അന്തരിച്ച ബാബുപോളിന്റെ സന്ദേശം: ” മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുത്തവര്‍ക്ക് നന്ദി…”

Screenshot-from-2019-04-13-13-05-44തിരുവനന്തപുരം: മരണത്തിനു ശേഷവും ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോള്‍. മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ശബ്ദ സന്ദേശം കരുതി വച്ച ശേഷമാണ് അദ്ദേഹം നമ്മെ വിട്ട് യാത്രയായത്. അദ്ദേഹം റിക്കോര്‍ഡ് ചെയ്തു വച്ച 15 മിനിറ്റ് ദൈർഘ്യമുള്ള വാട്‌സാപ്പ് സന്ദേശത്തിലെ ഏതാനും വരികൾ:

“സഹോദരി സഹോദരന്മാരെ…..

ഭയപ്പെടേണ്ട, നിങ്ങള്‍ക്കെല്ലാം ഉണ്ടാകുവാനുള്ള ഒരു ആശ്വാസവചനം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഇത് ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ രേഖപ്പെടുത്തുന്ന വാക്കുകളാണ്. എന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ സംബന്ധിക്കുവാന്‍ എത്തിയ നിങ്ങളോടൊക്കെ നേരിട്ട് നന്ദി പറയാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അത് അസാധ്യമാണ് എന്നറിയാനുള്ള സാമാന്യ വിജ്ഞാനം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും തന്നെ ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.

എന്റെ ജീവിതത്തിലെ ആദ്യത്തെ ഓര്‍മ്മ 1944 ഏപ്രില്‍ 9-ാം തിയ്യതി ഓശാന ഞായറാഴ്ച ഉച്ച നേരത്ത് എന്റെ അനിയന്‍ റോയ് പോള്‍ ജനിച്ച വിവരം ആരോ എന്നോട് വന്ന് പറയുന്നതാണ്. അന്ന് മുതല്‍ മുറിഞ്ഞും മുറിയാതെയും തെളിഞ്ഞും തെളിയാതെയുമുള്ള ഒരുപാട് ഓര്‍മകള്‍ എനിക്ക് ഉണ്ട്……..”

2018 സെപ്റ്റംബറില്‍ തയ്യാറാക്കിവച്ചിരുന്ന ശബ്ദ സന്ദേശമാണ് ഞായറാഴ്ച ‘പ്രബോധനം’ എന്ന വാട്‌സാപ് ഗ്രൂപ്പിലൂടെ പുറത്ത് വിട്ടത്. ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ബാബു പോളായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം പറഞ്ഞുറപ്പിച്ച പ്രകാരം ഗ്രൂപ്പിലെ അംഗങ്ങളാണ് ഇത് പുറത്ത് വിട്ടതെന്നാണ് സൂചന.

ഈ ശബ്ദസന്ദേശം അവസാനിക്കുന്നത് ഇങ്ങനെയാണ്. “…സംതൃപ്തിയോടെയാണ് ഞാന്‍ വിടവാങ്ങുന്നത്. നിങ്ങള്‍ എന്നെക്കുറിച്ചോര്‍ത്ത് കരയേണ്ട… ഇത് ഒരു യാത്രയുടെ അവസാനവും മറ്റൊരു യാത്രയുടെ തുടക്കവുമാണ്. ദൈവത്തിനു ജാതിയോ മതമോ ഇല്ല”..

 

 

Print Friendly, PDF & Email

Related News

Leave a Comment