തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് 28ന് മുമ്പായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ ആശങ്ക പരത്തി എത്തുന്ന ‘ഫാനി’ ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ തമിഴ്നാട്, ആന്ധ്ര തീരം തൊടുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഈ മേഖലയില്‍ മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഞായറാഴ്ചമുതല്‍ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കും.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് കിഴക്കും ബംഗാള്‍ ഉള്‍ക്കടലിലുമായി നിലകൊണ്ടിരുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പിന്റെ താപനില നിലവില്‍ 30-31 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് ചുഴലിക്കാറ്റ് രൂപീകരണത്തിന് കാരണമാകും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് പ്രവചനം. തിങ്കളാഴ്ച തീവ്രചുഴലിക്കാറ്റായി തീരത്തോട് അടുക്കും. ചൊവ്വാഴ്ച തീരം തൊടും. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മ്യാന്മാര് ലക്ഷ്യമാക്കി നീങ്ങാനും സാധ്യതയുണ്ട്.
ശ്രീലങ്കയ്ക്ക് 1140 കിലോമീറ്റര്‍ കിഴക്ക് തെക്കും ചെന്നൈക്ക് 1490 കിലോമീറ്റര്‍ തെക്ക് കിഴക്കുമായാണ് ന്യൂനമര്‍ദം ഇപ്പോള്‍ നിലകൊള്ളുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news