വത്തിക്കാന്‍: പീഡനങ്ങളുണ്ടായാല്‍ അവ ഉടന്‍ സഭയോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗോളതലത്തില്‍ നിയമാവലി പുറത്തിറക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പീഡനങ്ങളെക്കുറിച്ച് അറിവോ സംശയമോ ഉള്ളവര്‍ ലഭ്യമായ സംവിധാനങ്ങളും മാര്‍ഗങ്ങളും ഉപയോഗിച്ച് സംഭവം എത്രെയും പെട്ടെന്ന് സഭയോട് റിപ്പോര്‍ട്ട് ചെയ്യണം. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ 2020 ജൂണിനുള്ളില്‍ എല്ലാ രൂപതകളും ചെയ്തിരിക്കണമെന്നും നിയമവാലിയില്‍ പറയുന്നു. അപ്പസ്തോലിക സന്ദേശത്തിലൂടെയാണ് പുതിയ നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പ്പാപ്പ വൈദിക സമൂഹത്തെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ കാലത്തിലെ കയ്പേറിയ പാഠങ്ങളില്‍ നിന്ന് സഭ പഠിക്കേണ്ടിയിരിക്കുന്നു. വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന പരാതികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന നീച പ്രവര്‍ത്തികളും സഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കന്യാസ്ത്രീകള്‍ പോലും വൈദികരാല്‍ ചൂഷണം ചെയ്യപ്പെടുന്ന സംഭവങ്ങളും കുറവല്ല. സഭാധികാരം ഉപയോഗിച്ച് ചെയ്യുന്ന ഇത്തരത്തിലുള്ള എല്ലാ ചൂഷണങ്ങളും തടയുക എന്നതാണ് പുതിയ നിയമാവലിയുടെ ഉദ്ദേശ്യം.
‘പരാതികള്‍ അറിഞ്ഞാല്‍ ഉടന്‍ അവ റിപ്പോര്‍ട്ട് ചെയ്യണം, പീഡനവിവരം തുറന്നുപറയാന്‍ പീഡിതര്‍ക്ക് സൗകര്യമൊരുക്കണം. പീഡനപരാതി ആര്‍ച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം. പരാതികളിന്മേല് 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. പീഡിതര്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ല.’ എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍. ഇത്തരം പരാതികളില്‍ രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണം നിയമാവലിയില്‍ വ്യക്തമാക്കുന്നുണ്ട്.
സഭയ്ക്കുള്ളിലെ പീഡനപരാതികളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് 2013ല്‍ ചുമതലയേറ്റ സമയത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ മൂടിവെച്ചതിന് സഭ മാപ്പ് പറഞ്ഞിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news