“അമ്മേ, ഞാൻ ചെമ്പകത്തോട്ട് പോകുവാ… ടി.വി. കാണാന്‍…”
മുറ്റത്തേയ്ക്കിറങ്ങുമ്പോള്‍ ഞാൻ വിളിച്ചു പറഞ്ഞു. ഞാന്‍ കരുതിയത് അമ്മ അടുക്കളയിലായിരിക്കും എന്നായിരുന്നു. എന്നാല്‍ അമ്മ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. അവിടെ കയ്യിലെ സ്റ്റീല്‍ പാത്രത്തിലേക്ക് ചെമ്പരത്തിപ്പൂക്കള്‍ പറിച്ചെടുക്കുന്ന അമ്മ എന്നെ രൂക്ഷമായി നോക്കി. അമ്മയുടെ അടുത്തു തന്നെ ഉണ്ടായിരുന്ന ശാരദക്കുട്ടി “ഞാനും” എന്ന് പറഞ്ഞു കൊണ്ട്, മുറ്റത്ത് ചിത്രം വരച്ച് കളിക്കുകയായിരുന്ന കൈയ്യിലെ കോലു വലിച്ചെറിഞ്ഞ് എന്റെ അടുത്തേക്കോടി വന്നു.
“പോണ്ടാന്ന് ഞാമ്പറഞ്ഞാ കേക്കൂലല്ലോ.. അച്ഛന്റെ പുന്നാര മോള്. കുഞ്ഞാവയാന്നാ വിചാരം. പോത്ത് പോലെ വലുതായി. വയസ്സ് പതിനഞ്ചായി. അത് പറഞ്ഞാല്‍ അച്ഛനും മോള്‍ക്കും തമാശ. ഉടുത്തുകെട്ടി എങ്ങോട്ടെങ്കിലും പോകും. തോന്നുമ്പോ പോകുന്നു തോന്നുമ്പോ വരുന്നു. ദേ.. മോന്തിയാവുന്നേന്റെ മുമ്പിങ്ങോട്ട് വന്നില്ലെങ്കില്‍ അടുപ്പില്‍ കത്തുന്ന വെറക് വലിച്ച് തല്ലും ഞാന്‍… പറഞ്ഞില്ലാന്ന് വേണ്ടാ…”
അതമ്മയുടെ സ്ഥിരം പല്ലവിയാണ്. ചെമ്പകത്തുകാരെ അമ്മയ്ക്ക് പണ്ടേ ഇഷ്ടമല്ല. ഞങ്ങളങ്ങോട്ട് പോകുന്നതും. സത്യത്തില്‍ ചെമ്പകത്തുകാര് അമ്മയുടെ അകന്ന ബന്ധത്തിലുള്ളതാണ്. അമ്മയുടെ ദേഷ്യത്തിന് കാരണം, ചെമ്പകത്തെ രാജേട്ടന് അമ്മയെ കല്യാണം കഴിക്കാന്‍ കൊതിച്ചിട്ട്, രാജേട്ടന്റെ അച്ഛന് സമ്മതിക്കാത്തതിന്റെ ചൊരുക്കാണെന്നാണ് അച്ഛന് പറയാറുള്ളത്. അച്ഛനങ്ങിനെ പറഞ്ഞ് അമ്മയെ ദേഷ്യം പിടിപ്പിക്കും. ദേഷ്യം പിടിച്ച് ദേഷ്യം പിടിച്ച്, അവസാനം അമ്മയുടെ കണ്ണ് നിറയുന്ന വരേയ്ക്കും. അപ്പോഴൊക്കെ അമ്മ പറയും. “നിങ്ങളീ വര്‍ത്താനം ഞാമ്മരിക്ക്വോളം പറയും. പിന്നെ പറയൂലല്ലോ..”
അമ്മയെ കല്ല്യാണം കഴിക്കാന്‍ ചെമ്പകത്തെ രാജേട്ടനെ രാജേട്ടന്റെ അച്ഛന് സമ്മതിക്കാത്തതിന്റെ കാരണം, ചിലപ്പോള്‍ അമ്മയുടെ വീട്ടുകാര്‍ക്ക് പൈസയില്ലാത്തതിന്റെ പേരിലാവും. ചെമ്പകത്തുകാര് നാട്ടിലെ വല്ല്യ പൈസക്കാരാണ്. ഞങ്ങളൊക്കെ പാവങ്ങളും. ഒരു കൊച്ചു കൂരയില്‍ സ്വപ്നങ്ങള്‍ തിളയ്ക്കുന്ന അടുപ്പിന്റെ മുന്പില് ഒഴിഞ്ഞ പാത്രവുമായി ജീവിതത്തിന്റെ ഊഴം കാത്തിരിക്കുന്ന ഭൂമിയില്‍ പണിയെടുക്കുന്ന കർഷകന്റെ വീട്ടുകാര്‍. മഴക്കാലത്തിന്റെ മുന്‍പേ വീടൊന്ന് പുതുക്കി മേയണം എന്നച്ഛന്‍ ഇന്നലെ കൂടി പറഞ്ഞെ ഉള്ളൂ. ഇല്ലെങ്കില്‍ പെയ്യുന്നതില്‍ പകുതിയും അകത്തിരിക്കും. അത്രയ്ക്ക് ചോര്‍ച്ചയാണ്. പിന്നെ ഒരു പായ വിരിക്കാനിടം കിട്ടില്ല. പക്ഷെ ആ കൂരയില്‍ മത്താപ്പ് പോലെ കത്തുന്ന സന്തോഷമുണ്ടായിരുന്നു. പൂ പോലെ വിടരുന്ന പുഞ്ചിരികളുണ്ടായിരുന്നു.
ഞാന്‍ മെല്ലെ ശാരദക്കുട്ടിയേയും കൂട്ടി അമ്മയെ ശ്രദ്ധിക്കാതെ നടന്നു. ഇടവഴിയിലേക്കിറങ്ങുമ്പോള് കണ്ടു, കരടിച്ചേട്ടന് പാലുമായി സൈക്കിളില്‍ പോകുന്നു. സുധാകരന് നായര്‍ എന്നാണു പുള്ളിയുടെ ശരിയായ പേര്. മേനി നിറയെ രോമമുള്ളത് കൊണ്ട് നാട്ടുകാര്‍ കരടി എന്ന് വിളിക്കുന്നു. അയല്പക്കത്തെ കൂട്ടുകാരികളും ഞങ്ങളുടെ കൂടെ കൂടി. അങ്ങിനെ ആ ചെറുസംഘം ചെമ്പകത്തോട്ട് നടന്നു തുടങ്ങി.
ഇടവഴി ചെന്നുചേരുന്നത് പഴയ തോട്ടുവരമ്പ് സ്വല്പം വീതികൂടിയ വഴിയിലേക്കാണ്. ഓട്ടോറിക്ഷകളൊക്കെ വരും ഇപ്പോള്‍. തോട്ടില്‍ ഇപ്പോഴും മെലിഞ്ഞ ഒരു ജലരേഖയുണ്ട്. കുറുക്കന്‍കുണ്ടില്‍ ഇപ്പോഴും നല്ല വെള്ളമാണ്. അയല്പക്കത്തെ കൂട്ടുകാരികളൊക്കെ അവിടെ കുളിക്കാന്‍ പോകാറുണ്ട്. എന്നെ അമ്മ വിടില്ല. ഷമ്മീസ് ഇട്ട് തോട്ടില്‍ കുളിക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞത്രെ.
വഴിയരികിലെ കവുങ്ങിന് തോട്ടത്തില്‍ വട്ടം കൂടിയിരിക്കുകയായിരുന്ന ആണ്‍കുട്ടികള്‍ ഞങ്ങളെ കണ്ടപ്പോള്‍ ചൂളമടിക്കാനും പഞ്ചാര വര്‍ത്തമാനം പറയാനും തുടങ്ങി. ശ്രദ്ധ കൊടുക്കാതെ പോകവേ, കൂട്ടത്തില്‍ നിന്നും ഒരു പൊതിയുമായി സുകു എന്റെ പേരു വിളിച്ചുകൊണ്ട് ഓടിവന്നു.
ആണ്‍കുട്ടികളുടെ കൂട്ടത്തില്‍ നിന്നും ആരോ, “മനസമൈനേ വരൂ” എന്ന പാട്ട് ഉറക്കെ പാടുന്നുണ്ടായിരുന്നു, അപ്പോള്‍. സുകു നീട്ടിയ പൊതി നിറയെ ചെറിയ മധുരനാരങ്ങ രണ്ടായി മുറിച്ച് അച്ചാറ് പൊടി തൂവിയതായിരുന്നു. ഒന്ന് ശങ്കിച്ച് ഞാനത് വാങ്ങി. സുകു ഒന്നും മിണ്ടാതെ തിരിച്ച് മടങ്ങുകയും ചെയ്തു. അപ്പോഴതാ ആണ്‍കൂട്ടം പാടുന്നു. കിയോം കിയോം കിയോം കിയോം കുഞ്ഞാറ്റക്കിളീ. എന്നെയും സുകുവിനെയും കളിയാക്കി പാടുന്നതാണത്.
ചെമ്പകത്തു നിന്നും ഞങ്ങള്‍ക്ക് വേഗം ഇറങ്ങേണ്ടി വന്നു. കറണ്ട് പോയി. വീട്ടിലെത്തിയപ്പോള്‍ അച്ഛനും കണാരേട്ടനും കൂടി മുറ്റത്തിരുന്ന് വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു. കണാരേട്ടന് അച്ഛന്റെ ചങ്ങാതിയാണ്. പാടത്തിന്റെ അക്കരെയാണ് വീട്. വല്ലപ്പോഴും ഇങ്ങിനെ ഇവിടെ വന്നിരിക്കാറുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ കണാരേട്ടന് അച്ഛനോട് പറഞ്ഞു.
“വാസൂട്ടാ,, പെണ്ണ് അങ്ങട്ട് വളര്‍ന്നൂട്ടോ… ഇപ്പഴത്തെ കുട്ട്യാള് ഇരുന്നെണീക്കുന്ന പോലെയല്ലേ വലുതാകുന്നത്.. ഇനി വേഗം മംഗലാക്കാന് നോക്കിക്കോ..”
അച്ഛനെന്നെ നോക്കിയൊന്ന് ചിരിച്ചു. “പഠിക്ക്യല്ലേടാ.. ഓള് പഠിക്കട്ടെ.. നല്ലോണം പഠിക്കട്ടെ…”
അച്ഛനത് പറയേണ്ട താമസം അകത്തു നിന്നും ഇറങ്ങിവന്ന അമ്മ തുടങ്ങി.
“ന്റെ കണാരേട്ടാ, ഞാനീ മനുഷ്യനെ കൊണ്ട് തോറ്റു.. അല്ല ഇങ്ങള് തന്നെ ഒന്ന് പറി… ഇങ്ങേര്‍ക്കിതെന്തിന്റെ സൂക്കേടാണ്. പെണ്ണിനെ പഠിപ്പിച്ച് കലക്ടറാക്കാന്‍ നടക്കുന്നു. അതിനുള്ള മണ്ടയൊന്നും അതിനില്ലാന്ന്. ബാക്കിയുള്ളോരുടെ നെഞ്ചത്ത് തീയാണ്, പെണ്ണിന്റെ മേനി കാണുമ്പോ. കൊള്ളാവുന്ന കുടുംബത്തോട്ട് പറഞ്ഞയക്കാന്‍ നോക്കാതെ….”
“എടീ അവള് കുട്ടിയല്ലേ… ഒരു പതിനെട്ട് വയസ്സെങ്കിലുമാകാതെ എങ്ങനാ…” അമ്മയെ അധികം പരത്താന്‍ അച്ഛന് സമ്മതിച്ചില്ല.
അതിന് അമ്മയുടെ വക എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടത്തോടെയുള്ള സ്ഥിരം ഡയലോഗായിരുന്നു.
“കുട്ടി… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.”
അമ്മ ചവിട്ടിത്തുള്ളി അകത്തേക്ക് പോകുമ്പോള്‍ അച്ഛന് എന്നെ നോക്കി കണ്ണടച്ച് കാണിച്ച്. എല്ലാം കണ്ടും കേട്ടും ചിരിച്ചോണ്ടിരിക്കുന്ന കണാരേട്ടന് എന്നില്‍ ലജ്ജയുടെ വിത്തുകള്‍ പാകി. അതവിടെ മുളച്ച് തളിര്‍ത്തു വരവെ ഞാനും മെല്ലെ വീടിന്റെ അകത്തേയ്ക്ക് നീങ്ങി.
അമ്മ അങ്ങിനെയാണ്. സ്നേഹമില്ലാഞ്ഞിട്ടല്ല. ആധിയാണ്. എന്തിനാണ് എന്ന് ചോദിച്ചാല്‍, മുഴുവനായിട്ടും എനിക്കറിയില്ല. എന്നാലും കുറെയൊക്കെ എനിക്കറിയാം. ഞാന്‍ വല്ല പ്രേമത്തിലും ചെന്നു ചാടുമോ എന്ന പേടിയാകും. ആര് കണ്ടാലും പറയും, പ്രായത്തേക്കാള്‍ കൂടുതല്‍ വളർച്ചയുണ്ടെനിക്കെന്ന്. എന്റെ മാറിലേക്ക് നോക്കി അയല്കാരിപ്പെണ്ണുങ്ങള് അങ്ങിനെ പറയുമ്പോള്‍, എനിക്കെന്തോ പോലെയാണ്. ഇടയ്ക്കിടയ്ക്ക് കണ്ണാടിയില്‍ കാണുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട്, ഈശ്വരാ ഞാന്‍ വല്ല്യ പെണ്ണായോ എന്ന്.
എന്തുകൊണ്ടെന്നറിയില്ല ഞാനിപ്പോള്‍ ചില പുതിയ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. പരിചിതമല്ലാത്ത മുഖങ്ങള്‍ ആ സ്വപ്നങ്ങളില്‍ കാണുന്നു. ചില സമയം ഉടലാകെ ഓടിനടക്കുന്ന ഒരു കുളിര് ഞാനനുഭവിക്കുന്നു. എനിക്കിപ്പോള്‍ പൂക്കളോടും പൂമ്പാറ്റകളോടും കൂടുതല്‍ ഇഷ്ടം തോന്നുന്നു. ഒന്‍പതില്‍ ജയിച്ച് പത്തിലേക്കാണ് ഇനി. അഞ്ചാം ക്ലാസില്‍ രണ്ടു കൊല്ലം പഠിച്ചിട്ടുണ്ട്. കൊല്ല പരീക്ഷയുടെ സമയത്ത് മഞ്ഞപ്പിത്തം വന്നു കിടന്നോണ്ട് തോറ്റുപോയി.
ഇതൊരു കൊച്ചു ഗ്രാമാണ്. നഗരത്തിന്റെ ബാലാത്കാരത്തിന് ഇരയാകാത്ത ഒരു കൊച്ചു ഗ്രാമം. മൊബൈലെന്നും ഇന്റര്‍നെറ്റെന്നും ഒക്കെ ഞങ്ങള്‍ കേട്ട് തുടങ്ങിയിട്ടേ ഉള്ളൂ. അങ്ങിനെയൊക്കെ എന്തൊക്കെയോ ചില ഏടാകൂടങ്ങള് ഉണ്ടത്രെ.
അത്തരം ഒരു ഗ്രാമത്തിലെ മറ്റേതൊരു പെണ്‍കിടാവിനെയും പോലെയാണ് ഞാനും. പുറം ലോകമെന്തെന്നോ, അവിടെയെന്താണ് സംഭവിക്കുന്നതെന്നോ മാത്രമല്ല, താനെന്തെന്നോ, തന്നിലെന്താണ് സംഭവിക്കുന്നതെന്നോ പോലും വലിയ തിട്ടമില്ലാത്ത ഒരു നാടന്‍ പെൺകുട്ടി.
പച്ചമാങ്ങ ഉപ്പും മുളകും കൂട്ടിക്കഴിക്കുന്നതിനേക്കാള് രസമുള്ളതും, കുറുക്കന് കുണ്ടിലെ തെളിവെള്ളത്തില്‍ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനേക്കാള് സുഖമുള്ളതും ആയി ഈ ഭൂമിയില്‍ വേറെ എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അമ്മയേക്കാള്‍ വലിയ ഒരു പ്രശ്നമുണ്ടെന്നോ, അച്ഛനെക്കാള്‍ നല്ലൊരു മനുഷ്യന് വേറെയുണ്ടെന്നോ എനിക്ക് തോന്നിയിട്ടില്ല. ശാരദകുട്ടിയെ സ്നേഹിക്കുന്നത് പോലെ എനിക്കിനി വേറെ ആരെയെങ്കിലും സ്നേഹിക്കാനാവുമെന്നും ഞാന്‍ കരുതുന്നില്ല.
പക്ഷെ ചിലപ്പോഴൊക്കെ എന്ത് കൊണ്ടെന്നറിയില്ല, സുകു എന്റെ മനസ്സിലേക്ക് വരും. എന്തോ അത്തരം ചിന്തകളെ താലോലിക്കാന്‍ ഇപ്പോള്‍ ഇഷ്ടമാണെനിക്ക്.
നെല്‍ വയലുകള്‍ മറഞ്ഞു കൊണ്ടിരിക്കുന്ന ഗ്രാമത്തില്‍ വാഴയും കപ്പയും ആണ് ഇപ്പോള്‍ പ്രധാന കൃഷി. പാടം നികത്തി ചിലരൊക്കെ കവുങ്ങും തെങ്ങും വച്ച് പിടിപ്പിച്ചു. അച്ഛന് കര്‍ഷകനാണ്. അച്ഛനും കണാരേട്ടനും കൂട്ടുകൃഷിക്കാരാണ്. അഷ്ടിക്കുള്ള വകയല്ലാതെ മറ്റൊന്നും ഉണ്ടാക്കാന്‍ രാപ്പകലദ്ധ്വാനിച്ചിട്ടും അച്ഛനെക്കൊണ്ടായിട്ടില്ല. വീടൊന്ന് ഓട് മേയണമെന്ന് അച്ഛന് പറയാറുണ്ട്. അച്ഛന്റെ വലിയ സ്വപ്നമാണത്.
പ്രായം കൈവേല തുന്നിയ തൂവാല പോലുള്ള ഞാന്‍ നിലാവുള്ള രാത്രികളില്‍ മേല്‍ക്കൂരയുടെ സുഷിരങ്ങളിലൂടെ അകത്തേക്ക് ഒളിഞ്ഞു നോക്കുന്ന അമ്പിളിമാമനെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങിനെ കിടന്നു കൊണ്ട്, കണ്ണുകള്‍ തുറന്നു പിടിച്ച്, എനിക്ക് മനസ്സിലാവാത്ത എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. പുതിയ ക്ലാസും കൂട്ടുകാരുമൊക്കെ ഇടയ്ക്കിടയ്ക്ക് എന്റെ സങ്കല്പ സീമയില്‍ വന്നെന്നെ വിളിക്കാറുണ്ട്. ചുട്ടുപഴത്ത ഈ വേനല്‍ കഴിഞ്ഞാല്‍, മഴക്കാലം തുടങ്ങിയാല്‍, ശീലക്കുടയും ചൂടി പുതിയ ക്ലാസ്സിലേക്ക് പോകും ഞാന്‍. പത്താംക്ലാസ്സിലേക്ക്…
തുടരും
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply