Flash News

മാന്യതയുടെ മൂടുപടമണിഞ്ഞ നരാധമന്മാര്‍: പി.പി. ചെറിയാന്‍

May 14, 2019

manyathayudeഅടുത്തയിടെ നടന്ന ഒരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു.യഥാര്‍ത്ഥ ഈശ്വരവിശ്വാസികളാണ് തങ്ങളെന്ന് സ്വയം അവകാശപ്പെടുന്ന ഒരു കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹമായിരുന്നുവത് .മനോഹരമായി അലങ്കരിച്ചിരുന്ന ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചപ്പോള്‍ മനസ്സില്‍ ഒരിക്കല്‍ പോലും അവിടെ കാണുമെന്നു പ്രതീക്ഷിക്കാത്ത ഒന്നാണ് കണ്മുന്‍പില്‍ ആദ്യമായി കണ്ടത് .ആ സ്ഥലത്തേക്കു വളരെ ഭവ്യമായി സ്വാഗതം ചെയ്തതോ ഒരു തൂവെള്ള വസ്ത്രധാരിയും!! വളരെ സ്‌നേഹത്തോടെ ആ ക്ഷണം നിരാകരിച്ചു ഓഡിറ്റോറിയത്തിനകത്തേക്കു പ്രവേശിച്ചു. പേര്‍ എഴുതി വെച്ചിരുന്ന ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചു. വധൂ വരന്മാരെ ഓഡിറ്റോറിയത്തിലേക്കു സ്വാഗതം ചെയുന്ന സാധാരണ ചടങ്ങുകള്‍ എല്ലാം മുറപോലെ കഴിഞ്ഞു .അടുത്ത ഊഴം ഭക്ഷണത്തെ ബ്ലെസ് ചെയുന്ന പ്രാര്‍ത്ഥനയായിരുന്നു .വളരെ സുപരിചിതമായ മറ്റൊരു തൂവെള്ള വസ്ത്രധാരിയായിരുന്നു പ്രാര്‍ത്ഥനക്കായി ക്ഷണിക്കപ്പെട്ടതു .അദ്ദേഹത്തിന്റെ ദ്രഷ്ടികള്‍ ഓഡിറ്റോറിയത്തിന്റെ കോര്ണറിലേക്കു സാവകാശം തിരിയുന്നതു വ്യക്തമായി കാണാമായിരുന്നു.ഭക്ഷണത്തിനുമാത്രമല്ല കോര്ണറിലിരിക്കുന്ന ഡ്രിങ്ക്‌സിന് കൂടി പ്രാര്‍ത്ഥിച്ചപ്പോള്‍ ചെവികളെപോലും വിശ്വസിക്കാനായില്ല .തൊട്ടടുത്ത ചെയറിലിരുന്ന വ്യക്തിയുടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി ഒരു പുഞ്ചരിയായിരുന്നു അദ്ദേഹത്തിന്റെ മുഖത്തു പ്രതിഫലിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വളരെ പെട്ടെന്ന് സുഹൃദ്ബന്ധം സ്ഥാപിച്ചപ്പോള്‍ അമേരിക്കന്‍ ജീവിതത്തിലെ ഞെട്ടിക്കുന്ന മറ്റൊരു അനുഭവം അദ്ദേഹം പങ്കുവെച്ചതിങ്ങനെയായിരുന്നു.

ppcherianഅമേരിക്കയില്‍ വന്ന് ഏതാനും മാസങ്ങളേ ആയിട്ടുളളു. സ്ഥലത്തെ പ്രധാന കലാസാംസ്‌കാരിക സംഘടന സംഘടിപ്പിച്ച ബാങ്ക്വറ്റില്‍ പങ്കെടുക്കുന്നതിന് ആദ്യമായാണ് ഒരവസരം ലഭികുന്നത് . ശനിയാഴ്ച വൈകുന്നേരം തേച്ചുമിനുക്കിയ ഖദര്‍മുണ്ടും ഖദര്‍ഷര്‍ട്ടും ധരിച്ച് ബാങ്ക്വറ്റ് ഹാളില്‍ എത്തി. അതി മനോഹരമായി അലങ്കരിച്ച മേശകള്‍ക്കു ചുറ്റും നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ ഒന്നിലിരുന്നു. ആറും എട്ടും വയസ്സു പ്രായം തോന്നിക്കുന്ന രണ്ടുകുട്ടികളും മാതാപിതാക്കളും തൊട്ടടുത്തെ സീറ്റുകളില്‍ നേരത്തെതന്നെ സ്ഥാനം പിടിച്ചിരുന്നു.

യുവത്വത്തിന്റെ പ്രസരിപ്പു വിട്ടുമാറിയിട്ടില്ലാത്ത കോമളനായ ഭര്‍ത്താവും ചുണ്ടില്‍ ചുവന്ന ചായം തേച്ചു മുടി ബോബ് ചെയ്ത സുന്ദരിയായ ഭാര്യയും തമ്മില്‍ കുശലം പറഞ്ഞു കഴിഞ്ഞപ്പോള്‍ നാട്ടിലെ രീതിയനുസരിച്ച് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി സ്വയം പരിചയപ്പെടുത്തി. ഭാര്യയ്ക്കു മലയാള ഭാഷ നല്ലതുപോലെ നിശ്ചയമില്ലാതിരുന്നതിനാല്‍ മംഗ്ലീഷിലാണ് ഭാര്യയേയും മകളേയും യുവാവ് പരിചയപ്പെടുത്തിയത്. ഭാര്യയെ പരിചയപ്പെടുത്തിയപ്പോള്‍ ഭര്‍ത്താവിന് ആയിരം നാവുകളുളളതുപോലെ തോന്നി. ഇതിനകം ബാങ്ക്വിറ്റിന്റെ പ്രാരംഭ ചടങ്ങുകളും തുടര്‍ന്ന് വിവിധ കലാപരിപാടികളും ആരംഭിച്ചിരുന്നു. ഒരു മണിക്കൂറിനുശേഷം ഡിന്നര്‍ ആരംഭിക്കുന്നതായി മൈക്കില്‍ അനൗണ്‍സ് ചെയ്തു. ഡിന്നറിന്റെ ആരംഭം തന്നെ ഗഌസുകളില്‍ മദ്യം വിളമ്പിക്കൊണ്ടായിരുന്നു. ഗ്ലാസില്‍ പകര്‍ന്ന മദ്യം കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് ദമ്പതിമാര്‍ കാലിയാക്കി, അടുത്ത ഊഴത്തിനായി കാത്തിരുന്നു. കുട്ടികളടെ ഗ്ലാസ്സുകളില്‍ ഒഴിച്ച മദ്യം അവരെ കൊണ്ട് നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നത് കണ്ടപ്പോള്‍ ആദ്യം അത്ഭുതമാണ് തോന്നിയത്. വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ബാങ്ക്വറ്റിന് എത്തിയതെങ്കില്‍ ലജ്ജയോടും നിരാശയോടും കൂടിയാണ് അവിടെനിന്നും വീട്ടിലെത്തിയത്. കുട്ടികളുടെ മുമ്പില്‍ മാതൃകയാകേണ്ട മാതാപിതാക്കളുടെ പ്രവര്‍ത്തിയെ കുറിച്ചുളള ചിന്ത മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കി.

മാസങ്ങള്‍ പലതുകഴിഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വീട്ടിലെത്തിയ അതിഥിയുമായി ഞായറാഴ്ച മറ്റൊരു ദേവാലയത്തിലെ ആരാധനയില്‍ പങ്കെടുക്കേണ്ടിവന്നു. അന്ന് അവിടെ മദ്യവിരുദ്ധ ദിനമായി വേര്‍തിരിച്ചിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട പ്രത്യേക ആരാധനയും പ്രസംഗവുമാണ് നടന്നത്.

മദ്യത്തിന്റെ അമിത സ്വാധീനം സമൂഹത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്നും ഭാവി തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നതിന്റെ ഉത്തരവാദിത്വം ആര്‍ ഏറ്റെടുക്കുമെന്നും ആരാധന മദ്ധ്യേ പ്രസംഗിച്ച വ്യക്തി ചോദിച്ചു. മദ്യം എന്ന മഹാ വിപത്തിനെതിരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പോടെയാണ് വാചാലമായ പ്രസംഗം അവസാനിപ്പിച്ചത്.

മുപ്പതുമിനിട്ടു നീണ്ടുനിന്ന പ്രസംഗത്തില്‍ കേട്ട ശബ്ദവും, കണ്ട മുഖവും മാസങ്ങള്‍ക്കുമുമ്പ് ബാങ്ക്വെറ്റില്‍ കണ്ട് പരിചയപ്പെട്ട യുവാവിന്റേതായിരുന്നു എന്നതില്‍ സംശയം ഇല്ലായിരുന്നു . പ്രസംഗം കഴിഞ്ഞപ്പോള്‍ യുവാവിനെ അഭിനന്ദിക്കുന്നതിനും, കമന്റുകള്‍ പാസാക്കുന്നതിനും പലരും മുന്നോട്ടുവന്നു.മോനെപ്പോലെ ചിലരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്തരം ദുശ്ശീലങ്ങള്‍ക്ക് മൂക്കയറിടുവാന്‍ അല്പമെങ്കിലും കഴിയുമായിരുന്നു. പ്രായമായ ഒരു പിതാവ് അഭിപ്രായപ്പെട്ടു.

ഭാവി തലമുറയെക്കുറിച്ച് ഇത്രയേറെ കരുതലുള്ള ഒരാളുടെ പ്രസംഗം ഇതിനുമുമ്പു ഞാന്‍ കേട്ടിട്ടില്ല’ മറ്റൊരാള്‍ തട്ടിവിട്ടു.

ഇതെല്ലാം കേട്ട് അഭിമാനത്തോടെ തല ഉയര്‍ത്തി രണ്ടുകൈയ്യും കൊണ്ട് കോളറിന്റെ രണ്ടറ്റവും വലിച്ചൊന്നുയര്‍ത്തി നില്‍ക്കുമ്പോഴായിരുന്നു ഞാന്‍ അടുത്തുചെന്നതു . എന്നെ കണ്ടയുടന്‍ യുവാവ് സൂക്ഷിച്ചൊന്നു നോക്കി. മുഖത്തു മിന്നിമറഞ്ഞ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചു. പരിചയം പുതുക്കാന്‍ നില്‍ക്കാതെ അല്പം അത്യാവശ്യമുണ്ട്; പോകണം, എന്നുപറഞ്ഞ് പുറത്തു കാത്തുനിന്ന ഭാര്യയെയും കൂട്ടി കാറില്‍ കയറി സ്ഥലം വിട്ടു.

സുഹൃത്ത് ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ മനസ്സിലെന്തോ ഒരു വിങ്ങല്‍ . ഇതിലെന്താണ് ഒരു പ്രത്യേകത; ഇതൊരു സാധാരണ സംഭവമല്ലെ! എവിടെയും, പ്രത്യേകിച്ച് പാശ്ചാത്യ സംസ്‌കാരത്തില്‍ മദ്യസല്‍ക്കാരമില്ലാത്ത ഏതെങ്കിലും സമ്മേളനങ്ങളെക്കുറിച്ചോ, ഗെറ്റ് ടുഗെതറിനെക്കുറിച്ചോ, വിശേഷ ദിവസങ്ങളെക്കുറിച്ചോ ചിന്തിക്കാനാവുമോ?

മൂക്കുമുട്ടെ മദ്യപിച്ചു മദ്യത്തിനെതിരെ ഘോരംഘോരം പ്രസംഗങ്ങള്‍ നടത്തുകയും, വികലവും അസഭ്യവുമായ ഭാഷയില്‍ ലേഖനങ്ങള്‍ പടച്ചുവിടുകയും ചെയ്യുന്ന പകല്‍ മാന്യന്മാര്‍ക്കും ബാങ്ക്വെറ്റിലും, ദേവാലയത്തിലും കണ്ട യുവാവും തമ്മില്‍ എന്താണ് വ്യത്യാസം. സമൂഹത്തെയും മനഃസാക്ഷിയെയും ഒരുപോലെ വഞ്ചിക്കുകയും, വിഡ്ഢികളാക്കുകയും ചെയ്യുന്നവരല്ലെ ഇരുകൂട്ടരും.

ഇന്ന് സമൂഹത്തിന്റെ വഴിപിഴച്ച പോക്കിന് ഉത്തരവാദികള്‍ ആരെന്നു ചോദിച്ചാല്‍; ചെന്നെത്തുന്നത്, മാതൃകയില്ലാത്തവര്‍ നെത്ര്വത്വ സ്ഥാനങ്ങളില്‍ കയറിപ്പറ്റുന്നുവെന്ന ലജിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്. രാഷ്ട്രീയ നേതാക്കന്മാരില്‍ ഭൂരിഭാഗവും ഇത്തരക്കാരാണെങ്കില്‍ അതില്‍ നിന്ന് ഒട്ടും ഭിന്നമല്ല സാമുദായിക മത സാംസ്‌കാരിക സംഘടന നേതാക്കളും . സത്യവും ധര്‍മ്മവും നീതിയും പാലിക്കപ്പെടണമെന്ന് പകല്‍ മുഴുവന്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ അവസരം ലഭിച്ചാല്‍ അന്ധകാരത്തിന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ എന്തെല്ലാമാണ്??സ്‌നേഹവും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് പ്രസംഗിക്കുന്നവര്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുന്നതിനും, എതിരാളികളെ നിശബ്ദരാക്കുന്നതിനും ശത്രുതയുടെയും പകയുടെയും വിദ്വഷത്തിന്റെയും വിത്തുകള്‍ വാരിവിതറുന്നവരല്ലെ! തങ്ങളെക്കാള്‍ മെച്ചമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ അഭിനന്ദിക്കുന്നതിനും അംഗീകരിക്കുന്നതിനും തയ്യാറാകാതെ അവരെ അപഹസിക്കുന്നതിനും, നിഷേധിക്കുന്നതിനും, തള്ളിപ്പറയുന്നതിനും അവസരം നോക്കിയിരിക്കുന്നവരല്ലെ!

പരസ്പര സ്‌നേഹവും വിശ്വാസവും ഇടകലര്‍ന്ന വളക്കൂറുള്ള മണ്ണില്‍ ആഴത്തില്‍ വേരൂന്നേണ്ട കുടുംബ ബന്ധങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നതിലൂടെ തലമുറ നാശത്തിലേക്ക് കൂപ്പുകുത്തുന്നു. ഇതിന്റെ ഉത്തരവാദിത്വം മാതൃകയില്ലാതെ ജീവിക്കുന്ന മാതാപിതാക്കളിലും അവരെ നേര്‍വഴിക്കു നയിക്കാന്‍ ഒരു പരിധി വരെ ബാധ്യസ്ഥരായ മതനേത്രത്വത്തിലും നിക്ഷിപ്തമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. കുടുംബത്തിന്റെ പൊതു നന്മയെ ലക്ഷ്യമാക്കി പരസ്പരം ക്ഷമിക്കുന്നതിനും, വിനയാന്വതരാകുന്നതിനും തയ്യാറാകാതെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി വാശിയുടെയും വൈരാഗ്യത്തിന്റെയും വിഷലിപ്ത ചിന്തകള്‍ നിഷ്‌കളങ്ക മനസ്സുകളില്‍ കുത്തിവെക്കുന്നു. വളര്‍ന്നുവരുന്ന തലമുറയെ ശരിയായ പാതയില്‍ നയിക്കുന്നതിനുള്ള അര്‍ഹതയാണ് ഇതിലൂടെ മാതാപിതാക്കള്‍ സ്വയം നഷ്ടപ്പെടുത്തുന്നതു്. ഇതു തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുടുംബത്തിലും, സമൂഹത്തിലും, രാഷ്ട്രീയ രംഗത്തും, മതങ്ങളിലും മാതൃകാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുവാന്‍ തയ്യാറാകാതെ സ്ഥാനമാനങ്ങള്‍ കുറുക്കു വഴികളിലൂടെ മാത്രം നേടിയെടുക്കുന്നവരെ സാമൂഹ്യ ദ്രോഹികള്‍ എന്നല്ലാതെ എങ്ങനെയാണ് അഭിസംബോധന ചെയ്യുക. മാന്യതയുടെ മൂടുപടമണിഞ്ഞു ധാര്‍മ്മികതയ്ക്കു കൂച്ചുവിലങ്ങിടുന്ന ഇത്തരം നരാധമന്‍മാരെ തിരിച്ചറിഞ്ഞു സമൂഹത്തില്‍ നിന്നു നിഷ്‌ക്കാസനം ചെയ്യേണ്ടിയിരിക്കുന്നു. ദുഷ്‌ക്കരമായ ഈ കര്‍മ്മം നിറവേറ്റപ്പെടുമ്പോള്‍ മാത്രമാണ് മാര്‍ഗനിര്‍ദേശം നല്‍കുവാന്‍ കെല്പുള്ള പുതിയൊരു മാതൃകാ നേതൃത്വം ഉയര്‍ത്തെഴുന്നേല്‍ക്കുക. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അടിപതറാതെ അണിചേരാം! ആത്യന്തിക വിജയം നമ്മുടേതായിരിക്കും!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top