Flash News

മണ്ണിലേക്കിറങ്ങിയ മാര്‍പാപ്പ: പി.ടി. പൗലോസ്

April 18, 2019

Mannilekirangiya marpapa1പണ്ട് പൊന്‍കുന്നം വര്‍ക്കി ഒരു ഫലിതം പറഞ്ഞു. പാലായില്‍ ഏറ്റവും ഉയരത്തില്‍ സ്ഥാപിച്ച കര്‍ത്താവിന്‍റെ പ്രതിമയെക്കാള്‍ ശക്തമായി അവിടെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കര്‍ത്താവിന്‍റെ രക്ഷക്ക് സ്ഥാപിച്ച മില്‍രക്ഷാ ചാലകം ആയിരിക്കുമെന്ന്. ലോകത്തിലെ ഏറ്റവും വലിയ വര്‍ഗീയ സംഘടനയായ ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍റെ മുകളില്‍ രക്ഷാകവചമില്ല. പകരം കടമിഴികള്‍ കൊത്തിപ്പറിക്കുവാന്‍ കെല്‍പ്പുള്ള കൊമ്പന്‍ കഴുകന്മാര്‍ കാലങ്ങളായി വത്തിക്കാന്‍റെ മുകളിലൂടെ വട്ടമിട്ടു പറക്കുന്നു. അവയുടെ കണ്ണും കാതും വത്തിക്കാന്‍റെ ഇടനാഴികകളെ നിരീക്ഷിക്കുന്നു. എന്തിനാണൊേ, അരമനയപ്പന്മാരുടെയും പ്രൊവിന്‍ഷ്യലമ്മച്ചിമാരുടെയും ഒക്കെ കൂടെകിടപ്പിന്‍റെയും കൂട്ടിക്കൊടുപ്പിന്‍റെയും അറക്കുന്ന കഥകള്‍ക്ക് വിശുദ്ധിയുടെ ലേപനം പുരട്ടാന്‍, റോബിന്‍ അച്ചനെയും ഫ്രാങ്കോ മെത്രാനെയുമൊക്കെ വാഴ്ത്തപ്പെട്ടവരാക്കാന്‍. സന്യാസിനി മഠങ്ങളുടെ ഉരുക്കു വാതിലുകള്‍ രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ പുരോഹിതര്‍ക്കായി ഞരക്കത്തോടെ തുറക്കപ്പെട്ടു വിശുദ്ധജലമൊഴുക്കാന്‍. പല ക്യാസ്ത്രീകളുടെയും ഉദരങ്ങളില്‍ കുഞ്ഞച്ചന്മാരും കുഞ്ഞമ്മമാരും കുഞ്ഞുപിതാക്കന്മാരും കുഞ്ഞികൈകാലുകളനക്കി വിശുദ്ധപാപത്തിന്‍റെ വരവറിയിച്ചു. പലരും അബോര്‍ട് ചെയ്ത് പാപത്തിന് മാറ്റ് കൂട്ടി. പലരും മഠങ്ങളിലെ മറപ്പുരകളില്‍ കുഞ്ഞുങ്ങള്‍ക്ക് നിഗൂഢമായി ജന്മം നല്‍കി. ഇത് കാലങ്ങളായി നടക്കുന്ന സംഭവങ്ങളാണ്. എങ്കിലും ഈയിടെ ഒരു വത്തിക്കാന്‍ മാസിക “വിമണ്‍ ചര്‍ച്ചു വേള്‍ഡ് ” അരമനകളിലും ആരാധനാമഠങ്ങളിലും അറപ്പില്ലാതെ അരങ്ങേറുന്ന അരുതായ്മകളെ തെളിവോടെ നിരത്തി. വത്തിക്കാന്‍റെ ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ ഈ അനീതിക്കും അധാര്‍മ്മികതക്കും എതിരായി രംഗത്തുവന്നു, ഫ്രാന്‍സിസ് മാര്‍പാപ്പ. 2019 ഫെബ്രുവരിയില്‍ വത്തിക്കാന്‍ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളിലും നടക്കുന്ന കന്യാസ്ത്രീകളോടും കുട്ടികളോടുമുള്ള പുരോഹിതരുടെ പീഡനത്തിന് പരസ്യമായി മാപ്പ് ചോദിച്ചു. ഫെബ്രുവരിയില്‍ തന്നെ ബിഷപ്പ് വേള്‍ഡ് കോണ്‍ഫറന്‍സുകളുടെ അധ്യക്ഷന്മാരുടെ ഉച്ചകോടിയും ഇതിനെതിരെ പ്രതികരിക്കാന്‍ റോമില്‍ വിളിച്ചുകൂട്ടി നന്മയുടെ ജാലകം തുറന്നു.

PT Paulose“ഒരു നല്ല മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല” എന്നൊരിക്കല്‍ പറഞ്ഞപ്പോള്‍ വിശ്വാസലോകം ഒന്ന് ഞെട്ടി. “ദൈവവിശ്വാസികള്‍ എല്ലാവരും നല്ലവരാകണമെന്നില്ല. അതുപോലെ നല്ലവരെല്ലാം ദൈവവിശ്വാസികള്‍ ആകണമെന്നുമില്ല” എന്നുകൂടി പറഞ്ഞപ്പോള്‍ ദൈവത്തിനെ മൊത്തത്തില്‍ വിലക്കെടുത്ത പള്ളിക്കച്ചവടക്കാര്‍ മുറുമുറുത്തു, നെറ്റി ചുളിച്ചു. ഇക്കൂട്ടരുടെ സംഘടിത ശക്തിക്കും അഹന്തക്കും മുമ്പില്‍ എല്ലാ ദൈവസങ്കല്പങ്ങളും വിറങ്ങലിച്ചു നില്‍ക്കുന്നു. ഇവിടെയാണ് വേദനിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി ഭൂമിയോളം താഴുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന മനുഷ്യസ്നേഹിയുടെ പ്രസക്തി.

“ഒരു സഹോദരനെപോലെ പറയുകയാണ്. ഹൃദയംകൊണ്ട് അപേക്ഷിക്കുകയാണ്. പുതിയ വഴിയില്‍ മുന്നോട്ടു പോകണം. പ്രശ്നങ്ങള്‍ പരിഹരിക്കണം. ജനങ്ങള്‍ക്കു യുദ്ധം മതിയായി” ദക്ഷിണ സുഡാനിലെ അഭ്യന്തര യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് കരാറില്‍ ഏര്‍പ്പെട്ട നേതാക്കളെ വിളിച്ചു വരുത്തി, ഭൂമിയോളം തലകുനിച്ച്, അവരുടെ കാലില്‍ ചുംബിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ ആഗോള പരമാദ്ധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ യാചനയാണിത്. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിലെ 10 തെക്കന്‍ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 2011 ജൂലൈ 9 നാണ് തെക്കന്‍ സുഡാന്‍ എന്ന പുതിയ രാജ്യം രൂപീകൃതമായത്. സുഡാനിലെ എണ്ണ ഉല്‍പ്പാദനത്തിന്‍റെ 80 ശതമാനവും നൈല്‍ നദിയുടെ വൃഷ്ടി പ്രദേശമായ ദക്ഷിണ സുഡാനില്‍ ആണെങ്കിലും ലോകത്തിലെ ദരിദ്ര രാജ്യങ്ങളില്‍ ഒന്നാണിത്. ഇവിടെ അഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് ലക്ഷത്തോളം വരുന്ന സാധാരണ മനുഷ്യരെയും കുഞ്ഞുങ്ങളെയും ഓര്‍ത്തായിരുന്നു നെഞ്ചുപൊട്ടിയ ഈ യാചന. തന്‍റെ പാദങ്ങളില്‍ ചുംബിക്കാനും കൈ മുത്താനുമുള്ള ഭാഗ്യം ലഭിക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്ന ഭക്തകോടികളെ അത്ഭുതപ്പെടുത്തുതായിരുന്നു അദ്ദേഹത്തിന്‍റെ ഈ ദിവ്യ ചുംബനം. വത്തിക്കാന്‍റെ നാള്‍വഴികളില്‍ ഇതുപോലുള്ള പത്ത് മാര്‍പാപ്പാമാരുണ്ടായിരുന്നെങ്കില്‍ കത്തോലിക്കാ സഭ എന്നേ നന്നായേനെ.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top