Flash News

ഗാന്ധിയും ജനാധിപത്യ ചിന്തകളും – 2: ജോസഫ് പടന്നമാക്കല്‍

May 15, 2019

Gandhiyum banner2ന്യൂയോര്‍ക്കില്‍ ക്യുന്‍സ് വില്ലേജില്‍, കേരള വിചാര സാംസ്ക്കാരിക വേദി നടത്തിയ ചര്‍ച്ചാ വേദിയില്‍ ഞാന്‍ അവതരിപ്പിച്ച പ്രഭാഷണവും അതിന്‍റെ ബാക്കിപത്രവുമാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ‘ഗാന്ധിയന്‍ ജനാധിപത്യവും ദേശീയ ജനാധിപത്യവും’ എന്നതായിരുന്നു വിഷയം. ഗാന്ധിയുടെ ആദര്‍ശ രാഷ്ട്രവാദപരമായ ജനാധിപത്യവും വര്‍ത്തമാനകാല ജനാധിപത്യവും തമ്മിലുള്ള ബന്ധം എന്തെന്നുള്ള വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയന്‍ ചേരികളും അമേരിക്കന്‍ ചേരികളും പരസ്പ്പരം ആയുധ മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇരുചേരികളിലും ചേരാതെ, ആയുധ മത്സരങ്ങളിലും ഏര്‍പ്പെടാതെ ചേരിചേരാ നയങ്ങള്‍ സ്വീകരിച്ചു. ‘ചേരിചേരാ’ നയങ്ങള്‍ എന്നുള്ളത് തികച്ചും ഗാന്ധിയന്‍ ആശയങ്ങളായിരുന്നു.

Padanna4

ജോസഫ് പടന്നമാക്കല്‍

ആര്‍ എസ് എസ്, ബിജെപി നയങ്ങള്‍ ഗാന്ധി വധത്തിനു കാരണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടിയ ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചുവെന്ന് ബിജെപിയും പഴി ചാരുന്നു. ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തലില്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നവനായ ഗാന്ധിജി ആരുടെ ഭാഗത്താണെന്നും വിധി പറയാന്‍ കഴിയില്ല. ‘നിങ്ങള്‍ എന്നെ മറന്നാലും സത്യത്തിന്‍റെ സാക്ഷിയാകാനെ എനിക്ക് സാധിക്കുള്ളൂ’വെന്ന ഗാന്ധിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.

1947ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യ സ്വാതന്ത്ര്യം നേടി. അതിനുശേഷം ഗാന്ധിയുടെ ജനാധിപത്യ ചിന്തകള്‍ ഒരു ‘യൂറോപ്യന്‍’ സ്വപ്നം പോലെയായിരിന്നു. 1948 ജനുവരി മുപ്പതിന് ഗാന്ധി ഒരു മതഭ്രാന്തന്‍റെ വെടിയേറ്റ് മരിച്ചു. 1950 ‘ജനുവരി ഇരുപത്തിയാറ്’ ഇന്ത്യയെ ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ ഗാന്ധിയന്‍ ചിന്തകള്‍ പ്രസക്തമല്ലാതായി തീര്‍ന്നിരുന്നു.

ഗാന്ധിജിയുടെ ജനാധിപത്യവും ഇന്ത്യ സ്വീകരിച്ചിരിക്കുന്ന ജനാധിപത്യവും തമ്മില്‍ തികച്ചും വ്യത്യസ്തമാണ്. ജനാധിപത്യത്തെപ്പറ്റി നിരവധി അഭിപ്രായങ്ങള്‍ അദ്ദേഹം ‘യംഗ് ഇന്ത്യയിലും’, ‘ഹരിജനിലും’ എഴുതിയിട്ടുണ്ട്. ഗാന്ധിജി ജനാധിപത്യത്തെ അംഗീകരിച്ചിരുന്നുവെന്നതു ശരിതന്നെ. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാവനയിലുണ്ടായിരുന്ന ജനാധിപത്യം ബ്രിട്ടീഷ് പാര്‍ലമെന്‍ററി സമ്പ്രദായമോ അമേരിക്കന്‍ ജനാധിപത്യമോ ആയിരുന്നില്ല.

ഗാന്ധിയന്‍ ജനാധിപത്യത്തില്‍ കര്‍മ്മവും അഹിംസയുമുണ്ട്. ഇതില്‍ ഗാന്ധിയുടെ കര്‍മ്മവും അഹിംസയും നീക്കപ്പെട്ടാല്‍ ഇന്നുള്ള ജനാധിപത്യത്തെ നിര്‍വചിക്കാന്‍ സാധിച്ചേക്കാം. മറ്റൊരു വ്യത്യാസം, ഗാന്ധിയന്‍ ജനാധിപത്യത്തില്‍ വ്യക്തിക്ക് പൂര്‍ണ്ണ അധികാരവും രാഷ്ട്രത്തിന് നിയന്ത്രണാധികാരവുമാണുള്ളത്. അധികാര വികേന്ദ്രീക്രരണവും കപടതയില്ലാത്ത പ്രത്യക്ഷമായ ജനാധിപത്യവും സമാധാനത്തിന്‍റെ വാതായനമായി അദ്ദേഹം ദര്‍ശിച്ചു. ഉയര്‍ന്നവനും താണവനുമെന്നുള്ള അധികാര ക്രമങ്ങള്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മില്‍ സമത്വം പാലിക്കണമെന്നു നിര്‍ദ്ദേശിച്ചു. ഓരോ വ്യക്തിയും സ്വയം ഭരണത്തില്‍ക്കൂടി ഭരണകര്‍ത്താക്കളെന്നും വിശ്വസിച്ചു.

ജനാധിപത്യത്തെ പ്രത്യക്ഷ ജനാധിപത്യവും (Direct democracy) പടിഞ്ഞാറന്‍ ജനാധിപത്യവുമായി തരം തിരിച്ചിരുന്നു. ഇന്ത്യ പടിഞ്ഞാറന്‍ ജനാധിപത്യ രീതിയില്‍ ഭരണഘടന എഴുതിയുണ്ടാക്കി. പാര്‍ലമെന്‍ററി സമ്പ്രദായത്തെപ്പറ്റി ഗാന്ധി പറഞ്ഞു, ഇന്ത്യ ബ്രിട്ടന്‍റെ പാര്‍ലമെന്‍റ് ജനാധിപത്യ സമ്പ്രദായമാണ് അനുകരിക്കുന്നതെങ്കില്‍ രാജ്യം അരാജകത്വത്തില്‍ അകപ്പെടും. നാശമായിരിക്കും ഫലം. പാര്‍ലമെന്‍റ് രീതികള്‍ അടിമത്വത്തിന് തുല്യമാണ്. അമേരിക്കയിലെ ജനാധിപത്യ രീതികളിലും ഗാന്ധിജി തൃപ്തനായിരുന്നില്ല. ഭൂരിപക്ഷം അവിടെ ന്യുനപക്ഷത്തെ ചൂഷണം ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. പടിഞ്ഞാറന്‍ ജനാധിപത്യത്തില്‍ അധികാരം മുഴുവന്‍ രാജ്യം കേന്ദ്രീകരിച്ചിരിക്കുന്നതുകൊണ്ട് അവിടങ്ങളിലെ ജനാധിപത്യം അക്രമങ്ങളിലേക്ക് നീങ്ങുന്നു.

a2ഇന്ത്യയിലെ കൊളോണിയല്‍ സാമ്രാജ്യത്തിനെതിരെയുള്ള സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയും നെഹ്രുവും സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും വ്യത്യസ്തമായ ആശയസംഹിതകള്‍ ഇവര്‍ രണ്ടുപേരും പുലര്‍ത്തിയിരുന്നു. ഗാന്ധിയും നെഹ്രുവും പാണ്ഡിത്യം നിറഞ്ഞവരും പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ചവരും നിയമജ്ഞരുമായിരുന്നു. പോരാഞ്ഞ് ഗാന്ധിജി നെഹ്രുവിന്‍റെ ഒരു ആരാധ്യ നേതാവുമായിരുന്നു. ഗാന്ധിജി പൗരസ്ത്യ ചിന്താഗതികളില്‍ക്കൂടി ജീവിതം നയിക്കുമ്പോള്‍ നെഹ്റു പാശ്ചാത്യ സംസ്ക്കാരം അനുകരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഗാന്ധിജി ഇന്ത്യയുടെ പാരമ്പര്യങ്ങളില്‍ അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ നെഹ്റു സംസ്കാരത്തിലും വേഷങ്ങളിലും പാശ്ചാത്യരെ പിന്തുടര്‍ന്നിരുന്നു. പടിഞ്ഞാറന്‍ വിദ്യാഭ്യാസം നെഹ്രുവിന്‍റെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ കാര്യമായ സ്വാധീനം പുലര്‍ത്തിയിരുന്നു. നെഹ്രുവിന്‍റെ ആശയങ്ങള്‍ കൂടുതലും അനുഭവമൂല്യങ്ങള്‍ നിറഞ്ഞതും പ്രായോഗികവുമായിരുന്നു. അതേസമയം ഗാന്ധിജിയുടെ ചിന്തകള്‍ കൂടുതലും അദ്ധ്യാത്മികതയുടെ അടിസ്ഥാനത്തിലായിരുന്നു. സാധാരണക്കാരന്‍റെ ജീവിതത്തില്‍ ഗാന്ധിയന്‍ ചിന്തകള്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. അഴിമതിയും കപടതയുമില്ലാതെ ഒരു സമൂഹത്തിനായി ഗാന്ധിജി പദ്ധതിയിട്ടു. അത് അസാധ്യമാണെന്നും പ്രായോഗികമായി ഇന്നത്തെ ലോകത്ത് നടപ്പാക്കാന്‍ സാധിക്കില്ലെന്നു നെഹ്രുവും ചിന്തിച്ചു.

നെഹ്രു ബ്രിട്ടീഷ് മോഡലിലുള്ള പാര്‍ലമെന്‍റ് ഡെമോക്രസിയില്‍ വിശ്വസിച്ചിരുന്നു. ആഗോളതലങ്ങളില്‍ സമ്മതിദായകരുടെ വോട്ടു രാഷ്ട്രീയത്തില്‍ ജനാധിപത്യം വിജയിച്ചിരുന്നുവെന്ന് നെഹ്രു മനസിലാക്കിയിരുന്നു. എന്നാല്‍ ഗാന്ധിജി വിശ്വസിച്ചിരുന്നത് സ്വയം പര്യാപ്ത സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു. കുടില്‍ വ്യവസായങ്ങള്‍, നൂല്‍ നൂല്‍പ്പ്, ഖാദി മുതലായവകള്‍ ഗാന്ധിജിയുടെ ഭാവനകളില്‍നിന്നുമുണ്ടായ ആശയങ്ങളാണ്. നെഹ്റു ജനാധിപത്യ സോഷ്യലിസത്തില്‍ വിശ്വസിച്ചിരുന്നു. ശക്തമായ സാമ്പത്തിക കെട്ടുറപ്പിന് വ്യവസായവല്‍ക്കരണവും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയും നെഹ്റു പിന്തുടര്‍ന്നു.

പ്രകൃതിയെ നശിപ്പിക്കുമെന്നുള്ള കാരണത്താല്‍ ഗാന്ധിജി വിദ്യുച്ഛക്തി ഉല്‍പ്പാദിപ്പിക്കുന്നതിനു വേണ്ടിയുള്ള വന്‍കിട അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ മരണശേഷമാണ് നെഹ്റു ‘ഭക്രാ നംഗല്‍’ അണക്കെട്ട് പൂര്‍ത്തിയാക്കിയത്. വിദ്യുച്ഛക്തിയുടെയും ഊര്‍ജ്ജത്തിന്‍റെയും അഭാവത്തില്‍ മനുഷ്യന് ഭാവിയില്‍ ജീവിക്കാന്‍ സാധിക്കില്ലന്നുള്ള ദീര്‍ഘദര്‍ശനം നെഹൃവിനുണ്ടായിരുന്നു. അതുകൊണ്ട് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് നെഹ്റു പ്രാധാന്യം കല്പിച്ചില്ല. അന്തര്‍ദേശീയ പ്രസ്ഥാനങ്ങളിലും അവരുടെ നേട്ടങ്ങളിലും ഇന്ത്യ പങ്കുവെക്കുന്നത് ഗാന്ധിജി ആഗ്രഹിച്ചിരുന്നില്ല. അതേസമയം ലോക സമാധാനത്തിനായും രാജ്യാന്തര കാര്യങ്ങളില്‍ ഇടപെട്ടും പരസ്പ്പരം സഹായിച്ചും പോരുന്ന നയങ്ങളായിരുന്നു നെഹ്?റു സ്വീകരിച്ചിരുന്നത്. ഇന്ത്യയുടെ പുരോഗതിക്കു പരസ്പ്പരം രാജ്യാന്തര സഹായങ്ങള്‍ ആവശ്യമെന്നും നെഹ്റു കരുതിയിരുന്നു.

ആദ്ധ്യാത്മിക തലങ്ങളിലുണ്ടായിരുന്ന ഗാന്ധിയന്‍ ചിന്തകള്‍ പ്രായോഗിക ജീവിതത്തില്‍ അസാധ്യമായിരുന്നുവെന്ന് നെഹ്റു കണ്ടു. സത്യത്തിലധിഷ്ഠിതമായ അഹിംസയിലും വിശുദ്ധിയിലും ഗാന്ധിജി ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. എന്നാല്‍ നെഹ്റുവിന് ആദ്ധ്യാത്മിക ചിന്തകള്‍ ഉണ്ടായിരുന്നില്ല. പ്രായോഗിക ചിന്തകളില്‍ നെഹ്റു പ്രാധാന്യം നല്‍കി. അതുകൊണ്ടാണ് നെഹ്റു നല്ല ഒരു രാഷ്ട്രീയ നേതാവായത്. ഗാന്ധിജി ഇന്ത്യയുടെ മാമൂലുകളെ നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. ലോകം പുരോഗമിച്ചാലും അതിനൊപ്പം മാറ്റങ്ങള്‍ക്ക് തയ്യാറായിരുന്നില്ല. ആദ്ധ്യാത്മിക ചിന്തകളില്‍ മുറുകെ പിടിച്ചിരുന്നതുകൊണ്ടാണ് ഗാന്ധി മഹാത്മാവായത്. ഭൗതികത കെട്ടിപ്പൊക്കാന്‍ ആഗ്രഹിച്ചിരുന്ന നെഹ്റുവിനെ രാഷ്ട്ര ശില്പിയെന്നും വിളിക്കുന്നു. കാരണം, നെഹൃവിനുണ്ടായിരുന്നത് മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പ്രായോഗിക ചിന്തകളായിരുന്നു. ഗാന്ധിജിയുടെ ഗ്രാമ സ്വരാജിനുപരിയായി കെട്ടുറപ്പുള്ള ഒരു നവഭാരതത്തെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു.

a4രാജ്യത്തിനുള്ളിലെ സര്‍വ്വവിധ രാഷ്ട്രീയാധികാരങ്ങളും നീക്കം ചെയ്ത് നിലവിലുള്ള ഭരണപരമായ അധികാരം ഓരോ വ്യക്തിയിലും നിക്ഷിപ്തമാക്കണമെന്ന് ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഓരോരുത്തരും ഭരിക്കുന്നവരായിരിക്കണം. ഒരു വ്യക്തിയും അയല്‍ക്കാരന്‍റെ ജീവിതത്തിന് തടസമാകരുത്. അങ്ങനെ വ്യക്തികള്‍ സ്വയം നിയന്ത്രണത്തിലൂടെ ആത്മ പരിവര്‍ത്തനം നടത്തുന്ന പക്ഷം സമൂഹമൊന്നാകെ മാറ്റങ്ങള്‍ സംഭവിക്കും. ഗാന്ധിജിയുടെ ‘സ്വരാജ്’ ഒരു വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിലാണ് അടിസ്ഥാനം കല്പിച്ചിരിക്കുന്നത്. ‘സ്വരാജ്’ എന്നാല്‍ സ്വയം ഭരണാധികാരമെന്നാണ് അര്‍ത്ഥമാക്കുന്നത്. ഓരോ വ്യക്തിയും സ്വയം ഭരിക്കാന്‍ തയ്യാറായാല്‍ സ്വാഭാവികമായി ഇന്ത്യ മുഴുവന്‍ സ്വയം ഭരണ രാഷ്ട്രമായി അറിയപ്പെടും. നാം ഓരോരുത്തരും സ്വതന്ത്രരാണെങ്കില്‍ ഇന്ത്യയും സ്വതന്ത്രമായിരിക്കും.

സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടാന്‍ ഗാന്ധി ഉപദേശിച്ചു. ഗാന്ധി പറഞ്ഞു, ‘കോണ്‍ഗ്രസ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം മേടിക്കണമെന്നുള്ള ലക്ഷ്യം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ ഗ്രാമങ്ങളിലേക്ക് നീങ്ങണം. ഗ്രാമങ്ങളെ പുനര്‍ജീവിപ്പിച്ചുകൊണ്ടു പുത്തനായ സാമൂഹിക സാമ്പത്തിക അടിസ്ഥാന പദ്ധതികള്‍ക്ക് തുടക്കമിടണം.’ എന്നാല്‍ കോണ്‍ഗ്രസ് ഗാന്ധിജിയുടെ അഭിപ്രായം മാനിച്ചില്ല. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം കോണ്‍ഗ്രസ് പിരിച്ചുവിട്ടില്ല.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ നേതൃത്വത്തിലുള്ള ആദ്യത്തെ ദേശീയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിലവില്‍ വന്നപ്പോള്‍ ഗാന്ധിയുടെ ഭാവനയിലുള്ള ജനാധിപത്യം നടപ്പാകില്ലെന്നും അദ്ദേഹം മനസിലാക്കി. എങ്കിലും ദേശീയ അധികാരങ്ങള്‍ ലഘൂകരിച്ച് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉപദേശിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ തള്ളി കളഞ്ഞുകൊണ്ടുള്ള ഒരു ജനാധിപത്യ സംവിധാനമായിരുന്നു ഇന്ത്യ തിരഞ്ഞെടുത്തത്. ഓരോ വ്യക്തിയും ഒന്നാകുന്ന സമൂഹവും രാജ്യം മുഴുവനുമുള്ള വ്യക്തികളുടെ തുല്യമായ അധികാരത്തോടെയുള്ള ഒരു സംവിധാനവും നടപ്പില്ലെന്നു ഭാരതത്തിലെ ആദ്യശില്പികള്‍ മനസിലാക്കിയിരുന്നു.

ജന്മനാ മനോധര്‍മ്മമുള്ള ഒരു ജനാധിപത്യവാദി സ്വയം നിയന്ത്രിക്കുന്നവനുമായിരിക്കും. അവനില്‍ ജനാധിപത്യം സ്വാഭാവികമായി പ്രകടമാകുന്നു. അയാള്‍ നിയമങ്ങളെ ആദരിക്കുന്നു. മനുഷ്യത്വം സ്വാഭാവികമായി കുടികൊള്ളുകയും ചെയ്യും. ജനാധിപത്യത്തില്‍, ജനകീയ സേവനത്തില്‍ തീവ്ര ഉല്‍ക്കര്‍ഷേച്ഛയുള്ളവര്‍ ആദ്യമായി സ്വയം പരീക്ഷണങ്ങള്‍ നടത്തി യോഗ്യരാകട്ടെ. ഒരു ജനകീയനു സ്വാര്‍ത്ഥത പാടില്ല. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കുന്ന ജനാധിപത്യം. എങ്കില്‍ മാത്രമേ അയാള്‍ക്ക് നിയമത്തെ അനുസരിക്കാതെ അഹിംസാപരമായി സമരംചെയ്യുന്ന രീതികള്‍ക്ക് അവകാശമുള്ളൂ.ഗാന്ധിയന്‍ പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് യഥാര്‍ത്ഥ ജനാധിപത്യവാദികളെ തിരിച്ചറിയാനും ബുദ്ധിമുട്ടായിരിക്കും. ആത്മനിയന്ത്രണമുള്ള സ്വാര്‍ത്ഥതയില്ലാത്ത ഗാന്ധിയന്മാര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍നിന്നും തികച്ചും നീക്കംചെയ്യപ്പെട്ടു.

ഗാന്ധി പറഞ്ഞു, ‘ഒരുവന്‍റെ ദൃഢവിശ്വസം ഇല്ലാതാക്കാനോ യാഥാര്‍ഥ്യത്തെ മൂടി വെക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യപരമായ അഭിപ്രായ വിത്യാസങ്ങളെ മാനിക്കുന്നു. അത് നമ്മുടെ ലക്ഷ്യത്തെ തകര്‍ക്കില്ല. എന്നാല്‍ അവസര വാദിത്വവും സത്യം മറക്കലും വഞ്ചനയും നടത്തുന്നവരുമായി ഒരിക്കലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ജനാധിപത്യത്തില്‍ പരസ്പര വിശ്വസമാണ് ആവശ്യമായിട്ടുള്ളത്.’ ചതിയും വഞ്ചനയും കുതികാല്‍ വെട്ടലും നിയമ സാമാജികരെ ചാക്കിട്ടു പിടിക്കലും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിത്യ സംഭവങ്ങളാണെന്നു നാം കാണുന്നു. ഇവിടെയാണ് ഗാന്ധിയുടെ ജനാധിപത്യത്തെപ്പറ്റിയുള്ള ദീര്‍ഘവീഷണങ്ങള്‍ നാം വിലയിരുത്തേണ്ടത്.

ജനാധിപത്യത്തിന്‍റെ കാതലായ ഒരു തത്വം ദുര്‍ബലനും ബലവാനൊപ്പം നീതിപൂര്‍വമായ തുല്യയവകാശം കൊടുക്കുകയെന്നതാണ്. സ്വയം ക്രമീകൃതമായ ജീവിതം, സങ്കുചിത മനസ്ഥിതി ഇല്ലായ്മ, മറ്റുള്ളവരുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ക്കു വിഘാതമാകാതിരിക്കുക, പരസ്പ്പര സഹകരണം എന്നിവകള്‍ ഓരോരുത്തരുടെയും പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കേണ്ടതായുമുണ്ട്. നിലവിലുള്ള നമ്മുടെ ജനാധിപത്യത്തില്‍ ഇത്തരം ഗാന്ധിയന്‍ വീക്ഷണങ്ങളെ പരിഗണിക്കാറില്ല. ഇന്ത്യന്‍ കോടതികള്‍ പണക്കാര്‍ക്ക് മാത്രമുള്ളതാണ്. ദുര്‍ബലനു നീതി ലഭിക്കില്ല. മല്യയെപ്പോലുള്ള ശതകോടേശ്വരന്മാര്‍ നികുതിപ്പണം കൊടുക്കാതെ ശതകോടികള്‍ വെട്ടിച്ച് വിദേശത്ത് സുഖവാസം നടത്തുന്നു.

ജനാധിപത്യത്തെ ഗാന്ധിജി ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ ജനാധിപത്യത്തിലെ ദുരുപയോഗങ്ങള്‍ പരമാവധി ലഘൂകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ വാക്കുകളില്‍ ‘അപകടങ്ങളില്ലാത്ത മാനുഷിക സ്ഥാപനങ്ങള്‍ ഇല്ല. ഒരു പ്രസ്ഥാനം അല്ലെങ്കില്‍ സ്ഥാപനം വളരുന്നതിനോടൊപ്പം അത്രത്തോളം അതിലെ പ്രവര്‍ത്തന മണ്ഡലങ്ങളിലെ ദുരുപയോഗവും തുടര്‍ന്നുകൊണ്ടിരിക്കും. അതിനുള്ള പരിഹാരം ജനാധിപത്യം വേണ്ടെന്ന് വെക്കുകയല്ല, അതിന്‍റെ ദൗര്‍ബല്യങ്ങളും ദുരുപയോഗങ്ങളും കുറക്കാനുള്ള സാധ്യതകള്‍ ആരായുകയെന്നതാണ്.’ (Young India യംഗ് ഇന്ത്യ 1931) ഇന്ത്യയുടെ സുപ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ലമെന്‍റിനോടൊ മന്ത്രിസഭയോടുപോലുമോ പ്രധാനമന്ത്രി മോദിയും പാര്‍ട്ടിയും ആലോചിക്കാറില്ല. റഫേല്‍ കരാര്‍ അതിന് ഉദാഹരണമാണ്. മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ഉടമ്പടി റദ്ദാക്കി മോദി സര്‍ക്കാര്‍ ഫ്രാന്‍സില്‍നിന്ന് യുദ്ധവിമാനങ്ങള്‍ ഇരട്ടിവിലകൊടുത്ത് വാങ്ങിയതും വിവാദവിഷയങ്ങളാണ്. ദുരുപയോഗങ്ങള്‍ വര്‍ദ്ധിക്കുന്നതല്ലാതെ ഗാന്ധിയന്‍ ചിന്താഗതികളനുസരിച്ച് അധികാര ദുര്‍വിനിയോഗം കുറയുന്നതായി കാണുന്നില്ല. അതേസമയം രാജ്യം അമ്പാനിമാര്‍ക്ക് തീറെഴുതി കൊടുക്കുകയും ചെയ്യുന്നു.

മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ‘വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെങ്കില്‍ നമുക്കെല്ലാം നഷ്ടപ്പെടും. സമൂഹത്തെ മാനിക്കാതെ ഒരുവനില്‍ മാത്രം തീരുമാനങ്ങള്‍ ഉള്‍ക്കൊണ്ടാല്‍, അയാള്‍ ഏകാധിപതിയാകുന്നു. അവിടെ സമൂഹം നശിക്കുന്നു.’ ഇന്ത്യന്‍ പാര്‍ലമെന്‍റ് സമ്പ്രദായത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയ്ക്ക് മാത്രം അധികാരം ലഭിക്കുന്നു. എന്നാല്‍ ഗാന്ധിയന്‍ സ്വരാജില്‍ ജനപ്രതിനിധികളില്ലാതെ ഓരോ വ്യക്തികള്‍ക്കുമാണ് പൂര്‍ണ്ണ അധികാരം. വ്യക്തിസ്വാതന്ത്ര്യം നശിപ്പിച്ചുകൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ എമര്‍ജന്‍സി കാലങ്ങളും ഗാന്ധിയന്‍ സ്വപ്നങ്ങള്‍ക്ക് ഒരു വെല്ലുവിളിയായിരുന്നു.

ഗാന്ധിജി പറഞ്ഞു, ‘ഈ ലോകത്തില്‍ ആരും ഭക്ഷണത്തിനായും വസ്ത്രത്തിനായും കഷ്ടപ്പെടരുത്. ജീവിതം കരുപ്പിടിപ്പിക്കാന്‍ ഏല്ലാവര്‍ക്കും തൊഴിലവസരങ്ങളുണ്ടാവണം. അത്യാവശ്യ സാധനങ്ങളുടെ ഉല്‍പ്പാദനം ജനങ്ങള്‍ മൊത്തമായി നിയന്ത്രിക്കണം.  ദൈവത്തിന്‍റെ വായുവും വെള്ളവും പോലെ ഭക്ഷണവും സുലഭമായി ഉണ്ടായിരിക്കണം. നമുക്കാവശ്യമുള്ള വസ്ത്രവും ഭക്ഷണവും ഉല്‍പ്പാദിപ്പിക്കുന്നത് ഏതെങ്കിലും കുത്തക രാജ്യത്തിന്‍റെ അവകാശമാകാന്‍ പാടില്ല. ഒന്നും രണ്ടും പഞ്ചവത്സരപദ്ധതികളിലെ കാര്‍ഷിക വിപ്ലവം ഗാന്ധിയന്‍  ചിന്താഗതികള്‍ക്കനു സരിച്ചായിരുന്നു. അതുമൂലം ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത നേടുകയും ചെയ്തു.’ വ്യവസായവല്‍ക്കരണവും ഉദാരവല്‍ക്കരണവും വന്നതില്‍ പിന്നീട് ഇന്ത്യയുടെ ഉല്‍പ്പാദനമേഖലകളില്‍ പലതും ഇന്ന് വിദേശമേല്‍ക്കോയ്മയുടെ നിയന്ത്രണത്തിലാണ്. സ്വയംപര്യാപ്തതയിലേക്കുള്ള ഗാന്ധിയന്‍ നയങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യം പാടെ തള്ളിക്കളഞ്ഞിരിക്കുന്നു.

ഒരു കാര്യം ഓര്‍മ്മിക്കണം, ഇന്‍ഡ്യ ഒരു മതേതര രാജ്യമായതിന്‍റെയും ഇന്ത്യയ്ക്ക് മതേതരത്വ ഭരണഘടന ലഭിക്കാന്‍ സാധിച്ചതിന്‍റെയും പ്രഭവകേന്ദ്രം ഗാന്ധിജി തന്നെയാണ്. ബാലഗംഗാധര തിലകന്‍റെ കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒരു ഹിന്ദു സംഘടനയായി രൂപം പ്രാപിക്കുമ്പോഴാണ് സിക്ക്, മുസ്ലിം മൈത്രിയുമായി ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തകനായി രംഗപ്രവേശനം ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തെ മത മൈത്രിയുടെ ദിശയിലേക്ക് ഗാന്ധിജിക്ക് തിരിച്ചുവിടാന്‍ സാധിച്ചു. ഹിന്ദു സമൂഹത്തില്‍ മത സൗഹാര്‍ദ്ദം വളര്‍ത്തിയെടുക്കുന്നതില്‍ ഗാന്ധിജി വിജയിച്ചു.

a3തിലകന്‍റെ ശിക്ഷ്യനായിരുന്ന ഡോ. ഹെഡ്ഗേവാറും കൂട്ടരും ഗാന്ധിജിയുടെ മതസൗഹാര്‍ദ ശ്രമങ്ങളെ തിരസ്ക്കരിച്ചുകൊണ്ടു കോണ്‍ഗ്രസില്‍നിന്നും പുറത്തുപോയി. കോണ്‍ഗ്രസിലെ വിഘടനവാദികള്‍ ഹെഡ്ഗേവാറിന്‍റെ നേതൃത്വത്തില്‍ 1925ല്‍ ആര്‍.എസ്.എസ് സ്ഥാപിക്കുകയും ചെയ്തു. ഒടുവില്‍ അത് ഗാന്ധി വധത്തിലേക്ക് നയിക്കുകയും ചെയ്തു.

ഗാന്ധിജിയുണ്ടായിരുന്നെങ്കില്‍ സിഖ് സുവര്‍ണ്ണ ക്ഷേത്രം ആക്രമിക്കാന്‍ ഒരിക്കലും അനുവദിക്കുമായിരുന്നില്ല. ബാബറി മസ്ജിദും തകര്‍ത്തതില്‍ പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹിന്ദുത്വ രാഷ്ട്രീയം അഖിലേന്ത്യാ തലത്തില്‍ ശക്തി പ്രാപിച്ചു. വി.പി. സിംഗിന്‍റെ കാലത്ത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതോടെ ദളിത രാഷ്ട്രീയവും ഇന്ത്യന്‍ ജനാധിപത്യത്തില്‍ കടന്നുകൂടി. അങ്ങനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ശക്തി ക്ഷയിച്ചു. മതേതര ജനാധിപത്യ ശക്തികളുടെെ എക്യമത്യമില്ലായ്മ വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുന്നതിനും കാരണമായി. മതേതര ശക്തികളുടെെ എക്യം വളര്‍ത്തിക്കൊണ്ടുവരുകയെന്നത്, ഇന്നത്തെ ജനാധിപത്യത്തിന്‍റെ വലിയൊരു വെല്ലുവിളി കൂടിയാണ്.

അസമത്വവും ജാതി വര്‍ഗീയ വിവേചനവും ഇല്ലാതാക്കാന്‍ ഗാന്ധിജി തന്‍റെ ജീവിത കാലം മുഴുവന്‍ ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ മാറി മാറി വന്ന രാഷ്ട്രീയ ഭരണ മാറ്റങ്ങളിലും ബിജെപി ഭരണത്തിലും നിരവധി ജാതി കലാപവും ദളിത കൂട്ടക്കൊലകളും നടന്നു. അഴിമതിയില്ലാത്ത ഒരു ഭാരതമായിരുന്നു ഗാന്ധി കണ്ടിരുന്ന സ്വപ്നം. എങ്കിലും ഇന്ത്യയിലെ എക്കാലവുമുള്ള സര്‍ക്കാരുകള്‍ അഴിമതിയുടെ പ്രതിരൂപങ്ങളായിരുന്നു. പ്രതിരോധ സംവിധാനങ്ങളിലും ടെലികോം, ജലസേചന, കായിക മേഖലകളിലും അഴിമതി തീണ്ടാത്ത മേഖലകളില്ല. കൃഷിക്കാരുടെ പുരോഗമനത്തിനു പകരം അവരുടെ ജീവിതങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഇന്നത്തെ ജനാധിപത്യത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്. കടംകേറി ജീവിതം തള്ളി നീക്കാനാവാതെ നിരവധിപേര്‍ ആത്മഹത്യയുടെ വക്കിലും നട്ടം തിരിയുന്നു. ഗ്രാമീണ വികസനത്തിന് പകരം ജോലി തേടി പട്ടണങ്ങളിലേക്ക് തൊഴില്‍ രഹിതര്‍ അലയുന്ന ചിത്രവും കാണുന്നു. ആഡംബരങ്ങളും അധിക സ്വത്ത് സമ്പാദനവും ഗാന്ധിജി വെറുത്തിരുന്നു. അതിനു പകരം ആര്‍ഭാടങ്ങളും വന്‍കിട റീയല്‍ എസ്റ്റേറ്റും സമ്പാദിച്ച നേതാക്കന്മാരാണ് ഇന്ന് രാഷ്ട്രീയ തലങ്ങളില്‍ കൂടുതലും.

a6കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെപിയും ഇന്ത്യ ഭരിച്ചു. ഗാന്ധി ശിക്ഷ്യനായ ജയപ്രകാശിന്‍റെ അനുഗ്രഹത്തോടെ മൊറാര്‍ജിയും പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ചു. ഇന്ത്യ കണ്ട ജനാധിപത്യ ഭരണങ്ങളില്‍ ഗാന്ധിയുടെ ചിന്തകള്‍ എന്നും പടിക്കു പുറത്തായിരുന്നു. ഭരണത്തിലുള്ളവര്‍ രാജാക്കന്മാരും ഗാന്ധിജി സ്വപ്നം കണ്ട വ്യക്തി സമൂഹങ്ങള്‍ സ്വാതന്ത്ര്യമില്ലാത്ത അടിമകളുമായിരുന്നു. ഹിംസയുടെ ചരിത്രമാണ് കൂടുതലും. ദളിതന്‍റെ ചുടുചോരകള്‍ തെരുവുകളില്‍ നിത്യം ഒഴുകുന്നു. സ്ത്രീകളെ പച്ചക്ക് ചുട്ടുകരിക്കുന്നു. വ്യക്തഗത സാമ്പത്തികത്തിനു പകരം രാജ്യം അമ്പാനികള്‍ക്ക് പണയപ്പെടുത്തി. മക്കള്‍ രാഷ്ട്രീയം പഴയ രാജഭരണത്തിന്‍റെ തുടര്‍ച്ചയെ ഓര്‍മ്മിപ്പിക്കുന്നു. ഗാന്ധിജിയുടെ സ്വരാജ് എവിടെ? പാവങ്ങളെയും ഉള്‍പ്പെടുത്തിയുള്ള അധികാരവികീന്തിരികരണം എവിടെ? ഗാന്ധിയുടെ ഗ്രാമീണ ജനാധിപത്യ സാമ്പത്തിക ശാസ്ത്രത്തെ തഴഞ്ഞുകൊണ്ടുള്ള സോഷ്യലിസ്റ്റ് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലുള്ള ഭരണകൂടങ്ങള്‍ മാറി മാറി വന്നു. അങ്ങനെ ഗാന്ധിയന്‍ തത്ത്വങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിസ്മൃതിയിലാവുകയും ചെയ്തു.

അഹിംസയില്‍ അടിസ്ഥാനമായ ആത്മനിയന്ത്രണമുള്ള ഒരു ജനതയെന്ന ഗാന്ധിജിയുടെ സ്വപ്നം ലോകത്ത് ശാന്തിയും സമാധാനവും കെവരിക്കാന്‍ സാധിക്കും. ഗാന്ധിജി നേടിയെടുത്ത ആ ചെതന്യം സമസ്ത ലോകത്തും വ്യാപിക്ക?െ? എന്ന പ്രത്യാശകള്‍ നമ്മെ ഇന്നും മുന്നോട്ടുതന്നെ നയിക്കുന്നു.

(അവസാനിച്ചു)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top