അറ്റ്ലാന്റാ : ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് അറ്റ്ലാന്റ ചാപ്റ്ററിന്റെ 2019 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോല്‍ഘാടനവും മെയ് അഞ്ചാം തീയതി അറ്റ്ലാന്റാ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഐ.എ.പി.സി യുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി മാത്തുക്കുട്ടി ഈശോ സംഘടനയുടെ ഇതുവരെയുള്ള വിജയ ചരിത്രങ്ങള്‍ സംക്ഷിപ്തമായി സദസിന് പങ്കുവെച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത് . ഐ എ പി സി യുടെ സ്ഥാപക ചെയര്‍മാനായ ജിന്‍സ്മോന്‍ സഖറിയ പുതിയ ഭാരവാഹികളായ മിനി നായര്‍ (പ്രസിഡന്റ് ), ലൂക്കോസ് തര്യന് വൈസ് പ്രസിഡന്റ് ), ജോമി ജോര്‍ജ് (സെക്രട്ടറി), ജോസഫ് വര്‍ഗീസ് (ട്രഷറര്‍) എന്നിവരോടൊപ്പം അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ആന്റണി തളിയത്ത്, ബോര്‍ഡ് അംഗങ്ങളായ പ്രകാശ് ജോസഫ്, അലക്സ് തോമസ്, ഹര്‍മീത് സിംഗ്, ലാഡാ ബേദി തുടങ്ങിയവര്‍ക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ അറ്റ്ലാന്റയിലെ സിറ്റിയിലെയും കൗണ്ടിയിലെയും പുതുതായി സ്ഥാനമേറ്റ ഉന്നതാധികാരികള്‍ മുഖ്യ സന്ദേശങ്ങള്‍ പങ്കുവെച്ചു . ഉത്ഘാടനം നിര്‍വഹിച്ച ഗ്വിന്നേറ്റ് സുപ്പീരിയര്‍ കോര്‍ട്ട് ചീഫ് ജഡ്ജ് ജോര്‍ജ് ഹച്ചിന്‍സണ്‍ , അറ്റ്ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. സ്വാതി കുല്‍ക്കര്‍ണി, സ്നെല്വില് സിറ്റി മേയര്‍ മിസ്സിസ് ബാര്‍ബറ ബെന്‍ഡര്‍ , ഗാന്ധി ഫൗണ്ടേഷന് ചെയര്മാന് സുഭാഷ് റസ്ദാന്, പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് നരേന്ദര്‍ ജി റെഡ്ഡി തുടങ്ങിയ വിശിഷ്ടാതിഥികള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ പ്രത്യേകതകളെപ്പറ്റിയും അതില്‍ പ്രസ് ക്ലബുകളുടെ ഉത്തരവാദിത്വങ്ങളെപ്പറ്റിയും ഉദ്ബോധിപ്പിച്ചുകൊണ്ട് ആശംസാ സന്ദേശങ്ങള്‍ പങ്കുവെച്ചു.
ഈയവസരത്തില്‍ അറ്റലാന്റയിലെ തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ആദരിക്കുകയുണ്ടായി. വീണ റാവു (ജേര്‍ണലിസം എക്സലന്‍സ് ), വിനോദ് ശര്‍മ്മ (ഫോട്ടോഗ്രാഫി എക്സലന്‍സ് ), അഞ്ജലി ഛാബ്രിയ (വിഷ്വല്‍ മീഡിയ എക്സലന്‍സ്), ശിവ അഗര്‍വാള്‍ (ലൈഫ് ടൈം അച്ചീവ്മെന്റ് ), ഡോ. മാത്യു കണ്ടത്തില്‍ (ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്), നാരായണ്‍ സേവാ സന്സ്ഥാന് (കമ്മ്യുണിറ്റി സര്‍വീസ് അവാര്‍ഡ് ), പബ്സ് രാഘവ (എന്റര്‍പ്രെണര്‍ അവാര്‍ഡ് ) തുടങ്ങിയ ഏഴു പേര്‍ക്ക് പ്രശംസാപത്രവും ഫലകവും സമ്മാനിക്കുകയുണ്ടായി. ഐ എ പി സി അറ്റ്ലാന്റ ചാപ്റ്റര്‍ മുന്‍ ഭാരവാഹികളായ ഡോമിനിക് ചാക്കോനാല്‍, പ്രസാദ് ഫിലിപ്പോസ്, ജമാലുദ്ദീന്‍, തോമസ് കല്ലടാന്തിയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഐ എ പി സി നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ അനില്‍ അഗസ്റ്റിന്, സാബു മന്നാംകുളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. അറ്റ്ലാന്റയിലെ വിവിധ ഭാഷകളിലെ എല്ലാ പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകരുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെയും നിറസാന്നിധ്യം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
തുടര്‍ന്ന് ബിനു കാസിമിന്റെയും, മുസ്തഫ അജ്മീരിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വര്‍ണ്ണാഭമായ കലാപരിപാടികളും, തുടര്‍ന്ന് ഡിന്നറുമായി സമുചിതം ചടങ്ങുകള്‍ അവസാനിച്ചു. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ കഴിഞ്ഞ ആറു വര്‍ഷത്തെ ജൈത്രയാത്രയില്‍ അറ്റ്ലാന്ററയിലെ ചടങ്ങുകള്‍ തിലകക്കുറിയായി മാറി.
മിനി നായര്‍, പ്രസിഡന്റ്
ഐ എ പി സി അറ്റ്ലാന്റ ചാപ്റ്റര്‍
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply