നെയ്യാറ്റിന്‍‌കരയില്‍ അമ്മയുടേയും മകളുടേയും ആത്മഹത്യ; സത്യാവസ്ഥ മനസ്സിലാക്കാതെ എല്ലാവരും ബാങ്കിനെ കുറ്റം ചാരി തകര്‍ക്കാന്‍ ശ്രമിച്ചു: സീനിയര്‍ മാനേജര്‍

canaraജപ്തി ഭീഷണി ഭയന്ന് നെയ്യാറ്റിന്‍‌കരയില്‍ അമ്മയും മകളും സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സത്യാവസ്ഥ മനസ്സിലാക്കാതെ എല്ലാവരും ബാങ്കിനെ കുറ്റപ്പെടുത്തുകയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായും ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. “എല്ലാ വശവും നോക്കാതെ, സത്യാവസ്ഥ മനസ്സിലാക്കാതെ ബാങ്കാണ് കുറ്റക്കാരെന്ന് എല്ലാവരും ചേർന്ന് തീര്‍പ്പുകല്‍പ്പിച്ചു. ചന്ദ്രനെയും കുടുംബത്തെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ല. ചട്ടത്തിനപ്പുറമായി കുടുംബത്തിന് തിരിച്ചടവിന് സമയം നീട്ടി നല്‍കിയിരുന്നു. കുടുംബത്തിന് ഇനിയും ഇളവുകള്‍ നല്‍കാന്‍ തയ്യാറാണ്.”- കാനറാ ബാങ്ക് സീനിയര്‍ മാനേജര്‍ ജേക്കബ് പി ചിറ്റാട്ടുകുളം വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തത്. കാനറാ ബാങ്കിലെ വായ്പാ കുടിശ്ശികയില്‍ ജപ്തി നടപടികള്‍ നടക്കുമ്പോള്‍ ആയിരുന്നു സംഭവം. ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ബാങ്ക് ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.

nm_0രാവിലെ ഒമ്പതരയോടെയാണ് സ്റ്റാച്യൂവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ബാങ്ക് കോമ്പൗണ്ടിനുള്ളില്‍ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേക്ക് തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ കവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ശാഖകള്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ അടച്ചിടാനും തീരുമാനിച്ചു.

എന്നാല്‍ സംഭവം നടന്ന വീട്ടില്‍ നിന്ന് അമ്മയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. മരണത്തിന് കാരണം ഭര്‍ത്താവ് ചന്ദ്രനും ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മയും സഹോദരി ശാന്തയും മറ്റൊരു കുടുംബ സുഹൃത്തുമാണെന്ന് കത്തില്‍ പറയുന്നു.

ആത്മഹത്യ ചെയ്ത റൂമില്‍ ഒട്ടിച്ച നിലയിലായിരുന്നു കത്ത് കണ്ടെത്തിയത്. സ്ത്രീധനത്തിന്റെയും മന്ത്രവാദത്തിന്റെയും പേരില്‍ കൃഷ്ണമ്മ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ജപ്തി നോട്ടീസ് ലഭിച്ചിട്ട് ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അടച്ചിട്ട വീട്ടു മുറിയില്‍ നിന്ന് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി ആദ്യം മരിച്ചു. 90 ശതമാനവും പൊള്ളലേറ്റ ലേഖ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു. വൈഷ്ണവിയുടെയും ലേഖയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം സംസ്‌കരിച്ചു.

New-Project25-4അതിനിടെ, അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ചന്ദ്രന്‍, ബന്ധുക്കളായ കൃഷ്ണമ്മ, ശാന്ത, കാശി, എന്നിവരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം, ഗാര്‍ഹിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. വൈകിട്ടോടെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഒരു വീട്ടില്‍ തന്നെ രണ്ട് അടുക്കളയിലാണ് ഇരുകൂട്ടരും പാചകം പോലും ചെയ്തിരുന്നതായി പ്രതികള്‍ മൊഴി നല്‍കി. ആത്മഹത്യക്ക് ശേഷം ഭര്‍ത്താവ് ചന്ദ്രന് നിയമോപദേശം ലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

വെളളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വി നായരിനാണ് അന്വേഷണ ചുമതല. അമ്മായിയമ്മയായ കൃഷ്ണമ്മയുടെ പെരുമാറ്റമാണ് ഭാര്യയേയും മകളേയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മകനായ ചന്ദ്രന്‍ നല്‍കിയ മൊഴി. ഇരുവരേയും വ്യക്തിഹത്യ ചെയ്യും വിധത്തിലുളള പെരുമാറ്റം കൃഷ്ണമ്മയില്‍ നിന്ന് ഉണ്ടായതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment