ക്രിസ്തുവിനു പകരമോ പിണറായി ?

kristhuvinu pakaramo bannerമുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ക്രിസ്തുവിനേക്കാള്‍ പ്രിയങ്കരനായിരിക്കുകയാണ് കേരളത്തിലെ ചില ക്രൈസ്തവ സഭാദ്ധ്യക്ഷന്മാര്‍ക്ക്. ക്രിസ്തുവിനെ നാഥനായി കണ്ടിരുന്ന സഭയില്‍ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് നാഥനായത് മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോള്‍ മുതലാണ്. കേരളത്തില്‍ 57 മുതല്‍ പല കമ്മ്യൂണിസ്റ്റ് നേതാക്കളും മുഖ്യമന്ത്രിമാരായിട്ടുണ്ട്. അന്നും ക്രൈസ്തവസഭയും ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരും കേരളത്തിലുണ്ടായിട്ടുമുണ്ട്. ആ മുഖ്യമന്ത്രിമാരുമായി ഇതില്‍ പലര്‍ക്കും ആരോഗ്യകരമായ സൗഹൃദം ഉണ്ടായിട്ടുമുണ്ട്. കമ്മ്യൂണിസത്തെയും ഇടതുപക്ഷചിന്താഗതിയേയും പരസ്യമായി പൗലോസ് മാര്‍ പൗലോസ് തിരുമേനി ഉള്‍പ്പെടെയുള്ള ചില ക്രൈസ്തവ മതാദ്ധ്യക്ഷന്മാര്‍ പിന്തുണച്ചിട്ടുമുണ്ട്. എന്നാല്‍ അവര്‍ പോലും കമ്മ്യൂണിസ്റ്റ് നേതാക്കളേയും ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അമരക്കാരനായ മുഖ്യമന്ത്രിമാരെ ക്രിസ്തുവിനോട് ഉപമിക്കുകയോ ക്രിസ്തുനാഥനു തുല്യനായി കണ്ടിട്ടുമില്ല.

photo new-smallഒരു പരമോന്നത ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ സഭയ്ക്ക് നാഥനുണ്ടായിയെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ അതുവരെ ക്രിസ്തുവിനെ നാഥനായി കണ്ടിരുന്ന ക്രൈസ്തവലോകം അമ്പരപ്പോടെയല്ല അതിശയപ്പെട്ടുകൊണ്ടാണ് അത് ശ്രവിച്ചത്. കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ പോലും മുഖ്യമന്ത്രിമാരായിരുന്ന കേരളത്തില്‍ അവരെയൊന്നും തങ്ങളുടെ നാഥനായി കരുതാതിരുന്ന അന്നത്തെ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ പിന്‍ഗാമികള്‍ക്ക് പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ തങ്ങളുടെ നാഥനായി കരുതാനുണ്ടായ പ്രചോദനമെന്താണ്.

നിന്‍റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുതെന്ന് നാഴികയ്ക്ക് നാല്പതുവട്ടം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തിയ ആ പിതാവ് പിണറായിയെ കണ്ടപ്പോള്‍ കുചേലന്‍ തന്‍റെ സഥീര്‍ത്ഥ്യനും ആത്മാര്‍ത്ഥ സുഹൃത്തുമായ ഭഗവാന്‍ കൃഷ്ണനെ കണ്ട പോലെയായിപ്പോയിയെന്ന് പറയാം. ആ ആവേശത്തില്‍ പത്രക്കാരെ കണ്ടപ്പോള്‍ തങ്ങളുടെ യഥാര്‍ത്ഥ നാഥനെ അങ്ങ് മറന്നുപോയിയെന്നതാണ് സത്യം. ഒരു വിശ്വാസിയായിരുന്നു ഇത്തരത്തില്‍ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്കെതിരെ അനുസരണക്കേടിന്‍റെ വടിയുമായി അവനെ വിശ്വാസം പഠിപ്പിച്ചേനെ. ആശാനു പിഴച്ചാല്‍ ഏത്തമില്ലല്ലോ എന്നതാണ് ഒരു വസ്തുത.

അതേ നാവുകൊണ്ട് ആ പിതാവ് തിരഞ്ഞെടുപ്പ് ദിവസം മറ്റൊരഭിപ്രായ പ്രകടനവും പിണറായി വിജയനെക്കുറിച്ച് പറയുകയുണ്ടായി. അദ്ദേഹം വ്യത്യസ്ത വ്യക്തിത്വമുള്ള വ്യക്തിയെന്നതായിരുന്നു അന്ന് അഭിപ്രായപ്പെട്ടത്. ഇതിന് സമാനമായ അഭിപ്രായ പ്രകടനമാണ് ഇടതു ചിന്താഗതിയുമായി ജനകീയനാകാന്‍ ശ്രമിക്കുന്ന മറ്റൊരു ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍റെ അഭിപ്രായ പ്രകടനവും പിണറായി വിജയനെക്കുറിച്ച് ഉണ്ടായത്. ഒരു മതത്തിന്‍റെ വക്താക്കളാണെങ്കിലും ഇരുവരും രണ്ട് ദ്രുവങ്ങളിലാണ് എന്നതു കൊണ്ട് ഒരു കാര്യം ഉറപ്പിച്ചു പറയാം ഇവരുടെ വാക്കുകളില്‍ സ്തുതിപ്പ് വ്യക്തമാണ്.

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ സ്തുതിക്കാനും പുകഴ്ത്താനും ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അവകാശവും അധികാരവുമുണ്ട്. എന്നിരുന്നാലും ഇത്രയധികം പുകഴ്ത്താനും സ്തുതിക്കാനും മാത്രം വ്യത്യസ്ത വ്യക്തിത്വം ഒളിഞ്ഞിരിപ്പുണ്ടോ പിണറായി വിജയനില്‍. മറ്റുള്ള മുഖ്യമന്ത്രിമാരില്‍ നിന്ന് ഏറെ വ്യത്യസ്തനായ വ്യക്തിത്വമുള്ള വ്യക്തിയായി പിണറായി വിജയനെ വേറിട്ട് നിര്‍ത്തുന്ന ഏത് ഘടകമാണ്. നവോത്ഥാനം പാതിരാത്രിയില്‍ നടപ്പാക്കാന്‍ തയ്യാറായ മന്ത്രിസഭയുടെ അമര ക്കാരനായതാണോ. നോഹ യുടെ കാലത്തുപോലുമുണ്ടാകാത്ത പ്രളയം കേരള ത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്‍റെ സത്യാവസ്ഥ ജനങ്ങളില്‍ നിന്ന് മറച്ചുവച്ചതോ.

പ്രളയത്തില്‍ തകര്‍ന്നവര്‍ക്ക് പുനരുദ്ധാരണത്തിനായി സമാഹരിച്ച തുക മുഴുവന്‍ നല്‍കാമെന്ന് പറഞ്ഞ് ജനത്തിന് ആശ നല്‍കിയതിനോ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന ഓമനപ്പേരിലുള്ള രാഷ്ട്രീയ പകപോക്കലുകള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുമ്പോള്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുണ്ടായിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലതാമസം വരുത്തി അന്വേഷണം ചാപിള്ളയാക്കിയതിനോ. സുപ്രീം കോടതിവിധിപോലും രാഷ്ട്രീയം നോക്കി നടത്തിയതിനോ അങ്ങനെ പട്ടികകള്‍ പലതുണ്ട് ആ വ്യക്തിത്വം അളക്കാനായിട്ട്. രാഷ്ട്രീയത്തിനപ്പുറം പലതുമുണ്ട് അതു വ്യക്തമാക്കാന്‍.

അഭിപ്രായ പ്രകടനം ആര്‍ക്കും നടത്താനുള്ള അവകാശം ജനാധിപത്യ രാജ്യമായ ഇന്ത്യയിലുണ്ട്. എന്നാല്‍ ആ അഭിപ്രായ പ്രകടനം അവസരോചിതവും അര്‍ഹിക്കുന്ന രീതിയിലുമായിരിക്കണം. ഇല്ലെങ്കില്‍ അത് അരോജകരവും അനവസരത്തിലുള്ള അധരപ്രയോഗവും ആയിരിക്കും. യാഥാര്‍ത്ഥ്യത്തെ കാണാതെ അത് തള്ളിക്കളഞ്ഞുകൊണ്ട് പുകഴ്ത്തലുകള്‍ നടത്തുമ്പോള്‍ അതിന്‍റെ പിന്നില്‍ വ്യക്തിതാല്പര്യമോ ബാഹ്യതാല്പര്യമോ ഉണ്ടോയെന്ന് ജനങ്ങള്‍ സംശയിക്കുമ്പോള്‍ അത് തള്ളിക്കളയാന്‍ കഴിയില്ല.

കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു സി. അച്ചുതമേനോന്‍. രാഷ്ട്രീയ ജീവിതത്തിലും പൊതു ജീവിതത്തിലും സംശുദ്ധിയോടെ പ്രവര്‍ത്തിച്ച വ്യക്തിത്വം. അധികാരത്തിലിരുന്നപ്പോഴും അതിനുശേഷവും ലാളിത്യം കൈമുതലായി കരുതിയ വ്യക്തിപ്രഭാവം. വികസനത്തില്‍ കേരളത്തെ ഒരു പുതിയ ദിശയിലേക്ക് കൊണ്ടു പോയ ഭരണ നൈപുണ്യം. അതിന്‍റെ അംഗീകാരമായിരുന്നു സി. അച്ച്യുതമേനോന്‍റെ നേതൃത്വത്തിലുള്ള മുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. കേരള ത്തില്‍ ഇതുവരെ ഭരണ തുടര്‍ച്ചയുണ്ടായ ഏക മന്ത്രിസഭയായിരുന്നു അച്ച്യുത മേനോന്‍റെ മന്ത്രിസഭയെന്നത് ആ അംഗീകാരമായി കരുതാം.

കര്‍ക്കശക്കാരനായിരുന്നെങ്കിലും ഭരണത്തില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു കേരളത്തിന്‍റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട്. കുടുംബാംഗങ്ങള്‍ക്കുപോലും സര്‍ക്കാര്‍ സംവിധാനം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉപയോഗിക്കാത്തത്ര കാര്‍ക്കശ്യം. ഔദ്യോഗിക വാഹനം പോലും മുഖ്യമന്ത്രിയ്ക്കല്ലാതെ കുടുംബാംഗങ്ങളില്‍ ആര്‍ക്കും ഉപയോഗിക്കാന്‍ അനുവദിക്കാത്ത ഭരണാധികാരി. അങ്ങനെ ആ പട്ടികയും നീളുന്നു.

അഴിമതിയുടെ കറപുരളാത്ത ആരോപണങ്ങള്‍ ഏഴയലത്തുപോലുമില്ലാതിരുന്ന ഭരണാധികാരിയായിരുന്നു ഇ.കെ.നയനാര്‍. അധികാരത്തിന്‍റെ തലക്കനമില്ലാത്ത ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഇ.കെ. നയനാര്‍. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്നും ജനകീയ നേതാവെന്നും നായനാരെക്കുറിച്ച് പറഞ്ഞാല്‍ ആരും അതിശയോക്തി കണ്ടിരുന്നില്ല. ആദ ര്‍ശത്തിന്‍റെ ആള്‍രൂപമെന്ന് അര്‍ത്ഥപൂര്‍ണ്ണമായി പറഞ്ഞിരുന്ന വ്യക്തിയായിരുന്നു മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്‍റണി. പി.കെ.വി യേയും, സി.എച്ച്നേയും കരുണാകരനേയും ഉമ്മന്‍ ചാണ്ടിയേയും വി.എസി നേയും ഇന്നും ആരാധനയോടെ കാണുന്നവരാണ് കേരള ജനത. പ്രളയം വന്നാ ലും വരള്‍ച്ച വന്നാലും രാഷ്ട്രീയത്തിനധീതമായി ജനങ്ങളെ സഹായിച്ചിരുന്നവരായിരുന്നു ഇവരെന്ന് മുന്‍പും പിന്‍പും നോക്കാതെ പറയാ ന്‍ കേരള ജനതയ്ക്ക് കഴിഞ്ഞിരുന്നെങ്കില്‍ പിണറായി വിജയനെക്കുറിച്ച് ആ അഭിപ്രായം കേരള ജനതയ്ക്കുണ്ടോ. സുരക്ഷാ സേനയുടെ കവചവും അധികാരത്തിന്‍റെ കവചവും അതിരുകളായി തീര്‍ത്ത് ജനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ഭരണാധികാരമാണോ ഈ വ്യക്തിത്വം. ആ വ്യക്തിത്വ മാണോ വേറിട്ടു നില്‍ക്കുന്നത്.

വോട്ടു നല്‍കി അധികാരത്തിലെത്തിച്ച ജനത്തെ കണ്ടാല്‍ അറപ്പും അതിലേറെ അമര്‍ഷവും ഇവരാരും കാണിച്ചിരുന്നില്ല. സമൂഹത്തിലെ സ്ഥാനം നോക്കി ആളുകളെ അരികത്തു നിര്‍ത്തുകയും അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നില്ല. വേറിട്ട വ്യക്തിത്വം അവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ അവരെയൊന്നും ക്രിസ്തുനാഥന്‍റെ സ്ഥാനത്ത് അന്നത്തെ ക്രൈസ്തവ നേതൃത്വം കാണാതിരുന്നത് ക്രിസ്തു സഭയുടെ ആരാണെന്നുള്ള ഉത്തമ ബോദ്ധ്യ മുള്ളതുകൊണ്ടു തന്നെ.

സഭയെ വിശ്വാസത്തിലടിയുറപ്പിച്ചു നിര്‍ത്തി ഭൗതീകതയേക്കാള്‍ ആത്മീയ വളര്‍ച്ച ലക്ഷ്യമാക്കേണ്ടവരാണ് സഭാദ്ധ്യക്ഷന്മാര്‍. വിളിച്ച വിളിക്ക് യോഗ്യമായ ജീവിതം നയിക്കാന്‍ പൗലോസ് അപ്പസ്തോലന്‍ പറഞ്ഞത് ജനത്തെ നോക്കിയല്ല അവരെ നയിക്കുന്നവരെ നോക്കിക്കൂടെയായിരുന്നു. നോമ്പുകാലത്തുപോലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണത്തിനു പോകുന്ന വൈദീകര്‍പോലും ഇന്ന് കേരളത്തിലെ ക്രൈസ്തവ സഭകളിലുണ്ടെന്ന് പറയുമ്പോള്‍ അവര്‍ നല്‍കുന്ന സന്ദേശം എന്താണ്. ഇരു വള്ളത്തില്‍ കാലു വച്ചുകൊ ണ്ട് മാമോനേം ദൈവത്തെയും കൊണ്ടുപോകുമ്പോള്‍ അവരില്‍ ആരാണ് സഭയുടെ നാഥനെന്ന അവര്‍ക്കു സംശയം. വിശ്വാസികള്‍ ചിതറിപ്പോകുന്നത് അതുകൊണ്ടാണ്.

പണ്ട് അരമനകളിലേക്ക് രാഷ്ട്രീയക്കാര്‍ പോകുകയായിരുന്നു പതിവ്. അവര്‍ക്ക് അതിന് ആവശ്യമുണ്ടായിരുന്നു. ഇന്ന് അതിന് വിപരീതമായ പ്രവര്‍ത്തിയാണ് കാണുന്നത്. അതിന് എന്ത് ന്യായീകരണമുണ്ട്. ആത്മീയതയേക്കാള്‍ ഭൗതീകത ലക്ഷ്യം വയ്ക്കുന്നതു കൊണ്ടോ. രാഷ്ട്രീയ നില പാടുകള്‍ക്ക് അപ്പുറം ദൈവീകത്വമാണ് സഭയിലും നേതൃത്വത്തിലും വരേണ്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment