Flash News

നിലം നികത്താന്‍ വ്യാജ രേഖ ചമച്ച കേസില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന ഭൂമാഫിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

May 11, 2019

New-Project-2019-05-11T205646.057വ്യാജ രേഖ ചമച്ച് ഭൂമി കൈമാറ്റം ചെയ്യാന്‍ ഒത്താശ ചെയ്തുകൊടുത്തിരുന്ന റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതോടെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന ഭൂമാഫിയ സംഘത്തെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തൃശൂര്‍ ചൂര്‍ണിക്കരയില്‍ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥന്‍ അരുണ്‍ കുമാര്‍ അറസ്റ്റിലായതോടെയാണ് വന്‍ തട്ടിപ്പിന്റെ കഥകള്‍ പുറത്തുവരുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് ഭൂമി തരപ്പെടുത്തുന്നതിന് ലക്ഷങ്ങള്‍ വാങ്ങുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തൃശൂര്‍ മതിലകം സ്വദേശി ഹംസയില്‍ നിന്നും 7 ലക്ഷം വാങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇടനിലക്കാരന്‍ അബുവും റവന്യൂ ഉദ്യോഗസ്ഥനായ അരുണും തമ്മില്‍ നടത്തിയ തട്ടിപ്പ് നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്നതാണ്.

നിലം നിയമപരമായി നികത്താനാവില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ അബു ആവശ്യക്കാരനില്‍ നിന്നും അപേക്ഷ വാങ്ങിപ്പിക്കും. പിന്നീട് അപേക്ഷയിന്മേല്‍ രസീത് നല്‍കുകയും ചെയ്യും. ഇവ റഫറന്‍സാക്കി മാറ്റിയ ശേഷം ഓര്‍ഡര്‍ പുറത്തിറക്കുന്നതാണ് അടുത്ത നടപടി. റവന്യൂ ഭാഷയില്‍ ഉത്തരവ് തയ്യാറാക്കാന്‍ പ്രാവീണ്യമുളള അബു തന്നെയാണ് രേഖകള്‍ ചമയ്ക്കുന്നതും.
ഈ രേഖകള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ക്ലര്‍ക്കായ അരുണിന് കൈമാറുന്നതോടെ അബുവിന്റെ ഭാഗം പൂര്‍ണം. പിന്നീട് ക്ലര്‍ക്കായ അരുണ്‍ കുമാര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉച്ചയൂണിന് പോകുന്ന സമയത്ത് അദ്ദേഹത്തിന്റ ഔദ്യോഗിക സീല്‍ രേഖയില്‍ പതിപ്പിക്കുകയും ചെയ്യും. ഇതോടെ പേപ്പര്‍ സര്‍ക്കാര്‍ രേഖയായി മാറും.

തൃശൂര്‍ മതിലകം സ്വദേശി ഹംസയുടെ ചൂര്‍ണിക്കരയിലെ 25 സെന്റ് ഭൂമി തരം മാറ്റാന്‍ 7 ലക്ഷം രൂപ വാങ്ങിയ ശേഷം അബു നടത്തിയതും ഈ രിതിയിലുളള തട്ടിപ്പാണ്. ചൂര്‍ണിക്കര വില്ലേജ് ഓഫീസര്‍ രേഖകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ആര്‍ഡിഒയെ അറിയിക്കുകയും തട്ടിപ്പ് പുറത്താകുകയുമായിരുന്നു.

കേസില്‍ ഹംസയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഹംസയുടെ മകളും മൂന്നാം പ്രതി ഹംസയുടെ ഭാര്യയുമാണ്. അബു നിവലില്‍ നാലാംപ്രതിയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരിക്കെ പഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു അരുണ്‍ കുമാര്‍. പത്താം ക്ലാസ് വിദ്യാഭ്യാസമുളള അരുണിന്റേത് ആശ്രിതനിയമനം കൂടിയാണ്.

New-Project-2019-05-10T231149.309അബുവും അരുണും ചേര്‍ന്ന് സമാനമായ രീതിയില്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. വില്ലേജ് ഓഫീസ് മുതല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസ് വരെയുള്ള തലങ്ങളില്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ഫോര്‍ട്ട്കൊച്ചി സബ് കളക്ടറും കണ്ടെത്തിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അബുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം ചൂര്‍ണിക്കരയിലെ ഭൂമി അല്ലാതെ മറ്റ് ഏതൊക്കെ ഭൂമിയിടപാടുകള്‍ അബു നടത്തി എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സന്വേഷവും പുരോഗമിക്കുന്നുണ്ട്.

വ്യാജരേഖയുണ്ടാക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സഹായിച്ചതായി അബു ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വില്ലേജ് താലൂക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആലുവ ഡിവെഎസ്പിയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. ആലുവയിലെ ബന്ധുവഴി അബുവിന് പണം നല്‍കിയെന്ന് സ്ഥലം ഉടമ ഹംസ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. രണ്ട് ലക്ഷം രൂപ പണമായും ബാക്കി ചെക്കായും നല്‍കിയെന്നായിരുന്നു മൊഴി. അബുവിന്‍റെ മൊബെല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. അബുവില്‍ നിന്നും നിരവധി പ്രമാണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകള്‍ ഉപയോഗിച്ചു ഭൂമി ഇടപാട് നടത്തിയെന്നും കണ്ടെത്തി. കേസില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകുവാനും സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top