Flash News

കേരളത്തിന്റെ വോട്ട് ദേശീയ രാഷ്ട്രീയത്തിന്: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

April 23, 2019

kerala-lok-sabha-election-1കഴിഞ്ഞ പതിനാറ് ലോകസഭാ തെരഞ്ഞെടുപ്പുകളില്‍നിന്നും തീര്‍ത്തും വ്യത്യസ്തവും പ്രവചനാതീതവുമാണ് ചൊവ്വാഴ്ച കേരളത്തില്‍ നടക്കുന്ന ലോകസഭയിലേക്കുള്ള വോട്ടെടുപ്പ്. 20 ലോകസഭാ മണ്ഡലങ്ങളിലും അതിരൂക്ഷമായ ത്രികോണ മത്സരം നടക്കുന്ന ആദ്യ ലോകസഭാ തെരഞ്ഞെടുപ്പാണിത്.

ചൊവ്വാഴ്ച വോട്ടെടുപ്പു കഴിഞ്ഞാലും കൃത്യം ഒരുമാസം കഴിഞ്ഞുനടക്കുന്ന വോട്ടെണ്ണല്‍വരെ മൂന്നു മുന്നണികള്‍ക്കും വീര്‍പ്പടക്കി കഴിയേണ്ടിവരും. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പ്രാദേശിക രാഷ്ട്രീയത്തെ തലങ്ങും വിലങ്ങും തുടര്‍ച്ചയായി കീഴ്‌മേല്‍ മറിച്ചതായി കേരളത്തിലെ തെരഞ്ഞെടുപ്പ്. അതുകൊണ്ട് ലക്ഷ്യവും മുദ്രാവാക്യവും പലവട്ടം മാറ്റിക്കുറിക്കേണ്ടിവന്നു. പോളിംഗ് ദിവസംപോലും അട്ടിമറി വിധിക്കുള്ള സാധ്യത രാഷ്ട്രീയ മുന്നണികളെ ഒരുപോലെ ഭയാശങ്കകളിലാഴ്ത്തി.

appukuttan 2018ഇരുപതില്‍ ഇരുപതു സീറ്റും പിടിച്ചെടുക്കുകയായിരുന്നു എല്‍.ഡി.എഫ് ലക്ഷ്യം. 2004ല്‍ 20ല്‍ 18 സീറ്റും നേടിയത് ഓര്‍മ്മിപ്പിച്ചായിരുന്നു ഈ പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാറിനെ നയിക്കുന്നു എന്ന രാഷ്ട്രീയ പിന്‍ബലം അതിനു ന്യായീകരണമായി. എന്നാല്‍ ആ ലക്ഷ്യത്തിന്റെ പാതി കടക്കുമെന്നേ മുഖ്യമന്ത്രി പിണറായി വിജയന്‍പോലും ഇപ്പോള്‍ അവകാശപ്പെടുന്നുള്ളൂ. കൈരളി ചാനല്‍ നടത്തിയ സര്‍വ്വേയില്‍പോലും എല്‍.ഡി.എഫിന് ഏറിയാല്‍ 11 മുതല്‍ 13 സീറ്റേ പ്രവചിക്കാന്‍ കഴിഞ്ഞുള്ളൂ.

ബി.ജെ.പി കേരളത്തില്‍ മൂന്നാം ബദലായി ഈ തെരഞ്ഞെടുപ്പോടെ ഉയര്‍ന്നുവരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ശബരിമല പ്രശ്‌നം അതിനുള്ള സുവര്‍ണ്ണാവസരമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. അഞ്ച് ലോകസഭാ സീറ്റുകളാണ് കേരളത്തില്‍നിന്ന് അമിത് ഷാ സങ്കല്‍പ്പിച്ചത്. അദ്ദേഹംതന്നെ ഒടുവില്‍ ‘കേരളത്തില്‍ ഇത്തവണ വലിയ മാറ്റം’ വരുമെന്നേ പറയുന്നുള്ളൂ. പ്രധാനമന്ത്രി മോദി അവസാനവട്ടം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അണിയിച്ച ഹാരത്തില്‍ ഒരു താമരപോലും വിരിഞ്ഞുകണ്ടില്ല.

മോദി ഗവണ്മെന്റിനെ അധികാരത്തില്‍നിന്നു നീക്കുക, ഭരണനയങ്ങള്‍ തിരുത്തുക- ഇതാണ് അടിയന്തര കര്‍ത്തവ്യമെന്ന് രാഹുല്‍ ഗാന്ധി വയനാട് തെരഞ്ഞെടുപ്പിലൂടെ മുന്നോട്ടുവെച്ചപ്പോള്‍ കേരളത്തിലെ ബി.ജെ.പിയുടെയും എല്‍.ഡി.എഫിന്റെയും വികസന മുദ്രാവാക്യങ്ങള്‍ അപ്രസക്തമായി. ആയുധം നഷ്ടപ്പെട്ട അവസ്ഥ പ്രചാരണരംഗത്ത് എല്‍.ഡി.എഫിനും എന്‍.ഡി.എയ്ക്കുമുണ്ടായി.

ശബരിമലപ്രശ്‌നം തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വീണ്ടും ഉയര്‍ത്തിയതുവഴി വിശ്വാസത്തിന്റെ വൈകാരികത സംസ്ഥാനത്ത് സ്വാധീനിച്ചു. വിശേഷിച്ചും തെക്കന്‍ കേരളത്തില്‍ പലേടത്തും ആ അജണ്ട ബി.ജെ.പിയെ രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ത്തും എന്നത് പ്രകടമായ വസ്തുതയാണ്. അപ്പോള്‍ അപ്രതീക്ഷിതമായി മൂന്നാം സ്ഥാനത്തേക്ക് വലിച്ചിടുന്നത് എല്‍.ഡി.എഫിനേയോ യു.ഡി.എഫിനേയോ എന്നത് മെയ് 23ന് കൃത്യമായി അറിയും. അതല്ല, ഒന്നോ രണ്ടോ സീറ്റില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തു കയറി ലോകസഭയില്‍ എത്താനുള്ള സാധ്യത ചില
തെരഞ്ഞെടുപ്പു പ്രവചനങ്ങളില്‍ കാണുന്നുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുരംഗത്തെ അതിരൂക്ഷമായ ത്രികോണ മത്സരം അത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് കേരളത്തില്‍ 20ല്‍ 12 സീറ്റുകളായിരുന്നു. ചുരുങ്ങിയത് അത് നിലനിര്‍ത്തുക എന്ന ലക്ഷ്യം ഏറ്റെടുത്തു മുന്നേറേണ്ടിയിരുന്ന കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥികളെപോലും നിശ്ചയിക്കാനാവാതെ തമ്മിലടിച്ച് യു.ഡി.എഫിന്റെ മനോബലം പോലും തകര്‍ത്തു. അതിനിടയ്ക്കാണ് രാഹുല്‍ ഗാന്ധി വയനാടിലും മത്സരിക്കണമെന്ന ആലോചന എ.ഐ.സി.സി നേതൃത്വത്തിലുണ്ടായത്. രാഹുലിന്റെ അനുകൂല തീരുമാനത്തോടെ സ്ഥിതി പെട്ടെന്നു മാറി. ഇതോടെ കോണ്‍ഗ്രസും യു.ഡി.എഫും രാഷ്ട്രീയ ആത്മബലം നേടി. 20ല്‍ ഭൂരിപക്ഷം സീറ്റും പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍ പിന്നീട് മുന്നേറിയത്. ഇത് എല്‍.ഡി.എഫിനെ, വിശേഷിച്ച് സി.പി.എമ്മിനെ വളരെയേറെ പ്രകോപിപ്പിച്ചു.

1951 – 52ലായി നടന്ന ഒന്നാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ദേശസുരക്ഷയും വികസനവും മാത്രമല്ല പുതിയൊരു ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധത നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ആ അവസ്ഥയിലും മലബാറില്‍ കോണ്‍ഗ്രസിനെ തോല്പിച്ച് സി.പി.ഐ – കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി സഖ്യത്തിന്റെ പ്രതിനിധികളായി എ.കെ.ജി, കെ കേളപ്പന്‍ തുടങ്ങിയവര്‍ ലോകസഭയിലെത്തി. തിരുവിതാംകൂറില്‍നിന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആനി മസ്‌ക്രീനും സ്വതന്ത്രനായി കമ്മ്യൂണിസ്റ്റുപാര്‍ട്ടി നേതാവ് പി.ടി പൂന്നൂസും ആര്‍.എസ്.പി നേതാവ് എന്‍ ശ്രീകണ്ഠന്‍ നായരും കോണ്‍ഗ്രസ് നേതാക്കളെ പരാജയപ്പെടുത്തി ലോകസഭയിലെത്തി.

ഒരു ദേശീയ ബദല്‍ എന്ന പരീക്ഷണത്തിന് 52ലെ ലോകസഭാ തെരഞ്ഞെടുപ്പുമുതല്‍ നേതൃത്വം നല്‍കുന്നതില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കേരളവും ചരിത്രപരമായ സംഭാവന നല്‍കിപ്പോന്നതാണ്. അടിയന്തര മതനിരപേക്ഷ ബദല്‍ സര്‍ക്കാര്‍ വേണോമോ അതോ മോദിയുടെ ഫാഷിസ്റ്റ് ഭരണം തുടരണമോ എന്ന അതിനിര്‍ണ്ണായക വിഷയത്തിലെ വിധിയെഴുത്താണ് 17-ാം ലോകസഭാ തെരഞ്ഞെടുപ്പ്. സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ പാര്‍ട്ടികളാകട്ടെ ഇത്തവണ ‘ഞങ്ങളെ വിജയിപ്പിക്കുക, ഫലപ്രഖ്യാപനം കഴിഞ്ഞ് ഞങ്ങള്‍ ഇടപെടാം’ എന്ന നിലപാടാണ് സ്വീകരിക്കുന്നത്.

നെഹ്‌റു ഗവണ്മെന്റില്‍നിന്നു വ്യത്യസ്തമായി നരേന്ദ്രമോദി ഗവണ്മെന്റ് ഇപ്പോള്‍ ഒരു ‘തെരഞ്ഞെടുപ്പുകാല’ ഇടക്കാല സര്‍ക്കാര്‍ മാത്രമാണ്. അത് കൃത്യമായി അറിയുന്നതും മോദിക്കുതന്നെയാണ്. വ്യവസ്ഥകളും ചട്ടങ്ങളും നേരും നെറിയും ഭരണഘടനപോലും മറികടന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മോദി സ്വീകരിക്കുന്ന കുത്സിതവും അസാധാരണവുമായ മാര്‍ഗങ്ങള്‍ അതു വ്യക്തമാക്കുന്നു. ചരിത്രത്തിലില്ലാത്തവിധം ബംഗാള്‍, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാന ഗവണ്മെന്റുകളും ജമ്മു-കശ്മീര്‍, തമിഴ്‌നാട്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷംവരുന്ന ജനവിഭാഗങ്ങളും മോദി ഭരണം തിരിച്ചുവരാതിരിക്കാനുള്ള അസാധാരണമായ പോരാട്ടത്തിലാണ്.

ദേശീയത, പാക്കിസ്താന്‍, ദേശസുരക്ഷ എന്നീ വിഷയങ്ങളില്‍ ഉറപ്പിച്ച ദേശീയ- തീവ്ര ഹിന്ദുത്വ അജണ്ടയാണ് മോദി കഴിഞ്ഞ ഏതാനും മാസങ്ങളായി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. അഞ്ചുവര്‍ഷം വാജ്‌പേയിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ബി.ജെ.പി ഗവണ്മെന്റ് ഭരിച്ചതും ജനങ്ങള്‍ ആ ഭരണം തിരസ്‌ക്കരിച്ചതും മോദി മറക്കുന്നു. തന്റെ ഭരണത്തിന്റെ ബാക്കിപത്രം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ തയാറുമല്ല. സൈന്യത്തെപോലും വിഭാഗീയമായും രാഷ്ട്രീയമായും കയ്യിലെടുക്കാന്‍ ശ്രമം നടക്കുന്നു. ഇന്ത്യാ വിഭജനവും ബാബ്‌റി മസ്ജിദ് തകര്‍ത്തതും വര്‍ഗീയ കലാപങ്ങള്‍ ആളികത്തിച്ചതും ന്യായീകരിക്കുന്നു.

ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ക്കുമേല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിച്ചേല്‍പ്പിക്കുന്നു. ആശയപരമായും വിശ്വാസപരമായും രാഷ്ട്രീയപരമായും ഇരുട്ടിന്റെ അഗാധഗര്‍ത്തത്തിലേക്ക് സമൂഹത്തെ അദ്ദേഹം തള്ളിവീഴ്ത്തുന്നു. എന്നാല്‍ അതില്‍നിന്ന് ഒരു മോദി തരംഗം രാജ്യമാകെ പ്രസരിക്കുകയാണെന്ന് ഭ്രാന്തമായി പ്രധാനമന്ത്രി അവകാശപ്പെടുന്നു. ഇതിനെതിരെ അതിശക്തമായി പ്രതികരിക്കുന്നതിനും നരേന്ദ്രമോദിയില്‍ കേന്ദ്രീകരിക്കുന്നതിനും പകരം ഇടതുപാര്‍ട്ടികള്‍ കേരളത്തില്‍ ജനശ്രദ്ധ തിരിച്ചുവിടുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ് അവരെ സംബന്ധിച്ചിടത്തോളം രാജ്യത്തിനുമേലുള്ള ദുരന്തം, നരേന്ദ്രമോദി അല്ല!

രൂക്ഷമായ തൊഴില്‍ പ്രതിസന്ധി, കാര്‍ഷിക പ്രതിസന്ധി, മഹാഭൂരിപക്ഷത്തിന്റെയും ജീവിത പ്രതിസന്ധി എന്നീ നീറുന്ന അടിയന്തര പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ന്യൂനപക്ഷങ്ങളില്ലാത്ത ഒരു ഇന്ത്യയെയാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധ്യക്ഷന്‍ മുതല്‍ മന്ത്രിമാരും മുഖ്യമന്ത്രിമാരും ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നത്. മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കുകയും സംരക്ഷിക്കുകയും എന്ന അടിയന്തര അജണ്ടയാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവെക്കുന്നത്. അതുകൊണ്ട് ഭയഭീതരായ ന്യൂനപക്ഷങ്ങളടക്കം ഈ ദേശീയ രാഷ്ട്രീയത്തിനു പിന്നില്‍ അണിനിരക്കുന്നതു സ്വാഭാവികമാണ്.

രാഹുല്‍ ഗാന്ധി കേരളത്തില്‍നിന്നു മത്സരിച്ചതോടെ ദേശീയ ബദല്‍ എന്ന രാഷ്ട്രീയ ലക്ഷ്യം സി.പി.എം ഉപേക്ഷിച്ചു. രാഹുല്‍ ഗാന്ധി അടക്കമുള്ളവരെ പരാജയപ്പെടുത്തുകയാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചു. ആ സന്ദേശം മോദിക്ക് രാഷ്ട്രീയ ശക്തി പകരുന്നതും ദേശീയ- മതനിരപേക്ഷ മുന്നണിയെന്ന സ്വന്തം ലക്ഷ്യത്തെ തകര്‍ക്കുന്നതുമാണ്.

1952 മുതല്‍ കുത്തകകള്‍ക്കും മൂലധന ശക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എതിരെ രാജ്യത്തെ കോടിക്കണക്കായ സാധാരണ മനുഷ്യര്‍ക്കുവേണ്ടി തെരഞ്ഞെടുപ്പുകളെയും ജനകീയ സമരങ്ങളെയും ഉപയോഗിച്ച് പോരാടിവന്നവരാണ് ഇടതുപാര്‍ട്ടികള്‍. ജാതീയതയെയും വര്‍ഗീയതയെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയും വര്‍ഗരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തവര്‍. ഇപ്പോള്‍ സ്വീകരിക്കുന്ന മാറിയ നിലപാട് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ല. ദേശീയതലത്തില്‍ മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കുന്ന, ദുര്‍ബലപ്പെടുത്തുന്ന നിലപാടായി ജനങ്ങള്‍ അതിനെ കാണുന്നു. ബി.ജെ.പിയുടേയും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെയും വികസന കാഴ്ചപ്പാടുകള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും തെരഞ്ഞെടുപ്പു പ്രചാരണം വ്യക്തിനിഷ്ഠവും അരാഷ്ട്രീയവുമാണെന്നും ഇതിനകം തെളിഞ്ഞുകഴിഞ്ഞു. ഇത് സ്വാഭാവികമായും ജനവിധിയെ ബാധിക്കും. യു.ഡി.എഫില്‍നിന്നെന്നപോലെ എല്‍.ഡി.എഫില്‍നിന്നും ബി.ജെ.പിയിലേക്ക് വോട്ടുചോരാന്‍ ഈ അരാഷ്ട്രീയ നിലപാടും പ്രചാരണവും ഇടയാക്കിയിട്ടുണ്ട്. മെയ് 23ന് തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ അത് വെളിപ്പെടും.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ഏറ്റവും അനുഭവമുള്ള പത്രപ്രവര്‍ത്തകനായ മാര്‍ക് ടുള്ളി 17-ാം ലോകസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി പറയുന്നു: ‘ മോദിയാണ് തെരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിക്കുന്നത്. ബി.ജെ.പിയുടെ മാത്രമല്ല പ്രതിപക്ഷത്തിന്റെയും. അജണ്ടയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ പ്രകടന പത്രികയിലെ ന്യായ് പോലുള്ള പദ്ധതികളിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചു. ഇത് തിരിച്ചറിഞ്ഞ മോദി പുല്‍വാമ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തു.’

ദേശീയ പ്രസ്ഥാനത്തിന്റെ കാലംമുതല്‍ ബദല്‍ ദേശീയ അജണ്ട മുന്നോട്ടുവെച്ചുപോന്ന ഇടതുപക്ഷ പാര്‍ട്ടികള്‍പോലും ഈ തെരഞ്ഞെടുപ്പില്‍ അത് നിര്‍വ്വഹിച്ചില്ലെന്നാണ് മാര്‍ക് ടുള്ളി പറഞ്ഞതിനര്‍ത്ഥം. അതില്‍നിന്നു വേറിട്ടുനിന്നത് കോണ്‍ഗ്രസിന്റെ അജണ്ടയാണെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥ്യ വിഷയങ്ങളിലൂന്നി തെരഞ്ഞെടുപ്പ് അജണ്ട മുന്നോട്ടുവെച്ച മോദി ഇത്തവണ നിഷേധാത്മക അജണ്ടകളെ ആശ്രയിച്ചിട്ടും പ്രതിപക്ഷത്തെ ദേശദ്രോഹികളെന്ന് ആക്ഷേപിക്കുന്ന മോദിയുടെ നിലപാടിനെ അദ്വാനിവരെ ചോദ്യംചെയ്തിട്ടും ഇടതുപക്ഷം ശ്രദ്ധേയമായ മൗനം പാലിക്കുകയാണ് ചെയ്തത്. ദേശീയ രാഷ്ട്രീയമെന്നത് ഇത്തവണ ഇടതുപക്ഷത്തിന് കേരളമായി ചുരുങ്ങി എന്നതാണ് കാരണം. കേരളത്തില്‍ കോണ്‍ഗ്രസും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്നതുകൊണ്ട് ഫലത്തില്‍ മോദിയില്‍നിന്നും ബി.ജെ.പിയില്‍നിന്നും ഒഴിഞ്ഞുമാറുന്നു ഇടതുപക്ഷം.

ഇത് കേരളമാണ് എന്ന് ഇടതുപക്ഷം മേനിപറയുമ്പോള്‍ ഇടതുപക്ഷനയം ഇങ്ങനെയോ എന്ന് കേരളം അന്ധാളിക്കുന്നത് സ്വാഭാവികം. ഇടതുപക്ഷം നിലനിര്‍ത്തിപ്പോന്ന ആശയദൃഢതയുടെ വിശ്വാസ്യത അവര്‍ കളഞ്ഞുകുളിച്ചു. 2019ല്‍ നരേന്ദ്രമോദി നേരിടുന്ന വിശ്വാസരാഹിത്യം ഇക്കാരണത്താല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനും ബാധകമാണ്. അതുവെച്ച് വിലയിരുത്തുമ്പോള്‍ ഇവരില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിലുള്ള പുതിയ കോണ്‍ഗ്രസ് എന്ന പ്രത്യേകത ഈ തെരഞ്ഞെടുപ്പിനുണ്ട്. പൂര്‍വ്വ യു.പിയിലെ ഗംഗാ തടങ്ങളിലൂടെ പ്രിയങ്കയും വയനാട് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഹുലും സൃഷ്ടിച്ചിട്ടുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും കരുതലിന്റെയും തരംഗം കോണ്‍ഗ്രസ് ചരിത്രത്തിലെ പുതിയൊരു ഘട്ടമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്ന ഇടതുപാര്‍ട്ടികളുടെ ഇപ്പോഴത്തെ വിലയിരുത്തലും കേരളത്തിലെ ജനങ്ങളുടെ നേരിട്ടുള്ള അറിവും അനുഭവവും വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ രാഷ്ട്രീയ അട്ടിമറികളെ ഈ ഘടകമാണ് സ്വാധീനിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top