Flash News

പ്ലസ് വണ്‍, ഡിഗ്രി: ജില്ലയില്‍ പതിനായിരങ്ങള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമില്ല; വിദ്യാര്‍ത്ഥികളുടെ അവകാശ സമരം മെയ് 22, ബുധനാഴ്ച പാലക്കാട്ട്

May 21, 2019 , കെ.എം സാബിര്‍ അഹ്സന്‍

fraternityപാലക്കാട്: ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളായ പതിനായിരങ്ങള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമില്ലെന്നും സീറ്റ് ചോദിച്ച് വിദ്യാര്‍ത്ഥികള്‍ 2019 മെയ് 22 ബുധനാഴ്ച രാവിലെ 11 മണിക്ക് പാലക്കാട്ട് അവകാശ സമരം നടത്തുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്ന് പ്രതിഷേധ ജാഥ സംഘടിപ്പിച്ച് കലക്ടറേറ്റ് പടിക്കല്‍ ‘തെരുവ് ക്ലാസ്’ സംഘടിപ്പിക്കും.

ജില്ലയിലെ +1 അപേക്ഷകരായ 44,927 പേര്‍ക്കു വേണ്ടി ഇപ്പോഴുള്ളത് 28,206 സീറ്റുകള്‍ മാത്രമാണ്. ഇതില്‍ തന്നെ 8134 സീറ്റുകള്‍ ഏകജാലക സംവിധാനത്തിന് പുറത്ത് പ്രവേശനം നല്‍കുന്ന എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി/സ്പോര്‍ട്സ് ക്വാട്ട സീറ്റുകളും അണ്‍ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുമാണ്.16,721 പേര്‍ക്ക് +1 ന് സീറ്റില്ലെന്നിരിക്കെ എസ്.എസ്.എല്‍.സി സേ പരീക്ഷ വിജയികള്‍ കൂടി അപേക്ഷകരായി വരുന്നതോടെ സീറ്റ് ക്ഷാമം വര്‍ധിക്കും.മറ്റു ഉപരിപഠന സാധ്യതകളായ വി.എച്ച്.എസ്.ഇ, പോളിടെക്നിക്ക്, ഐ‌ഐടി എന്നിവയിലായി 3000ത്തോളം സീറ്റുകള്‍ മാത്രമാണ് ജില്ലയിലുള്ളത്.

ഇത്തവണ ജില്ലയില്‍ നിന്ന് പ്ലസ് ടു വിജയിച്ച 23,491 വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ജില്ലയിലുള്ള പതിനായിരത്തോളം ബിരുദ സീറ്റുകളില്‍ 4347 എണ്ണം മാത്രമാണ് ഗവ / എയ്ഡഡ് കോളേജുകളിലുള്ളത്. 60% ബിരുദ സീറ്റുകളും വിദ്യാര്‍ത്ഥികള്‍ ഫീസ് കൊടുത്ത് പഠിക്കേണ്ട അണ്‍ എയ്ഡഡ് മേഖലയിലാണ്. എഞ്ചിനീയറിങ്, മെഡിസിന്‍ രംഗത്തും ജില്ലയില്‍ അവസരങ്ങള്‍ വളരെ അപര്യാപ്തമാണ്.

ഭരണകൂടങ്ങള്‍ കാലങ്ങളായി പുലര്‍ത്തി പോരുന്ന സാമൂഹിക വിവേചനമാണ് പാലക്കാട് അടക്കമുള്ള മലബാര്‍ ജില്ലകളില്‍ സീറ്റ് പ്രതിസന്ധി ഇത്ര രൂക്ഷമാക്കുന്നത്. തെക്കന്‍ ജില്ലകളില്‍ എസ്.എസ്.എല്‍.സി വിജയികളേക്കാള്‍ +1 സീറ്റുകള്‍ ഉള്ളപ്പോഴാണ് മലബാറില്‍ പതിനായിരങ്ങള്‍ക്ക് നെട്ടോട്ടമോടേണ്ടി വരുന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ സാധാരണയുള്ളതുപോലെ ആനുപാതിക സീറ്റ് വര്‍ധന പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ +1 അപേക്ഷ സമര്‍പ്പണം അവസാനിപ്പിച്ച് പ്രവേശന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കേവലമായ സീറ്റ് വര്‍ധന കൊണ്ട് പ്രതിസന്ധി മറികടക്കാനാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ ഗവ / എയ്ഡഡ് മേഖലയില്‍ പുതിയ +1 ബാച്ചുകള്‍ അനുവദിക്കാനും ഹെസ്കൂളുകളെ ഹയര്‍ സെക്കന്‍ഡറികളായി ഉയര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ കോഴ്സുകളും സീറ്റുകളും അനുവദിക്കുകയും ജില്ലയില്‍ ഗവ/എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്ലാത്ത ആലത്തൂര്‍, മലമ്പുഴ മണ്ഡലങ്ങളില്‍ കോളേജുകള്‍ അനുവദിക്കുകയും വേണമെന്നും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍: പി.ഡി രാജേഷ് (ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ പ്രസിഡന്‍റ്), നവാഫ് പത്തിരിപ്പാല (ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി), കെ.എം സാബിര്‍ അഹ്സന്‍ (ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ്), റഷാദ് പുതുനഗരം
(ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ്).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top