ഇറാനെ ആക്രമിക്കാന്‍ സൗദിയും യു‌എഇയും കോപ്പുകൂട്ടുന്നത് അമേരിക്കയെ കൂട്ടുപിടിച്ച്; ലക്ഷ്യം എങ്ങനെയും ഇറാനെ തകര്‍ക്കുക

1525738340-Donald-Trump-and-Hassan-Rouhani-960x540ഇറാഖിനെ ആക്രമിച്ച് തകര്‍ത്തതിനുശേഷം അമേരിക്കയുടെ കണ്ണ് ഇറാനിലേക്കായിരുന്നു. എന്നാല്‍, ഇറാനെ അത്ര എളുപ്പത്തില്‍ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് ബോധ്യമുള്ള അമേരിക്ക സാഹചര്യങ്ങള്‍ക്കായി കാത്തിരുന്നു. അതിന്റെ മുന്നോടിയാണ് സൗദി എണ്ണ വിതരണ കേന്ദ്രങ്ങള്‍ക്കും ടാങ്കറുകള്‍ക്കും നേരെയുള്ള ആക്രമണ വാര്‍ത്തകള്‍. ഇറാനെ എങ്ങനെയും ആക്രമിച്ച് കീഴടക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ട്രംപ് ഭരണകൂടം അധികാരമേറ്റശേഷം ഇറാനുമായി ഒപ്പുവച്ച ആണവ കരാറില്‍ നിന്നും അമേരിക്ക ഏകപക്ഷീയമായാണ് പിന്‍മാറിയത്. മാത്രമല്ല ആ രാജ്യത്തെ ഉപരോധത്തിലാക്കി ഭരണമാറ്റം കൊണ്ടുവരാനും അമേരിക്ക ശ്രമിച്ചിരുന്നു.

മുന്‍ യു‌എസ് പ്രസിഡന്റുമാരില്‍ നിന്ന് തീര്‍ത്തും വിഭിന്നനാണ് ഡൊണാള്‍ഡ് ട്രം‌പ്. താന്‍ പിടിച്ച മുയലിന് നാല് ചെവിയെന്ന് ശഠിക്കുന്ന, കോമാളിയായ പ്രസിഡന്റ് എന്ന് സ്വന്തം ജനത തന്നെ വിളിക്കുന്ന ട്രംപ് ഇപ്പോള്‍ ലോക പൊലീസ് ചമയാനാണ് ശ്രമിക്കുന്നത്. യുദ്ധക്കൊതിയന്മാരായ മുതിര്‍ന്ന ഉപദേശകരെ നിയമിച്ചതും ഇതിന്റെ ഭാഗമാണ്.’ഇറാനെ പിടിച്ചു നിര്‍ത്താന്‍ ഇറാനില്‍ ബോംബിടുക’ എന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ 2015-ല്‍ ലേഖനമെഴുതിയ ജോണ്‍ ബോള്‍ട്ടന്‍ ആണ് ട്രംപിന്റെ ഉപദേശകന്‍.

1921691_Page__2(1)സൗദി അറേബ്യയുടെയും യു.എ.ഇ യുടെയും എതിര്‍പ്പ് വകവയ്ക്കാതെ ആയിരുന്നു 2015ല്‍ ഒബാമ ഭരണകൂടം ഇറാനുമായി ആണവക്കരാറില്‍ ഒപ്പുവച്ചിരുന്നത്. ശരിയായ തീരുമാനം എന്നായിരുന്നു നയതന്ത്ര വിദഗ്ദര്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ലോക ബിസിനസ്സുകാരനില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ട്രംപിനാകട്ടെ എല്ലാം ബിസിനസ്സാണ്.സൗദിയുടെയും യു.എ.ഇയുടെയും താല്‍പ്പര്യങ്ങള്‍ക്ക് ട്രംപ് വഴങ്ങാന്‍ കാരണം രാജ്യതാല്‍പ്പര്യം എന്നതിലുപരി വ്യക്തിപരമായ താല്‍പ്പര്യം കൂടി ഉള്ളതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .

സാധാരാണ ഒരു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്താല്‍ ആദ്യം യൂറോപ്പിലേക്കാണ് പര്യടനം നടത്തുക.എന്നാല്‍ ആ പതിവ് തെറ്റിച്ച് ട്രംപ് ആദ്യം യാത്ര നടത്തിയത് സൗദി അറേബ്യയിലേക്കായിരുന്നു. 2017ന്റെ മധ്യത്തില്‍ റിയാദില്‍ നടന്ന സുന്നി ഉച്ചകോടിയില്‍ പങ്കെടുത്ത് സുന്നി – ഷിയ പക ആളിക്കത്തിക്കുകയാണ് ട്രംപ് ചെയ്തത്. ഇറാന്റെ മറ്റൊരു ശത്രുവായ ഇസ്രയേലിന് ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുക്കാന്‍ വഴി ഒരുക്കിയതും ട്രംപിന്റെ ഇടപെടലുകളാണ്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യരുതെന്ന തിട്ടൂരവും അമേരിക്ക പുറപ്പെടുവിച്ചു. പോയി പണി നോക്കാന്‍ അമേരിക്കയോട് പറയാനുള്ള ആര്‍ജവം പക്ഷേ നരേന്ദ്ര മോദി ഭരണകൂടം കാണിച്ചില്ല. പാക്കിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളി ആയിരുന്നു ഇതിന് പ്രധാന കാരണം. അപ്പോഴും നമ്മള്‍ മറക്കുന്ന ഒരു കാര്യം ഉണ്ട്. എക്കാലത്തും ശക്തമായി ഇന്ത്യക്കൊപ്പം നിലയുറപ്പിച്ച രാജ്യമാണ് ഇറാന്‍.

പാക്ക് മണ്ണിലേക്ക് പീരങ്കി ആക്രമണം നടത്തി അനവധി തീവ്രവാദ കേന്ദ്രങ്ങള്‍ ഇറാന്‍ തകര്‍ത്തിട്ടുണ്ട്. ഇന്ത്യക്കായി സ്വന്തം തുറമുഖവും വിമാനതാവളങ്ങളും വരെ വിട്ടു നല്‍കിയിട്ടുണ്ട് ആ രാജ്യം. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. തൊട്ടുപിന്നാലെ തന്നെ ഇന്ത്യയും ഉണ്ട്.എണ്ണ വിതരണത്തില്‍ തടസ്സം നേരിട്ടാല്‍ ഇന്ത്യയെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ജി.സി.സി രാജ്യങ്ങളിലുള്ള 60 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്കിടയിലും ഇത് ആശങ്ക പരത്തിയിട്ടുണ്ട്. ഇന്ത്യയുടെ കയറ്റുമതി സംരഭങ്ങളെയും പ്രതികൂലമായി ബാധിക്കും.

ചൈന – പാക്ക് സഖ്യമുണ്ടായിട്ടും ഇന്ത്യയോടാണ് ഇറാന്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നത്. ഇപ്പോള്‍ അമേരിക്കയെ പേടിച്ച് എണ്ണ ഇറക്കുമതിയില്‍ നിന്നും ഇന്ത്യ പിറകോട്ടടിച്ചിരിക്കുകയാണ്. ഇത് മേഖലയില്‍ റഷ്യ – ചൈന – ഇറാന്‍ ശാക്തിക ചേരി രൂപപ്പെടാനാണ് വഴി ഒരുക്കുക. അമേരിക്കയുമായുള്ള ഇന്ത്യയുടെ അടുപ്പം റഷ്യക്ക് പോലും രസിക്കുന്നില്ലന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം.

india-russia-friendshipഇന്ത്യയെ സംബന്ധിച്ച് റഷ്യയെ പോലെ വിശ്വസിക്കാന്‍ പറ്റുന്ന മറ്റൊരു രാജ്യം ഫ്രാന്‍സ് മാത്രമാണ്, അമേരിക്കയല്ല. പുതിയ ആയുധ വിപണി തേടിയാണ് കഴുകന്‍ കണ്ണുകള്‍ ഇന്ത്യയെ നോട്ടമിട്ടിരിക്കുന്നത്. അമേരിക്കന്‍ ആയുധങ്ങളില്‍ കെട്ടിപ്പടുത്തതാണ് പാക്കിസ്ഥാന്‍ സൈനിക ശക്തി. എന്നിട്ടും അമേരിക്കയുടെ എഫ്-16 യുദ്ധവിമാനത്തെ റഷ്യന്‍ നിര്‍മിത മിഗ്-21 വച്ച് അടിച്ചിടാന്‍ നമുക്ക് കഴിഞ്ഞു.

ലോകത്തിനു മുന്നില്‍ അമേരിക്കയെ നാണം കെടുത്തിയ സംഭവമായിരുന്നു അത്. ഇന്ത്യയുടെ സൈനിക ശക്തിയുടെ പ്രധാന കുന്തമുന തന്നെ റഷ്യന്‍ ആയുധങ്ങളിലാണ് . ലോകത്തെ ഏത് ശക്തിയെ ചെറുത്ത് തോല്‍പ്പിക്കാനും ഉള്ള കരുത്ത് അതിനുണ്ട്.മുന്‍പ് പാക്കിസ്ഥാനെ സഹായിക്കാന്‍ എത്തിയ അമേരിക്കന്‍ കപ്പല്‍ പടയെ തുരത്തി ഓടിച്ചത് സോവിയറ്റ് യൂണിയന്റെ പടകപ്പലുകളായിരുന്നു.

ഇന്ത്യ – ചൈന യുദ്ധകാലത്ത് അതിക്രമിച്ച് കയറിയ ചൈനീസ് പട്ടാളത്തിന് മടങ്ങിപോകേണ്ടി വന്നതും സോവിയറ്റ് യൂണിയന്റെ ഇടപെടല്‍ മൂലമായിരുന്നു. അടുത്തയിടെ ദോക്‌ലാമില്‍ ഇന്ത്യ – ചൈനീസ് സംഘര്‍ഷം ഉണ്ടായപ്പോള്‍ ചൈനക്ക് പിറകോട്ട് പോകേണ്ടി വന്നതും റഷ്യയുടെ ഇടപെടല്‍ കൊണ്ടായിരുന്നു.അമേരിക്കയുടെ തിട്ടൂരത്തിന് വഴങ്ങും മുന്‍പ് ഈ യാഥര്‍ത്ഥ്യം ഭരണകൂടം ഓര്‍ക്കുന്നത് നല്ലതാണ്. അമിതമായ അമേരിക്കന്‍ സ്‌നേഹം നമ്മുടെ എക്കാലത്തെയും സുഹൃത്തിനെ അകറ്റും. അത് രാജ്യത്തെ സംബന്ധിച്ച് അപകടകരമാണ്.

https___s3-ap-northeast-1.amazonaws.com_psh-ex-ftnikkei-3937bb4_images_0_7_1_7_19237170-4-eng-GB_trump kim xi montageറഷ്യന്‍ ആയുധങ്ങള്‍ സംഘടിപ്പിക്കാന്‍ ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യം റഷ്യ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇന്ത്യക്ക് എതിരായ ഒരു നിലപാടും സ്വീകരിക്കില്ലന്നാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കക്ക് ഇല്ലാത്ത കടപ്പാടും ആത്മാര്‍ത്ഥതയും റഷ്യക്കുണ്ട് എന്ന് തെളിയിക്കുന്ന അഭിപ്രായപ്രകടനമാണിത്.

ഉത്തര കൊറിയയുമായി കൊമ്പ് കോര്‍ത്ത് ലോകത്തിനു മുന്നില്‍ നാണം കെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇറാനുമേല്‍ ഇപ്പോള്‍ അമേരിക്ക കുതിര കയറാന്‍ ശ്രമിക്കുന്നത്. ചൈനയും റഷ്യയും ഇന്ത്യയും ഒന്നും ഇറാനെ സംരക്ഷിക്കാന്‍ വരില്ലന്ന ഉറപ്പിലാണ് ഈ നീക്കം. എന്നാല്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചാലും മറ്റു രണ്ട് രാജ്യങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കണമെന്നില്ല.

മാത്രമല്ല, ഇറാനെ കീഴ്‌പ്പെടുത്തുക എന്നത് അമേരിക്കയെ സംബന്ധിച്ച് അത്ര എളുപ്പവുമാകില്ല. ചങ്കുറപ്പോടെ നിന്നു പൊരുതാനുള്ള ശേഷിയുള്ള സൈന്യമുണ്ട് ആ രാജ്യത്തിന്. അമേരിക്ക ഭീകരസേനയുടെ പട്ടികയില്‍പ്പെടുത്തിയതുകൊണ്ട് മാത്രം മനോവീര്യം തകരുന്ന സേനയല്ല അത്. വന്‍ യുദ്ധങ്ങള്‍ ചെയ്ത് പരിചയമുള്ള രാജ്യമാണ് ഇറാന്‍. ഒരു ബോംബ് കൊണ്ട് ഒരു രാജ്യത്തെയും കീഴ്‌പ്പെടുത്താന്‍ കഴിയില്ല. കിം ജോങ് ഉന്‍ ആണവ പോര്‍മുന അമേരിക്കയിലേക്ക് തിരിച്ച് വച്ചപ്പോള്‍ ഭയന്ന ട്രംപ് ഇറാനെയും പേടിക്കുക തന്നെ വേണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment