പ്രധാനമന്ത്രിയുടെ വേദിക്കരികെ തോക്ക് പൊട്ടിയ സംഭവം: പരിശോധനയുടെ ഭാഗമെന്ന് എഡിജിപി

aaaig

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വേദിക്കരികെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കില്‍ നിന്ന് വെടി പൊട്ടിയ സംഭവത്തില്‍ വിശദീകരണവുമായി ദക്ഷിണ മേഖല എഡിജിപി മനോജ് എബ്രഹാം. തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടിയതല്ലെന്നും ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ മേലുദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തില്‍ തറയിലേക്ക് വെടി പൊട്ടിച്ചു കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണഗതിയില്‍ വിവിഐപി സുരക്ഷയ്ക്കുള്ള പോലീസുകാരുടെ തോക്കുകള്‍ നേരത്തെ പരിശോധിക്കും. പരിശോധനയില്‍ കൊല്ലം എആര്‍ ക്യാമ്പിലെ പോലീസുകാരന്റെ തോക്കില്‍ കാഞ്ചി വലിക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിനു സമീപം തറയിലേക്കു നിറയൊഴിക്കുകയായിരുന്നു.

പ്രധാനമന്ത്രി എത്തുന്നതിനു മൂന്നു മണിക്കൂര്‍ മുമ്പായിരുന്നു സംഭവം. അതിനു ശേഷം ഡ്യൂട്ടി പൂര്‍ത്തിയാക്കിയാണ് പോലീസുകാരന്‍ മടങ്ങിയത്. അതിനാല്‍ ഇതു സംബദ്ധിച്ചുള്ള ഒരുതരത്തിലുള്ള അന്വേഷണങ്ങളും നടക്കുന്നില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു. സ്ഥിരമായി ഉപയോഗിക്കാത്ത തോക്കുകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment