വിചാരവേദിയില്‍ ചിന്താവിഷ്ടയായ സീത ചര്‍ച്ച ചെയ്തു

April Vicharavdi pic 5കുമാരനാശാന്‍റെ നൂറുവഷം പൂര്‍ത്തിയാക്കിയ ചിന്താവിഷ്ടയായ സീത, കെ.സി.എ.എന്‍.എ യില്‍ വെച്ച് ജൂണ്‍ പതിനാലാം തിയ്യതി മനോഹര്‍ തോമസിന്‍റെ അദ്ധക്ഷതയില്‍ കൂടിയ വിചാരവേദി ചര്‍ച്ച ചെയ്തു. സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്തതിനൊപ്പം കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീതയുടെ കാലിക പ്രസക്തിയെക്കുറിച്ച് അനല്പമായി സംസാരിച്ചു.

ആയിരത്തി തൊള്ളായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ ഈ കവിത, നൂറു വര്‍ഷങ്ങള്‍ പിന്നിട്ട്, ഇന്നും വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു എന്നുള്ളത് നമുക്കൊക്കെ അഭിമാനം കൊള്ളാന്‍ അവസരം തരുന്നു. ഈ കൃതി രാമന്‍റേയും സീതയുടേയും കഥ പറയുന്നു എന്നതിനപ്പുറം, കേരളത്തിലെ സ്ത്രിശാക്തീകരണത്തിന് നോരിട്ടോ അല്ലാതയോ ഒത്തിരി പ്രേരണ നല്‍കിയ ഒരു കൃതികൂടിയാണ്. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ വളരെക്കുറച്ചു സ്ത്രികള്‍ മാത്രമേ പൊതുരംഗത്തു പ്രവൃത്തിച്ചിരുന്നുള്ളു. ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്രിയ സമരത്തിലേക്ക് വരുന്നതേയുള്ളു എന്നും ഓര്‍ക്കുക. കേരളത്തില്‍ അയിത്ത ജാതിക്കാര്‍ക്ക് അമ്പലത്തില്‍ പ്രവേശിക്കാനോ, സ്കൂള്‍വിദ്യാഭ്യാസത്തിനോ, എന്തിന് സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനോ അവകാമില്ലാതിരുന്ന ആ കാലത്താണ് കുമാരനാശാന്‍റെ സീത തന്‍റെ ഭര്‍ത്താവായ രാമനോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നത്. രാമന്‍ സീതയുടെ കണവന്‍ മാത്രമല്ല, അയോദ്ധ്യയുടെ രാജാവുകൂടിയാണ്. അദ്ദേഹം മര്യാദാ പുരുഷോത്തമന്‍ ആണ്. അങ്ങനെയുള്ള രാമനോടാണ് സീതയുടെ ചോദ്യം.

“നെടുനാള്‍ വിപനത്തില്‍ വാഴുവാ-
നിടയായ് ഞങ്ങളെതെന്നെന്‍റെ കുറ്റമോ?
പടുരാക്ഷസചക്രവര്‍ത്തിയെ-
ന്നുടല്‍ മോഹിച്ചതു ഞാന്‍ പിഴച്ചോ?”

April Vicharavedi pic 1ഇതിനു മുമ്പ് സംശയാലുവായ ഒരു ഭര്‍ത്താവിനോടും ഒരു സ്ത്രീയും പച്ചക്കിങ്ങനെ ചോദിച്ചിട്ടുണ്ടാകയില്ല. ഇവിടെ രാമനെ വിസ്തരിക്കുന്ന സീതയെയാണു കാണുന്നതത്. രാമന്‍ സീതയോട് അന്യായം കാണിക്കുന്നത് ആദ്യമായിട്ടല്ല. രാവണ നിഗ്രഹശേഷം സീതയെ അഗ്നിശുദ്ധിവരുത്തി താന്‍ പതിതയല്ലെന്നു തെളിയിച്ചിട്ടുമാത്രമേ രാമന്‍ സ്വീകരിച്ചുള്ളു എന്നവേദന ഉള്ളില്‍ നീറുന്നു. ഇപ്പോള്‍ ഇതാ ഗര്‍ഭിണിയായ തന്നെ, ആരൊക്കയൊ എന്തൊക്കയോ പറഞ്ഞു എന്നതിന്‍റെ പേരില്‍, ഉപായത്തില്‍ കാട്ടിലുപേക്ഷിച്ച രാമന്‍ നീതിമാനോ? ഇവിടെ സീത ഭര്‍ത്താവിന്‍റെ കാല്പാദങ്ങളില്‍ കഴിയുന്ന സ്ത്രിയല്ല. ചോദ്യങ്ങല്‍ ചോദിക്കാന്‍ അവകാശമുണ്ടെന്നു കരുതുന്ന സീതയാണ്. ഉയര്‍ന്ന സ്വത്വബോധമുള്ള സാമൂഹ്യ മനഃസാക്ഷിയായി മാറുന്ന സ്ത്രിയാണ്.

“ജനമെന്നെ വരിച്ചു മുമ്പുതാ-
നനുമോദത്തൊടു സാര്‍വ്വഭൗമിയായ്
പുനരെങ്ങനെ നിന്ദ്യ്യായി ഞാന്‍
മനുവംശാങ്കുരഗര്‍ഭമാര്‍ന്ന നാള്‍?”

April Vicharavedi pic 2ജനകന് ഉഴവു ചാലില്‍ നിന്നും, ഒരമ്മതൊട്ടിലില്‍ നിന്നെന്നപോലെ കിട്ടിയ സീത കൊട്ടാരത്തിലെ ജനസഭയില്‍ നിന്നും കേട്ടു പഠിച്ച രാജനീതിയുടെ അറിവുകള്‍ ആ ചോദ്യങ്ങളില്‍ മാറ്റൊലിയായി മാറുന്നില്ലെ?.

“പതിയാം പരദേവതയ്ക്കഹോ
മതിയര്‍പ്പിച്ചൊരു ഭക്തയല്ലി ഞാന്‍
ചതിയോര്‍ക്കിലുമെന്നൊതോതിയാല്‍
ക്ഷതിയെന്തങ്ങനെ ചെയ്തുവോ നൃപന്‍?”

April Vicharavedi pic 3രാമനെ തന്‍റെ മനസ്സാകുന്ന കോടതില്‍ സീത വിചാരണ ചെയ്യുന്നു. വാദിയും, സാക്ഷിയും, ന്യായാധിപനും താനാകുന്ന ആ കോടതിയില്‍, സീത പ്രതിയായ രാമനു, തനിക്കു പറയാനുള്ളതൊക്കെപ്പറഞ്ഞ് മാപ്പു കൊടുക്കുന്ന ആ സമയത്ത്, സീതയുടെ മസ്സിലെ അലയടികള്‍ നമുക്ക് കാണാം. ‘താന്‍ ഈ ഭൂമിയില്‍ രാജ്യകാര്യങ്ങളും നോക്കി ഉത്തമപുരുഷ്യനായി നെടുനാള്‍ വാഴെടോ’ എന്നു പറയുമ്പോള്‍, വാക്കുകളിലെ ആ പുച്ഛരസം രാമന്‍റെ സിംഹാസനത്തെത്തന്നെ പിടിച്ചു കുലുക്കുന്നില്ലെ? രാമനെ സീത അതിരറ്റു സ്നേഹിച്ചതുകൊണ്ടു മാത്രമാണ് ശപിക്കാതിരുന്നതെന്നും നമുക്കു മനസ്സിലാകും. വീണ്ടും രാമന്‍റെ കൊട്ടാരത്തിലെത്തി രാജസദസിനെയാകെ വന്ദിച്ച്, വിചാരണക്കും വിധിക്കും നില്‍ക്കാതെ രാമനെ ഒന്നു നോക്കി അപ്രത്യക്ഷയാകുന്ന സീതയുടെ രാമനു നേരെയുള്ള ആ നോട്ടം ഇനിയും അനേക തലങ്ങളില്‍ വായിച്ചെടുക്കേണ്ടിയിരിക്കുന്നുവെന്ന് സാംസി കൊടുമണ്‍ അഭിപ്രായപ്പെട്ടു.

April Vicharavedi pic 4മനോഹര്‍ തോമസ് ആമുഖമായി, താന്‍ നാട്ടില്‍ സംബന്ധിച്ച ചില സാഹിത്യ സദസുകളിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയുണ്ടായി. സാഹിത്യ ചര്‍ച്ചകളിലൊന്നും ചെറുപ്പക്കാരുടെ സാന്നിദ്ധ്യം അത്രകണ്ടു കാണുന്നില്ലെന്നും പറഞ്ഞു. അവിടുത്തെ സാഹിത്യ സൃഷ്ടികള്‍ നിലവാരത്തില്‍ അമേരിക്കന്‍ മലയാളസാഹിത്യ സൃഷ്ടികളേക്കാള്‍ ഒട്ടും മെച്ചമല്ലെന്നും, അതിനാല്‍ ഇവിടെയുള്ള എഴുത്തുകാര്‍ക്ക് അഭിമാനത്തോടെ തങ്ങളുടെ സൃഷ്ടികളെ അവതരിപ്പിക്കാം എന്നും അഭിപ്രായപ്പെട്ടു. സീതാ കാവ്യം സ്ത്രീ പക്ഷത്തുനിന്നുമുള്ള ഒരു സൃഷ്ടിയാണെന്നും, കേരളത്തിന്‍റെ നവോത്ഥാന പ്രസ്ഥാനത്തിനു ഇന്ധനമായി അറിയപ്പെടുന്ന വി.റ്റി. ഭട്ടാതിരിപ്പാടീന്‍റെ അടുക്കളയില്‍നിന്നും അരങ്ങത്തേക്കെന്ന കൃതി എഴുതുന്നത് ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയൊന്നില്ലാണന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശബ്ദമായി മാറിയ ഈ കവിതയ്ക്കും, അതെഴുതിയ ആശാനും മരണമില്ല. കാളിദാസനെപ്പോലെ കുമാരനാശാനും അദ്ദേഹത്തിന്‍റെ കവിതകളും നൂറ്റാണ്ടുകള്‍ നിലനിക്കുമെന്നും മനോഹര്‍ തോമസ് പറഞ്ഞു.

j mathewsതുടര്‍ന്നു സംസാരിച്ച കെ. കെ. ജോണ്‍സന്‍ ഈ കൃതി ഇനിയും നൂറുവര്‍ഷം കൂടി ചര്‍ച്ച ചെയ്യപ്പൊടുമെന്നു പറഞ്ഞുകൊണ്ടണു തുടങ്ങിയത്. സ്ത്രി വിമോചനത്തിന്‍റെ ചെറുകിരണങ്ങള്‍പോലും ആശാന്‍റെ ഈ കവിതയുടെ കാലത്ത് നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. അന്ന് പെണ്ണെഴുത്തെന്നു പറയുന്നതു കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന ഒരു കാലത്ത് ആശാന്‍ പരകായപ്രവേശം നടത്തി ഒരു പെണ്ണായി മാറി, സീതയായി മാറുന്നു. മറ്റുകൃതികള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഈ കൃതിയില്‍ നമുക്കു കാണാം. സ്ത്രി പക്ഷത്തു നിന്നു കൊണ്ട് പുതിയ പുതിയ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെമ്പാടും മുന്നുറില്‍പ്പരം രാമായണങ്ങള്‍ ഉണ്ടെങ്കിലും ചിന്തിക്കുന്ന സീതയെ , സ്ത്രിയെ അതിലൊന്നും കാണാന്‍ കഴിയില്ലന്ന് ലീലാവതി ടീച്ചര്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യം ജോണ്‍സന്‍ ഓര്‍മ്മിച്ചു. ആശാന്‍ വാല്മികി രാമായണത്തില്‍ നിന്നും തന്‍റെ സീതയെ നേരിട്ടെടുത്തിട്ടുള്ളതാണ്.

ഈ കവിതയുടെ സാമൂഹ്യവശം പരിശോധിച്ചാലും ഈ കൃതി ഏറെക്കാലം നിലനില്‍ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സീത രാമന്‍ പോയ എല്ലാ വഴികളിലും ഒരു മടിയും കൂടാതെ ഒപ്പം ഉണ്ടായിരുന്നു. കാട്ടിലെ വന്യതയും, കല്ലും മുള്ളും രാമനുവേണ്ടി സീത സ്വയം വരിച്ചു. എന്നിട്ടും സ്വയം പതിവൃതയെന്നു തെളിയിക്കാന്‍ അഗ്നിശുദ്ധിവരുത്തേണ്ടിവരുന്ന സീത സ്വയം ചോദ്യങ്ങല്‍ ചോദിക്കാന്‍ തുടങ്ങുന്നു. വളരെ കലുക്ഷിതമായ ഒരു മനസ്സുമായി എന്തു ചെയ്യണമെന്നോ എങ്ങൊട്ടു പോകണമെന്നോ അറിയാതെ ഗര്‍ഭിണിയായ സീത, തന്‍റെ വിഷമവൃത്തത്തില്‍ നിന്നും സ്വയം മോചിതയായി ഇനി കരയില്ല എന്ന തീരുമാനത്തോട് കരുത്തുള്ള സ്ത്രിയായി മാറുന്നു. പിന്നെ രാജാവിനെ വിസ്തരിക്കാനുള്ള മനസ്സിനെ ഒരുക്കുകയായിരുന്നു. സമൂഹത്തെ ഭയപ്പെടുന്ന, അധികാരം ഉപേക്ഷിക്കാന്‍ മടിക്കുന്ന രാമനെ സീത നോക്കിക്കാണുകയാണ്. അപ്പോഴും അതു രാജനീതിയെന്നു ന്യായം പറഞ്ഞ് രാമനെ സീത ന്യായികരിക്കുന്നുമുണ്ട്. അതു സീതയുടെ മഹത്വം. ഒരു രാജാവെന്ന നിലയില്‍ എന്നെക്കുറിച്ചു കേട്ടപഴികളൊക്കെ നീ പരിശോദിച്ചോ രാമാ എന്നും സീത ചോദിക്കുന്നുണ്ട്. പിന്നിടു നാം കാണുന്ന സീത എന്തിനോ തയ്യാറായി എല്ലാവരോടൂം യാത്ര ചോദിക്കുന്ന സിതയാണ്. ഒടുവില്‍ രാമനോടും യാത്രചോദിച്ച് രാമപാദം ചേരുന്ന സീത 1. സീതൊക്കൊപ്പം ആശാന്‍റെ മനസ്സിന്‍റെ വിങ്ങലും ഒത്തുചേര്‍ന്നപ്പോള്‍ മാത്രമാണ് ഇത്ര മഹത്തായ ഒരു കൃതിക്ക് ജډം നല്‍കാന്‍ ആശാനു കഴിഞ്ഞതെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം കൂട്ടിവായിക്കാനായി, ആശാനു മുന്നുറു വര്‍ഷങ്ങക്കുള്‍ മുമ്പ് കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയ പതിനാലുവൃത്തം കൃഷ്ണനാട്ടത്തില്‍ പാഞ്ചാലി കൗരവസഭയില്‍ സമാനാമായ ചില ചോദ്യങ്ങള്‍ ചോദിച്ചതു ചൂണ്ടിക്കാട്ടുകയുണ്ടായി. ചിലപ്പോള്‍ ഈ കൃതി കുമാരനാശാനു പ്രചോദനമായിത്തീര്‍ന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

jose cherupuramഏപ്രില്‍ പന്ത്രണ്ടിന് കുമാരനാശാന്റെ 146-ാം ജന്മ ആയിരുന്നു എന്ന ആമുഖത്തോടെയാണു ജെ. മാത്യുസ് സാര്‍ തന്‍റെ പ്രഭാഷണം ആരംഭിച്ചത്. ജോണ്‍സന്‍ മുന്നോട്ടുവെച്ച ചില അഭിപ്രായങ്ങളിലുള്ള വിയോജിപ്പ് രേഖപ്പെടുത്തുകയും, പുരാണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, കുമാരനാശാനല്ല ആദ്യമായി സ്ത്രിത്വത്തെ ഉയര്‍ത്തിക്കാട്ടുന്ന മലയാള കൃതി രചിച്ചതെന്നും; അത് ഒ. ചന്തുമോനോനാണന്നും അദ്ദേഹം പറഞ്ഞു. ചന്തുമേനോന്‍റെ നായിക, സ്ത്രിലമ്പടനായ വയസന്‍ നമ്പൂതിരിക്ക് തന്‍റെ വേലക്കാരിയെ പകരം അയച്ചു അവഹേളിക്കുകയും ചെയ്യുന്നു. പിന്നെ സീത ചിതയൊരുക്കി ബലിയായോ എന്നും സംശയം ഉണ്ട്. കാരണം കുമാരനാശന്‍റെ മറ്റൊരു നായിക കഥാപാത്രം നമ്പൂതിരി സ്ത്രി , തന്‍റെ പ്രേമ സാഫല്ല്യത്തിനുവേണ്ടി ഒളിച്ചോടുന്നത് ഒരു പുലയ യുവാവിനോടൊപ്പമാണ്. ഇത്രയും ശക്തമായ സ്ത്രിയെ സൃഷ്ടിച്ച ആശാന്‍ സീതയെ തീയിലേക്ക് വലിച്ചെറിയുമോ എന്ന് സന്ദേഹിക്കുന്നു. മാത്രമല്ല വാല്മീകി തന്നെ പറഞ്ഞിരിക്കുന്നത് ഭുമി പിളര്‍ന്ന് സീത അപ്രത്ക്ഷയായി എന്നാണ്. ആശാന്‍റെ ഏറ്റവും വലിയ പ്രത്യേകത സീതയെ ഒരു മനുഷ്യ സ്ത്രിയായി അവതരിപ്പിച്ചു എന്നുള്ളതാണ്. സീത രാമനെ അതിരറ്റു സ്നേഹിച്ചിരുന്നു. എന്നാല്‍ തന്‍റെ വിചാരണയില്‍ രാമന്‍ ഭീരുവാണ്, അധികാരക്കൊതിയനാണ്, സ്വാര്‍ത്ഥനാണ് എന്നൊക്കെ വിമര്‍ശിച്ചതിനുശേഷമാണ് രാമനോട് പൊറുത്തതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സാഹിത്യ ചരിത്രത്തിലെ, പ്രത്യേകിച്ചു കാവ്യ ചരിതത്തിലെ സുവര്‍ണ്ണകാലഘട്ടമെന്നു വാഴ്ത്തപ്പെടുന്ന ഒന്നാണ് കവിത്രയങ്ങളുടെ കാലം. അതില്‍ ആശാനു പ്രമുഖസ്ഥാനം തന്നെയുണ്ട്. ജാതി വ്യവസ്ഥ കൊടുമ്പിരികൊണ്ടിരുന്ന ആ കാലത്ത്, ആ ദുരവസ്ഥക്കെതിരെ പടപൊരുതിയ ആശാന്‍റെ കാവ്യ രചനയിലെ പാണ്ഡിത്യവും, ആശയ ഗാംഭീര്യവും , കവിതയുടെ മികവും, എ. ആര്‍. രാജരാജ വര്‍മ്മ തമ്പുരാന്‍റെ സംപ്രിതിക്കു പാത്രമാകാന്‍ ഇടയാക്കി. കുരങ്ങിനെപ്പോലെ ഇളകിമറിയുന്ന മനുഷ്യമനസ്സിന്‍റെ ചലന ഭാവ തലങ്ങളിലേക്ക് ഒരു മനഃശാസ്ത്രജ്ഞന്‍റെ വിശകലന ശേഷിയോട് പരിത്യാഗിയായ സീതാദേവിയുടെ മനസ്സിന്‍റെ ആഴങ്ങളിലേക്ക് ആശാന്‍ കടന്നു ചെല്ലുന്നു. തെറ്റൊന്നും ചെയ്യാത്ത തനിക്കേള്‍ക്കേണ്ടിവന്ന അപമാന ഭാരത്താല്‍, രാമനെ തന്‍റെ മാനസക്കച്ചേരിയില്‍ കണക്കിനു ചിചാരണ ചെയ്ത് ശരി തെറ്റുകളെ ബോദ്ധ്യപ്പെടുത്താന്‍ സീത ശ്രമിക്കുന്നതു കാണാം. ആശാന്‍റെ താത്വിക ചിന്തകളില്‍നിന്ന് ഉരിത്തിരിഞ്ഞ ദര്‍ശനങ്ങള്‍ പഴംചൊല്ലുകള്‍ പോലുള്ള ശ്വാസ്യതോക്തികളായി പരിലസിക്കുന്നു. ഇത്രയും ഗഹനമായ ഒരു കാവ്യസരണീയിലേക്ക് കടന്നുചെന്ന് ശില്പഭദ്രതയും, കാവ്യ സൗകുമാര്യതയും ഒത്തിണങ്ങിയ ആശാന്‍റെ ഈ കൃതി കൂടുതല്‍ പ്രശംസനിയമാകുന്നു. നൂറ്റാണ്ടുപിന്നിട്ട ഈ കൃതിയും, ആശാന്‍റെ മറ്റുകൃതികളും മലയാളിക്കു ലഭിച്ച അമൂല്യ പാരിതോഷികങ്ങളാണെന്ന് ഡോ. നന്ദകുമാര്‍ തന്‍റെ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

raju thomasഡോ. എന്‍. പി. ഷീല തന്‍റെ പ്രസംഗം തുടങ്ങിയത് കവിയാരുടേയും രാഷ്ട്രിയത്തിനു വഴങ്ങുന്നവനല്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു. ഇതര പ്രദേശങ്ങളില്‍ നാനാപ്രകാരത്തിലുള്ള രാമായണങ്ങള്‍ നിലവിലുണ്ടെങ്കിലും നമ്മള്‍ പൊതുവേ അംഗികരിക്കുന്നതു വാല്മികി രാമായണവും , എഴുത്തച്ഛന്‍ രാമായണവുമാണ്. അതില്‍ രാമന്‍ സര്‍വ്വ ഗുണ സംമ്പൂര്‍ണ്ണനാണ്. രാമന്‍ രാജലക്ഷിമിയെ വേട്ടപ്പോള്‍ സീതയെ ഉപേക്ഷിച്ചു എന്നൊരു ആക്ഷേപവും നിലവിലുണ്ട്. ഞാന്‍ കളങ്കിതയെങ്കില്‍ എന്നെ ദഹിപ്പിച്ചൂ കളയേണമേ എന്ന അഗ്നിദേവനോടു പ്രാര്‍ത്ഥിക്കുന്ന സീതയെ നമുക്കു കാണാം. കൂടാതെ വാല്മീകി തന്നെ സീത കളങ്കിതയെങ്കില്‍ താന്‍ ഇത്രനാളും തപം ചെയ്തു നേടിയ തപോശക്തിയെല്ലം തന്നില്‍ നിന്നും നഷ്ടമായിപ്പോകട്ടെ എന്നു പറയുന്നു. ഇതൊക്കെ സീത പതിവൃതയാണെന്നു തെളിയിക്കാന്‍ കവി നിരത്തുന്ന തെളിവുകളാണ്. രാമന്‍ സീതയെ ഉപേക്ഷിക്കുന്നത് രജസദസിന്‍റെ അഭിപ്രായംകൂടി കണക്കിലെടുത്താണന്നോര്‍ക്കണം. രാമനെ പ്രതിക്കുട്ടില്‍ കയറ്റി വിചാരണ ചെയ്യുമ്പോഴും രാമനോടുള്ള അവളുടെ യഥാര്‍ത്ത പ്രേമം വിട്ടുകളയുന്നില്ല. ജ്വലിക്കുന്ന ഒരു ദീപമായിട്ടാണ് ആശാന്‍ സീതയെ ചിത്രികരിച്ചിരിക്കുന്നത്. സ്തിയെ ഒരു സ്ഥാപരജംഗമായിട്ടല്ല; സചേതനമായ ചലിക്കുന്ന ഒന്നായിട്ടാണ് ആശാന്‍ സങ്കല്പിച്ചിരിക്കുന്നത്. ഇന്നത്തെ ചില സ്ത്രികള്‍ കാട്ടിക്കുട്ടുന്ന തരത്തിലുള്ള ഒരു സ്ത്രി സ്വാതന്ത്ര്യവാദിയായിരുന്നില്ല സീത. ഒടുവില്‍ പ്രിയ രാഘവാ…! എന്ന സംബോധന തന്‍റെ ഉള്ളിലെ എല്ലാം പ്രേമങ്ങളേയും മൊത്തമായി വെളീവാക്കുന്നു. അവിടെയാണു സീതയുടെ മഹത്വം ആശാന്‍ വെളിപ്പെടുത്തുന്നത്. സീതയെ ആശാന്‍ ഒരു മാതൃകാ സ്ത്രിയായി അവതരിപ്പിക്കുന്നു. ആശാന്‍റെ ഏറ്റവും മഹത്തായ കൃതിയും ചിന്തവിഷ്ടയായ സീതയാണെന്ന് ഡോ. എന്‍. പി,. ഷീല പ്രസ്താവിച്ചു.

1907ല്‍ ആണ് കുമാരനാശാന്‍ വീണപൂവ് എഴുതുന്നത്. എന്നാല്‍ ചിന്താവിഷ്ടയായ സീതയാണ് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കൃതി. പിന്നിടു വന്ന ചങ്ങപ്പുഴയുടെ രമണനാണ് ഏറ്റവും വിറ്റഴിയപ്പെട്ട പുസ്തകം. ചങ്ങപ്പുഴ ആശാനു ശേഷം വന്ന കവിയായിട്ടും പുരുഷനെ ചതിക്കുന്ന ഒരു സ്ത്രിയെ മാത്രമേ സൃഷ്ടിക്കാന്‍ കഴിഞ്ഞുള്ളു. അതുകൊണ്ട് കാലികമായി ചിന്തിക്കുമ്പോള്‍ ആശാന്‍ കവിത എത്രയോ ഔന്യത്വത്തില്‍ നില്‍ക്കുന്നു. രാജു തോമസ് രണ്ടു കാലത്തിലേയും കവികളെ താരതമ്യം ചെയ്തു പറഞ്ഞു. രാമായണത്തിലെ ചില രഹസ്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ സീതയുടെ ഈ അവസ്ത മുന്‍മ്പേ തീരുമാനിക്കപ്പെട്ടതാണന്നു നമുക്ക് മനസിലാകും. വിഷുണുവിന്‍റെ അവതാരമായ രാമന്‍, പഞ്ചവടിയില്‍ വെച്ചു തന്നെ, രാവണ നിഗ്രഹത്തിനു മുന്‍മ്പേ സീതയെ അഗ്നിദേവനെ ഏല്‍പ്പിച്ച് സുരക്ഷിതയാക്കുന്നു. സീത മഹാലക്ഷിയാണ്. പതിനാലുലകിലും പരമേശ്വരന്‍റെ ഹിതമെന്താണന്നറിയുന്നവളാണ് എന്ന് തന്‍റെ സ്വന്തം കവിതയായ ‘ചിന്താവിഷ്ടനായ രാമന്‍’ ഉദ്ധരിച്ച് രാജു തോമസ് പറഞ്ഞു.

പുരുഷന്‍ എന്നും ഒരുപോലെയാണ്. ചാരിത്ര്യം തെളിയിക്കേണ്ടതെന്നും സ്ത്രിയുടെ ഉത്തരവാദിത്യമായി മാറുന്നു. ഇവിടെ അന്യ ഗൃഹത്തില്‍ താമസിച്ചു വന്ന സീതയെ ഉപേക്ഷിച്ച രാമനെ കുറ്റപ്പെടുത്താന്‍ കഴിയുമോ. സത്യത്തില്‍ രാമന്‍ സീതയെ സംശയിച്ചിരുന്നോ..? പൊതുജന ബോദ്ധ്യത്തിനായി സീത ഉപേക്ഷിക്കപ്പെടുകയല്ലായിരുന്നോ? ആശാന്‍റെ ഏറ്റവും നല്ല ഈ കൃതി ഇനിയും നൂറുവര്‍ഷങ്ങള്‍ക്കൂടി വായിക്കപ്പെടട്ടെയെന്ന് ജോസ് ചെരിപുറം ആശംശിച്ചു. കുമാരനാശാന്‍ കാവ്യസൃഷ്ടിയുടെ ആത്മാവിലേക്കിറങ്ങിച്ചെന്ന കവിയാണെന്നു പി. റ്റി. പൗലോസ് നിരീക്ഷിച്ചു. സ്ത്രി കേന്ദ്രികൃതമായ വായന തുറന്നു തരുന്ന ഒരു കൃതിയാണിത്. മലയാള സാഹിത്യ ചരിത്രത്തില്‍ ഈ കൃതിക്ക് ഒരു സവിശേഷ സ്ഥാനം എന്നും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട, അന്യവല്‍ക്കരിക്കപ്പെട്ട സീതയുടെ ചിന്താധാരയാണു പ്രമേയം. മര്യയാദാപുരുഷോത്തമനായ രാമന്‍റെ ഗുണദോഷങ്ങല്‍ മാറ്റുരച്ചു നോക്കുകയാണു സീത. ചിന്താശീലയായ സ്ത്രിവ്യവസ്ഥിതിക്കെതിരെ വിരല്‍ ചൂണ്ടുന്നു. സീതയുടെ ജീവിതം മുഴുവന്‍ യാതൃച്ഛികതകള്‍ നിറഞ്ഞതാണ്. അപമാനഭാരത്താല്‍ ഉണ്ടാകുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നില്ല എന്ന് ആശാന്‍ ചിന്താവിഷ്ടയായ സീതയിലുടെ കാട്ടിത്തരുന്നുവെന്ന് പൗലോസ് കൂട്ടിച്ചേര്‍ത്തു.

 
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment