Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (അദ്ധ്യായം 5: പാപത്തിന്‍റെ മുള)

May 21, 2019 , അബൂതി

Adhyayam 5ആ രാത്രി ഭീകരമായിരുന്നു. മഴയും മരവും പെയ്തു കൊണ്ടേയിരുന്നു. കിണറ്റുകരയിലെ മറപ്പുരയില്‍ ശരീരത്തിലേക്ക് എത്ര വെള്ളം കോരി ഒഴിച്ചിട്ടും, ശരീരത്തില്‍ നിന്നും നീങ്ങിപ്പോകാത്ത ഒരു അഴുക്ക് തങ്ങി നില്‍ക്കുന്നത് പോലെ തോന്നി. എന്‍റെ ശരീരമാസകലം വേദനയുടെ മുള്ളുകള്‍ കുത്തിക്കയറുകയായിരുന്നു. മാറിടത്തിലെ മാര്‍ദവം നോവിന്‍റെ കച്ച കെട്ടി മുറുകിയ പോലെ വിങ്ങുന്നു. അരക്കെട്ടിലെ നീറ്റലും വേദനയും മനസ്സില്‍ പുഴുക്കുത്തുകള്‍ തീര്‍ക്കുന്നു. കൂമന്‍ മൂളിപ്പറക്കുന്ന ആ ഇരുള്‍ എന്നെ ഭയപ്പെടുത്തുന്നില്ല. പകരം മനുഷ്യരുടെ നിഴലുകള്‍ പോലും ഇപ്പോള്‍ എന്നെ ഭയപ്പെടുത്തുന്നു. ഒരു കറുത്ത ഗുഹയില്‍ പെട്ട പോലെ.

കണാരേട്ടനാണ് എന്നെ വീട്ടില്‍ കൊണ്ടു വിട്ടത്. എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ കുറ്റബോധത്തിന്‍റെ വെളുത്ത പുതപ്പെടുത്ത് സ്വയം പുതച്ചു. അരുതായിരുന്നതെ. പ്രറ്റിപ്പോയതാണതെ. വ്രീടിന്‍റെ ഉള്ളിലേക്ക് കയറാതെ മുറ്റത്തു വച്ച് തന്നെ അയാള്‍ യാത്ര പറഞ്ഞു വേഗം പിരിഞ്ഞു പോയി. ആരോടും പറയരുതെന്ന് കെഞ്ചിപ്പറഞ്ഞു കൊണ്ടായിരുന്നു, പാടത്തിന്‍റെ അക്കര മുതല്‍ ഇക്കയോളം അയാളുടെ നടത്തം. ഒരു വേള ഞാന്‍ ആലോചിച്ചു. എല്ലാം അച്ഛനോട് പറഞ്ഞാലോ? അ?െ?ങ്കില്‍ അമ്മയോട്. പിന്നെ പേടിയായി.

ഒട്ടും രുചി തോന്നാതെ ഞാന്‍ ഭക്ഷണ പാത്രത്തില്‍ വെറുതെ വിരലിട്ട് ഇളക്കിക്കൊണ്ടിരുന്നു. ആരുടേയും മുഖത്ത് നോക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഞാന്‍ വേഗം പായയിലേക്ക് ചുരുണ്ടപ്പോള്‍ അമ്മ സ്വയം ചോദിക്കുന്നുണ്ടായിരുന്നു. എന്താണീ പെണ്ണിന് പറ്റിയതെന്ന്. ആ പാവം കരുതിയിട്ടുണ്ടാവും. അച്ഛന്‍റെ കാലിലെ മുറിവ് എന്നെ സങ്കടപ്പെടുത്തിയതാണ് കാരണം എന്ന്. എന്‍റെ നെഞ്ചിലെരിയുന്ന കനലുകള്‍ അമ്മയെ കാണിച്ച് കൊടുക്കാന്‍ എനിക്കാവുന്നില്ലല്ലോ, എനിക്കതിന് ധൈര്യം വരുന്നില്ലല്ലോ, എന്ന് ഞാനന്ന് വേദനിച്ചിരുന്നു. പക്ഷെ എനിക്കിപ്പോള്‍ തോന്നാറുണ്ട്. ഞാന്‍ അന്ന് അമ്മയോടെങ്കിലും എല്ലാം തുറന്നു പറയേണ്ടതായിരുന്നു. എങ്കില്‍ ഒരുപക്ഷെ, എന്‍റെ ജീവിതം ഇങ്ങിനെ ഉടഞ്ഞു പോകില്ലായിരുന്നു. പെണ്ണിന്‍റെ പരിശുദ്ധി ലോകത്തിലെ ഒരു പുരുഷനും ബലാല്‍ക്കാരമായി കയ്യടക്കാനാവില്ല എന്ന് തിരിച്ചറിയാന്‍ എനിക്കന്ന് ആയില്ല. കാലുകള്‍ക്കിടയില്‍ ആര്‍ക്കും കവര്‍ന്നെടുക്കാവുന്ന ഒന്നും പെണ്‍കുട്ടികള്‍ കൊണ്ട് നടക്കുന്നില്ല എന്ന തിരിച്ചറിവുണ്ടായില്ല. മനസ്സില്‍ നിന്നാണ് പരിശുദ്ധി കളഞ്ഞു പോകുന്നത് എന്ന് ഞാനന്നേ തിരിച്ചറിഞ്ഞിരുന്നെങ്കില്‍!?

ഉറക്കമില്ലാത്ത ആ രാത്രി കണ്ണുകളടക്കന്‍ ഞാന്‍ ഭയന്നു. കണ്ണുകളടക്കുമ്പോള്‍ കാണാം, ഒരു മാംസപിണ്ഡമെന്‍റെ ഉടലിലേക്ക് ചാഞ്ഞു കിടന്ന് എവിടെയോ എന്തൊക്കെയോ ഉരസുന്നത്. എന്‍റെ കണ്ണുകള്‍ തോര്‍ന്നതേ ഇല്ല. എന്‍റെ തേങ്ങലിന്‍റെ ഒച്ച പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഞാന്‍ വളരെ പ്രയാസപ്പെട്ടു. പുലരുമ്പോള്‍ എനിക്ക് നല്ല പനിയായിരുന്നു. മൂടിപ്പുതച്ച് കിടക്കുന്ന എന്‍റെ അടുത്തു വന്ന അച്ഛന്‍ എന്‍റെ നെറ്റിയില്‍ തൊട്ടപ്പോള്‍ ഞാന്‍ നടുങ്ങി വിറച്ചു. എനിക്കിപ്പോള്‍ അച്ഛനെ പേടിയാണ്. വല്ലാത്ത പേടിയാണ്.

നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ സ്കൂളിലേക്ക് പോകാന്‍ തുടങ്ങി. ഞാന്‍ ആരോടും ഒന്നും സംസാരിച്ചില്ല. അച്ഛന് നടക്കാം എന്നായിരിക്കുന്നു. കണാരേട്ടന്‍ ആ വഴി വന്നതേ ഇല്ല. അച്ഛന്‍ ചോദിക്കുകയും ചെയ്തു. എന്തെ മൂപ്പര്‍ വരാത്തതെന്ന്. സ്കൂളിലേക്ക് പോകാന്‍ വേണ്ടി ചടച്ച മനസുമായി ഇറങ്ങിയ ഞാന്‍ ഇടവഴിയുടെ ശൂന്യതയിലേക്ക് പേടിയോടെ നോക്കി. അവിടെ ആ ശൂന്യതയില്‍ ആരെങ്കിലും എന്നെ കാത്തിരിക്കുന്നുണ്ടാവുമോ എന്ന് ഞാന്‍ ഭയന്നു. പേടിച്ചു പേടിച്ചാണ് ഓരോ ചുവടും മുന്നോട്ട് വച്ചത്. സ്കൂളില്‍ ആണ്‍കുട്ടികളെ എനിക്ക് ഭയമായി. അദ്ധ്യാപകരെയും. എന്‍റെ ചുറ്റുപാടുകളില്‍ എവിടെ നിന്നോ ഒരു കരാളഹസ്തം എന്‍റെ നേരെ എപ്പോള്‍ വേണമെങ്കിലും നീണ്ടു വരാം എന്നൊരു തോന്നല്‍. എങ്ങിനെയൊക്കെയോ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.

എന്‍റെ കുട്ടിക്കെന്താ പറ്റിയത് എന്ന ചോദ്യം അമ്മയും അച്ഛനും കൂടെക്കൂടെ ചോദിച്ചിട്ടും, എന്താണ് പറ്റിയത് എന്ന് പറയാനാവാതെ ഞാന്‍ ഉപ്പുരുകുന്ന പോലെ ഉരുകിക്കൊണ്ടിരിക്കെ, ഒരു ദിവസം എല്ലാം എല്ലാവരും അറിഞ്ഞു. ലോകത്തുള്ള സകല പുരുഷന്മാരെയും പേടിച്ച് കഴിഞ്ഞിരുന്ന എനിക്ക് അതിനേക്കാള്‍ വലിയ ദുരന്തം വരാനുണ്ടായിരുന്നില്ല. പേടിയുടെയും വെപ്രാളത്തിന്‍റെയും ദിനരാത്രങ്ങള്‍ക്കിടയിലെപ്പോഴോ എന്‍റെ മാസക്കുളി തെറ്റിയ കാര്യമൊന്നും ഞാനറിഞ്ഞിരുന്നില്ല. അന്നൊരിക്കല്‍ സ്കൂളില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വേണ്ടി പൊതിച്ചോര്‍ അഴിച്ചുകൊണ്ടിരിക്കെയാണ് ആദ്യമായി എനിക്ക് മനംപിരട്ടല്‍ വന്നത്. മൂത്രപ്പുരയുടെ അരികിലിരുന്ന് ഓക്കാനിക്കുന്നത് കണ്ടു വന്ന കൂട്ടുകാരികള്‍ പറഞ്ഞത് ദഹനക്കേട് പിടിച്ചതായിരിക്കും എന്നാണ്. പക്ഷെ അപ്പോഴും ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ദഹിക്കാതെ എന്‍റെ വയറ്റില്‍ ഒരു ബീജം തുടിക്കുന്നുണ്ടെന്ന്.

ബസ്സില്‍ വച്ച് മനംപിരട്ടിയ ഞാന്‍ പ്രയാസപ്പെട്ട് കണ്ണുകള്‍ ഇറുക്കെ അടച്ച് ഓക്കാനം പിടിച്ചു വച്ചു. ബസ്സിറങ്ങി വീട്ടിലേക്ക് ഓടുകയായിരുന്നു ഞാന്‍. എന്നിട്ടും വഴിയരികില്‍ ഒന്ന് രണ്ടിടത്ത് എനിക്ക് പിടിച്ചു നില്‍ക്കാനായില്ല. വീടിന്‍റെ മുറ്റത്തേക്ക് കയറി ഞാന്‍ കയ്യിലെ പുസ്തകങ്ങള്‍ ഇറയത്ത് വെച്ച് കിണറ്റിന്‍ കരയിലേക്കോടി. ഓക്കാനിക്കുന്ന ശബ്ദം കേട്ടാണ് അമ്മ വന്നു നോക്കിയത്. എന്ത് പറ്റി എന്ന അമ്മയുടെ ചോദ്യത്തില്‍ ഒരു കുന്നോളം ആധിയുണ്ടായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. ശവം കണ്ട കഴുകന്മാരെപ്പോലെ, ഓക്കാനിക്കുന്ന ശബ്ദം കേട്ടപ്പോള്‍ അയല്പക്കത്തെ ചില പെണ്ണുങ്ങള്‍ അവിടേയ്ക്ക് വന്നു. ആകാശം ഇടിഞ്ഞു പൊളിഞ്ഞ പോലെയുള്ള അമ്മയുടെ നിര്‍ത്തം കണ്ട് ഞാന്‍ അപ്പോള്‍ മരിച്ചു പോയെങ്കില്‍ എന്നെനിക്ക് തോന്നി. എന്‍റെ നാശം, എന്‍റെ സര്‍വ്വത്ര നാശം. ഞാനത് തിരിച്ചറിഞ്ഞത് ആ നിമിഷത്തിലാണ്. അമ്മയുടെ നെഞ്ചത്തടിയും നിവിളിയും പതം പറച്ചിലുമൊന്നും ഞാന്‍ കേട്ടില്ല. പ്രജ്ഞത നശിച്ച ഞാന്‍ ഒരു അപ്പൂപ്പന്‍ തടി പോലെയായി. ആ ബോധക്കേടിന്‍റെ ഇടയിലാരോ ചോദിച്ചു ആരാണ് ആളെന്ന്. അറിഞ്ഞോ അറിയാതെയോ ഞാന്‍ പറഞ്ഞു. ‘കണാരേട്ടന്‍ എന്നെ ബലമായി…..’ മുഴുവനാക്കാന്‍ കഴിയാതെ ഞാന്‍ എന്‍റെ വീഴ്ച പൂര്‍ത്തിയാക്കി.

വാര്‍ത്ത കാട്ടുതീ പോലെ പരന്നു. ആ സായംസന്ധ്യയില്‍ ഗ്രാമവാസികള്‍ക്ക് പറയാന്‍ അതിനേക്കാള്‍ നല്ലൊരു വിഷയം വേറെ കിട്ടിയിരിക്കില്ല. അങ്ങാടിയിലെ ചായക്കടയില്‍ ഞാന്‍ പിന്നെയും പിന്നെയും നഗ്നയാക്കപ്പെട്ടു. ആരോ പറഞ്ഞത്രേ കണാരന്‍ കുറെ കാലമായി അമ്മയേയും മകളെയും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന്. ഇരുട്ടിന്‍റെ കനം കൂടിക്കൂടി വന്നു. അച്ഛനൊരു തീമല പോലെ വന്നു. വീടിന്‍റെ അകത്തളത്തില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ ചാരെ നിലത്ത് ചടഞ്ഞിരിക്കുകയായിരുന്ന ഞാന്‍, ഒന്നും പറയാനാവാതെ, ഒരു പ്രതിമയായി മാറിയിരുന്നു അപ്പോഴേക്കും. അച്ഛന്‍ എന്‍റെ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടാതെ നിന്നു.

ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അച്ഛനെന്നെ ഒന്ന് ശകാരിച്ചെങ്കില്‍, ഒന്ന് ആശ്വസിപ്പിച്ചെങ്കില്‍. ഞാന്‍ വല്ലാതെ കൊതിച്ചു. ആ കാല്‍ക്കല്‍ വീണ്, അച്ഛന്‍റെ മോള്‍ തെറ്റൊന്നും ചെയ്തിട്ടില്ലച്ഛാ എന്ന് കരയാന്‍ കൊതിച്ചു. പക്ഷെ എനിക്കതിനായില്ല. ഒരു പ്രതിമയായി മാറിയ എനിക്കൊന്നിനും ആയില്ല. നെടുവീര്‍പ്പ് പോലും അന്യമായ എന്‍റെ നെഞ്ചിന്‍ കൂടിന്‍റെ ഉള്ളില്‍ മരണം കൊതിക്കുന്ന ഹൃദയം മിടിച്ചു കൊണ്ടേ ഇരുന്നു. ആ രാവിരുണ്ടു വെളുത്തപ്പോള്‍ ഗ്രാമവാസികള്‍ക്ക് പുതിയ വര്‍ത്തമാനം കൂടി കിട്ടി.

രാത്രിയോട് രാത്രി കണാരേട്ടന്‍ നാട് വിട്ടിരിക്കുന്നു. ദേവേച്ചിയുടെ പുലയാട്ടു പാട്ടില്‍ ഞാനും എന്‍റെ അമ്മയും വെറും തേവിടിശ്ശികളായി മാറിയിരിക്കുന്നു. കാഴ്ചക്കാര്‍ക്ക് ബഹുരസമായിരുന്നു എല്ലാം. ആര്‍ക്കെന്ത് സംഭവിച്ചാലും, അത് സ്വന്തം ഹൃദയത്തിലോ കണ്ണിലോ നീറ്റലുണ്ടാക്കില്ലെങ്കില്‍ എല്ലാവര്‍ക്കും എല്ലാം വെറും കഥകള്‍ മാത്രമാണ്. വെറും കഥകള്‍.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top