Flash News

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 17-ാമത് ടെലികോണ്‍ഫറന്‍സ്

April 28, 2019

Logo 2019_InPixioമെയ് 08, 2019 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 17-ാമത് ടെലികോണ്‍ഫറന്‍സില്‍, ആ സംഘടനയുടെ പ്രസിഡന്‍റ് ചാക്കോ കളരിക്കല്‍ “പൗരസ്ത്യ സഭകളുടെ കാനോന സംഹിതയും മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചര്‍ച്ച് ട്രസ്റ്റ് ബില്ലും” എന്ന വിഷയത്തെ ആസ്പദമാക്കി വടക്കെ അമേരിക്കയിലെ പ്രവാസികളോട് സംസാരിക്കുന്നതാണ്.

മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണം നടത്തിയിരുന്നത് പല തട്ടിലുള്ള യോഗങ്ങള്‍ ഇടവകയോഗം, പ്രാദേശികയോഗം, മലങ്കര പള്ളിക്കാരുടെ പൊതുയോഗം (സീറോ മലബാര്‍ സഭാ സിനഡ്) വഴിയാണ്. (സീറോ മലബാര്‍ മെത്രാന്‍ സിനഡല്ലാതെ തെരെഞ്ഞെടുക്കപ്പെട്ട അല്‍മായ പ്രതിനിധികളും ഉള്‍പ്പെട്ട സീറോ മലബാര്‍ സഭാ സിനഡ് നാളിതുവരെയായിട്ടും രൂപീകരിച്ചിട്ടില്ല). ദ്രാവിഡ ഗ്രാമസഭകളെ ‘മണ്‍റം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാര്‍ത്തോമാ ക്രിസ്ത്യാനി സമുദായത്തിലും പള്ളിയോഗങ്ങള്‍ വഴി സഭാഭരണം ആരംഭിക്കാന്‍ മണ്‍റ ഭരണ രീതിയായിരിക്കാം പ്രേരകമായത്. ആ ഭരണ സമ്പ്രദായം സുവിശേഷാധിഷ്ഠിതവും ആദിമസഭാ പാരമ്പര്യത്തിലധിഷ്ഠിതവും തികഞ്ഞ ജനാധിപത്യ രീതിയുമായിരുന്നു. പള്ളിയുടെ ഭൗതിക കാര്യങ്ങള്‍ മുഴുവനും പള്ളിയോഗം കൂടിയാണ് തീരുമാനിച്ചിരുന്നത്. പള്ളിയുടെ അനുദിന കാര്യങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ പള്ളിയോഗം കൈക്കാരന്‍മാരെ തെരഞ്ഞെടുത്ത് അവരെ ചുമതലപ്പെടുത്തിയിരുന്നു. നിയമാനുസൃതമായ ഒരു ട്രസ്റ്റിനുള്ള അധികാരമായിരുന്നു പള്ളിയോഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. വികാരി അധ്യക്ഷനായുള്ള പള്ളിയോഗ തീരുമാനങ്ങളില്‍ മാറ്റം വരുത്താനോ നിരാകരിക്കാനോ മെത്രാന് അധികാരം ഉണ്ടായിരുന്നില്ല. ആധ്യാത്മിക ശുശ്രൂഷകനായ മെത്രാന്‍ ഇടവകയുടെ ആഭ്യന്തര ഭരണത്തില്‍ ഇടപെടാനോ അധികാരം പ്രയോഗിക്കാനോ നസ്രാണി പള്ളിഭരണ സമ്പ്രദായം അനുവദിച്ചിരുന്നില്ല.

1992ല്‍ പൗരസ്ത്യ കാനോന്‍ നിയമസംഹിത സീറോ മലബാര്‍ സഭയ്ക്ക് ബാധകമാക്കിയതോടെ പള്ളികളുടെ ഭൗതിക ഭരണത്തില്‍ കാതലായ മാറ്റം സംഭവിച്ചു. (പൗരസ്ത്യസഭകളുടെ കാനോനകള്‍ സഭാജീവിതത്തില്‍’ എന്ന്സ് ശീര്‍ഷകത്തില്‍ അതിന്‍റെ മലയാളം പതിപ്പ് ‘ഓറിയന്‍റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ’യുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.) പൗരസ്ത്യ സഭകളുടെ കാനോനകളുടെ അടിസ്ഥാനത്തില്‍ മാര്‍പാപ്പയാല്‍ നിയമിതരായ മെത്രാന്മാരിലാണ് പള്ളിയുടെ സാമ്പത്തിക ഭരണത്തിന്‍റെ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പിലാക്കാനും അധികാരമുണ്ടായിരുന്ന പള്ളിയോഗത്തെ ഇപ്പോള്‍ വികാരിയെ ഉപദേശിക്കാന്‍ മാത്രം അവകാശമുള്ള സമതിയായി തരം താഴ്ത്തി. കൂടാതെ പാശ്ചാത്യ പള്ളിഭരണ രീതിയിലുള്ള പാരിഷ് കൗണ്‍സില്‍ നടപ്പിലാക്കി. പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ പൊതുയോഗത്താലോ വാര്‍ഡ് യൂണിറ്റ് യോഗത്താലോ തെരെഞ്ഞടുക്കപ്പെട്ടവരും ഉദ്യോഗവശാല്‍ (ex-officio) അംഗങ്ങളായവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമാണ്? ആ സമിതിയ്ക്ക് രൂപതാദ്ധ്യക്ഷന്‍റെ സംഗീകാരവും വേണം. സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് രൂപം കൊടുത്തിട്ടുള്ള പ്രത്യേക നിയമ വ്യവസ്ഥകളും പാലിക്കണം. എന്നുവെച്ചാല്‍, ഹയരാര്‍ക്കിയാല്‍ നിയന്ത്രിതമായ പള്ളി പ്രതിനിധികളാണ് പള്ളിഭരണം ഇന്ന് നടത്തുത്.

ഇടവകപ്പള്ളികളുടെയും രൂപതകളുടെയും മറ്റു സ്ഥാപനങ്ങളുടെയും സ്വത്തുഭരണ കാര്യത്തില്‍ വളരെയേറെ അഴിമതികള്‍ ഈ അടുത്ത കാലത്ത് നടന്നിട്ടുണ്ട്. സഭാംഗങ്ങള്‍ കഠിനാധ്വാനം ചെയ്തു സ്വരൂപിച്ച സ്വത്തുക്കള്‍ നഷ്ടപ്പെട്ടു പോകുതില്‍ അവര്‍ ദുഖിതരുമാണ്. ഇടവകക്കാര്‍ക്ക് അവരുടെ സ്വത്ത് കാത്തുസൂക്ഷിക്കണമെങ്കില്‍ ‘ചര്‍ച്ച് ട്രസ്റ്റ് ബില്‍’ പോലുള്ള സിവില്‍ നിയമത്തെ ആശ്രയിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ല. ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ അടിത്തറയായ ആ ബില്ല് എത്രയും വേഗം പാസായിക്കിട്ടാന്‍ അല്‍മായര്‍ ഒന്നടങ്കം പരിശ്രമിക്കേണ്ടതാണ്.

നസ്രാണി പാരമ്പര്യങ്ങള്‍, പൗരസ്ത്യ കാനോന്‍ നിയമ സംഹിത, ചര്‍ച്ച് ട്രസ്റ്റ് ബില്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ ചര്‍ച്ചയ്ക്കായി നിങ്ങള്‍ എല്ലാവരെയും കെസിആര്‍എം നോര്‍ത്ത് അമേരിക്ക സ്നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോണ്‍ഫറന്‍സിന്‍റെ വിശദ വിവരങ്ങള്‍:

മെയ് 08 , 2019, ബുധനാഴ്ച
(May 08 , 2019, Wednesday) 9 PM (EST)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top