനേതൃത്വം മാറ്റാന്‍ ശ്രമിക്കുകയാണ്. അതില്‍ അറിഞ്ഞോ അറിയാതെയോ ഇടതുപക്ഷ പാര്‍ട്ടികളും സജീവ കക്ഷികളായി ഇപ്പോള്‍ മാറുന്നു എന്നതാണ് ദൃശ്യമാകുന്ന അപകടകരമായ വിരോധാഭാസം.

Photo1ഇതോടെ മോദി ഗവണ്മെന്റിനെ താഴെയിറക്കി മതനിരപേക്ഷ സര്‍ക്കാറിനെ കേന്ദ്രത്തില്‍ അധികാരത്തിലേറ്റുകയെന്ന ലക്ഷ്യംതന്നെ ഇടതുപക്ഷ പാര്‍ട്ടികള്‍ മറന്ന മട്ടാണ്. തിരിച്ചുവരവിന് വൈക്കോല്‍ തുരുമ്പിലും ആഞ്ഞുപിടിക്കാന്‍ ശ്രമിക്കുന്ന മോദിക്കും ബി.ജെ.പിക്കും ഈ രാഷ്ട്രീയ ഹരകിരി ആവേശവും പ്രതീക്ഷയും നല്‍കുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ പ്രതിജ്ഞചെയ്ത് ഇറങ്ങിയിരിക്കുന്ന ഇടതുപക്ഷം അത് തിരിച്ചറിയാത്ത മട്ടില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാനുള്ള രാഷ്ട്രീയ റോഡ്‌ഷോ നടത്തുകയാണ്.

ഇന്ത്യന്‍ പൊതുസമൂഹത്തിന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല നല്‍കിയ രാഷ്ട്രീയ – ധൈഷണിക സംഭാവന മാറ്റുരക്കുന്ന ഒരു തെരഞ്ഞെടുപ്പുകൂടിയാണിത്. ജെ.എന്‍.യുവിന്റെ ആ സംഭാവനയുടെ ജീവിക്കുന്ന പ്രതീകങ്ങളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമാണ് ഇന്ന് ഇടതുപക്ഷ പാര്‍ട്ടികളെ നയിക്കുന്നത്. എന്നിടും ആ ഇടതുപക്ഷമാണ് വയനാട്ടില്‍ പരോക്ഷമായി നരേന്ദ്രമോദിയേയും ആര്‍.എസ്.എസിനേയും ആഹ്ലാദിപ്പിക്കുന്ന അവിശ്വസനീയ നിലപാട് സ്വീകരിക്കുന്നത്.

ഇടതുപക്ഷ – ജനാധിപത്യ മുന്നണി ശക്തമായ കേരളത്തില്‍നിന്ന് രാഹുല്‍ ഗാന്ധി ലോകസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതാണ് മതനിരപേക്ഷ ശക്തികളുടെ ഐക്യത്തിന് തുരങ്കംവെച്ചതെന്ന വാദമാണ് ഇടതുപാര്‍ട്ടികളുടേത്. ഇന്ത്യയുടെ ഐക്യം ഉറപ്പുവരുത്താനാണ് നീണ്ട ആലോചനകള്‍ക്കുശേഷം വയനാട് മണ്ഡലത്തില്‍ നിന്നുകൂടി മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.

രണ്ടു നിലപാടുകളിലും വസ്തുതകളുടെ അംശങ്ങളുണ്ടെങ്കിലും മോദി ഗവണ്മെന്റിനെ താഴെയിറക്കുക എന്ന ഇടതുപക്ഷത്തിന്റെ സുപ്രധാന അജണ്ടയെ തോല്പിക്കുന്നതാണ് വയനാടിന്റെ പേരില്‍ ഇപ്പോള്‍ ഇടതുപക്ഷം സ്വീകരിക്കുന്ന പുതിയ രാഷ്ട്രീയ നീക്കങ്ങള്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് നാമനിര്‍ദ്ദേശപത്രിക നല്‍കിയ ഏപ്രില്‍ 4ന്റെ ‘ഹിന്ദു’ പത്രത്തില്‍ ജെ.എന്‍.യു പഠനകേന്ദ്രത്തിന്റെ എമിറേറ്റ് പ്രൊഫസറുമായ സോയാ ഹസന്‍ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം അപകടകരമായ ചൂതാട്ടമാണെന്ന് എഴുതിയിരുന്നു. യു.പി രാഷ്ട്രീയം ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളെകുറിച്ചുള്ള ആധികാരിക പഠനങ്ങളുടെ ഉടമയായ സോയ പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതുപാര്‍ട്ടികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ കേരളത്തെക്കൊണ്ടാകുമെന്ന പ്രതീക്ഷ രാഹുലിന്റെ വരവോടെ തകര്‍ന്നതാണ് ഇടതു പാര്‍ട്ടികളെ ചൊടിപ്പിച്ചതെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും അഖിലേന്ത്യാ രാഷ്ട്രീയത്തിലെ ലക്ഷ്യം തകര്‍ക്കുന്ന തരത്തില്‍ ഒരിക്കലും നീങ്ങരുതെന്ന് സോയാ ഹസന്‍ ഉപദേശിച്ചു. സമാനമനസ്‌ക്കരായ ആളുകളെയും ശക്തികളെയും പരമാവധി ഒന്നിപ്പിച്ചു നിര്‍ത്താനുള്ള സമയമാണെന്ന് ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ വര്‍ണ്ണരാജിയുടെ തീവ്ര വലതുഭാഗത്തേക്ക് ബി.ജെ.പിയെ കുറ്റിയടിച്ച് നിര്‍ത്തുകയാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്ന് അവര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി. എന്നാല്‍ ബി.ജെ.പിക്കു പകരം രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും തീവ്ര വലതുപക്ഷത്ത് കുരിശിലേറ്റാനുള്ള നീക്കമാണ് വോട്ടെടുപ്പിലേക്കടുക്കുന്ന കേരളത്തില്‍ വയനാട് കേന്ദ്രീകരിച്ച് ഇടതുപാര്‍ട്ടികള്‍ ഇപ്പോള്‍ ചെയ്യുന്നത്.

എന്നാല്‍ സോയാ ഹസന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം നൂറുശതമാനവും ഉള്‍ക്കൊണ്ടാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചതെന്നു കാണാം: ദേശീയതലത്തിലെ സഖ്യശക്തിയായാണ് ഇടതുപക്ഷത്തെ കാണുന്നത്. അവര്‍ വയനാട്ടില്‍ മത്സരിക്കുന്നതിന് തന്നെ കുറ്റപ്പെടുത്തിയാലും ആക്രമിച്ചാലും താന്‍ പകരം പ്രതികരിക്കുകയില്ല. തങ്ങളെ പേടിച്ചാണ് രാഹുല്‍ വിമര്‍ശിക്കാന്‍ മുതിരാത്തതെന്നാണ് ആ രാഷ്ട്രീയ നയതന്ത്രത്തെ ഇടതുപാര്‍ട്ടി നേതാക്കള്‍ പരിഹസിച്ചത്.

പ്രധാനമന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വയനാടില്‍ മത്സരിക്കുന്ന രാഹുലിനെതിരെ നടത്തുന്ന വ്യക്തിഹത്യയും വര്‍ഗീയത ഇളക്കുന്ന വിമര്‍ശനങ്ങളും ഇടതുനേതാക്കളും മറ്റൊരു രീതിയില്‍ ഉയര്‍ത്തുന്നു. രണ്ടിന്റേയും ഫലം ഒന്നുതന്നെ. അമേഠിയിലെ ഭൂരിപക്ഷ ഹിന്ദുക്കളുടെ എതിര്‍പ്പു പേടിച്ച് ന്യൂനപക്ഷം ഭൂരിപക്ഷമായ വയനാട്ടിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്നാണ് പ്രധാനമന്ത്രിയടക്കം പറഞ്ഞത്. ‘മുസ്ലിം സമുദായത്തിലെ ആറരലക്ഷം പേരുള്ള അമേഠി ലോകസഭാ മണ്ഡലത്തില്‍നിന്ന്’ രാഹുല്‍ ഒളിച്ചോടിയെന്ന് പാര്‍ട്ടി പത്രത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു.

ആധികാരിക കണക്കനുസരിച്ച് അമേഠി ലോകസഭാ മണ്ഡലത്തില്‍ മുസ്ലിം സമുദായത്തില്‍നിന്നുള്ള 96,208 പേരാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തത്. കോടിയേരി പറയുന്ന ആരറലക്ഷത്തിന്റെ കണക്ക് എവിടെനിന്നാണെന്ന് സി.പി.എം ഇനിയും വിശദീകരിക്കേണ്ടതുണ്ട്. ഉത്തരേന്ത്യയിലെ ഹിന്ദുത്വവികാരം വോട്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എം കോണ്‍ഗ്രസ് വിരോധത്താല്‍ വഴി തെറ്റിയിരിക്കുന്നു. അതുകൊണ്ടാണ് ബി.ജെ.പിയും ഇടതുപാര്‍ട്ടികളും ഒരേ ‘ലോ ഫ്‌ളോര്‍’ ബസില്‍ ഇപ്പോള്‍ വയനാട് ചുരം കയറുന്നത്. വയനാട്ടിലേക്കു നോക്കുന്ന അമിത് ഷാ അവിടെ പാക്കിസ്താന്‍ കാണുന്നത്. ഭീകരവാദികളുടെ ആസ്ഥാനവും പാക്കിസ്താന്റെ പച്ചപതാകയും വയനാട്ടിലുണ്ടെന്ന് യോഗി ആദിത്യനാഥ് കണ്ടെത്തുന്നത്. അമിത് ഷായുടെ വൈറസ് പ്രയോഗം വൃന്ദ കാരാട്ടിന്റെ പ്രസംഗത്തില്‍ മാറ്റൊലികൊള്ളുന്നത്.

രാഹുല്‍ ഗാന്ധി മുന്‍ നിശ്ചയപ്രകാരം ഇപ്പോള്‍ അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിക്കഴിഞ്ഞു. എന്നിട്ടും സ്മൃതി ഇറാനി അപഹസിക്കുന്നതുപോലെ വയനാടിന്റെ മണ്ണില്‍നിന്ന് ഭീരുവായ രാഹുലിനെ തോല്പിച്ചോടിക്കുമെന്നാണ് ഇടതുപക്ഷ നേതാക്കള്‍ വെല്ലുവിളിക്കുന്നത്. രാജ്യത്തെ പാര്‍ട്ടികളില്‍ ദുര്‍ബലരില്‍ ദുര്‍ബലരായി മാറിയ ഇടതുപക്ഷം അതിലും ദുര്‍ബലരെന്ന് കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്.

മതനിരപേക്ഷതയുടെ ഐക്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ സ്ഥാനാര്‍ത്ഥിത്വം വിള്ളലുണ്ടാക്കിയെന്ന ഇടത് വിമര്‍ശനം ന്യായമാകാം. ആ വിള്ളല്‍ ഇല്ലാതാക്കാനും ബി.ജെ.പിക്കു ബദലായ മതനിരപേക്ഷ കക്ഷികളുടെ ഐക്യം ശക്തമാക്കാനും ഇടതുപക്ഷത്തിന് ബാധ്യതയുണ്ടായിരുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും മറ്റും ചേര്‍ന്ന് നടത്തുന്ന തീവ്ര ഹിന്ദുത്വത്തിന്റെ നശീകരണ യജ്ഞം തടയുന്നതിനും. അതിനുവേണ്ടി ഇടതുപക്ഷ നേതാക്കള്‍ എന്താണ് ചെയ്തതെന്ന് ചരിത്രത്തോട് വിശദീകരിക്കേണ്ടിവരും. അതിലേറെ മുഖ്യശത്രുവായി കണ്ടത് മോദിയേയോ രാഹുല്‍ ഗാന്ധിയേയോ എന്നും ചരിത്രത്തോട് സമാധാനം പറയേണ്ടിവരും.

ഇവിടെയാണ് വയനാടില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിയെ പിന്താങ്ങുകയെന്ന ദേശീയ രാഷ്ട്രീയത്തിലൂന്നിയുള്ള വിശാലമായ ദൗത്യം ഇടതുപക്ഷം സ്വീകരിക്കേണ്ടിയിരുന്നത്. ഇടതുമുന്നണി രൂപീകരണ പരീക്ഷണങ്ങളില്‍ ആന്ധ്രയിലും പശ്ചിമ ബംഗാളിലും സൗഹാര്‍ദ്ദ മത്സരം നടത്തി പരസ്പരം ചില സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ ഏറ്റുമുട്ടിയിട്ടുണ്ട്. വയനാടില്‍ രാഹുലിനെ പിന്തുണച്ചും മറ്റ് പത്തൊമ്പത് മണ്ഡലങ്ങളിലും യു.ഡി.എഫിനെ എതിര്‍ത്തും എല്‍.ഡി.എഫിന് മതനിരപേക്ഷ ഗവണ്മെന്റെന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കാമായിരുന്നു.

ദക്ഷിണേന്ത്യയില്‍ മറ്റൊരു ലോകസഭാ മണ്ഡലത്തിനുമില്ലാത്ത സവിശേഷത കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ മുക്കവലയായ വയനാടിനുണ്ട്. ഭൂമിശാസ്ത്രപരവും സാംസ്‌ക്കാരികവുമായ പ്രത്യേകത മാത്രമല്ല. രണ്ടു പതിറ്റാണ്ടിലേറെയായി നവ ഉദാരീകരണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അസമത്വത്തിന്റെ വന്‍ വളര്‍ച്ചയില്‍ ദുരന്തഭൂമിയായ കാര്‍ഷിക ഇന്ത്യയുടെ ജൈവഭാഗമാണ് വയനാട്. ഇന്ത്യയ്ക്കകത്ത് മറ്റൊരു ഇന്ത്യയെ സൃഷ്ടിച്ച സ്വാതന്ത്ര്യാനന്തര കാലത്തെ ഏറ്റവും രൂക്ഷമായ സാമൂഹിക പ്രതിസന്ധിയുടെ പ്രതീകമാണ് വയനാട്.

കാര്‍ഷികവൃത്തി ഉപേക്ഷിച്ച് ഇരുപതു വര്‍ഷത്തിനകം രാജ്യത്തെ ഒന്നരക്കോടിയിലേറെ കൃഷിക്കാര്‍ കര്‍ഷക തൊഴിലാളികളോ കുടിയേറ്റ തൊഴിലാളികളോ ആയി മാറിയതും കൃഷിപ്പണിയില്‍തന്നെ തുടര്‍ന്നവര്‍ ആത്മഹത്യയില്‍ മോചനം തേടുന്നതും വയനാടുകൂടി ഏറ്റുവാങ്ങേണ്ടിവന്ന ദുരന്തമാണ്.

കൃഷിക്കാരുടെ ഈ നിലവിളിയും അവസ്ഥയും തിരിച്ചറിഞ്ഞ് ഇപ്പോള്‍ അവരെ രക്ഷിക്കാന്‍ പുതിയ തീരുമാനങ്ങളും പദ്ധതികളുമായി മുന്നോട്ടുവരുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷനാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ടാണ് തെക്കേ ഇന്ത്യയില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തിന് നീണ്ട ആലോചനകള്‍ക്കുശേഷം വയനാട് തെരഞ്ഞെടുത്തത്. വയനാട്ടിലെ കൃഷിക്കാരും ഗോത്രവര്‍ഗക്കാരും പാവപ്പെട്ടവരുമായ ജനലക്ഷങ്ങള്‍ക്ക് ഇത് ഒരു രക്ഷകന്റെ വരവാണ്.

യു.പി.എയുടെ പത്തുവര്‍ഷത്തെ ഭരണത്തിലും പിറകെവന്ന മോദിയുടെ വാഴ്ചയിലും വയനാട് ഉള്‍പ്പെട്ട കാര്‍ഷിക ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ കാട്ടുതീപോലെ രൂക്ഷമാവുകയാണ് ചെയ്തത്. യു.പി.എ ഭരണത്തിലും നാലുവര്‍ഷക്കാലം ഇടതുപാര്‍ട്ടികള്‍ പങ്കാളികളായിരുന്നു.

മോദി സര്‍ക്കാറിന്റെ അശാസ്ത്രീയവും ഏകപക്ഷീയവുമായ നോട്ടുറദ്ദാക്കലും ജി.എസ്.ടി നടപ്പാക്കലും വിതച്ച ദുരന്തംകൂടിയായപ്പോള്‍ സാമൂഹിക- സാമ്പത്തിക ജീവിതത്തിന്റെ ഇഴകളാകെ പൊട്ടിത്തകര്‍ന്നു. മോദി ഭരണം ഗ്രാമീണ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണകൂട പിന്തുണയോടെ അഴിച്ചുവിട്ട ആള്‍ക്കൂട്ട ആക്രമണങ്ങളും പ്രധാനമന്ത്രിയും പാര്‍ട്ടിയും നടപ്പാക്കുന്ന വര്‍ഗീയ ധ്രുവീകരണവും ഈ തെരഞ്ഞെടുപ്പിനെ അതിഭീഷണമാക്കി. ദേശീയ തലത്തില്‍ മുസ്ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഭയഭീതരായി കോണ്‍ഗ്രസില്‍ അഭയം തേടുന്ന ഒരു പുതിയ രാഷ്ട്രീയാവസ്ഥ രൂപംകൊണ്ടിട്ടുണ്ട്. ഈ സത്യത്തോട് ഇടതുപക്ഷം എങ്ങനെ മുഖംതിരിക്കും.

എന്നാല്‍ വയനാട് രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ച വിള്ളല്‍ എന്ന സൂചിക്കുഴയിലൂടെ തീവ്ര ഹിന്ദുത്വ ഭീകരതയുടെ ഫാഷിസ്റ്റ് ദിനോസറിനെ കടത്തിവിടാനുള്ള തെറ്റായ തെരഞ്ഞെടുപ്പ് അടവ് ഇടതുപാര്‍ട്ടികള്‍ എങ്ങനെ സ്വീകരിക്കും.

കേരളത്തെ പാക്കിസ്താനായും ഭീകരരുടെ ആവാസകേന്ദ്രമായും തലകീഴായി കാണുന്ന ബി.ജെ.പിയുടെ രാഷ്ട്രീയം ദൃഷ്ടിദോഷത്തിന്റേതല്ല. ഇന്ത്യയുടെ സംസ്‌ക്കാരവും ചരിത്രവും മതനിരപേക്ഷതയും ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങളും തകര്‍ത്ത് ഏകവ്യക്തിക്കു കീഴിലുള്ള ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുകയെന്ന തലകീഴായ പ്രത്യയശാസ്ത്ര ലക്ഷ്യമാണ് തെരഞ്ഞെടുപ്പിലൂടെ മുന്നോട്ടുവെക്കുന്നത്. അത് പരാജയപ്പെടുത്തിയേ തീരൂ. വൈകിയെങ്കിലും തിരുത്താന്‍ ഇനിയും സമയമുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷ പാര്‍ട്ടികളും ഉള്‍പ്പെട്ട ജനാധിപത്യ ശക്തികളുടെയാകെ മുന്നേറ്റം ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പിന്റെ ശേഷിക്കുന്ന ആറ് ഘട്ടങ്ങളിലൂടെ ആ ലക്ഷ്യം രാജ്യത്താകെ നിറവേറ്റണം. ഇടതുപക്ഷത്തിനും അതിനേക്കാളേറെ കോണ്‍ഗ്രസിനും (യു.ഡി.എഫിനും) അക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. മെയ് 23നുശേഷം ശകുനം നോക്കിയിരുന്നിട്ടു കാര്യമില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top