പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം; ചോദ്യങ്ങൾക്കെല്ലാം അമിത് ഷായുടെ മറുപടി

modi-amit-shahന്യൂദൽഹി: പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യത്തെ വാര്‍ത്താസമ്മേളനം ബി.ജെ.പി ആസ്ഥാനത്ത് നടന്നു .ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുടെ ഒപ്പമാണ് വാര്‍ത്താസമ്മേളനത്തിന് പ്രധാനമന്ത്രി എത്തിയത് . അമിത് ഷാ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.

എന്നാൽ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മടങ്ങി. അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ചോദ്യം ചോദിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും മറുപടി പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ആയിരുന്നു.

എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബാധിപത്യത്തെ തകര്‍ത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. വീണ്ടും അധികാരത്തിലെത്തുമെന്ന് പറഞ്ഞ മോദി മെയ് 23-ന് ബിജെപി ഓഫീസില്‍ നിന്ന് എല്ലാവര്‍ക്കും മധുരം ലഭിക്കുമെന്നും പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന തരം പുതിയ ഭരണരീതിയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. അഞ്ച് വര്‍ഷത്തിനിടെ തന്റെ ഒരു പരിപാടി പോലും റദ്ദായിട്ടില്ല. പരമാവധി അച്ചടക്കത്തോടെ ഭരണം മുന്നോട്ടുപോയെന്നും മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. പ്രകൃതി ദുരന്തം വന്നപ്പോഴും തെരഞ്ഞെടുപ്പ് കാലത്തും മാധ്യമപ്രവര്‍ത്തകര്‍ നന്നായി പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മോദി ഭരണം വീണ്ടും അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അമിത് ഷായും പറഞ്ഞു. ബി.ജെ.പിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഏറ്റവും പ്രധാനപ്പെട്ടതാണ്. വളരെ കഠിനാധ്വാനം നടത്തിയ തെരഞ്ഞെടുപ്പാണ് അവസാനിക്കുന്നത്. മോദി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

ജനക്ഷേമത്തിനായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. ശൌചാലയം, വൈദ്യുതി, ഗ്യാസ് എല്ലാവര്‍ക്കും ലഭ്യമാക്കി. രാജ്യത്ത് അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു. 50 കോടി ജനങ്ങളുടെ വികസനം കേന്ദ്രം ഉറപ്പുവരുത്തി. ആദിവാസികള്‍, സ്ത്രീകള്‍, ദളിതര്‍ എന്നിവരുടെ വികസനം ഉറപ്പാക്കിയെന്നും ഷാ പറഞ്ഞു.

ജനുവരി മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ട 120 സീറ്റുകളില്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മികച്ച വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മേം ബി ചൌകിദാര്‍’ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു. മോദി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. അത് ആഗ്രഹിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ രാജ്യത്തുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

മോദിയും അമിത്ഷായും വാര്‍ത്താ സമ്മേളനം നടത്തുന്ന അതേ സമയത്ത് തന്നെ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടു. ഇപ്പോഴെങ്കിലും മോദി മാധ്യമങ്ങൾക്ക് മുന്നിൽ വന്നത് നന്നായെന്നായിരുന്നു സമാന്തര വാര്‍ത്താ സമ്മേളനം നടത്തിയ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. മോദി റഫാലിനെക്കുറിച്ചും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. മോദിയോട് മാധ്യമങ്ങള്‍ക്ക് മൃദു സമീപനമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഹിംസയാണ് മോദിയുടെ പ്രത്യയ ശാസ്ത്രമെന്നും രാഹുല്‍ വിമര്‍ശിച്ചു.

‘അഭിനന്ദനങ്ങള്‍, മഹത്തായ വാര്‍ത്താ സമ്മേളനം ! മോദിയുടെ വാര്‍ത്താസമ്മേളനത്തെ ട്രോളി രാഹുല്‍

667256-modi-rahul-collage-2‘അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റര്‍ ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! ‘ എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് മോദി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയായിരുന്നു വാര്‍ത്താ സമ്മേളനം. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വൈകീട്ട് വാര്‍ത്താ സമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു നരേന്ദ്രമോദിയുടെ കടന്നു വരവ്.

പാര്‍ട്ടി പ്രസിഡന്‍റ് ഉള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവർത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി. പ്രധാനമന്ത്രിയോടാണ് ചോദ്യമെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മോദി മറുപടി പറയാൻ തയ്യാറായില്ല.

മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും അതിനാല്‍ മാധ്യമങ്ങളെ ഭയമാണെന്നും യെച്ചൂരി

new152പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിമുഖീകരിച്ചതിനെ വിമര്‍ശിച്ച് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

മോദി ഇന്ന് നടത്തിയത് വാര്‍ത്താസമ്മേളനം അല്ലെന്നും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപെടലെന്നും യെച്ചൂരി പരിഹസിച്ചു. മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും അതിനാല്‍ മാധ്യമങ്ങളെ ഭയമാണെന്നും യെച്ചൂരി വ്യക്തമാക്കി.

താടിയും പ്രസ് ചെയ്ത് മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങാണോ പ്രസ് കോണ്‍ഫറന്‍സ് ; മോദിയെ ട്രോളി ബല്‍റാം

balram-modiപാലക്കാട്: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിമുഖീകരിച്ചതിനെ പരിഹസിച്ച് വി.ടി ബല്‍റാം രംഗത്ത്. താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറന്‍സ് എന്ന് പറയുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

‘അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ലെന്ന് ഇപ്പോ മനസിലായി’ ; മോദിയെ ട്രോളി എംഎം മണി

modi-mm-maniതിരുവനന്തപുരം: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാര്‍ത്താസമ്മേളനം നടത്തിയ നരേന്ദ്രമോദിയെ ട്രോളി മന്ത്രി എംഎം മണി രംഗത്ത്. മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതിരുന്നപ്പോഴാണ് അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ലെന്ന് മനസിലായതെന്ന് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒന്നിന് പോലും വാര്‍ത്താസമ്മേളനത്തില്‍ മോദി മറുപടി പറഞ്ഞില്ല. ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോാള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മോദി പറഞ്ഞത്.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയാത്തതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment