Flash News

KCRMNA പതിനാറാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്: ചാക്കോ കളരിക്കല്‍

April 23, 2019

Logo 2019_InPixioകെസിആര്‍എം നോര്‍ത്ത് അമേരിക്ക ഏപ്രില്‍ 10, 2019 ബുധനാഴ്ച നടത്തിയ പതിനാറാമത് ടെലികോണ്‍ഫെറന്‍സിന്‍റെ വിശദമായ റിപ്പോര്‍ട്ട് ചുവടെ കൊടുക്കുന്നു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടും അഭയകേസില്‍ നീതി ലഭിക്കുന്നതിനുവേണ്ടിയും ചര്‍ച്ച് ആക്ട് നടപ്പില്‍ വരുത്തുന്നതിനുവേണ്ടിയും ശ്രീ സ്റ്റീഫന്‍ മാത്യു നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് രണ്ടിലധികം മണിക്കൂര്‍ നീണ്ടുനിന്ന ടെലികോണ്‍ഫെറന്‍സ് മോഡറേറ്ററായ ശ്രീ എ സി ജോര്‍ജ് ആരംഭിച്ചത്. എഴുപതില്‍പരം ആള്‍ക്കാര്‍ അതില്‍ പങ്കെടുത്തു. അഡ്വ ഇന്ദുലേഖ ജോസഫ് ‘എന്തുകൊണ്ട് സഭാനേതൃത്വം ചര്‍ച്ചാക്ടിനെ എതിര്‍ക്കുന്നു’ എന്ന വിഷയം അവതരിപ്പിച്ചു.

ഇന്ത്യയിലെ സമയമൊപ്പിച്ച് അമേരിക്കയിലെ കേള്‍വിക്കാര്‍ക്ക് സുപ്രഭാതം നേര്‍ന്നുകൊണ്ടാണ് ഇന്ദുലേഖ തന്‍റെ പ്രഭാഷണം ആരംഭിച്ചത്. ജസ്റ്റീസ് കെ ടി തോമസ് 2019ല്‍ കൊണ്ടുവന്ന ചര്‍ച്ച് ബില്‍ അംഗീകരിക്കാന്‍ സാധിക്കാത്തതിനാല്‍ 2009ല്‍ ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ചര്‍ച്ച് ട്രസ്റ്റ് ബില്ലിനെ ആധാരമാക്കിയാണ് സംസാരിക്കുന്നത് എന്ന് ഇന്ദുലേഖ എടുത്തു പറയുകയുണ്ടായി. കാനോന്‍ നിയമപ്രകാരം പള്ളി സ്വത്തിന്‍റെ അധികാരി ബിഷപ്പാണ്.  ഹൈക്കോടതിയില്‍ രാജാവാണെന്ന് പ്രഖ്യാപിച്ച ബിഷപ്പിനെ നിയന്ത്രിക്കുന്നത് പോപ്പാണ്. ക്രിസ്ത്യന്‍ സഭകളിലെ സ്വത്തുക്കളുടെ ഭരണം രാജഭരണം പോലെയാണ് എന്ന വസ്തുത അംഗീകരിച്ചേ പറ്റൂ. രാജാക്കന്മാരെപ്പോലെ അംശവടിയും തൊപ്പിയുമെല്ലാമായാണ് മെത്രാന്മാര്‍ ഇപ്പോഴും നടക്കുന്നത്. ചര്‍ച്ച് ബില്ലു പാസ്സായാല്‍ പള്ളിസ്വത്തു ഭരണം രാജഭരണ സമ്പ്രദായത്തില്‍നിന്നും ജനാധിപത്യ ഭരണരീതിയിലേക്ക് വരും. ആ ഒറ്റ കാരണം കൊണ്ടാണ് സഭാധികാരികളായ മെത്രാന്മാരും അച്ചന്മാരും ചര്‍ച്ച് ബില്ലിനെ എതിര്‍ക്കുന്നത്. വളരെ ലളിതമായി പറഞ്ഞാല്‍, പള്ളിസ്വത്തുഭരണം ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ് ചര്‍ച്ച് ട്രസ്റ്റ് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ആധുനിക കാലത്ത് ജനാധിപത്യ ഭരണമാണ് കരണീയം. ബില്ലിലെ പ്രധാന ഭാഗം, അഞ്ചാം വകുപ്പില്‍ പറയുന്നതുപോലെ, ഓരോ ഇടവക പള്ളിയും ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യുക എന്നുള്ളതാണ്. പിന്നീടുള്ള വകുപ്പുകളില്‍ ട്രസ്റ്റിനു വേണ്ടിയുള്ള നിയമാവലി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ആ നിയമാവലി പ്രകാരമാണ് ഓരോ ട്രസ്റ്റും ഭരിക്കപ്പെടേണ്ടത്. അതുപോലെതന്നെ, ആറാം വകുപ്പ് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അതിന്‍പ്രകാരം, ഓരോ കുടുംബത്തില്‍ നിന്നും ഒരു വോട്ട് എന്ന കണക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ് ട്രസ്റ്റ് ഭരിക്കുന്നത്. അതുപോലെ രൂപതാതല ഭരണവും സഭയുടെ മൊത്തത്തിലുള്ള ഭരണവും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുള്‍പ്പെടുന്ന ട്രസ്റ്റാണ് ഭരിക്കുന്നത്. പള്ളിക്കമ്മറ്റിയിലെ തെരഞ്ഞെടുപ്പ് ഇന്ന് വെറും ഒരു പ്രഹസനമായിട്ടാണ് നടക്കുന്നത്. വികാരിയച്ചനിഷ്ടമുള്ള വ്യക്തികളെ പള്ളിക്കമ്മറ്റിയില്‍ കുത്തിത്തിരുകുന്നു. പ്രതികരണ ശേഷിയുള്ളവര്‍ പള്ളിയില്‍നിന്ന് അകന്നു പോകുന്നു. കൂടാതെ, ഇന്നത്തെ അവസ്ഥയില്‍ പള്ളിക്കമ്മറ്റിക്കാര്‍ക്ക് വികാരിയെ ഉപദേശിക്കാനുള്ള അവകാശം മാത്രമേയുള്ളൂ. ആലഞ്ചേരി ഭൂമി കുംഭകോണ കാര്യത്തിലും രൂപതാ സമിതികള്‍ക്ക് അദ്ദേഹത്തെ ഉപദേശിക്കാനുള്ള അവകാശമേയുള്ളൂ. ഉപദേശം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. വസ്തു വില്‍ക്കാനുള്ള പൂര്‍ണമായ അധികാരം കാനോന്‍ നിയമപ്രകാരം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് അദ്ദേഹം രാജാവ് കളിച്ചതും. ട്രസ്റ്റിലേക്ക് തെരെഞ്ഞടുക്കപ്പെടുന്നവരുടെ യോഗ്യതകള്‍, വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ട്രസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അയോഗ്യരായവര്‍ ആരൊക്കെയെന്ന് ഏഴാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നുയെന്നല്ലാതെ, ക്രൈസ്തവ വിശ്വാസ സത്യങ്ങളില്‍ ഈ ബില്ല് ഒരുവിധത്തിലും ഇടപെടുന്നില്ല. പള്ളിസ്വത്തുക്കളിലും സര്‍ക്കാര്‍ ഇടപെടുന്നില്ലായെന്ന് ബില്ലില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും സഭാധികാരികളുടെ തെറ്റായ പ്രചാരണങ്ങള്‍ വഴി വിശ്വാസികള്‍ പലവിധ തെറ്റിദ്ധാരണകളില്‍ അകപ്പെട്ടിരിക്കുകയാണിന്ന്.

കണക്ക് സൂക്ഷിക്കുന്നതിനെയും അത് ഓഡിറ്റര്‍ പരിശോധിക്കുന്നതിനെയും സംബന്ധിച്ചാണ് പതിനാറാം വകുപ്പ് പരാമര്‍ശിക്കുന്നത്. സഭയുടെ ഓഡിറ്റിങ്ങില്‍ പരാതിയുണ്ടെങ്കില്‍ സര്‍ക്കാറിന്‍റെഓഡിറ്റര്‍ കണക്ക് പരിശോധിക്കുന്നതായിരിക്കും. പള്ളിക്കമ്മറ്റിയുടെ ഓഡിറ്റിങ്ങില്‍ പരാതിയുള്ള സാഹചര്യത്തില്‍ മാത്രമാണ് സര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടാകുന്നതും സര്‍ക്കാര്‍ കണക്ക് ഓഡിറ്റ് ചെയ്യുന്നതും. കണക്കുകളിലെ ക്രമക്കേടുകളെയോ പരാതികളെയോ പരിഹരിക്കുന്നതിനുവേണ്ടി മാത്രമാണ് ഈ ബില്ലു വഴി സര്‍ക്കാര്‍ ഇടപെടുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. അച്ചന്മാരും മെത്രാന്മാരും ആധ്യാത്മിക കാര്യങ്ങള്‍ ചെയ്യേണ്ടവരാണെന്ന് നമുക്കറിയാം. ദൈവത്തേയും മാമോനെയും ഒരുമിച്ച് സേവിക്കുന്നത് ശരിയല്ലായെന്ന് തിരിച്ചറിഞ്ഞ യേശുശിഷ്യര്‍ സ്വത്തു കൈകാര്യകതൃത്വം ഡീക്കന്മാരെ ഏല്പിക്കുകയാണ് ചെയ്തത്. ഒരു പുരോഹിതന്‍ സാമ്പത്തിക തിരിമറി കാണിച്ചുയെന്ന് അറിഞ്ഞാല്‍ത്തന്നെ ചെറുപ്പകാലം മുതലുള്ള മതപഠന പരിശീലനത്തിന്‍റെ ഫലമായി ഒരു വ്യക്തി ആ വൈദികന്‍റെ കോളറിനു പിടിച്ച് “എന്താ അച്ചന്‍ സാമ്പത്തിക തട്ടിപ്പ് ചെയ്തത്?” എന്ന് ചോദിക്കുകയില്ല. എന്നാല്‍ കമ്മറ്റിയിലിരുന്നുകൊണ്ട് അല്‍മായരാണ് സാമ്പത്തിക തിരിമറി നടത്തിയതെങ്കില്‍ അയാളെ ചോദ്യം ചെയ്യാന്‍ മറ്റ് അല്‍മായര്‍ക്ക് ധൈര്യമുണ്ടാകും എന്നത് ഇവിടെ വളരെ പ്രസക്തമാണ്. ഈ ബില്ലിന്‍റെ പരിണതഫലമായി വികാരിമാരെയോ ബിഷപ്പുമാരെയോ പള്ളി ഭരണത്തില്‍നിന്നും മാറ്റിനിര്‍ത്തുന്നില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ്. ഒരു കാര്യം വ്യക്തമാണ്. കണക്കുകളെല്ലാം സുതാര്യമായിരിക്കണം. അങ്ങനെവരുമ്പോള്‍, ഫ്രാങ്കോ കേസിനുവേണ്ടിയോ റോബിന്‍ കേസിനുവേണ്ടിയോ പണം ചെലവഴിച്ചാല്‍ അതിനെ ചോദ്യം ചെയ്യാന്‍, സര്‍ക്കാര്‍ നിയമത്തെ ആധാരമാക്കി, പള്ളിക്കമ്മറ്റിക്ക് പൂര്‍ണ അധികാരവും അവകാശവും ഉണ്ടായിരിക്കും. സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടായാല്‍ ഈ ബില്ലിന്‍റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കാവുന്നതാണ്. ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കാരണം, സാമ്പത്തിക ക്രമക്കേടുകളെ നിയന്ത്രിക്കാനുള്ള വഴികള്‍ ഇപ്പോള്‍ ഇല്ലെന്നുതന്നെ പറയാം. ചര്‍ച്ച് ബില്ലിനെ കാര്യമായി എതിര്‍ക്കുന്നത് മെത്രാന്മാരും വൈദികരുമാണ്. ബില്ലിനെ അനുകൂലിച്ച് വിശ്വാസികള്‍ വരാന്‍ മടിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. മാമ്മോദീസ, വിവാഹം, മരിച്ചടക്ക് മുതലായ കാര്യങ്ങള്‍ നടത്തിക്കിട്ടാനുള്ളതിനാല്‍ വിശ്വാസികള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പരിമിതികളുണ്ട്. ആ കാരണത്താല്‍ത്തന്നെ ഈ ബില്ലില്‍ ക്രിസ്ത്യാനികള്‍ക്ക് അടിസ്ഥാന അവകാശങ്ങളും സ്വാഭാവിക നീതിയും നല്‍കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈദികര്‍ക്കോ കന്യാസ്ത്രീകള്‍ക്കോ അല്‍മായര്‍ക്കോ എതിരായി എന്തെങ്കിലും സംഭവിച്ചാല്‍ അതിനെതിരായി ശബ്ദിക്കാനുളള അവകാശം പോലും ഇന്നില്ല. ക്രിസ്ത്യാനികളുടെ മൗലിക അവകാശത്തെപ്പോലും ഇന്ന് ഹനിക്കുന്നുയെന്ന് കമ്മീഷന്‍ മനസ്സിലാക്കികൊണ്ടുതന്നെയാണ് ചര്‍ച്ച് ബില്ലിന് രൂപം കൊടുത്തിരിക്കുന്നത്.

2019-ലെ ചര്‍ച്ച് ബില്ലിന്‍ പ്രകാരം പള്ളികളെ ഡിനോമിനേഷന്‍സ് ആക്കിയിരിക്കയാണ്. മൂന്നാം വകുപ്പുംപ്രകാരം പള്ളി സ്വത്തുക്കളെല്ലാം ഡിനോമിനേഷനില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുത്ത കാലംവരെ കോടതികള്‍ പള്ളിസ്വത്തുക്കള്‍ ആരുടേതാണ് എന്നതിന് കാനോന്‍ നിയമത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ ബില്ലിന്‍പ്രകാരം പള്ളിസ്വത്ത് ബിഷപ്പിന്‍റെയും സിന്‍ഡിന്‍റെയും കൗണ്‍സിലിന്‍റെയുമെല്ലാമായി മാറും. കാനോന്‍ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന് വാദിക്കാനുള്ള പഴുതുപോലും അടച്ച് ഈ ചര്‍ച്ച് ബില്ലിന്‍റെ അടിസ്ഥാനത്തില്‍ പള്ളിസ്വത്തെല്ലാം മെത്രാന്മാരുടേതാണ് എന്ന് കോടതിയില്‍ വാദിക്കാനുള്ള ഒരു ഭീകരാവസ്ഥ 2019ലെ ബില്ല് സംജാതമാക്കിയിരിക്കുകയാണ്. അതുകൊണ്ട്, 2019ലെ ബില്ല് വന്നുകഴിഞ്ഞാല്‍ മെത്രാന്മാര്‍ക്ക് പള്ളിസ്വത്തുക്കള്‍ അവരുടേതാണെന്ന് കോടതികളില്‍ വാദിക്കാനുള്ള അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. കൂടാതെ, നിയമം ഉണ്ടാക്കാനുള്ള അധികാരവും മെത്രാന്മാരിലും സിന്‍ഡിനും കൗണ്‍സിലിലും നിക്ഷിപ്തമാക്കിയിരിക്കുകയാണ്. അപ്പോള്‍ ഇപ്പോഴത്തെ സ്ഥിതി തുടരാനുള്ള ഒരു ഓപ്ഷനാണ് ഈ ബില്ലുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്. ഓഡിറ്റിങ്ങിന്‍റെ കാര്യത്തിലും മെത്രാന്മാര്‍ക്കും സിന്‍ഡിനും കൗണ്‍സിലിനുമായിരിക്കും അധികാരം. അപ്പോള്‍ വിശ്വാസികള്‍ക്ക് യാതൊരുവക അവകാശവുമില്ല; അവര്‍ക്ക് ഭരണകാര്യങ്ങളില്‍ ഇടപെടാനും സാധിക്കുകയില്ല. ട്രൈബ്യൂണുകളുടെ ആവശ്യമില്ല. കാരണം ട്രൈബ്യൂണുകളെ അപേക്ഷിച്ച് നീതിന്യായത്തില്‍ കോടതികളാണ് മെച്ചപ്പെട്ട സമ്പ്രദായം. തന്നെയുമല്ല, വിശ്വാസികള്‍ക്ക് സ്വത്തിന്മേല്‍ യാതൊരു വക അവകാശവുമില്ലാത്തപ്പോള്‍ ട്രൈബ്യൂണില്‍ കേസുകൊടുത്തിട്ട് എന്തുകാര്യം? ഇല്ലാത്ത അവകാശം നടപ്പിലാക്കാന്‍ സാധിക്കുകയില്ലായെന്ന കാര്യം ഇവിടെ സുവ്യക്തമാണ്. കണക്കിലെ തിരിമറികള്‍ അറിയണമെങ്കില്‍ ഓഡിറ്റു ചെയ്ത കണക്കുകള്‍ ട്രൈബ്യൂണല്‍ നല്‍കേണ്ടിയിരിക്കുന്നു. പക്ഷെ അത് ട്രൈബ്യൂണുകളില്‍നിന്ന് ലഭ്യവുമല്ല. ട്രൈബ്യൂണലില്‍ അപ്പീല്‍ പ്രൊവിഷനുമില്ല. കോടതിയിലോ ട്രൈബ്യൂണലിലോ കേസുമായി പോകുക എന്നതിലുമുപരി നമ്മുടെ ലക്ഷ്യം പള്ളിസ്വത്തുഭരണ കാര്യത്തില്‍ നിയമമുണ്ടാകുക എന്നതായിരിക്കണം. അതിന് 2019ലെ ചര്‍ച്ച് ആക്ട് സഹായകമാകുന്നില്ലെന്നു മാത്രമല്ലാ പള്ളിസ്വത്തിന്‍റെ ഉടമസ്ഥാവകാശം മെത്രാന്മാര്‍ക്കും സിനഡിനും കൗണ്‍സിലിനുമാണെന്ന് അടിവരയിട്ട് ഉറപ്പിക്കുകയും കൂടി ചെയ്യുകയാണ്. അതുകൊണ്ട് 2019ലെ ചര്‍ച്ച് ബില്‍ അപ്പാടെ തള്ളിക്കളയണ്ടതാണ്. ചര്‍ച്ച് ആക്ട് വഴി പള്ളിസ്വത്തുക്കള്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു, ദേശസാല്‍ക്കരിക്കുന്നു തുടങ്ങിയ സത്യവിരുദ്ധ ദുഷ്പ്രചാരണങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

ചര്‍ച്ച് ട്രസ്റ്റ് ബില്ലിനെ ദേവസ്വം ബോര്‍ഡിനെയും, വക്കഫ് ബോര്‍ഡിനെയും ആസ്പദമാക്കി ഒരു താരതമ്യ വിശകലനവും ഇന്ദുലേഖ നല്‍കുകയുണ്ടായി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന അല്‍മായരെ ഉള്‍പ്പെടുത്തി പള്ളിസ്വത്തു ഭരണം നടപ്പാക്കാന്‍ സഭാധികാരികള്‍ ആര്‍ജവം കാണിച്ചാല്‍ ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍റെ ആവശ്യമേ ഇല്ലെന്നുള്ള അഭിപ്രായത്തോടെയും ശ്രീ സ്റ്റീഫന്‍ മാത്യു നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് ഇന്ദുലേഖ പ്രസംഗം ഉപസംഹരിച്ചത്.

അടുത്ത ടെലികോണ്‍ഫെറന്‍സ് മെയ് 08, 2019 ബുധനാഴ്ച 9 PM (EST) നടത്തുന്നതാണ്. മുഖ്യ പ്രഭാഷകന്‍: കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ചാക്കോ കളരിക്കല്‍. വിഷയം: ‘പൗരസ്ത്യ സഭകളുടെ കാനോന സംഹിതയും മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചര്‍ച്ച് ട്രസ്റ്റ് ബില്ലും’

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top