മതനിന്ദ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കുറ്റവിമുക്തയായ ആസിയാ ബീബി പാക്കിസ്താന്‍ വിട്ടു

Clipboard-20749-kObH-U11012551968798v0-1024x576@LaStampa.it

ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് പാക്കിസ്താന്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കുകയും ചെയ്ത ക്രിസ്ത്യന്‍ യുവതി ആസിയാ ബീബി പാക്കിസ്ഥാനില്‍ നിന്ന് കാനഡയിലെത്തി. ആസിയ ബീബിയുടെ അഭിഭാഷകയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാക്കിസ്ഥാനി ടി.വി ചാനലുകളും മറ്റ് സ്രോതസുകളും ആസിയ ബീബി രാജ്യം വിട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രാലയം ഇതുവരെ ഔദ്യോഗിക സ്ഥിരികരണം നല്‍കിയിട്ടില്ല.

ആസിയാ ബീബിയുടെ ജീവന് ഭീഷണിയുള്ളതിനാല്‍ എല്ലാ കാര്യങ്ങളും വളരെ രഹസ്യമായിട്ടായിരുന്നു പാക്കിസ്താന്‍  സര്‍ക്കാര്‍ കൈകാര്യം ചെയ്തിരുന്നത്. പാക്കിസ്ഥാന്റെ വിദേശകാര്യ വകുപ്പാണ് ഔദ്യോഗികമായി ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഒന്‍പത് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ശേഷമാണ് ആസിയാ ബീബി മോചിതയായത്.

അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തിനിടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നായിരുന്നു ആസിയ ബീബിക്കെതിരായ കേസ്. ഇതേ തുടര്‍ന്ന് പാക്കിസ്ഥാനിലെ മതനിന്ദാ നിയമ പ്രകാരം ഇവരെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2010-ലായിരുന്നു സംഭവം. തുടര്‍ന്ന് വധശിക്ഷയ്‌ക്കെതിരെ ലോക വ്യാപകമായി പ്രതിഷേധമുണ്ടായിരുന്നു.

Asia-Bibi-and-hangman-s-noose-720545കഴിഞ്ഞ വര്‍ഷം പാക്കിസ്താന്‍  സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി ഇവരെ വെറുതെ വിട്ടു. ഇതിനെതിരെ വലിയ കലാപമാണ് പാക്കിസ്ഥാനില്‍ ഉണ്ടായത്. ആദ്യം ഉത്തരവിനെ സ്വാഗതം ചെയ്ത പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പിന്നീട് നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്തു.

സ്വതന്ത്രയായെങ്കിലും ഇവര്‍ക്കെതിരെ വിവിധ ഗ്രൂപ്പുകള്‍ വധ ഭീഷണി ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ രഹസ്യമായ സ്ഥലത്ത് കനത്ത സുരക്ഷയിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്.

ജനസംഖ്യയില്‍ 97 ശതമാനവും മുസ്ലിം മതവിശ്വാസികളുള്ള പാക്കിസ്ഥാനില്‍ വധശിക്ഷ വരെ അര്‍ഹിക്കുന്ന കുറ്റമാണ് മതനിന്ദ. ഹിന്ദുക്കളും ക്രിസ്ത്യാനികളുമടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയാണ് ഈ നിയമം. ഇസ്ലമിനെയോ പ്രവാചകന്മാരേയോ മതസംഘടനയോ നിന്ദിക്കുന്നതും അപകീര്‍ത്തികരമായി സംസാരിക്കുന്നതും മതനിന്ദയില്‍ പെടും. 1967 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ 1300 പേരെ മതനിന്ദാ കുറ്റം ചാര്‍ത്തി ജയിലില്‍ അടച്ചിട്ടുണ്ട്. മതനിന്ദാ കുറ്റം ചുമത്തി പിടിക്കപ്പെട്ടിട്ടുള്ളവരില്‍ 60ലധികം പേര്‍ തങ്ങളുടെ കേസ് വിചാരണയ്ക്കു മുമ്പ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, മതനിന്ദാ നിയമത്തിന് എതിരു നിന്നിട്ടുള്ള പലരേയും തീവ്രമത സംഘടനകള്‍ കൊലപ്പെടുത്തിയിട്ടുമുണ്ട്. 1990നു ശേഷം 62 പേരോളം മതനിന്ദാ നടത്തിയതിനെ തുടര്‍ന്ന് വധിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Asia-Bibi-Pakistan-News-Headline-Todayഏറ്റവും ഒടുവിലായി ആസിയാബീവിക്കേസും പാക്കിസ്ഥാനെ പിടിച്ചുകുലുക്കി. മതനിന്ദാ നിയമം അനുസരിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയുടെ വധശിക്ഷ സുപ്രീം കോടതി മതിയായ തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റദ്ദാക്കുകയായിരുന്നു. ആസിയയെ കുറ്റവിമുക്തയായി പ്രഖ്യാപിച്ചുവെങ്കിലും ജയില്‍ വിമോചിതയാവാന്‍ വീണ്ടും ഒരാഴ്ച കൂടി വേണ്ടി വന്നു. മുള്‍ട്ടാനിലെ ജയലില്‍ നിന്നും മോചിതയായ ആസിയയെ വന്‍ സുരക്ഷാ അകമ്പടിയോടെയാണ് വിമാനത്തില്‍ ഇസ്ലാമാബാദിലെത്തിച്ചത്. എന്നാല്‍ കോടതി വിധി അംഗീകരിക്കില്ലെന്നും ആസിയയെ കൊലക്ക് കൊടുക്കണമെന്നും ആവശ്യപ്പെട്ട് പതിനായിരങ്ങളാണ് തെരുവില്‍ ഇറങ്ങിയത്.

2009 ല്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ വഴക്കിനിടെയാണു 47കാരിയായ ആസിയയ്ക്കെതിരെ പ്രവാചക നിന്ദ ആരോപിക്കപ്പെട്ടത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പാക്കിസ്ഥാന്‍ കോടതി ആസിയയെ ജയിലിലടച്ചത്. താന്‍ നിരപരാധിയാണെന്ന് ആസിയ വാദിച്ചെങ്കിലും 2010 ല്‍ കീഴ്കോടതി വധശിക്ഷയ്ക്കു വിധിച്ചു. മതനിന്ദാ കേസ് സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയ കേസായിരുന്നു ആസിയയുടേത്. ആസിയയുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍ കോടതി അനുഭാവപൂര്‍വ സമീപനം സ്വീകരിക്കണമെന്നും വിവിധ മനുഷ്യാവകാശ സംഘടനകളും വിദേശ സര്‍ക്കാരുകളും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

04c9b647ee9841569f0a4e21b8235a3f_18രാജ്യത്തെ മതനിന്ദാ നിയമത്തിന് എതിരു നില്‍ക്കുന്നവര്‍ക്ക് ജീവന്‍ തന്നെ ത്യജിക്കേണ്ടി വരുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്‍റെ മരണം. ആസിയ ബീബി കുറ്റക്കാരിയെന്നു കോടതി വിധിച്ച ശേഷം ഇവരുമായി ചര്‍ച്ച നടത്തിയ സല്‍മാന്‍ തസീര്‍ മതനിന്ദാ നിയമത്തെ വിമര്‍ശിച്ചിരുന്നു. 2011 ജനുവരി നാലിന് സ്വന്തം അംഗരക്ഷകരാല്‍ തസീര്‍ വധിക്കപ്പെടുകയായിരുന്നു. തസീറിന്‍റെ അംഗരക്ഷകനായിരുന്ന മാലിക് മുംതാസ് ക്വധേരി യന്ത്രത്തോക്കുപയോഗിച്ച് ഇദ്ദേഹത്തെ വകവരുത്തി. മതനിന്ദയുടെ പേരില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ജീവന്‍ നല്‍കേണ്ടി വുന്ന ഒട്ടേറെ ക്രൈസ്തവരും ഹിന്ദുക്കളും ഉണ്ട്. ഖുറാന്‍ അശുദ്ധമാക്കിയെന്ന് ആരോപിച്ച് 2014ല്‍ ഒരു ക്രൈസ്തവ ദമ്പതികളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇവരുടെ ശരീരം പിന്നീട് ഇഷ്ടികച്ചൂളയിലിട്ട് കത്തിക്കുകയായിരുന്നു. വാട്സ് ആപ്പിലൂടെ മതനിന്ദാപരമായ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തതിന് ഒരു ക്രിസ്ത്യന്‍ യുവാവിനെ തൂക്കിക്കൊന്നിരുന്നു.

പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്ന മതനിന്ദാ നിയമം ഒട്ടേറെ വിമര്‍ശനങ്ങളാണ് നേരിടുന്നത്. 1980കളില്‍ ജനറല്‍ സിയാ ഉള്‍ ഹക്കിന്‍റെ ഭരണകാലത്താണ് മതനിന്ദാ നിയമം കടുപ്പമുള്ളതാക്കിയത്. രാജ്യത്തുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളേയും മറ്റും ക്രൂശിക്കാനും ചെറിയ തര്‍ക്കങ്ങള്‍ക്കും വ്യക്തിവെരാഗ്യങ്ങള്‍ക്കും ഇതു ദുരുപയോഗപ്പെടുത്തുന്നുണ്ട് എന്ന് പരക്കെ ആക്ഷേപമുണ്ട്. നിയമത്തില്‍ കാലാനുസൃതമായ ഭേദഗതികള്‍ വരുത്തണമെന്ന ആവശ്യവും ഏറെ നാളായി നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമഭേദഗതിക്ക് ഇസ്ലാമിക പാര്‍ട്ടികളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടിവരുന്നത്.

cq5dam.thumbnail.cropped.750.422

 

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment