ഏകാന്ത യാത്രകള്‍ (കവിത)

Ekantha yathrakal banner

തനിയെ യാത്ര മിഴിക്കുള്ളിലെ നിലാ
പ്പുഴകള്‍ നിശ്ചലം രാവും, കിളികളും
പഴയൊരോര്‍മ്മയില്‍ *മാന്‍ഡലിന്‍ വായിച്ചു
പതിയെ മാന്ത്രികന്‍ യാത്രപോയീടുന്നു
കനലിടങ്ങള്‍ നിരാശതന്‍ സന്ധ്യകള്‍
കടലിലെ ചോന്ന സൂര്യന്റെ സങ്കടം
*വയലിനില്‍ തിരയേറ്റം നിലയ്ക്കുന്ന
വിരലുകള്‍ മദ്ധ്യമാവതി മംഗളം
മഴയിടയ്ക്കിടെ പെയ്യുന്ന രാവിന്റെ
കുളിരടര്‍ന്ന തുലാവര്‍ഷമേഘങ്ങള്‍
മൊഴികള്‍ ശൂന്യവൃത്തങ്ങളില്‍ നിന്നാത്മ
വഴികള്‍ തേടിപ്പടര്‍ന്നരയാലുപോല്‍
ധ്വനിയുയര്‍ത്തിയ തന്ത്രികള്‍ ജീവന്റെ
സ്മരണിക പോലുണര്‍ന്നു വന്നീടുന്നു
സ്മൃതിയിടങ്ങള്‍ ജനനാന്തരത്തിന്റെ
വഴിപിരിയലിന്‍ ദുഃഖാര്‍ദ്ര മുദ്രകള്‍
ഇടയിടയില്‍ കൊഴിഞ്ഞുപോം പൂവിന്റെ
ഇതളുകള്‍ പോലെ മാഞ്ഞു പോകുന്നവര്‍
പുഴ കവര്‍ന്നവര്‍, കടലുറക്കിയോര്‍
മഴ നുകര്‍ന്നവര്‍, മൗനമായവര്‍
ഇടറിവീണവര്‍, പ്രളയമായവര്‍
മരണഗര്‍ത്തമുണര്‍ത്തിയ ഭൂവിന്റെ
വിടവിലൂടെ ദേശാടനം ചെയ്തവര്‍
തകരുമായിരം സ്വര്‍ഗ്ഗസൗധങ്ങളെ
മഴ കുടഞ്ഞിട്ട പേക്കിനാവെന്നപോല്‍
പകുതി നിര്‍ത്തിയ വാദ്യങ്ങള്‍, തന്ത്രികള്‍
മുഴുവനാക്കാത്ത രാഗവിന്യാസങ്ങള്‍
ലയമുടഞ്ഞ ഗിറ്റാറുകള്‍, ശൂന്യമാം
പകലില്‍ വന്നു പിടഞ്ഞ ജീവസ്വരം
പ്രകൃതിതന്‍ തനിയാവര്‍ത്തനം നിശാ
മുറിവുകള്‍ രജനീഗന്ധി പൂക്കുന്ന
മരണഗന്ധം, മരിക്കാത്തൊരോര്‍മ്മകള്‍.
വഴി പിരിഞ്ഞു പോകുന്ന ഋതുക്കളില്‍
നിറമടര്‍ന്നു വീഴുന്ന സ്വപ്നങ്ങളില്‍
മനസ്സിലുണ്ടിതേ പോലെത്ര യാത്രകള്‍
മനസ്സിലുണ്ടിതേ പോലെത്ര നോവുകള്‍

* മാന്‍ഡലിന്‍ ശ്രീനിവാസും, വയലിന്‍ ബാലഭാസ്ക്കറും ജീവിതത്തില്‍ നിന്ന് അപ്രതീക്ഷിതമായ് യാത്ര പോയവര്‍.

REMA P PISHARODY

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment