Flash News

ഗാന്ധി നിന്ദ അനുവദിച്ചുകൊടുക്കരുത് (എഡിറ്റോറിയല്‍)

May 18, 2019

Gandhi_1549175494208രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ രാഷ്ട്രീയ സങ്കുചിത താത്പര്യങ്ങള്‍ക്കായി ദുര്‍‌വ്യാഖ്യാനം ചെയ്യുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല. മഹാത്മാ ഗാന്ധി വെറുമൊരു സാധാരണ പുരുഷനല്ല. ആധുനിക ഇന്ത്യാ മഹാരാജ്യത്തിന്‍റെ പ്രണേതാവിന്‍റെ നാമധേയമാണത്. സ്വാതന്ത്ര്യ സമരകാലത്ത് ജീവിച്ചിരുന്ന മുപ്പതു കോടിയില്‍പ്പരം ഇന്ത്യക്കാര്‍ർ മനസറിഞ്ഞു പ്രതിഷ്ഠിച്ച മഹാത്മാവാണ് ഗാന്ധിജി. സ്വതന്ത്ര ഭാരതത്തിന്‍റെ പിതാവാണദ്ദേഹം. ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിയുടെയോ ഏതെങ്കിലും ജനവിഭാഗത്തിന്‍റെയോ നേതാവല്ല, മുഴുവന്‍ ഇന്ത്യക്കാരുടെയും ലോകാരാധ്യനായ പ്രതീക പ്രതിപുരുഷനാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, തെരഞ്ഞെടുപ്പിന്‍റെ അവസാന നാളുകളില്‍ മഹാത്മാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളുമായി ചില നേതാക്കള്‍ രംഗത്തു വന്നത് വേദനാജനകവും ദുഃഖകരവുമാണ്. പ്രസ്താവനകള്‍ നടത്തിയതെല്ലാം ബിജെപി നേതാക്കളാണെന്നതും ബിജെപി അവരെ തള്ളിപ്പറഞ്ഞു എന്നതും നേരുതന്നെ. വിവാദ പ്രസ്താവന നടത്തിയ പ്രഗ്യ സിംഗ് ഠാക്കൂറിനോട് പൊറുക്കാനാവില്ല എന്നു പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയൊരു വിവാദമുയര്‍ത്തിയവര്‍ക്കെതിരേ പാര്‍ട്ടി നടപടികള്‍ അമിത് ഷാ സ്വീകരിക്കുന്നുമുണ്ട്. പക്ഷേ, അതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല, ഗാന്ധി നിന്ദ.

സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഭീകരന്‍ ഹിന്ദുവാണെന്നും അയാള്‍ നാഥൂറാം ഗോഡ്സെയാണെന്നും തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ച മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാ‍യ നടന്‍ കമല്‍ ഹാസന്‍റെ പ്രസ്താവനയോടെയാണു വിവാദങ്ങളുടെ തുടക്കം. കമല്‍ ഹാസന്‍ രാഷ്‌ട്രീയത്തിലിറങ്ങിയിട്ട് അധികം കാലമായിട്ടില്ല. തമിഴകത്ത് ചലച്ചിത്രമേഖലയില്‍ നിന്നു വന്ന് അധികാരം പിടിച്ച എം.ജി. രാമചന്ദ്രനെപ്പോലെയോ ജയലളിതയെപ്പോലെയോ വലിയ സ്വാധീനം ചെലുത്താനുള്ള ശേഷിയും അദ്ദേഹത്തിനില്ല. അതേസമയം, ഇവരെക്കാള്‍ ചലച്ചിത്ര മാധ്യമത്തിലൂടെ ജനങ്ങളുമായി സംവദിക്കാനും സ്വാധീനിക്കാനും കഴിഞ്ഞ കലാകാരനാണു കമല്‍. ഗോഡ്സെയെ “ഹിന്ദു” പദപ്രയോഗവുമായി ചേര്‍ക്കേണ്ടിയിരുന്നോ എന്ന ചോദ്യം ഒരുവശത്തുണ്ട്. ഇത്തരം വൈകാരികമായ പ്രതികരണങ്ങള്‍ കമല്‍ ഹാസനെപ്പോലെ ഒരു കലാകാരനില്‍ നിന്നുണ്ടാവാമോ എന്ന ചോദ്യമുണ്ട്.

കമല്‍ ഹാസനു മറുപടി പറഞ്ഞ ബിജെപി നേതാവും ഭോപ്പാലിലെ സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിനു വലിയ പിഴവു സംഭവിച്ചു. ഗാന്ധിജിയെ വധിച്ച ഗോഡ്സെ രാജ്യസ്നേഹി ആയിരുന്നു, രാജ്യ സ്നേഹി ആണ്, രാജ്യ സ്നേഹി ആയിരിക്കുകയും ചെയ്യും എന്നാണു പ്രഗ്യ പ്രഖ്യാപിച്ചത്. പ്രഗ്യയെ തള്ളിപ്പറഞ്ഞ നരേന്ദ്ര മോദിയുടെ നടപടി അനുകരണീയവും മാതൃകാപരവുമാണ്. രാഷ്‌ട്രപിതാവിനെ അപമാനിച്ചതിനു മനസില്‍ തട്ടി, പ്രഗ്യയോടു ക്ഷമിക്കാനാവില്ലെന്നാണ് മോദി തുറന്നു പറഞ്ഞത്.

അതേസമയം, പ്രഗ്യയുടെ പ്രസ്താവനയ്ക്കു പിന്തുണ രേഖപ്പെടുത്തിയ കേന്ദ്ര മന്ത്രി അനന്ത കുമാര്‍ ഹെഗ്ഡെയും കര്‍ണാടകയിലെ ബിജെപി എംപി നളിന്‍ കുമാര്‍ കാട്ടീലും പുലിവാലു പിടിച്ചു. ഇരുവരും പിന്നീടു പ്രസ്താവനകള്‍ പിന്‍വലിച്ചു. എന്നാല്‍, ഒരു പടി കൂടി കടന്നായിരുന്നു, ബിജെപി മധ്യപ്രദേശ് ഘടകം മാധ്യമ വിഭാഗം മേധാവി അനില്‍ സൗമിത്രയുടെ പ്രതികരണം. ഗാന്ധിജി പാക്കിസ്ഥാന്‍റെ രാഷ്‌ട്ര പിതാവാണെന്നായിരുന്നു സൗമിത്രയുടെ കമന്‍റ്. അതിന്‍റെ പേരില്‍ സൗമിത്രയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു തന്നെ പുറത്താക്കിയിരിക്കയാണ്.

സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കു തയാറെടുക്കുകയാണ് ഭാരതം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര റിപ്പബ്ലിക് എന്ന നിലയില്‍ രാജ്യത്തെ വളര്‍ത്തിയെടുത്തതു മഹാത്മാ ഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍, പണ്ഡിറ്റ് ദീന ദയാല്‍ ഉപാധ്യായ, ബാബാ സാഹിബ് അംബേദ്കര്‍ തുടങ്ങി ഒട്ടേറെ ദേശീയ നേതാക്കളുടെ കഠിനമായ പരിശ്രമഫലമാണ്. അവരുടെ കാലഘട്ടങ്ങളില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടും അവയെ അതിജീവിച്ച് ജനങ്ങള്‍ക്കൊപ്പം നിന്നും പടുത്തുയര്‍ത്തിയ ജനാധിപത്യത്തിന്‍റെ ശക്തമായ അടിത്തറയില്‍ കാലുറപ്പിച്ചു നിന്നാണ് ഇപ്പോള്‍ പല നേതാക്കളും ദേശീയ നേതാക്കളെ അപമാനിക്കുന്നതും അവരുടെ സേവനങ്ങളെ ഭത്സിക്കുന്നതും. നാഥൂറാം വിനായക ഗോഡ്സെ എന്നയാള്‍ ഒരാളെ കൊലപ്പെടുത്തിയതുകൊണ്ടാണ് അദ്ദേഹം പ്രസിദ്ധനായതെന്നാണു കപില്‍ മിശ്ര എന്ന ബിജെപി നേതാവിന്‍റെ കമന്‍റ്. പക്ഷേ, ഗോഡ്സെ കൊലപ്പെടുത്തിയതു കേവലം ഒരാളെയല്ല, ഇന്ത്യയുടെ ആത്മാവിനെയാണ്. അതിലൂടെ ഗോഡ്സെ പ്രശസ്തനാവുകയല്ല, കുപ്രസിദ്ധനാകുകയാണു ചെയ്തത്. ഭീകരമായ ഈ കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുകയല്ല, രാജ്യത്തിനേറ്റ വലിയ മുറിപ്പാടായിത്തന്നെ കരുതണം. അതുകൊണ്ടു തന്നെയാണ് ഗാന്ധിനിന്ദ നടത്തിയവര്‍ക്കു ഹൃദയത്തില്‍ത്തൊട്ട് മാപ്പു കൊടുക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്നു പറയേണ്ടി വന്നത്. സ്വന്തം പാര്‍ട്ടിക്കാരോടാണു മോദി ഇതു പറഞ്ഞതെന്നിരിക്കെ, കോടിക്കണക്കിന് ഇന്ത്യക്കാര്‍ മനസില്‍ പൂവിട്ടു പൂജിക്കുന്ന മഹാത്മജിയടക്കമുള്ള ദേശീയ നേതാക്കളെ നിന്ദിക്കുകയല്ല, വന്ദിക്കാന്‍ തന്നെ എല്ലാവരും പരിശീലിക്കണം, മറ്റുള്ളവരെ പരിശീലിപ്പിക്കുകയും വേണം.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top