വാളും ബോംബും ജനാധിപത്യവും

valum bombumതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതിന്റെ പേരില്‍ ഒരാളെ വഴിയില്‍ വെട്ടിവീഴ്ത്തുക. കള്ളവോട്ടില്‍ നഷ്ടപ്പെട്ട സമ്മതിദാനാവകാശം റീപോളിംഗില്‍ വീണ്ടെടുത്ത യുവതിയുടെ വീടിനുനേരെ അര്‍ദ്ധരാത്രിയില്‍ ബോംബെറിയുക. ഈ രാഷ്ട്രീയത്തെ എന്തു വിളിക്കും? കമ്മ്യൂണിസമെന്നോ ഫാഷിസമെന്നോ?

കമ്മ്യൂണിസത്തിന്റെ കണ്ണൂര്‍ മാതൃകയുമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാറിനെ നയിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. കാരണം ഈ രണ്ട് സംഭവങ്ങളും ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലാണ് നടന്നിരിക്കുന്നത്.

വടകര ലോകസഭാ മണ്ഡലത്തില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ പിന്‍ബലത്തില്‍ സ്വതന്ത്രനായി മത്സരിച്ച സി.ഒ.ടി നസീറിനെ തലശേരിയില്‍ വീട്ടിലേക്ക് പോകുന്നവഴിയില്‍ ബൈക്കില്‍ പിന്തുടര്‍ന്നാണ് മൂന്നുപേര്‍ ഇടിച്ചുവീഴ്ത്തി വെട്ടി പരിക്കേല്‍പ്പിച്ചത്. സി.പി.എം അറിയാതെ ഈച്ച പറക്കാത്ത നാട്ടില്‍.

sharlet
ഷാര്‍ലറ്റ്

ഏപ്രില്‍ 23ന് പിലാത്തറ സി.എം നഗറിലെ ഷാര്‍ലെറ്റ് എന്ന യുവതി പോളിംഗ്ബൂത്തില്‍ ചെന്നപ്പോള്‍ വോട്ട് മറ്റാരോ ചെയ്തതുകൊണ്ട് നിരാശയോടെ മടങ്ങി. സി.പി.എം പ്രാദേശിക നേതാക്കള്‍ കള്ളവോട്ടു ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് ആ ബൂത്തില്‍ റീപോളിംഗ് നടത്തിയപ്പോഴാണ് ഷാര്‍ലെറ്റിന് സമ്മതിദാനാവകാശം രേഖപ്പെടുത്താനായത്. ജനാധിപത്യത്തിന്റെ വിജയം ഉറപ്പിച്ചു മടങ്ങിയ അവരുടെ വീടിന് ബോംബെറിഞ്ഞത് ആരാണ്? പിലാത്തറ ബൂത്തിലെ കോണ്‍ഗ്രസ് ഏജന്റിന്റെ വീടിനുനേരെയും രാത്രി ബോംബേറു നടന്നതില്‍ ആ ചോദ്യത്തിന്റെ ഉത്തരമുണ്ട്.

images
വെട്ടേറ്റ സ്ഥാനാര്‍ത്ഥി സി ഒ ടി നസീര്‍

സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി മത്സരിച്ച വടകരയില്‍ സി.ഒ.ടി നസീര്‍ മത്സരിച്ചാല്‍ ആര്‍ക്കാണത് സഹിക്കാതെവരിക. സി.പി.എം ലോക്കല്‍ കമ്മറ്റിയംഗവും തലശേരി നഗരസഭയിലെ അംഗവും ഒക്കെയായിരുന്നല്ലോ ഏറെക്കാലം നസീര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിപോലുമായിരുന്നു നസീര്‍. ആ തെറ്റിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് പരസ്യമായി നസീര്‍ മാപ്പും പറഞ്ഞിരുന്നു. നയപരമായ വിയോജിപ്പിന്റെ പേരില്‍ നസീര്‍ സി.പി.എം ബന്ധം ഉപേക്ഷിക്കുകയായിരുന്നു. നസീറിനെ ആക്രമിച്ച സംഭവത്തില്‍ സംശയത്തിന്റെ മുന ആര്‍ക്കുനേരെയാണ് നീങ്ങുന്നതെന്ന് വ്യക്തമാണ്. മറ്റ് 19 മണ്ഡലങ്ങളിലും സ്വതന്ത്രരായി മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ കൊലവാള്‍ ഉയരാതിരുന്നിട്ടും നസീറിനെ അത് പിന്തുടര്‍ന്നതെന്തുകൊണ്ട് എന്ന് കൃത്യമായി മനസിലാകും.

എന്നാല്‍ നസീര്‍ വെട്ടേറ്റ് ആശുപത്രിയിലാണെന്ന വാര്‍ത്തയോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത് ഇങ്ങനെയാണ് മാധ്യമങ്ങളില്‍ വായിച്ചത്: ‘കൊതുകിനെ കൊല്ലാന്‍ ആരെങ്കിലും തോക്കെടുക്കുമോ?’

എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുന്നത് പാര്‍ട്ടി നയമല്ല എന്നാണ് തെരഞ്ഞെടുപ്പ് നടക്കുവോളം കോടിയേരി പറഞ്ഞിരുന്നത്. ആള്‍ കൊതുകിലും ഭേദമെങ്കില്‍ വാളും തോക്കുമെടുക്കാമെന്നായി ഇപ്പോള്‍. വോട്ടെല്ലാം പെട്ടിയിലായല്ലോ. അടുത്ത തെരഞ്ഞെടുപ്പിനുള്ള നീണ്ട ഇടവേളയില്‍ പാര്‍ട്ടി നയം യഥേഷ്ടം മാറ്റാമല്ലൊ.

സ്ത്രീയുടെ തുല്യാവകാശത്തെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും അന്തിയോളം പ്രസംഗിക്കുക. ഇരുട്ടുമൂടിയാല്‍ സ്ത്രീകള്‍ ഉറങ്ങുന്ന വീടുകള്‍ക്കുനേരെപോലും ബോംബെറിയുക. വെട്ടേറ്റ് ചോരവാര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായി ആശുപത്രിയില്‍ കഴിയുന്ന ഒരു സഹജീവിയെ പുച്ഛിച്ചും അവഹേളിച്ചും താന്‍പ്രമാണിത്തം പ്രകടിപ്പിക്കുക. സി.പി.എം നേതാക്കളുടെ മനസില്‍ ചിറകിട്ടടിക്കുന്നത് കമ്മ്യൂണിസമല്ല ഫാഷിസത്തിന്റെ കണ്ണൂര്‍ ശൈലിയാണ്.

ഇത് കണ്ണൂരിനെയും കേരളത്തെയും എവിടേക്കാണ് എത്തിക്കുക. ത്രിപുരയ്ക്കും ബംഗാളിനുംപിറകെ. 23-ാം തീയതി തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ അതിനുള്ള മറുപടികൂടിയുണ്ടാകും. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ചോരയില്‍ പുരണ്ട ഇത്തവണത്തെ കേരളത്തിലെ ജനവിധിയില്‍ അതില്ലാതിരിക്കില്ലല്ലോ.

Print Friendly, PDF & Email

Related posts

Leave a Comment