Flash News

നമ്മുടെ സ്വകാര്യതകള്‍ ഇവിടെ അവസാനിക്കുന്നു (വാല്‍ക്കണ്ണാടി): കോരസണ്‍

May 15, 2019 , കോരസണ്‍

Nammude swakaryathakal banner1മകന്റെ മസ്‌ഡ സെഡാന്‍ കാര്‍ മാറ്റി ഒരു എസ്‌യുവി ആക്കണം എന്ന് അവന്‍ പറഞ്ഞു എന്ന് ഭാര്യയോട് സൂചിപ്പിച്ചു. സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ത്തന്നെ അടുത്തിരുന്ന സെല്‍ ഫോണ്‍ വൈബ്രേറ്റ് ചെയ്തതുകൊണ്ട് അതിലേക്കു നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല, മാസ്ടാ എസ്‌യുവിയുടെ ചിത്രങ്ങള്‍ വന്നു കുതിച്ചു ചാടുന്നു. കാറുകളെപ്പറ്റിയുള്ള ഒരു സെര്‍ച്ച് ഓപ്പറേഷനിലും പോയില്ല പിന്നെ എങ്ങനെ ഞങ്ങളുടെ സംഭാഷണം ഫോണിനു മനസ്സിലായി?

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഒരു ചെറിയ പെട്ടി തപാലില്‍ വന്നത് തുറന്നു നോക്കിയപ്പോള്‍ കാര്യങ്ങള്‍ ഒന്നും മനസ്സിലായില്ല. ചില ആരോഗ്യ സംരക്ഷക വിശദീകരണങ്ങളും കിറ്റുകളും ആണ് അതിലുണ്ടായിരുന്നത്. നിര്‍ബന്ധമായി നടത്തേണ്ട വാര്‍ഷീക ആരോഗ്യ പരിശോധനയില്‍ ചില ആശങ്കകള്‍ കമ്പനിക്കു ഉണ്ടായിട്ടുണ്ട്, അതാണ് വിഷയം. സ്വന്ത അമ്മക്കുപോലും ഉണ്ടാകാത്ത കരുതല്‍!! ഇനിയും മരുന്നുകളുടെയും ആരോഗ്യ സംരക്ഷണ പരസ്യങ്ങളുടെ ഒരു പെരുമഴക്കാലമാണ് പ്രതീക്ഷിക്കുന്നത്. കുറച്ചു നാള്‍ക്ക് മുന്‍പ് ഇന്‍ഷ്വറന്‍സ് കമ്പനി ഒരു റിസ്റ്റ് വാച്ച് സൗജന്യമായി തന്നിരുന്നു. അത് നമ്മുടെ നടപ്പും കിടപ്പും എല്ലാം കൃത്യമായി മരുന്ന് കമ്പനികള്‍ക്ക് സന്ദേശം നല്‍കുന്ന ചാരയന്ത്രമായിരുന്നില്ലേ എന്ന ഒരു നേരിയ സംശയം ഇല്ലാതില്ല.

ഓരോ ദിവസവും ഏതാണ്ട് വിവരങ്ങളുടെ 2.5 ക്വിന്റ്റില്യണ്‍ ബൈറ്റ്‌സ് ആണ് ഉണ്ടാക്കപ്പെടുന്നത് (ബില്യണ്‍, ട്രില്യണ്‍, ക്വാഡ്രില്യണ്‍, ക്വിന്റ്റില്യണ്‍ ഇങ്ങനെ പോകും. അതായതു ഒന്നിന് ശേഷം 18 പൂജ്യങ്ങള്‍ വേണം ക്വിന്റ്റില്യണ്‍ ആകണമെങ്കില്‍). ഇതൊക്കെ മനുഷ്യന്‍ തന്റെ സാധാരണ ഇടപെടലുകളില്‍ ഉപയോഗിക്കുന്ന വിവര സാങ്കേതിക പ്രക്രിയകള്‍, വസ്തുതകള്‍, ഉപകരണങ്ങള്‍ മൂലം അനുനിമിഷം വന്നടിയുന്ന ബിഗ് ഡാറ്റ മഹാനീര്‍ച്ചുഴിയില്‍ നിന്നാണ് ഉളവാകുന്നത്.

നമ്മുടെ ഓരോ ഈമെയിലുകള്‍, ടെക്സ്റ്റ് മെസ്സേജുകള്‍, പോസ്റ്റുകള്‍, ഇന്റര്‍നെറ്റ്തിരയല്‍, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരസ്പര പ്രവര്‍ത്തനം, കാര്‍ഡുകള്‍ മുഖേനയുള്ള ഇടപാടുകള്‍, ഡോക്ടര്‍ഓഫീസില്‍ സന്ദര്‍ശനം തുടങ്ങി നിരവധി ദൈനംദിന ഇടപെടലുകള്‍ ഒക്കെ ഈ ബിഗ് ഡാറ്റ സംവിധാനം ശേഖരിക്കുന്നുണ്ട്. ബിഗ് ഡാറ്റ യുടെ മൂന്നു പ്രധാന ചേരുവകള്‍ (3 V ‘s), വ്യാപ്‌തി (volume), ക്ഷിപ്രത (velocity), വൈവിധ്യം (variety) എന്നിവയാണെന്നു ബയേര്‍ ഔഷധ കമ്പനി റിസര്‍ച്ച് പേപ്പറില്‍ അഭിപ്രായപ്പെടുന്നു.

Big_data_imageഇപ്പോള്‍ അടിഞ്ഞുകൂടിയ വിവരങ്ങളുടെ തൊണ്ണൂറു ശതമാനവും ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ശേഖരിക്കപ്പെട്ടവയാണ് എന്നതാണ് അതിശയം. ഈ ശേഖരണത്തിനു മൂല്യം (Value) എന്ന ഘടകം കൂടി ചേരുമ്പോഴേ പ്രസക്തിയുള്ളൂ. അതിശക്തിയുള്ള കംപ്യൂട്ടറുകള്‍, സങ്കീര്‍ണ്ണമായ പ്രോഗ്രാമിംഗ് കണക്കുകൂട്ടലുകള്‍, അസാധാരണ ബുദ്ധിശക്തിയുള്ള വിവരസങ്കേതിക ശാസ്ത്രജ്ഞര്‍ ഒക്കെവേണം ഇത്തരം ജോലികള്‍ നിര്‍വ്വഹിക്കുവാന്‍. എന്താണ് ഇത്തരം ഒരു വിവര സമാഹരണം കൊണ്ട് ഉള്ള നേട്ടം?

വ്യാപാരികള്‍ക്ക് വിവരശേഖരണം ഒരു വലിയ ഭാഗ്യമാണ്. നമ്മള്‍ കടയില്‍ ചെന്നാല്‍ കാഷ്യര്‍ ഒരു സ്‌റ്റോര്‍ കാര്‍ഡ് എടുക്കാന്‍ പ്രേരിപ്പിക്കും. കൂപ്പണുകളും ഓഫറുകളും നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഉദ്ദേശം എന്നും പറയുമ്പോള്‍ നമ്മള്‍ അതില്‍വീഴും. ഓരോ പ്രാവശ്യവും ഈ കാര്‍ഡ് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് പോയിന്റ് ലഭിക്കും എന്നും ഓര്‍മ്മപ്പെടുത്തും. ഓരോ ഉപഭോക്താവിന്റേയും അഭിരുചികള്‍, ശീലങ്ങള്‍ ഒക്കെ അടയാളപ്പെടുത്തുവാനും ഈ കമ്പനികള്‍ക്കു സാധിക്കും. ഇത്തരം വിവരങ്ങള്‍ കൈമാറുകവഴി തന്നെ അവര്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കുകയും ചെയ്യും.

അമേരിക്കയിലെ മിനിയാപ്പോളീസിലുള്ള ഒരു ടാര്‍ഗറ്റ് സ്‌റ്റോറില്‍ ഒരു കസ്റ്റമര്‍ കടന്നു വന്നു മാനേജരെ കാണണം എന്ന് ബഹളം വച്ചു. എന്റെ മകള്‍ക്കു നിങ്ങളുടെ കടയില്‍ നിന്നും ശിശുക്കള്‍ക്കുള്ള ഉടുപ്പുകളുടെയും തൊട്ടിലിന്റെയും ഒക്കെ കൂപ്പണുകളാണ് തപാലില്‍ ലഭിച്ചത്. അവള്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണ്, എന്താ അവളെ ഗര്‍ഭം ധരിക്കാന്‍ നിങ്ങള്‍ പ്രേരിപ്പിക്കയാണോ? അയാള്‍ അലറി. കാര്യങ്ങളുടെ കിടപ്പു മനസ്സിലാകാഞ്ഞ സ്‌റ്റോര്‍ മാനേജര്‍ ക്ഷമപറഞ്ഞു, കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ക്ഷമപറയാന്‍ കസ്റ്റമറെ വിളിച്ചു. ഇത്തവണ കസ്റ്റമര്‍ വളരെ പതിഞ്ഞ രീതിയിലാണ് പ്രതികരിച്ചത്. ‘ഞാന്‍ അറിയാതെ ചില കാര്യങ്ങള്‍ എന്റെ കുടുംബത്തില്‍ നടക്കുന്നുണ്ട്, മകള്‍ ഗര്‍ഭിണിയാണ് ഞാനാണു നിങ്ങളോടു ക്ഷമ ചോദിക്കേണ്ടത്’ അയാള്‍ പറഞ്ഞു.

big_data_product_pageഒരു സ്ത്രീ ഗര്‍ഭം ധരിച്ചു എന്ന് ടാര്‍ഗറ്റ് കമ്പനി അറിയുന്നു, അതനുസരിച്ചു അവരുടെ പ്രോഡക്റ്റ് പ്രതീക്ഷയുള്ള ഉപഭോക്താവിനെ, ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള മേന്മയും കസ്റ്റമറിനു ലഭിക്കുന്ന ആദായവും അറിയിക്കുന്നു. നിര്‍ദോഷമായ ഒരു സമീപനം. ഇത്തരം വ്യാപാര ഇടപെടലുകളോടെ അമേരിക്കയിലെ മറ്റൊരു റീറ്റെയ്ല്‍ കമ്പനിയായ മേയ്‌സിസിന്റെ കച്ചവടം പത്തു ശതമാനം വര്‍ധിച്ചു. വെറുതെ ഏതെങ്കിലും കടയിലൂടെ ഒന്ന് നടന്നു പോയാല്‍ മതി, എങ്ങനെയുണ്ടായിരുന്നു നിങ്ങളുടെ അനുഭവം, അഭിപ്രായം എന്നറിയാന്‍ തുരുതുരാ സര്‍വ്വേകള്‍ ഫോണില്‍ വന്നു പതിക്കയായി. റെസ്‌റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം ബില്ലു കൊടുക്കുമ്പോള്‍ ഒരു സര്‍വ്വേ വരാം, കൂടെ പ്രലോഭനത്തിനായി ഒരു നിറുക്കെടുപ്പിനുള്ള സാധ്യതയും ഉണ്ടാകും. അങ്ങനെ നമ്മോടൊപ്പം നടന്നും, ചിന്തിച്ചും അനുനിമിഷം തീരുമാനങ്ങള്‍ എടുക്കുകയാണ് കമ്പനികള്‍.

ബാങ്കുകള്‍ക്ക് ലോണുകള്‍, ക്രെഡിറ്റ്, വെട്ടിപ്പുകള്‍ തട്ടിപ്പുകള്‍ ഒക്കെ അറിയാനും പെട്ടന്ന് തീരുമാനങ്ങള്‍ എടുക്കാനും ഈ ബിഗ് ഡാറ്റ ഒരു സഹായമാണ്. 2016ല്‍ തന്നെ, ഏതാണ്ട് 20 ബില്യണ്‍ ഡോളര്‍ ആണ് ബിഗ് ഡാറ്റ അവലോകനത്തിനായി അമേരിക്കന്‍ ബാങ്കുകള്‍ ചിലവഴിച്ചത്. പകര്‍ച്ചവ്യാധികള്‍ തടയാനും, ആരോഗ്യപരിചരണ വിഷയത്തിലും പ്രകടമായ മാറ്റങ്ങള്‍ക്കു ഈ ബിഗ് ഡാറ്റ കുറച്ചൊന്നുമല്ല സര്‍ക്കാരുകള്‍ ഉപകാരപ്പെടുത്തുന്നത്.

ഓരോ കാന്‍സര്‍ രോഗികളും ടെറാബൈറ്റ്‌സ് കണക്കിനുള്ള ബയോ മെഡിക്കല്‍ വിവരങ്ങളാണ് ഉണ്ടാക്കുന്നത്, ഇതിലെവിടെയെങ്കിലും മാരകമായ ഈ അസുഖത്തിനുള്ള എന്തെങ്കിലും പ്രതിവിധി ഒളിച്ചിരിപ്പുണ്ടാകാതിരിക്കില്ല. പലവിധ കാന്‍സറിനും പ്രതിവിധികള്‍ പടിവാതിലില്‍ എത്തി നില്‍ക്കയാവാം. ഈ ബിഗ് ഡാറ്റാ അതിനു കാരണമാണ്.

ബിഗ് ഡാറ്റാ അതിന്റെ പ്രയാണം ആരഭിച്ചതേയുള്ളൂ, 2020 ആകുമ്പോഴേക്കും ഓരോ സെക്കന്റിലും ഓരോരുത്തരില്‍നിന്നും 1.7 മെഗാബൈറ്റ്‌സ് വിവരങ്ങള്‍ ശേഖരിക്കാനാവും എന്നാണ് കണക്കുകൂട്ടുന്നത്. ഇത്തരം വിവരശേഖരണങ്ങളില്‍ നിന്നും, അതിന്റെ ദ്രുതഗതിയുള്ള വിശകലനങ്ങളില്‍നിന്നും അല്‍ഭുതകരമായ ഒരു ലോകത്തേക്കാണ് നമ്മള്‍ അറിയാതെ നടന്നടുക്കുന്നത്.

ഇന്നത്തെ ജോലികള്‍ ഒക്കെ അപ്പാടെ മാറ്റപ്പെടുകയും നാളിതുവരെ കാണാത്ത പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകയും ചെയ്യാം. ഒരു രാജ്യത്തിന്റെ മൂല്യം തന്നെ ഈ ബിഗ് ഡാറ്റാ എങ്ങനെ ഉപയോഗപ്പെടുത്തന്നതിനെ ആശ്രയിച്ചിരിക്കും. രാജ്യതന്ത്രഞ്ജതക്കും, രാഷ്ട്രീയങ്ങള്‍ക്കും, മതത്തിനും, മൂല്യങ്ങള്‍ക്കും ഒക്കെ രൂപഭാവഭേദം ഉണ്ടാകാം.

പക്ഷെ, നമ്മുടെ സ്വകാര്യതക്ക് കനത്ത വില നല്‍കേണ്ടിവരും എന്നതാണ് ഇതിന്റെ ഒരു മറുവശം. ടെക്‌നോളജി ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു അളവുകോലായി ഓരോനിമിഷവും നമ്മെ അരിച്ചുപെറുക്കുമ്പോള്‍, അവിടെ സ്വകാര്യതക്കു സ്ഥാനമില്ലാതാകും. എങ്ങനെ ഈ അശ്വമേധത്തെ പിടിച്ചുനിറുത്താനാവും എന്നത് ഒരു ആശങ്ക തന്നെയാണ്. കമ്പനികള്‍ അനുവദിച്ചുതരുന്ന സ്വാതന്ത്ര്യം, അവര്‍ വച്ചുനീട്ടുന്ന വിശ്വസ്തത, സമര്‍പ്പണം, ഉത്തരവാദിത്തം തുടങ്ങിയ മൂല്യങ്ങള്‍ ആയിരിക്കും നാളയുടെ മാനദണ്ഡം.

Big-Data-blog-20th-janനമ്മുടെ ശീലങ്ങള്‍ അവര്‍ നിശ്ചയിക്കും അതിനുള്ള ചിലവും നമ്മളില്‍ നിന്നുംതന്നെ അവര്‍ ഈടാക്കും. കഴിവുള്ളവനും പ്രാപ്തിയുള്ളവനും മെച്ചമായ പ്രീമിയം പ്രോഡക്ടസ് നല്‍കി വരേണ്യവര്‍ഗ്ഗത്തിന്റെ ഒരു പുതിയ കാഴ്ചപ്പാട് അവര്‍ സൃഷ്ടിക്കും. നമ്മുടെ സാധാരണ പ്രക്രിയകള്‍ക്കു ബദല്‍ മാര്‍ഗരൂപം എപ്പോഴും നല്കിക്കൊണ്ടിരിക്കും , അതാണ് നല്ലത് എന്ന് നമ്മെ ബോധ്യപ്പെടുത്താനുള്ള ശരികളും അതോടൊപ്പം അവര്‍ ചേര്‍ത്തുവെയ്ക്കും. നമ്മളെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിക്കും അവര്‍ തിരഞ്ഞെടുത്ത ഉത്തരങ്ങള്‍ നമ്മെ സംതൃപ്തരാക്കും. മറക്കാനും പൊറുക്കാനും ഉള്ള നമ്മുടെ കഴിവ് ഇല്ലാതാകും, കാരണം എത്ര കാലം കഴിഞ്ഞാലും ഓരോ ശരികളും തെറ്റുകളും നമ്മുടെ മുന്നില്‍ അനുനിമിഷം വന്നു നൃത്തം വയ്ക്കും.

കമ്പനികള്‍ നമ്മുടെ അനുവാദമില്ലാതെ നമ്മുടെ സ്വകാര്യതയില്‍ കടന്നുകയറുകയും നമ്മുടെ സ്വതന്ത്ര ചിന്തകളെ നിയന്ത്രിക്കയും ചെയ്യുന്നത് നിയമപരമായി തടയാനാവുമോ? ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ വന്‍ കമ്പനികളെ വിശ്വസിക്കാനാവുമോ? അലക്‌സാ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിനോട് എത്ര നിഷ്‌കളങ്കമായിട്ടാണ് നാം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്? നമ്മുടെ ഓരോ ചോദ്യവും അവര്‍ക്കുവിളവെടുപ്പുകാലമാണ്. ഈ നവജീവിതരീതികള്‍ നമ്മുടെ വ്യക്തിഗത ചിന്താഗതിയെ മാറ്റി ഗ്രൂപ്പായിട്ടു ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. നാം അറിയാതെ മനുഷ്യത്വം നശിച്ച ശിഥിലമായ ഒരു കൂട്ടമായി മാറ്റപ്പെടുകയാണ്.

യൂറോപ്പില്‍, സ്വകാര്യതയുടെ നിയമപരമായ പരിധികള്‍ ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അവ നിയന്ത്രിത നിലയില്‍ കൊണ്ടുവരേണ്ടതുണ്ട്. അതിനു കമ്പനികളോട് അപേക്ഷിക്കയല്ല ശക്തമായ നിയമങ്ങളും മുന്തിയ പിഴകളും കൊണ്ടുവരേണ്ടതുണ്ട്. കമ്പനികള്‍ ഉത്തരവാദിത്വത്തോടുകൂടി, ജാഗ്രതയോടെ, സ്വകാര്യത നിലനിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ഒരു വിരലില്‍ എണ്ണാവുന്ന ആളുകള്‍ ലോകത്തെയും രാജ്യങ്ങളെയും വിരല്‍ത്തുമ്പില്‍ നിറുത്തുന്നകാലം അതിവിദൂരമല്ല.

കമ്പനികളുടെ താല്പര്യസംരക്ഷകരായ ജനപ്രതിനിധികള്‍ ഒരിക്കലും തിരഞ്ഞെടുക്കപ്പെടരുത്. അറിവുതേടുന്ന, ബുദ്ധിയുള്ള, വിശ്വസിക്കാവുന്ന, ലളിതജീവിതം നയിക്കുന്ന പ്ലേറ്റോയുടെ ഫിലോസഫര്‍ കിംഗ് ആകട്ടെ നമ്മുടെ പ്രതിനിധികള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top